ഹിമാചൽ വൈദ്യുതി വിവാദം: സർക്കാർ നിലപാട് ജനത്തിന് ഇരുട്ടടിയോ?

കഴിഞ്ഞ സെപ്റ്റംബറിൽ അപ്രഖ്യാപിത പവർക്കട്ടിനെതിരെ ജനരോഷം ആളിപ്പടർന്ന ഘട്ടത്തിലാണ് ജനങ്ങളെ ഇരുട്ടിലിരുത്താതെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ചെയർമാൻ രാജമാണിക്യം മുൻകൈയെടുത്ത് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി ചർച്ച നടത്തിയത്
ഹിമാചൽ വൈദ്യുതി വിവാദം:  സർക്കാർ നിലപാട് ജനത്തിന് ഇരുട്ടടിയോ?
Published on: 
Updated on: 

കേരളം കടുത്ത വൈദ്യുതി ക്ഷാമത്തിലൂടെ കടന്നുപോകുമ്പോൾ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ അപ്രതീക്ഷിതമായി മാറ്റിയതിന് പിന്നിൽ ഭരണ-രാഷ്ട്രീയ ഇടനാഴികളിലെ വൻ തർക്കങ്ങളും പൊരുത്തക്കേടുകളുമാണെന്ന് വെളിപ്പെടുത്തലുകൾ പുറത്തുവരവേയാണ് മുഖ്യമന്ത്രി ഇന്ന് വിഷയത്തിൽ പ്രതികരിച്ചത്. കെഎസ്ഇബി ചെയര്‍മാന്‍റെ മാറ്റം സ്വാഭാവികമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സർക്കാരിന് വന്നേക്കാവുന്ന 2,232 കോടി രൂപയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് വൈദ്യുതി വാങ്ങാതിരുന്നത് എന്ന് വിശദീകരിക്കുകയും ചെയ്തു. എങ്കിലും രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അതൃപ്തിയാണെന്ന് വ്യക്തമാണ്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് അറിഞ്ഞിട്ടും ആദ്യഘട്ടത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും ഇത് വകുപ്പിനും സർക്കാരിനും ആദ്യമേ മോശം പ്രതിച്ഛായ ഉണ്ടാക്കി എന്നുള്ള വിമർശനം മുഖ്യമന്ത്രി നേരത്തെയും രാജമാണിക്യത്തിനെതിരെ മന്ത്രിസഭായോഗത്തിൽ പങ്കുവെച്ചിട്ടുണ്ട്. എന്തൊക്കെയായാലും ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് വൈദ്യുതി വാങ്ങാതെ ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ സർക്കാരിന് അധിക ബാധ്യത വരില്ലെങ്കിലും കെ.എസ്.ഇ.ബിക്കും അന്തിമമായി പൊതുജനങ്ങൾക്കും ദോഷകരമായിത്തന്നെയാണ് വരിക. അത് എങ്ങനെയാണെന്നും തീരുമാനത്തിന് പിന്നിലെ രാഷട്രീയ സമ്മർദങ്ങളും വിലയിരുത്തുകയാണ് ഇന്നത്തെ സ്​പോട്ട്ലൈറ്റ്.

കഴിഞ്ഞ സെപ്റ്റംബറിൽ അപ്രഖ്യാപിത പവർക്കട്ടിനെതിരെ ജനരോഷം ആളിപ്പടർന്ന ഘട്ടത്തിലാണ് ജനങ്ങളെ ഇരുട്ടിലിരുത്താതെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ചെയർമാൻ രാജമാണിക്യം മുൻകൈയെടുത്ത് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി ചർച്ച നടത്തിയത്. വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി എത്തിച്ചുകൊണ്ട് ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനം പ്രതിസന്ധി മറികടന്നു. മാത്രമല്ല തുടർചർച്ചകളിലൂടെ ഈ നിരക്ക് യൂണിറ്റിന് 12.50 രൂപയായി കുറയ്ക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഈ സമയത്ത് ഹിമാചൽ കരാർ നിലനിൽക്കെത്തന്നെ, കേന്ദ്രത്തിന്റെ ജനറൽ നെറ്റ്‌വർക്ക് ആക്സസ് അഥവാ ജി.എൻ.എ വഴി മുഴുവൻ സമയവും അതായത് റൗണ്ട് ദ ക്ലോക്കിൽ 500 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന ഓഫറുമായി ടെൻഡർ പോലുമില്ലാതെ ഒരു സ്വകാര്യ കമ്പനി സർക്കാരിനെ സമീപിച്ചു. ഹിമാചലിന്റെ 12.50 രൂപയേക്കാൾ വളരെ കുറഞ്ഞ നിരക്കായ 8.645 രൂപയാണ് സ്വകാര്യ കമ്പനി മുന്നോട്ടുവെച്ചത്. പ്രത്യക്ഷത്തിൽ വൈദ്യുതി നിരക്കിൽ യൂനിറ്റിന് അഞ്ച് രൂപയോളം വ്യത്യാസം...സ്വാഭാവികമായും കുറഞ്ഞ നിരക്കിലെ കരാറിലേക്ക് താൽപര്യം തോന്നുക സ്വാഭാവികം. ഈ സാഹചര്യത്തിലാണ് റൗണ്ട് ദ ക്ലോക്ക് കരാറും ഹിമാചാൽ ഇലക്ട്രിസിറ്റി ബോർഡ് മുന്നോട്ട് വെയ്ക്കുന്ന പീക്ക് അവർ കരാറും തമ്മിലെ വ്യത്യാസം ചർച്ച ചെയ്യേണ്ടത്.

ഹിമാചൽ വൈദ്യുതി വിവാദം:  സർക്കാർ നിലപാട് ജനത്തിന് ഇരുട്ടടിയോ?
കേന്ദ്ര ഭരണം വിദേശ ശക്തികളുടെ കാരുണ്യത്തിലോ?

പീക്ക് സമയ വൈദ്യുതി വാങ്ങൽ ലാഭകരമോ?

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പ്രധാനമായും വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിലാണ് രൂക്ഷമാകുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹിമാചൽ പ്രദേശിൽനിന്ന് ആവശ്യാനുസരണം വൈദ്യുതി വാങ്ങാനുള്ള നിർദേശം ഉയർന്നത്. നവംബർ മുതൽ മാർച്ച് വരെ പീക്ക് സമയങ്ങളിൽ 884.1 മില്യൺ യൂണിറ്റ് വൈദ്യുതി യൂണിറ്റിന് 12.50 രൂപ നിരക്കിൽ വാങ്ങിയാൽ ചെലവ് ഏകദേശം 1,105.14 കോടി രൂപ. എന്നാൽ സ്വകാര്യ കമ്പനിയിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി മുഴുവൻ സമയവും യൂണിറ്റിന് 8.645 രൂപ നിരക്കിൽ വാങ്ങുമ്പോൾ 1,812 മില്യൺ യൂണിറ്റിന് ഏകദേശം 1,566.77 കോടി രൂപ ചെലവാകും. യൂണിറ്റ് നിരക്ക് കുറവാണെങ്കിലും, അധിക വൈദ്യുതി വാങ്ങേണ്ടിവരുന്നതിലൂടെ ഏകദേശം 461.65 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ താരതമ്യമാണ് പീക്ക് സമയങ്ങളിൽ മാത്രം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് മുഴുവൻ സമയവും കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനേക്കാൾ സാമ്പത്തികമായി ലാഭകരമാകാമെന്ന വാദത്തിന് അടിസ്ഥാനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജമാണിക്യം സർക്കാരിന് വിശദമായ ചെലവ് വിവരപ്പട്ടിക സർക്കാരിന് കൈമാറിയത്.

മുഖ്യമന്ത്രിയുടെ ബാധ്യത കണക്ക് എങ്ങനെ?

ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് രണ്ട് വിഷയങ്ങളിൽ ഊന്നിയാണ്. ഒന്ന് റഗുലേറ്ററി കമീഷൻ നിലപാടും രണ്ടാമത്തേത് പീക്ക് അവറിലെ കൂടുതൽവൈദ്യുതി ലഭ്യതയും. അതിൽ പ്രധാനം ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാള്‍ 2000 കോടിയുടെ ലാഭം സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങുന്നതിലൂടെ ഉണ്ടാകും എന്നതാണ്. ആദ്യം അതിലെ വസ്തുത എന്താണെന്ന് നോക്കാം. വൈദ്യുതി വാങ്ങൽ നിരക്കിൽ റെഗുലേറ്ററി കമ്മീഷൻ നേരത്തേ യൂണിറ്റിന് 10 രൂപയുടെ പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയിട്ടുമുണ്ട്. 8 രൂപ 63 പൈസക്കും 8 രൂപ 90 പൈസക്കും കിട്ടുന്ന സാഹചര്യം മുമ്പിലുള്ളപ്പോൾ ഹിമാചലിൽനിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നിർദേശം റഗുലേറ്ററി കമീഷനിൽ അംഗീകരിക്കപ്പെടുമോ എന്ന സംശയമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. റഗുലേറ്റി കമീഷൻ വെച്ച പരിധിക്ക് മീതെ നിരക്കിൽ വൈദ്യുതി വാങ്ങിച്ചാൽ, ആ ബാധ്യത സർക്കാർ വഹിക്കേണ്ടിവരും. അങ്ങനെയെങ്കിൽ സ്വാഭാവികമായും കെഎസ്ഇബിക്ക് ആ തുക സർക്കാരിന്റെ സബ്സിഡിയായി കൊടുക്കേണ്ടി വരും. ഈ വസ്തുത അടിസ്ഥാനമാക്കി കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്ന ജിഎൻഎയുടെ നിർദേശം പരിഗണിക്കാതെ ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങിയാൽ സംസ്ഥാനത്തിന് 2,233.34 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം. പീക്ക് അവേഴ്സിൽ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ സംസ്ഥാനത്തിന് വരുന്ന അധിക ബാധ്യത 2.60 രൂപ മാത്രമാണ്. എന്നാൽ ഹിമാചലിൽ നിന്നാണെങ്കിൽ അധിക ബാധ്യത വരുന്നത് 8.50 രൂപയാണന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. അതായത് റെഗുലേറ്ററി അതോറിറ്റി പീക്ക് അവറിൽ വെച്ചിരിക്കുന്ന സീലിങ്ങിന് മുകളിലുള്ള അധിക ബാധ്യതയാണിത്.

ഹിമാചൽ വൈദ്യുതി വിവാദം:  സർക്കാർ നിലപാട് ജനത്തിന് ഇരുട്ടടിയോ?
വിദ്യാർഥികളോട് ഇത്രയും പക വേ​ണോ?

രാജമാണിക്യത്തിന്റെ പുറത്താകൽ

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഹിമാചൽ പ്രദേശിൽ നിന്ന് പീക്ക് സമയങ്ങളിൽ വൈദ്യുതി വാങ്ങാൻ നീക്കം നടത്തിയതും സ്വകാര്യ കമ്പനിയായ ജിഎൻഎ എനർജിയിൽ നിന്ന് മുഴുവൻ സമയവും വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദേശത്തെ അധികച്ചെലവ് ചൂണ്ടിക്കാട്ടി എതിർത്തതുമാണ് കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റുന്നതിലേക്ക് നയിച്ച പ്രധാന ഭിന്നതകളെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. യൂണിറ്റ് നിരക്ക് കുറവാണെങ്കിലും പകൽ വൈദ്യുതി ആവശ്യമില്ലാത്തതിനാൽ സ്വകാര്യ കമ്പനി കരാർ സാമ്പത്തിക ബാധ്യതയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദമെങ്കിലും, പ്രതിസന്ധി മുൻകൂട്ടി കണ്ട് തുടക്കത്തിലേ കാര്യക്ഷമമായി ഇടപെടാതിരുന്നതും, ഭരണപരമായ വീഴ്ചകളിൽ മുഖ്യമന്ത്രിയും സർക്കാരും പ്രകടിപ്പിച്ച കടുത്ത അതൃപ്തിയാണ് ഒടുവിൽ അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കാൻ കാരണമായത്..വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഭിപ്രായം തള്ളിയാണ് മുഖ്യമന്ത്രി ജിഎൻഎക്ക് അനുകൂലമായ കരാറിലെത്തിയതെന്ന രാഷ്ട്രീയ വിവാദവും കോ​ൺഗ്രസിനകത്ത് രൂപം കൊണ്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങളും അഭിപ്രയ വ്യത്യാസങ്ങളെയും തള്ളി കെഎസ്ഇബി ചെയര്‍മാന്‍റെ മാറ്റം സ്വാഭാവികമാണെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണം.

ജനത്തിന് ബാധ്യതയാകുമോ?

കേരളത്തിന്റെ പശ്ചാത്തലത്തിൽ റൗണ്ട് ദ ക്ലോസ് അഥവാ മുഴുസമയ വൈദ്യുതി വാങ്ങലുകൾക്കെതിരെ ഇടതുപക്ഷ സർക്കാരിന്റെ കാലത്തും വ്യാപക എതിർപ്പുകൾ ഉയരാറുണ്ട്. കാരണം സോളാർ ഉൾപ്പെടെ വൈദ്യുതി ലഭ്യതയുള്ള സംസ്ഥാനത്ത് പകൽ വൈദ്യുതി അധികമാണ്. പല റൗണ്ട് ദ ക്ലോക്ക് കരാറുകളുടെയും ഭാഗമായും മറ്റും പ്രതിവർഷം 1500 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെടാതെ തിരിച്ചടക്കുന്നുമുണ്ട്. വൈകീട്ട് ആറുമുതൽ ഉള്ള പീക്ക് അവറുകളിലാണ് രൂക്ഷമായ വൈദ്യുതി ക്ഷാമമുള്ളത്. ഏകദേശം 800 മെഗാവാട്ടോളം ഷോർട്ടേജാണ് ഈ സമയത്ത് പല ദിവസങ്ങളിലും അനുഭവപ്പെടുന്നത്. ഈ പ്രതിസന്ധി മറികടക്കാനുള്ള വൈദ്യുതി കരാറുകളുടെ സ്വഭാവമാണ് ഇപ്പോൾ വിമർശിക്കപ്പെടുന്നത്. നമുക്കാവശ്യം പീക്ക് സമയത്തെ വൈദ്യുതിയാണ്. ജിഎൻഎയുടെ കുറഞ്ഞ നിരക്ക് മാത്രം ചൂണ്ടിക്കാട്ടി അതാണ് ലാഭകരമെന്ന് തീരുമാനിക്കാനാവില്ല. അതുപോലെ, ഹിമാചലിന്റെ പീക്ക് സമയത്തെ ഉയർന്ന നിരക്ക് മാത്രം ചൂണ്ടിക്കാട്ടി അത് നഷ്ടകരമാണെന്നും തീരുമാനിക്കാനാവില്ല. മുഴുസമയങ്ങളിൽ വൈദ്യുതി കുറഞ്ഞുകിട്ടിയാലും പീക്ക് സമയത്ത് കിട്ടുന്ന വൈദ്യുതി നിരക്കാണ് നിർണായകമാകുക. അങ്ങനെ കണക്കാക്കുമ്പോഴാണ് ഹിമാചൽ വൈദ്യുതി കൂടുതൽ ലാഭകരമായി അനുഭവപ്പെടുന്നത്. ഈ അവസ്ഥയിൽ റഗുലേറ്ററി കമീഷൻ വെക്കുന്ന നിബന്ധനകൾ ദോഷകരമാകുന്നത് ഉപഭോക്താക്കൾക്കാണ്. സർക്കാർ റഗുലേറ്ററി കമീഷന്റെ നിർദേശത്തിന്റെ ഭാഗമായി സർക്കാരിന് അധിക ബാധ്യത വരും എന്ന് പറഞ്ഞ് കൂടുതൽ ലാഭകരമായ കരാർ മാറ്റിവെക്കപ്പെടുമ്പോൾ ഒടുവിൽ ആ ബാധ്യത അധിക ബില്ലായി സംസ്ഥാനത്തെ ഉപഭോക്താക്കളുടെ തലയിലാണ് കെഎസ്ഇബി ചുമത്തുക. ഈ വസ്തുത മറച്ചുകൊണ്ട് സർക്കാരിന് അധിക ബാധ്യത വന്നേക്കും എന്ന മുഖ്യമന്ത്രിയുടെ നരേറ്റീവ് യഥാർഥ വസ്തുത പൊതുജനങ്ങളിൽ നിന്ന് മറയ്ക്കാൻ കൂടിയാണ്.

Related Stories

Purchasing electricity from Himachal will impose an additional burden of ₹2,232 crore on the government
Electricity restrictions
ഉദ്യോഗസ്ഥ ക്ഷാമത്തിൽ എക്സൈസ് വകുപ്പ്, നിയമനം നടത്താതെ സർക്കാർ; തസ്തിക സൃഷ്ടിക്കാൻ സാമ്പത്തിക ബാധ്യത തടസമെന്ന് വാദം
വൈദ്യുതി പ്രതിസന്ധി ഗുരുതരം, സര്‍ക്കാരിന് വീഴ്ച ഇല്ല; പരിഹാരവും പദ്ധതികളും നിര്‍ദേശിച്ച് കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍