

ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള പദ്ധതിയെ പിന്തുണക്കാത്ത രാജ്യങ്ങള്‍ക്കു മേല്‍ താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ രാജ്യങ്ങള്‍. ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസിന്റെ ശ്രമങ്ങളെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഡെന്മാര്ക്ക്, നോര്‍വേ, സ്വീഡന്, ഫ്രാന്‍സ്, ജര്‍മനി, യുകെ, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ് എന്നിങ്ങനെ എട്ട് രാജ്യങ്ങളെയാണ് ട്രംപിന്റെ അധിക തീരുവ ബാധിക്കുക. ട്രംപിന്റെ ഭീഷണിക്കെതിരെ സ്വീഡന് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
ഫ്രാന്‍സ് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാര്‍മര്‍ എന്നിവരും എതിര്‍പ്പ് അറിയിച്ചു. ട്രംപിന്റെ തീരുമാനം അസ്വീകാര്യമാണെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. പൂര്‍ണമായും തെറ്റായ നടപടിയാണ് ട്രംപിന്റേതെന്നാണ് ബ്രിട്ടന് പ്രധാനമന്ത്രി കെയ്ർ സ്റ്റാര്‍മറും വ്യക്തമാക്കി.
മാക്രോണ്‍ എക്സില്‍ പങ്കുവെച്ച കുറിപ്പ്:
"യൂറോപ്പിലെ മാത്രമല്ല ഏത് രാജ്യത്തിന്റേയും പരാമാധികാരത്തിനും സ്വാതന്ത്ര്യത്തിനും പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ തീരുമാനങ്ങളെ നയിക്കുന്നത്. ഐക്യരാഷ്ട്രസഭയോടും അതിന്റെ ചാര്‍ട്ടറിനോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അടിസ്ഥാനവും ഇതുതന്നെയാണ്.
ഈ അടിസ്ഥാനത്തിലാണ് ഞങ്ങളെ യുക്രെയ്നെ പിന്തുണക്കുന്നത്. അത് തുടരുകയും ചെയ്യും. ഈ തത്വങ്ങളും ഞങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിനും, ശക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കുന്നതിനുമായി സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
ഇതേ അടിസ്ഥാനത്തില്‍ തന്നെയാണ് ഗ്രീന്‍ലന്‍ഡില്‍ ഡെന്മാര്ക്ക് സംഘടിപ്പിച്ച സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും ന്യായീകരിക്കുന്നു, കാരണം ആര്‍ട്ടിക്കിലെയും യൂറോപ്പിന്റെ അതിര്‍ത്തികളിലെയും സുരക്ഷ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
യുക്രെയ്നിലോ ഗ്രീന്ലന്ഡിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ യാതൊരുവിധ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഞങ്ങള്‍ വഴങ്ങില്ല.
താരിഫ് ഭീഷണികള്‍ അംഗീകരിക്കാനാവില്ല, ഈ സാഹചര്യത്തില്‍ അവയ്ക്ക് സ്ഥാനവുമില്ല. ഇത്തരം ഭീഷണികള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചും ഏകോപിതമായും അതിനോട് പ്രതികരിക്കും. യൂറോപ്യന്‍ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കും."
ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസിന്റെ ശ്രമങ്ങളെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് പത്ത് ശതമാനം അധിക തീരുവ ചുമത്തുക. ഫെബ്രുവരി ഒന്ന് മുതല്‍ക്ക് തീരുവ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ശേഷമാണ്, അര്‍ധ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് പുനഃരാരംഭിച്ചത്. റഷ്യയും ചൈനയും ആര്‍ട്ടിക് മേഖലയിലും അതിലെ ധാതുക്കളിലും കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതിനാല്‍ ഗ്രീന്‍ലന്‍ഡ് സുരക്ഷിതാവസ്ഥയിലല്ലെന്നാണ് ട്രംപിന്റെ വാദം.