

''ഞാന്‍ സുരേഖ നായര്‍, കേരളത്തില്‍ നിന്നാണ്... എനിക്ക് യുപിഎസ്‌സി പഠിച്ച് ഐഎഎസുകാരിയാകണം. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം. പക്ഷേ സലിമിനെ വിവാഹം ചെയ്തതോടെ എന്റെ ജീവിതം നശിച്ചു. അവന്‍ പറഞ്ഞു ഇന്ത്യയിലെ 85 ദശലക്ഷം അവിവാഹിതകളായ ഹിന്ദു പെണ്‍കുട്ടികളാണ് അവന്റെ ലക്ഷ്യമെന്ന്.
മറ്റൊരു കഥാപാത്രം സ്നേഹ സന്ദ് പറയുന്നു, "ഫൈസാന്‍ എന്നോട് പറഞ്ഞു, പെണ്‍കുട്ടികളെ മതം മാറ്റുക എന്നതാണ് അവന്റെ ദൗത്യമെന്ന്..... സ്‌നേഹത്തിനാണ് ബോംബിനേക്കാള്‍ സ്‌ഫോടകശേഷി ഉള്ളതെന്ന്.....'' ബിയോണ്ട് ദ കേരള സ്‌റ്റോറി എന്ന 'ദ കേരള സ്റ്റോറി' സിനിമയുടെ രണ്ടാം ഭാഗമെന്ന് വിശേഷിക്കപ്പെട്ട വിഷലിപ്ത വിദ്വേഷ ചിത്രത്തിന് വേണ്ടി പുറത്തുവിട്ട ടീസര്‍ നമ്മോട് സംസാരിക്കുകയാണ്. കാമാഖ്യ നാരായണ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ദ കേരള സ്‌റ്റോറിയുടെ നിര്‍മാതാവായ വിപുല്‍ അമ്രത്‌ലാല്‍ ഷാ തന്നെയാണ്. ടീസറിൻ്റെ രണ്ടാം പകുതിയിൽ സുരേഖ നായര്‍, സ്നേഹ സന്ദ്, ദിവ്യ പലിവാല്‍ എന്നീ കഥാപാത്രങ്ങൾ പരിക്കേറ്റ ശരീരവുമായി പർദയണിഞ്ഞ് എത്തുന്നു. പിന്നീടവർ പർദ ഊരിയെറിയുന്നു.. ''ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് യുദ്ധം ചെയ്യേണ്ടത്''- അവര്‍ ചോദിക്കുന്നു... ഒടുവില്‍ ടീസർ ഇങ്ങനെ പ്രഖ്യാപിക്കുന്നു- യഥാര്‍ഥ ജീവിത കഥകൾ ആസ്പദമാക്കിയെടുത്ത ചിത്രമെന്ന്.
വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ട ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്ന് ജനുവരി ആദ്യവാരമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അതീവ രഹസ്യമായിട്ടായിരുന്നു ചിത്രീകരണം. ഒടുവില്‍ ഫെബ്രുവരി 27ന് റിലീസ് പ്രഖ്യാപിച്ചതോടെയാണ് ടീസര്‍ പുറത്തിറക്കിയത്. 2023 ല്‍ പുറത്തിറങ്ങിയ ചിത്രം കേരള സ്‌റ്റോറി 'ലവ് ജിഹാദ്' എന്ന കള്ളക്കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത സിനിമയായിരുന്നു 2023ല്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ' ദ കേരള സ്‌റ്റോറി'. കേരളത്തില്‍ ഉയര്‍ന്ന ലൗ ജിഹാദ് പ്രചാരണങ്ങളെ അഖിലന്ത്യാതലത്തിൽ വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു ഒരു വിഭാഗം ആ സിനിമയിലൂടെ.
സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധാനത്തിന് അര്‍ഹനായി. കേരളത്തില്‍ വന്‍ പ്രതിഷേധം സിനിമയ്ക്കു എതിരായി ഉയര്‍ന്നു വന്നു. കേരളവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമായത് എന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. 32000 സ്ത്രീകള്‍ മതംമാറി കടല്‍ കടന്നു എന്നായിരുന്നു അന്ന് സിനിമയുടെ ട്രെയിലറിൽ കാണിച്ചിരുന്നത്. വ്യാപകമായ എതിര്‍പ്പ് വന്നതോടുകൂടി 32000 എന്ന് പറഞ്ഞത് വെറും മൂന്ന് പേര്‍ ആണെന്ന് പറഞ്ഞു കണക്കു തിരുത്തേണ്ടി വന്നു. കൗമാര പ്രായക്കാര്‍ക്ക് പ്രണയങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി കത്തോലിക്ക സഭ സംഘടിപ്പിച്ച 'ദി കേരള സ്റ്റോറി' സിനിമയുടെ സ്‌ക്രീനിങ് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതും നാം മറന്നിട്ടില്ല.
കേരളത്തില്‍ ഉയര്‍ന്ന ലൗ ജിഹാദ് പ്രചാരണങ്ങളെ അഖിലന്ത്യാതലത്തിൽ വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു ഒരു വിഭാഗം ആ സിനിമയിലൂടെ
പ്രണയം അഭിനയിച്ച് മുസ്ലീം യുവാക്കള്‍ സംഘടിതമായി ഹിന്ദു യുവതികളെ മതംമാറ്റി വിവാഹം ചെയ്യുന്നു. പിന്നീടവരെ കടൽ കടത്തി ഭീകരസംഘങ്ങളിൽ ചേർക്കുന്നു എന്നതാണ് ലൗ ജിഹാദ് എന്ന ആരോപണം. ഒരു പ്രചാരണ വിഷയമായി സംഘപരിവാര്‍ ലൗ ജിഹാദ് ക്യാമ്പയിന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. പ്രണയം മാത്രമല്ല, അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ സാമൂഹ്യപശ്ചാത്തലവും സ്വത്വവും ലൗ ജിഹാദ് എന്ന വ്യാജ പ്രചാരണത്തിന്റെ വഴി നിര്‍ണയിക്കുന്ന ഘടകമാണ്. ഇന്ത്യയിലെ ജനസംഖ്യാനുപാതം മാറ്റിയെടുക്കാനുള്ള മുസ്ലീം ഗൂഢാലോചനയാണ് ലൗ ജിഹാദ് എന്ന ആരോപണം. മുസ്‌ലിം വിഭാഗത്തോടുള്ള വംശീയ വിദ്വേഷം തന്നെയാണ് ഇതിന് പിന്നില്‍. എന്നാൽ പാർലമെൻ്റിൽ ഉയർന്ന ചർച്ചകളിലോ പരമോന്നത കോടതിയിലെ വ്യവഹാരങ്ങളിലോ ലൗ ജിഹാദ് എന്ന പ്രചാരണത്തിന് ഉപോൽബലകമായി ഒരൊറ്റ തെളിവുരേഖ പോലും നൽകാൻ അത് ഉയർത്തിയവർക്ക് ഇന്നോളം കഴിഞ്ഞിട്ടുമില്ല.
രണ്ടായിരത്തിന്റെ തുടക്കത്തോടെയാണ് കര്‍ണാടകത്തിന്റെ തീരദേശപ്രദേശങ്ങളില്‍ തദ്ദേശീയ സമുദായങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ലൗ ജിഹാദ് പ്രചാരണം ശക്തമാകുന്നത്. 2009ല്‍ കര്‍ണാടകത്തില്‍ ലൗ ജിഹാദ് ആരോപണം ശക്തമാകുകയും കര്‍ണാടക ഹൈക്കോടതിയിലേക്ക് മകളുടെ പ്രണയ ബന്ധത്തില്‍ ലൗ ജിഹാദ് ആരോപിച്ചുകൊണ്ട് സെല്‍വരാജ് എന്ന വ്യക്തി എത്തി. പ്രതിസ്ഥാനത്ത് മലയാളിയായ മുസ്ലീം യുവാവ് ആയിരിക്കെ, കേരളത്തിലേക്കും കര്‍ണാടകത്തിന്റെ അന്വേഷണം നീണ്ടു. പക്ഷേ ഈ അന്വേഷണം ലവ് ജിഹാദ് എന്ന വാദത്തെ ഉറപ്പിക്കുന്ന വിവരങ്ങള്‍ കൊണ്ടുവന്നില്ല. കേരളത്തില്‍ ആദ്യമായി ലൗ ജിഹാദ് ആരോപിക്കപ്പെടുന്നത് 2009 ലാണ്. 2009 ഡിസംബറില്‍ ഷഹന്‍ ഷാ, സിറാജുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കേരള ഹൈക്കോടതി 'ലൗ ജിഹാദ്' ഒരു ഭീഷണിയാണ് എന്ന രീതിയില്‍ ഒരു പരാമർശം വിധി പ്രസ്താവത്തിൽ നടത്തിയിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെയും ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയും മതംമാറ്റി വിവാഹം ചെയ്തു എന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നുള്ള കോടതി നടപടിയിലാണ് ഈ വിധി വന്നത്. 2016ല്‍ ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ മതപരിവര്‍ത്തനവും വിവാഹവും ആഗോള ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കമായി വ്യാഖ്യാനിക്കപ്പെട്ടതും കേരളം മറന്നിട്ടില്ല.
2016ല്‍ ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ മതപരിവര്‍ത്തനവും വിവാഹവും ആഗോള ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കമായി വ്യാഖ്യാനിക്കപ്പെട്ടതും കേരളം മറന്നിട്ടില്ല
2023ല്‍ പുറത്തിറങ്ങിയ ദ കേരള സ്റ്റോറിക്ക് മുമ്പും പിന്നീടും ഒട്ടനവധി പ്രൊപ്പഗാന്‍ഡ സിനിമകളും സീരീസുകളുമാണ് ഹിന്ദുത്വവാദികളടെ മൂശയില്‍ നിന്നും പുറത്തുവന്നിട്ടുള്ളത്. പലതും മതവിദ്വേഷം പടര്‍ത്തുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആക്‌സിഡന്റ് ഓര്‍ കോണ്‍സ്പിറസി ഗോധ്ര, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ദി സബര്‍മതി റിപ്പോര്‍ട്ട്, റസാകര്‍, ആര്‍ട്ടിക്കിള്‍ 370, മേം അടല്‍ ഹൂം. ഇങ്ങനെ നീളുന്നു പട്ടിക. ഇതില്‍ പല ചിത്രങ്ങളും മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ദേശീയ അവാര്‍ഡ് നേടിയെടുത്തു എന്നതും വിസ്മരിച്ചു കൂടാ. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ള വഴിവെട്ടൽ കൂടിയായിരുന്നു ഈ സിനിമകൾ. 2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 59 പേര്‍ മരിച്ച സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് 'ആക്‌സിഡന്റ് ഓര്‍ കോണ്‍സ്പിരസി, ഗോധ്ര', 'ദി സബര്‍മതി റിപ്പോര്‍ട്ട്' എന്നീ സിനിമകള്‍. ഗോധ്ര ട്രെയിന്‍ തീപിടിത്തത്തിന് പിന്നിലെ 'യഥാര്‍ഥ കഥകള്‍' പുറത്തുകൊണ്ടുവരുന്നുവെന്നായിരുന്നു ചിത്രങ്ങള്‍ അവകാശപ്പെട്ടത്. 2014ന് ശേഷമുള്ള പൊതുതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ സിനിമ ആയുധമാക്കിയുള്ള പ്രചാരണ തന്ത്രം വളരെ വ്യക്തമാണ്. ഒപ്പം ഗോധ്ര സംഭവത്തെ വിമർശനത്തോടെ സമീപിച്ച പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്‍ നേരിട്ട ദുരനുഭവവും നമുക്ക് മുന്നിലുണ്ട്.
നാസി ജർമനിയിലും ഫാസിസ്റ്റ് ഇറ്റലിയിലും സിനിമകൾ രാഷ്ട്രീയ പ്രചാരണ ആയുധങ്ങളായിട്ടുണ്ട്. ഹിറ്റ്ലറുടെ പ്രചാരണ മന്ത്രിയായിരുന്ന കുപ്രസിദ്ധനായ ഗീബൽസ് ഒരിക്കൽ പറഞ്ഞു, നിങ്ങളുടെ അഭിപ്രായത്തെ ഇല്ലാതാക്കാൻ രണ്ട് മാർഗങ്ങൾ എൻ്റെ മുന്നിലുണ്ട്. ഒന്ന്, നിങ്ങളുടെ വാക്കുകൾ നിശബ്ദമാവും വരെ യന്ത്രത്തോക്കുകൾ പ്രവർത്തിപ്പിക്കാം. രണ്ട്, പ്രചണ്ഡമായ നിതാന്ത പ്രചരണത്തിലൂടെ എൻ്റെ അഭിപ്രായത്തെ നിങ്ങളുടേതാക്കി മാറ്റാം. ഞങ്ങൾ നാഷണൽ സോഷ്യലിസ്റ്റുകൾ തത്കാലം രണ്ടാമത്തേതിലാണ് വിശ്വസിക്കുന്നത്. ഇതുതന്നെയല്ലേ ഇത്തരം വ്യാജ വിഷ പ്രചാരണ സിനിമകൾ നമ്മുടെ സമൂഹത്തോടും സത്യത്തിൽ ചെയ്യുന്നത്.
സിനിമകള്‍ നമുക്ക് മുമ്പില്‍ തുറന്നുതരുന്നത് വിശാലമായ ലോകമാണ്. സമൂഹത്തെ ഒന്നിപ്പിച്ച് നിർത്താന്‍ അവ ഉപകരിക്കുമ്പോള്‍ അവ സുന്ദരമാകുന്നു. പക്ഷേ വര്‍ഗീയ വിഷം കലര്‍ത്തി സമൂഹത്തില്‍ വിഭാഗീയത പടര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സിനിമ എത്തുന്നതെങ്കില്‍ അവ എതിര്‍ക്കപ്പെടേണ്ടതും തുറന്നുകാട്ടേണ്ടുമണ്. കേരളാ സ്റ്റോറി ആദ്യ എഡിഷൻ്റെ അനുഭവം നമുക്കറിയാം. രണ്ടാം ഭാഗത്തിൻറെ ട്രെയിലർ നൽകുന്ന സൂചന ഇത് കേരളത്തിന് എതിരെ എന്ന് മാത്രമല്ല, രാജ്യത്തിൻ്റെ മതേതര മനസിൽ വിഷം കലർത്താനുള്ള ശ്രമം എന്നു കൂടിയാണ്. കേരളത്തിന്റെ പശ്ചാത്തലം പ്രമേയമാക്കി മതവിദ്വേഷത്തിന് അടുപ്പ് കൂട്ടുമ്പോള്‍ മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയുക തന്നെ വേണം.