വയനാട്: പൂവില്ലാ പൂക്കളവുമായി കൗതുക കാഴ്ചയൊരുക്കി വയനാട്ടിലെ ഓണാഘോഷം. വയനാട്ടിൽ ശുചിത്വമിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷത്തിനായി തയ്യാറാക്കിയ പൂക്കളമാണ് ശ്രദ്ധേയമായത്.
ഒറ്റ നോട്ടത്തില്‍ മനോഹരമായ പൂക്കളം. പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ പേനയുടെ ടോപ്പുകളും കുപ്പിയുടെ മൂടിയും മില്‍മയുടെ കവര്‍ പിച്ചിയിട്ടതുമൊക്കെ കാണാൻ സാധിക്കും തെര്‍മോകോള്‍, കാര്‍ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ്, തുണി, പ്ലാറ്റിക് കയര്‍ തുടങ്ങി വിവിധങ്ങളായ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ വേറിട്ട പൂക്കളമൊരുക്കിയത്.
അജൈവ മാലിന്യങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വമിഷന്‍ ഇങ്ങനെയൊരു ആശയം മുന്നോട്ടു വച്ചത്. തദ്ദേശഭരണ വകുപ്പിലെ ജീവനക്കാരും ഹരിത കര്‍മ്മ സേനാംഗങ്ങളുമൊക്കെ ഉദ്യമത്തില്‍ പങ്കാളികളായി. ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഈ ആശയത്തെ അഭിനന്ദിച്ചു.
ഹരിതകര്‍മ സേന കണ്‍സോര്‍ഷ്യം പ്രസിഡൻ്റുമാര്‍, സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്നാണ് വ്യത്യസ്തമായ ഈ പൂക്കളം ഒരുക്കിയത്. കല്‍പ്പറ്റ എസ്. കെ. എം. ജെ. സ്‌കൂളിലെ ജൂബിലി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്.