
വയനാട് ചൂരല്‍മല ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത യൂട്യൂബര്‍ കിലി പോള്‍. വയനാടിനൊപ്പം തന്റെ പ്രാര്‍ഥനകള്‍ ഉണ്ടെന്നും ഹൃദയഭേദകമായ വാര്‍ത്ത കണ്ട് ഞെട്ടിപോയെന്നും കിലി പോള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കിലി പോളിന്റെ പ്രതികരണം.
'ഞാന്‍ നടുങ്ങി പോയി. ഇത് ഹൃദയഭേദകമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റെ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പവും വയനാടിനൊപ്പവും ഞാനുമുണ്ട്. അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. ഞാന്‍ വയനാടിനൊപ്പം,' കിലി പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വയനാട്ടില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കുന്ന ദുരന്തം നടന്നത്. മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ വയനാട്ടിലെ ചൂരല്‍മല, മേപ്പാടി പഞ്ചായത്ത് തുടങ്ങി ഒരു വലിയ മേഖലയെ തന്നെ നിഷ്പ്രഭമാക്കി. മരണം 176 കടന്നിരിക്കുകയായിരുന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. 400 വീടുകളുള്ള സ്ഥലത്ത് മുപ്പതോളം വീടുകള്‍ മാത്രമാണെന്ന് പഞ്ചായത്തംഗം പറഞ്ഞിരുന്നു.
നിരവധി പേരുടെ മൃതദേഹം നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍ നിന്നാണ് ലഭിച്ചത്. പലരുടെയും ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് ലഭിച്ചത്. നിരവധി പേര്‍ ഇനിയും മണ്ണിനടിയില്‍ തന്നെ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ബെയ്‌ലി പാലം നിര്‍മിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ദുരന്തമുഖത്ത് കെ രാജന്‍, പി എ മുഹമ്മദ് റിയാസ് തുടങ്ങിയ മന്ത്രിമാരുണ്ട്. മുഖ്യമന്ത്രി നാളെ വയനാട് സന്ദര്‍ശിക്കും. ഇവിടെ വെച്ച് സര്‍വ്വകക്ഷിയോഗവും ചേരും.