ആര്‍ട്ടിമിസ് 2: ദൗത്യത്തിനപ്പുറം നാസക്ക് ലക്ഷ്യങ്ങളുണ്ടോ?

യു.എസ് സ്വദേശികളായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, കാനഡ സ്വദേശി ജെറമി ഹാന്‍സന്‍ എന്നീ നാലുയാത്രികര്‍ ഇതോടെ ചരിത്രത്തിൻ്റെ ഭാഗമായി
ആര്‍ട്ടിമിസ് 2:  ദൗത്യത്തിനപ്പുറം നാസക്ക് ലക്ഷ്യങ്ങളുണ്ടോ?
Source: News Malayalam 24x7
Published on
Updated on

മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് ആര്‍ട്ടിമിസ് 2 ദൗത്യം നാസ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രൻ്റെ അടുത്തെത്തിച്ച ദൗത്യമാണ് ഇതോടെ പൂര്‍ത്തിയായത്. ചന്ദ്രനെ ചുറ്റിയെത്തിയ ആര്‍ട്ടിമിസ് 2, 10 ദിവസത്തിന് ശേഷം ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.37ന് ശാന്തസമുദ്രത്തിലേക്ക് സ്പ്ലാഷ് ഡൗണ്‍ ചെയ്തു.11 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച അപൂര്‍വ ദൗത്യത്തിന് ഇതോടെ തിരശ്ശീല വീണു. യു.എസ് സ്വദേശികളായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, കാനഡ സ്വദേശി ജെറമി ഹാന്‍സന്‍ എന്നീ നാലുയാത്രികര്‍ ഇതോടെ ചരിത്രത്തിൻ്റെ ഭാഗമായി. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ കുതിപ്പാണിത്.

ആര്‍ട്ടിമിസ് 2: ദൗത്യത്തിനപ്പുറം നാസക്ക് ലക്ഷ്യങ്ങളുണ്ടോ?

ഗ്രീക്ക് പുരാണത്തിലെ ചന്ദ്ര ദേവതയാണ് ആര്‍ട്ടിമിസ്. 1960-കളിലും 70-കളിലും മനുഷ്യനെ ചന്ദ്രനിലെത്തിച്ച 'അപ്പോളോ' ദൗത്യത്തിന് അതിൻ്റെ പേര് ലഭിച്ചത് സൂര്യദേവനായ അപ്പോളോയില്‍ നിന്നാണ്. ഗ്രീക്ക് ഐതിഹ്യമനുസരിച്ച് അപ്പോളോയും ആര്‍ട്ടിമിസും ഇരട്ട സഹോദരങ്ങളാണ്. അപ്പോളോ ദൗത്യത്തിൻ്റെ തുടര്‍ച്ചയായി മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന പദ്ധതിയായതിനാലാണ് ഇതിന് ആര്‍ട്ടിമിസ് എന്ന് പേര് നല്‍കിയത്. 2026 ഏപ്രില്‍ ഒന്നിന് ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം ഉപയോഗിച്ച് വിക്ഷേപിച്ചാണ് ദൗത്യം ആരംഭിച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 4,00,000 കിലോമീറ്ററിലധികം ദൂരേക്ക് പേടകം സഞ്ചരിച്ചു. ഇത് മനുഷ്യര്‍ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദൂരമാണ് . അപ്പോളോ 13 ദൗത്യത്തിൻ്റെ റെക്കോര്‍ഡ് ആണ് ഇതോടെ മറികടന്നത്. ഏപ്രില്‍ 6-ന് പേടകം ചന്ദ്രൻ്റെ ഉപരിതലത്തില്‍ നിന്ന് വെറും 6000 കിലോമീറ്റര്‍ അടുത്തെത്തുകയും ചന്ദ്രൻ്റെ കാണാത്ത മറു വശത്തിൻ്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്തി ചരിത്രം കുറിക്കുകയും ചെയ്തു.10 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ശനിയാഴ്ച പേടകം ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി വന്നിറങ്ങി.

സംഭവ ബഹുലമായ തിരിച്ചുവരവ്

കാലാവധി കഴിഞ്ഞ സാറ്റലൈറ്റുകളെ അന്തരീക്ഷത്തില്‍ വെച്ച് കത്തിച്ചു കളയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ അവ കത്തി എരിഞ്ഞടങ്ങും. എന്നാല്‍ മനുഷ്യരുമായി വരുന്ന ഒരു പേടകത്തിന് അത് സാധ്യമല്ല. അതീവ വേഗത നിയന്ത്രിച്ച്, താപനില കൃത്യമായി നിലനിര്‍ത്തി വേണം സഞ്ചാരികള്‍ക്ക് ഭൂമിയില്‍ തിരിച്ചെത്താന്‍. ഏകദേശം 40,000 കിലോമീറ്റര്‍ വേഗതയിലാണ് ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് വന്നത്. ശബ്ദത്തേക്കാള്‍ 35 ഇരട്ടി വേഗതയാണിത്. നേരെ താഴേക്ക് വന്നാല്‍ അന്തരീക്ഷത്തിലെ കടുത്ത മര്‍ദ്ദം മൂലം പേടകം കത്തി നശിക്കും. അതുകൊണ്ട് കൃത്യമായ ഒരു ആംഗിളില്‍ മാത്രമേ പേടകത്തിന് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. ശനിയാഴ്ച രാവിലെ ഓറിയോണ്‍ പേടകത്തില്‍ നിന്നും സര്‍വീസ് മോഡ്യൂള്‍ വേര്‍പ്പെട്ടു. ശേഷം, പേടകത്തിലെ ചെറിയ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചു കൊണ്ട് പേടകം ഒരു കൃത്യമായ കോണളവില്‍ അന്തരീക്ഷത്തിലേക്ക് കടന്നു.

ഉദ്യേഗഭരിതം അന്ത്യഘട്ടം

ഭൂമിയുടെ അന്തരീക്ഷത്തിൻ്റെ അപ്പര്‍ സ്റ്റേജിലേക്ക് കടക്കുമ്പോള്‍ തന്നെ 40000 അടി ഉയരത്തില്‍ ഘര്‍ഷണം മൂലം പേടകം 1650 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടായി. വൈകാതെ ചൂട് 2760 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഈ സമയത്ത് പേടകത്തിന് ചുറ്റും പ്ലാസ്മ രൂപപ്പെടുന്നത് കൊണ്ട് ഏകദേശം 6 മിനിറ്റ് നേരത്തേക്ക് ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. 22000 അടി ഉയരത്തില്‍ വെച്ച് ആദ്യഘട്ട പാരച്യൂട്ടുകള്‍ വിരിഞ്ഞു. പിന്നീട് 6,000 അടിയില്‍ എത്തിയപ്പോള്‍ മൂന്ന് പ്രധാന പാരച്യൂട്ടുകള്‍ വിടര്‍ന്നതോടെ വേഗം മണിക്കൂറില്‍ 32 കി.മീ ആയി കുറഞ്ഞു. അഞ്ച് എയര്‍ബാഗുകള്‍ ഉപയോഗിച്ച് പേടകം സമുദ്രോപരിതലത്തില്‍ സ്പ്ലാഷ്ഡൗണ്‍ ചെയ്തു.അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതു തൊട്ട് സമുദ്രപതനം വരെ 15 മിനിറ്റ് സമയമാണു വേണ്ടി വന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ്ക്കരികെ ശാന്തസമുദ്രത്തിലെ സാന്‍ ഡിയാഗോ തീരത്ത് ഇറങ്ങിയ പേടകത്തിനടുത്തെത്തിയ യു.എസ് നാവിക സേനയും റസ്‌ക്യൂ ടീമും യാത്രികരെ പേടകത്തില്‍നിന്ന് ലൈഫ് ബോട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ശേഷം എയര്‍ലിഫ്റ്റ് ചെയ്താണ് യാത്രികരെ യു.എസ്.എസ് ജോണ്‍ പി. മര്‍ത്ത എന്ന റെസ്‌ക്യൂ കപ്പലിലേക്ക് മാറ്റിയത്. നാലു യാത്രികരും ആരോഗ്യവാന്മാരാണെന്ന് നാസ അറിയിച്ചു.

ആര്‍ട്ടിമിസ് 2:  ദൗത്യത്തിനപ്പുറം നാസക്ക് ലക്ഷ്യങ്ങളുണ്ടോ?
കേരളം ചൂണ്ടുവിരലില്‍ പതിപ്പിച്ചത് മാറ്റമോ, തുടര്‍ച്ചയോ?

അവിസ്മരണീയം ചാന്ദ്ര ദൗത്യം

ഏപ്രില്‍ ആറിന് ചന്ദ്രനെ വലംവെക്കുന്ന സമയത്ത് പേടകം ഭൂമിയില്‍ നിന്ന് 4,06,771 കിലോമീറ്റര്‍ അകലെ എത്തിയിരുന്നു. ഇത് ഭൂമിയില്‍ നിന്ന് മനുഷ്യര്‍ ബഹിരാകാശത്തേക്ക് സഞ്ചരിച്ചതില്‍വെച്ച് ഏറ്റവും കൂടിയ ദൂരമാണ്. ഓറിയോണിലെ ആ നാലു പേര്‍ ചന്ദ്രന്റെ മനുഷ്യന്‍ കാണാത്ത മറുവശം നേരില്‍ കണ്ടു. നേരത്തെ ചന്ദ്രൻ്റെ മറുഭാഗ ദൃശ്യങ്ങളെടുത്തത് ചാന്ദ്ര ദൗത്യത്തിലെ സാറ്റ്‌ലൈറ്റ് യന്ത്രങ്ങളായിരുന്നു. സൂര്യഗ്രഹണം ഭൂമിയില്‍ നിന്ന് ഏഴ് മിനിട്ട് മാത്രമാണ് കാണാനാകുക. എന്നാല്‍ ചാന്ദ്ര ദൗത്യ സഞ്ചാരികള്‍ സൂര്യഗ്രഹണം കണ്ടത് 54 മിനിട്ട്. ചന്ദ്രന്‍ സൂര്യനെ മറച്ചതിനാലാണ് ചുറ്റിസഞ്ചാരത്തിനിടെ ഈ സുദീര്‍ഘമായ സൂര്യഗ്രഹണ അനുഭവം ഇവര്‍ക്ക് ലഭിച്ചത്. നീല്‍ ആംസ്‌ട്രോങും ആല്‍ഡ്രിനും കാലുകുത്തിയ ഇടം കാണാനും ഇവര്‍ക്കായി. സൂര്യാസ്തമയം പോലെ, താഴേ ഭൂമിയുടെ അസ്തമയവും കാണാനുള്ള അപൂര്‍വ അനുഭവവും ഇവര്‍ക്കുണ്ടായി. പര്‍വ്വതങ്ങളും താഴ്വരകളും കാരണം ഭൂമി തികഞ്ഞ ഗോളാകൃതിയിലല്ല, മറിച്ച് ജിയോയിഡ് എന്ന സങ്കീര്‍ണ്ണമായ ഉപരിതല രൂപമാണ് എന്ന സങ്കല്‍പം തിരുത്തി പൂര്‍ണമായ ഗോളാകൃതിയാണ് ഭൂമിക്കുള്ളതെന്ന് തെളിയിക്കാന്‍ ദൗത്യത്തിനായി. മാത്രമല്ല, ചൈനയിലെ വന്‍ മതില്‍ ചന്ദ്രനില്‍നിന്ന് നോക്കിയാല്‍ കാണാനാവില്ലെന്നും തെളിയിക്കപ്പെട്ടു. ചന്ദ്രനിലെ ഒരു ഗര്‍ത്തത്തിന്, കമാന്‍ഡര്‍ റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യ കാരോളിൻ്റെ പേര് നല്‍കാനുള്ള വികാരനിര്‍ഭരമായ തീരുമാനവും ഈ യാത്രയുടെ ഭാഗമായി. പേടകത്തിലെ ശുചിമുറി തകരാറിലായതും അത് ക്രിസ്റ്റീന കോക്ക് തന്നെ നന്നാക്കിയതും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ സംഘം അതിജീവിച്ചു.

ദൗത്യത്തിൻ്റെ ഭാവി

ആര്‍ട്ടിമിസ് 3 ദൗത്യം 2027 പകുതിയോടെയും ആര്‍ട്ടിമിസ് 4 ദൗത്യം 2028 ആദ്യവും നടക്കുമെന്നാണ് നാസ വെളിപ്പെടുത്തുന്നത്. ആര്‍ട്ടിമിസ് നാല്, 50വര്‍ഷത്തിന് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തുന്ന ചരിത്രപരമായ ദൗത്യമായിരിക്കും. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കുന്നതോടൊപ്പം ചന്ദ്രനില്‍ പര്യവേഷണം നടത്താന്‍ സഹായിക്കുന്ന അത്യാധുനിക മൂണ്‍ റോവര്‍ ചന്ദ്രനില്‍ എത്തിക്കുക എന്നതാണ് ആട്ടിമിസ് 5 എന്ന ദൗത്യത്തിൻ്റെ ലക്ഷ്യം. മാത്രമല്ല, ചൈനയുടെ നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍, 2026ലും 2028ലുമായി പുതിയ ചാന്ദ്ര ദൗത്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെയും ജപ്പാൻ്റെയും സംയുക്ത ദൗത്യമായ ലുപെക്‌സ് അടുത്തവര്‍ഷം നടക്കാനാണ് സാധ്യത. ചുരുക്കത്തില്‍ 2030ഓടെ ചന്ദ്രനില്‍ മനുഷ്യൻ്റെ സ്ഥിരം താവളം ഒരുക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സഹകരിച്ചുള്ള കൂട്ടായ ദൗത്യങ്ങള്‍ നാളെയുടെ ചരിത്രമായി മാറിയേക്കും. മനുഷ്യരാശിയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടിയുള്ള അനിവാര്യമായ ചുവടുവെപ്പായിരിക്കും അത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com