അഗ്നിവീർ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ

അഗ്‌നിവീർ പദ്ധതിയിൽ രണ്ട് വർഷം അധിക സേവനം അനുവദിച്ച് കേന്ദ്ര മന്ത്രിസഭ. നാല് വർഷത്തിന് ശേഷം പുറത്തുപോകേണ്ടിയിരുന്ന 75 ശതമാനം പേർക്കും സ്ഥിരസൈനികരാകാൻ പുതിയ അവസരം. എന്താണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം? രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്തൊക്കെ?
അഗ്‌നിവീർ പദ്ധതിയിൽ രണ്ട് വർഷം അധിക സേവനം അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനം
അഗ്‌നിപഥ് പദ്ധതിയിൽ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ
Published on: 
Updated on: 

രാജ്യസുരക്ഷയെയും ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളുടെ ഭാവിയെയും ബലികഴിച്ചുവെന്ന് ആരോപമുയര്‍ന്ന അഗ്‌നിവീര്‍ പദ്ധതിയില്‍ നിര്‍ണായകമായ മലക്കംമറിച്ചില്‍ നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നാല് വര്‍ഷത്തെ കരാര്‍ സേവനത്തിന് ശേഷം പിരിഞ്ഞുപോകേണ്ടിയിരുന്ന അഗ്‌നിവീറുകള്‍ക്ക്, ഇനി രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടിനല്‍കുമെന്നും, സന്നദ്ധതയുള്ളവര്‍ക്ക് സ്ഥിരനിയമനം നല്‍കുമെന്നുമാണ് കേന്ദ്ര മന്ത്രിസഭയുടെ പുതിയ പ്രഖ്യാപനം. 2022 ല്‍ തികഞ്ഞ അവകാശവാദങ്ങളോടെയും ഒട്ടനവധി വിവാദങ്ങളോടെയും ആരംഭിച്ച അതേ പദ്ധതിയില്‍ തന്നെയാണ് ഇപ്പോള്‍ ഈ 'മുഖംരക്ഷിക്കല്‍' നടപടികളുമായി കേന്ദ്രം വന്നിരിക്കുന്നത്.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്? ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് യുവതയുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണോ ഇത്? ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

അഗ്‌നിവീറുകള്‍ സ്ഥിരം സൈനികരാകുമോ? അതോ തെരഞ്ഞെടുപ്പ് തന്ത്രമോ?

സൈന്യത്തെ കൂടുതല്‍ യുവത്വമുള്ളതാക്കാക്കുമെന്ന് പ്രഖ്യാപിച്ചാണ് 2022 ജൂണ്‍ മുതല്‍ സൈന്യത്തിലെ ഓഫീസര്‍ ഇതര വിഭാഗങ്ങളിലേക്കുള്ള പരമ്പരാഗത സ്ഥിരം റിക്രൂട്ട്മെന്റ് രീതിക്കു പകരം അഗ്‌നിപഥ് പദ്ധതി നടപ്പാക്കിയത്. ഇതോടെ പുതിയതായി സൈന്യത്തില്‍ ചേരുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ അഗ്‌നിവീറുകളായി മാത്രമാണ് നിയമനം ലഭിക്കുന്നത്. പ്രതിരോധ ബജറ്റിന്റെ പകുതിയിലധികവും ചെലവാകുന്ന ശമ്പളവും പെന്‍ഷനും കുറയ്ക്കുക, കോവിഡ് കാലത്ത് റിക്രൂട്ട്മെന്റ് നിര്‍ത്തിയിരുന്നതിനാല്‍ ഉണ്ടായ സൈനിക കുറവ് പരിഹരിക്കുക എന്നിവ ആയിരുന്നു പദ്ധതിക്ക് പിന്നിലെ പ്രധാന ലക്ഷ്യങ്ങള്‍. അഗ്‌നിപഥ് പദ്ധതി പ്രകാരം കര, നാവിക, വ്യോമസേനകളിലേക്ക് നാല് വര്‍ഷത്തേക്കായിരുന്നു നിയമനം. ഇതില്‍ വെറും 25 ശതമാനം പേരെമാത്രം സ്ഥിരപ്പെടുത്തുകയും, ബാക്കി വരുന്ന 75 ശതമാനം പേരെയും പിരിച്ചുവിടാനായിരുന്നു തീരുമാനം. പെന്‍ഷനും അര്‍ഹമായ ആനുകൂല്യങ്ങളുമില്ലാതെ, ശമ്പളത്തില്‍ നിന്ന് നീക്ക് വെക്കുന്ന 30 ശതമാനം തുക അടക്കം കേവലം 11 ലക്ഷം രൂപ 'സേവാനിധി' എന്ന പേരില്‍ നല്‍കിയായിരുന്നു പിരിച്ചുവിടല്‍. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ രാജ്യമെമ്പാടും, പ്രത്യേകിച്ച് ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ യുവജനരോഷം അലയടിച്ചു. പ്രതിഷേധം രൂക്ഷമായി അക്രമങ്ങളിലേക്കും ട്രെയിനുകള്‍ കത്തിക്കലിലേക്കും വഴിമാറി. തുടര്‍ന്ന് തെലങ്കാന, മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സമരം കാട്ടുതീപോലെ പടര്‍ന്നുപിടിച്ചു. തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം ശമിപ്പിക്കാന്‍ കേന്ദ്രം ഏറെ പണിപ്പെട്ടു.

അഗ്‌നിവീർ പദ്ധതിയിൽ രണ്ട് വർഷം അധിക സേവനം അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനം
മോദിയോട് വെല്ലുവിളി തുടരുന്ന രാഹുൽ ഗാന്ധി; ആത്മവിശ്വാസം നൽകുന്നതോ പ്രതിപക്ഷ ഐക്യം ?

അഗ്‌നിവീറില്‍ തിരിഞ്ഞു നടത്തമോ?

നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ആദ്യ ബാച്ച് അഗ്‌നിവീരന്മാര്‍ പുറത്തിറങ്ങാനിരിക്കെയാണ് ഇപ്പോള്‍, ആദ്യത്തെ നാല് വര്‍ഷത്തിന് ശേഷം സ്ഥിരപ്പെടുത്താത്ത ബാക്കി 75% അഗ്‌നിവീറുകള്‍ക്കും രണ്ട് വര്‍ഷം കൂടി സേവന കാലാവധി നീട്ടി നല്‍കുമെന്ന തീരുമാനം വന്നിരിക്കുന്നത്. മൂന്ന് സേനാ വിഭാഗങ്ങളിലുമായി പരിശീലനം നേടുന്ന മൂന്ന് ലക്ഷത്തിലധികം അഗ്‌നിവീരന്മാര്‍ക്കും ഇനിമുതല്‍ സ്ഥിരം സൈനികരായി സേനയുടെ ഭാഗമാകാന്‍ ഇതിലൂടെ അവസരം ലഭിക്കും. ഇതില്‍ ഏകദേശം 2.8 ലക്ഷം പേര്‍ കരസേനയിലാണുള്ളത്. അവരില്‍ 19,000-ത്തോളം പേര്‍ ഈ മാസം നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കും. നാവികസേനയില്‍ നിന്ന് ഏകദേശം 2,500 പേരും, വ്യോമസേനയുടെ ആദ്യ ബാച്ചില്‍ നിന്ന് 2,900 പേരും അടുത്ത മാസം പരിശീലനം പൂര്‍ത്തിയാക്കാനിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ അധിക സേവനം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളവും, അതിനുശേഷവും സേന വിടാന്‍ താല്പര്യമുണ്ടെങ്കില്‍ ഉയര്‍ന്ന 'സേവാ നിധി' പാക്കേജും ലഭിക്കും. നാല് വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്‌നിവീറുകള്‍ക്ക് സേവ നിധി പാക്കേജായി ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച തുകയടക്കം ഏകദേശം 11.71 ലക്ഷം രൂപയും ആറ് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്നവര്‍ക്ക് ഏകദേശം 15.94 ലക്ഷം രൂപയുമാണ് ലഭിക്കുക. എന്നാല്‍, അത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ , അല്ലെങ്കില്‍ മറ്റ് സംസ്ഥാന സര്‍ക്കാര്‍ ജോലികളിലെ സംവരണ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കില്ല. കൂടാതെ പെന്‍ഷനോ ഗ്രാറ്റുവിറ്റിയോ ലഭിക്കുകയുമില്ല. ഈ ആറ് വര്‍ഷക്കാലയളവില്‍ ഇവര്‍ക്ക് വിവാഹം കഴിക്കുന്നതിനുള്ള അനുമതി നല്‍കുന്ന കാര്യവും, സ്ഥിരപ്പെടുമ്പോള്‍ മുന്‍കാല സീനിയോറിറ്റി സംരക്ഷിച്ചു നല്‍കുന്നതുമെല്ലാം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. പുതിയ റിക്രൂട്ടുകളുമായി വീണ്ടും തുടരേണ്ടി വരുന്നത് സൈന്യത്തിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുമെന്ന തിരിച്ചറിവാണ് ഈ അധിക സേവന കാലാവധിക്ക് കാരണം.

അഗ്‌നിവീര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍

അഗ്‌നിവീര്‍ പദ്ധതിയില്‍ മോദി സര്‍ക്കാര്‍ ഇപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍, അതിനുവേണ്ടി നിരത്തുന്ന ന്യായീകരണങ്ങള്‍ക്ക് അപ്പുറം, രാഷ്ട്രീയ ലക്ഷ്യത്തോടെയും സമ്മര്‍ദങ്ങളുടെ ഫലമായും ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കനത്ത തോല്‍വിക്ക് കാരണങ്ങളിലൊന്നായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചത് അഗ്‌നിവീര്‍ പദ്ധതിക്കെതിരെയുള്ള ജനരോഷമാണ്. എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവും എല്‍ജെപിയും തെലുഗുദേശം പാര്‍ട്ടിയുമെല്ലാം ഈ പദ്ധതിയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സൈന്യത്തെ താത്കാലിക കരാര്‍വല്‍ക്കരിക്കുന്നതിനെതിരെ അവര്‍ സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. അടുത്ത വര്‍ഷാരംഭത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന ബിജെപി, ആ സംസ്ഥാനങ്ങളിലെ നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതമാവുക സ്വാഭാവികം മാത്രം. മോദി ഭരണത്തില്‍ കുതിച്ചുയരുന്ന തൊഴിലില്ലായ്മ രാജ്യത്തെമ്പാടും ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും അസ്വസ്ഥരാക്കുന്നുണ്ട്. നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഉയര്‍ന്നുവന്ന ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധത്തിന്റെ മുഖ്യകാരണങ്ങളില്‍ ഒന്ന് തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമായിരുന്നു. അതിനൊപ്പം തൊഴില്‍രഹിതരായി പുറത്തുവരുന്ന അഗ്‌നിവീറുകള്‍കൂടി ചേരുമ്പോള്‍ അത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതം പ്രവചനാതീതമായിരിക്കുമെന്ന ആശങ്ക കൂടിയുണ്ട് ബിജെപിയുടെ ഇപ്പോഴത്തെ തിരിഞ്ഞുനടത്തത്തിന് പിന്നില്‍. 'കൂലിപ്പട്ടാളത്തെപ്പോലെ' യുവാക്കളെ ഉപയോഗിച്ച് കൈകഴുകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിര ശക്തമായ നിലപാടാണ് എടുത്തത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അഗ്‌നിവീര്‍ പദ്ധതി പൂര്‍ണ്ണമായി പിന്‍വലിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ മുന്നണിയുടെ ഈ ശക്തമായ രാഷ്ട്രീയ ആയുധത്തെ പ്രതിരോധിക്കാനുള്ള തന്ത്രം കൂടിയാണ് ഇപ്പോഴത്തെ ഈ പ്രഖ്യാപനം.

അഗ്‌നിവീർ പദ്ധതിയിൽ രണ്ട് വർഷം അധിക സേവനം അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനം
ഹിമാചൽ വൈദ്യുതി വിവാദം: സർക്കാർ നിലപാട് ജനത്തിന് ഇരുട്ടടിയോ?

സംവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ?

'അഗ്‌നിവീര്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം നൂറുശതമാനം പേര്‍ക്കും സ്ഥിര നിയമനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇതൊരു പൂര്‍ണ്ണമായ തിരുത്തലായി കാണാനാവില്ല. സൈന്യത്തിലെ വര്‍ദ്ധിച്ചുവരുന്ന പെന്‍ഷന്‍ ബാധ്യത കുറയ്ക്കുക എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ 'അഗ്‌നിപഥ്' പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഘട്ടംഘട്ടമായി എല്ലാവരെയും സ്ഥിരപ്പെടുത്തുമ്പോള്‍, ഭാവിയില്‍ പെന്‍ഷന്‍ ഇനത്തില്‍ വലിയ തുക ലാഭിക്കാമെന്ന കണക്കുകൂട്ടലുകള്‍ക്ക് എന്ത് സംഭവിക്കുമെന്നത് സര്‍ക്കാരിന് മുമ്പിലെ വലിയൊരു ചോദ്യമാണ്. മാത്രമല്ല, നാല് വര്‍ഷത്തിന് ശേഷവും പിന്നീട് ആറ് വര്‍ഷത്തിന് ശേഷവുമുള്ള രണ്ട് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ സീനിയോറിറ്റി സംബന്ധമായ ആശയക്കുഴപ്പങ്ങള്‍ക്കും ആഭ്യന്തര അസമത്വങ്ങള്‍ക്കും കാരണമായേക്കാം. എത്രപേരെ സ്ഥിരപ്പെടുത്തും എന്നത് പൂര്‍ണ്ണമായും സേനയുടെ ആവശ്യകതയെയും വ്യക്തികളുടെ പ്രകടനത്തെയും ആശ്രയിച്ചായിരിക്കും. പുതുക്കിയ ശമ്പളം, കൃത്യമായ സേവന വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ചൊക്കെ ഇനിയും ഔദ്യോഗികമായ വ്യക്തത വരേണ്ടതുണ്ട്. ഇതിലുപരി, അധികമായി നല്‍കുന്ന രണ്ട് വര്‍ഷത്തെ സേവനം തിരഞ്ഞെടുക്കുന്നവര്‍ക്ക് അര്‍ധ സൈനിക വിഭാഗങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉള്ള സംവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നത് പുറത്തു തൊഴില്‍ തേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയൊരു തിരിച്ചടിയാണ്.

സ്ഥിരമായ നിയമന സമ്പ്രദായത്തിലേക്ക് മടങ്ങണം

കോവിഡ് കാലത്തെ റിക്രൂട്ട്‌മെന്റ് തടസ്സങ്ങള്‍ മൂലം സൈന്യത്തിലുണ്ടായ കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്‍ കൊണ്ടുവന്ന മാറ്റം സഹായിക്കുമെങ്കിലും, സുദീര്‍ഘമായ പഠനങ്ങളില്ലാതെ നടപ്പിലാക്കുന്ന ഇത്തരം പെട്ടെന്നുള്ള നയമാറ്റങ്ങള്‍ പ്രതിരോധ മേഖലയില്‍ എത്രത്തോളം ഗുണം ചെയ്യുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. തികഞ്ഞ പ്രൊഫഷണലിസവും പ്രതിബദ്ധതയും ആവശ്യമുള്ള ആശങ്കകളൊഴിഞ്ഞ സ്ഥിരതയുമുള്ള പ്രതിരോധസേനയെയാണ് രാജ്യത്തിനാവശ്യം. അതിനുപകരം അസന്തുഷ്ടരും അനിശ്ചിതത്വം നിറഞ്ഞ ഭാവിയെപ്പറ്റി സദാ ഉല്‍ക്കണ്ഠാകുലരുമായ ഒരു കരാര്‍ സേനയെക്കൊണ്ട് രാഷ്ട്രസുരക്ഷ പൂര്‍ണ അര്‍ഥത്തില്‍ ഉറപ്പാക്കാനാവില്ല. അതിനാല്‍ അഗ്‌നിവീര്‍ പദ്ധതി പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും, പഴയപോലെ സ്ഥിരമായ നിയമന സമ്പ്രദായത്തിലേക്ക് മടങ്ങണമെന്നുമാണ് ഉയരുന്ന ആവശ്യം.