
ആലപ്പുഴകാര്‍ക്ക് പൂക്കളമൊരുക്കാന്‍ തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരില്ല. നാടെങ്ങും വിവിധ നിറങ്ങളില്‍ ഉള്ള പൂ കൃഷി വിളവെടുപ്പിന് കാത്ത് നില്‍ക്കുകയാണ്. ഇലഞ്ഞിപ്പാടത്തെ വാടാമല്ലിയും ചെണ്ടുമല്ലികളുമൊക്കെ കണ്ടു വരാം.
മലയാളിക്ക് പൂക്കളമൊരുക്കാന്‍ തമിഴ്‌നാടിന്റെ സഹായം വേണമെന്ന് പറയുന്നവര്‍ ആലപ്പുഴ കരപ്പുറത്തേക്ക് ഒരിക്കലെങ്കിലും വരണം. വിവിധ സ്ഥലങ്ങളിലായി പലയിനം പൂക്കളാണ് ഓണത്തെ വരവേല്‍ക്കാന്‍ നില്‍ക്കുന്നത്.
ഇത് ചേര്‍ത്തല സൗത്ത് പഞ്ചായത്തിലെ തിരുവിഴ ഇലഞ്ഞി പാടശേഖരം. ഒരേക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലികളും വാടാമല്ലികളും പൂത്ത് നില്‍ക്കുന്ന മനോഹരമായ കാഴ്ച. പൂ കൃഷി കാണാനും വാങ്ങാനും ദിവസേന എത്തുന്നത് നിരവധിയാളുകളാണ്.
ചെറുവാരണം മറ്റത്തില്‍ വി. ജ്യോതിഷിന്റെയും എസ് എന്‍ പുരം കുന്നത്ത് കെ ആര്‍ അനിലിന്റെയും നേതൃത്വത്തിലുള്ള തിരുവിഴേശന്‍ കൃഷി കൂട്ടമാണ് ഈ പൂന്തോട്ടത്തിന് പിന്നില്‍... തിരുവിഴ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്താണ് ജൂണ്‍ പകുതിയോടെ ഓണം ലക്ഷ്യമിട്ടുള്ള പൂ കൃഷി ആരംഭിച്ചത്.
മള്‍ചിങ് ഷീറ്റ് കൊണ്ട് മൂടിയുള്ള കൃഷി രീതിയാണ് ഇവിടെയുള്ളത്, ഭേദപ്പെട്ട മഴ ലഭിച്ചതിനാല്‍ തുള്ളി നന സംവിധാനം അധികം ഉപയോഗിക്കേണ്ടി വന്നില്ല...വിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ആണ് ഇവര്‍ കൃഷി ഇടത്ത് തന്നെ പൂ വില്‍ക്കുന്നത്. ഹോള്‍സെയില്‍ വില്‍പ്പന അടക്കം ഉണ്ടായിരുന്നെങ്കിലും നാട്ടില്‍ ആവശ്യക്കാര്‍ ഏറിയതോടെ ഹോള്‍സെയില്‍ വില്‍പന അവസാനിപ്പിച്ചു...ഇനി സ്വന്തം നാട്ടുകാര്‍ നല്‍കാനുള്ള പൂ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നാണ് അനിലും ജ്യോതിഷും പറയുന്നത്.