
അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് സിറ്റിയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉയർത്തിയ നഗരത്തിൻ്റെ മേയറായ സൊഹ്റാൻ മംദാനിക്ക് പരസ്യമായ താക്കീതുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിക്കാരനാണ് ന്യൂയോർക്ക് മേയർ കൂടിയായ സൊഹ്റാൻ മംദാനി. "നവംബറിൽ ന്യൂയോർക്കിലെ മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ മംദാനിയെ വിജയിപ്പിച്ചേക്കാം, അങ്ങനെയെങ്കിൽ വൈറ്റ് ഹൗസിൽ നിന്ന് ഫണ്ട് ലഭിക്കാൻ അദ്ദേഹം നല്ല രീതിയിൽ പെരുമാറേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.
"മംദാനി ഒരു സോഷ്യലിസ്റ്റല്ല, ഒരു കമ്മ്യൂണിസ്റ്റാണ്. ജൂത ജനതയെക്കുറിച്ച് അദ്ദേഹം വളരെ മോശമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്," തിങ്കളാഴ്ച നെതന്യാഹുവുമായുള്ള സ്വകാര്യ അത്താഴത്തിന് മുമ്പ് ട്രംപ് പറഞ്ഞു. ഗാസയിലെ ഇസ്രയേലിൻ്റെ സൈനിക നടപടികളെ 33കാരനായ സൊഹ്റാൻ മംദാനി തീവ്രമായി വിമർശിച്ചതിന് മറുപടി നൽകുകയായിരുന്നു യുഎസ് പ്രസിഡൻ്റ്.
"മംദാനി ഇപ്പോൾ ഒരു ചെറിയ ഹണിമൂണിലൂടെയാണ് കടന്നുപോകുന്നത്, തെരഞ്ഞെടുപ്പിൽ ചിലപ്പോൾ വിജയിച്ചേക്കാം. പക്ഷേ ഇതെല്ലാം വൈറ്റ് ഹൗസിലൂടെയാണ് വരുന്നത്. അദ്ദേഹത്തിന് വൈറ്റ് ഹൗസിലൂടെ പണം ആവശ്യമാണ്. അതിനാദ്യം അയാൾ നന്നായി പെരുമാറണം. അല്ലെങ്കിൽ അദ്ദേഹത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകും," ട്രംപ് കൂട്ടിച്ചേർത്തു.
ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങൾക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വാറണ്ട് പുറപ്പെടുവിച്ചതായി ചൂണ്ടിക്കാട്ടി, ന്യൂയോർക്ക് സിറ്റി സന്ദർശിച്ചാൽ ഇസ്രയേൽ നേതാവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി അടുത്തിടെ നടത്തിയ പ്രസ്താവനയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിമർശനത്തിന് കാരണമായത്.
മംദാനിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ "അതിനെക്കുറിച്ച് തനിക്ക് ആശങ്കയൊന്നുമില്ല" എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമങ്ങളോട് പ്രതികരിച്ചത്. "ലോകത്ത് ധാരാളം ഭ്രാന്തുകളുണ്ട്. അത് ഒരിക്കലും അവസാനിക്കില്ലെന്ന് ഞാൻ കരുതുന്നു. ഇത് അത്തരത്തിലൊരു മണ്ടത്തരമാണ്. അത്ര ഗൗരവമുള്ളതല്ല," നെതന്യാഹു കൂട്ടിച്ചേർത്തു. അടുത്ത വർഷം ന്യൂയോർക്കിൽ ട്രംപിനൊപ്പം സന്ദർശനം നടത്തുമെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.