

കൊച്ചി: വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് എറണാകുളത്തെ തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രം. മഹാബലിയെ ചവിട്ടാനായി കാലുയര്‍ത്തി നില്‍ക്കുന്ന വാമനന്‍ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നാലായിരത്തി അഞ്ഞൂറ് വര്‍ഷത്തെ ചരിത്രം പറയാനുണ്ട് ക്ഷേത്രത്തിന്.
എല്ലാവരെയും ഒരു പോലെ കണ്ട് മഹാബലി നാട് ഭരിച്ചിരുന്ന കാലം. ദാനമായി മഹാബലിയോട് വാമനന്‍ ആവശ്യപ്പെട്ടത് മൂന്ന് അടി മണ്ണ്. ആദ്യ ചുവടില്‍ ഭൂമിയും രണ്ടാം ചുവടില്‍ സ്വര്‍ഗ്ഗവും മൂന്നാമത്തെ ചുവട് മഹാബലിയുടെ ശിരസ്സിലായിരുന്നു.
അതാണ് മഹാബലിയെ ചവിട്ടിത്താഴ്ത്തിയ ഭൂമി എന്ന് അറിയപ്പെടുന്ന തൃക്കാക്കര ക്ഷേത്രം. ഓണാഘോഷത്തിന്റെയും കേരള സംസ്‌കാരത്തിന്റെയും പ്രതീകമായി തൃക്കാക്കര ക്ഷേത്രം ഇന്നും നിലകൊള്ളുന്നു.
ചരിത്ര പ്രസിദ്ധമായ താളിയോലകളും ഓണത്തിന്റെ ഓര്‍മ്മകളെ വിളിച്ചുണര്‍ത്തുന്ന ചുവരെഴുത്തുകളും ഇവിടയുണ്ട്. പരമശിവന്റെയും മഹാബലിയുടെയും വാമനന്റെയും പ്രതിഷ്ഠകള്‍ ഒന്നിച്ചു നിലകൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രവും ഇതാണ്.
തിരുവോണ ദിനത്തില്‍ മഹാബലിക്ക് നല്‍കുന്ന ഗംഭീരമായ വരവേല്‍പ്പും, പിന്നാലെ വിഭവ സമൃദ്ധമായ ഓണസദ്യയും. അത്തം മുതല്‍ തിരുവോണം വരെ നീളുന്ന ദശാവതാര ചാര്‍ത്തും ഇവിടത്തെ പ്രത്യേകതയാണ്.