

വിഴിഞ്ഞത്തുനിന്ന് കടലിൽ പോയി കാണാതായ ജോണും നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ 26കാരൻ ഗൗതം കൃഷ്ണയും മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഷിജിനുമെല്ലാം കടലാഴങ്ങളിൽ മറഞ്ഞിട്ട് 20 ദിവസമായിരിക്കുന്നു. തീരങ്ങൾ വ്യത്യസ്തമാണെങ്കിലും ഇവരുടെ ദുരന്തത്തിന് ഒരേ മുഖമാണ്. കടലിലിറങ്ങിയാലേ അന്നന്നത്തെ അന്നം കണ്ടെത്താനാകൂ എന്നതിനാൽ കലി തുള്ളുന്ന കടലിലേക്ക് പങ്കായവുമെടുത്ത് ഇറങ്ങിയതാണ്. വീണ്ടും ആ മുഖങ്ങൾ ഒരിക്കൽ കൂടി കാണാമെന്ന ഉറ്റവരുടെ പ്രതീക്ഷകൾ അസ്തമിക്കുകയാണ്. കടൽപ്പണിക്കാരായ അവരുടെ ദുരന്തം കേരളസമൂഹം സ്വാഭാവികമായ മറവിയിലേക്ക് തള്ളിയിരിക്കുന്നു. അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതിന്റെ ആഘോഷങ്ങളുടെ അലയടികൾ തീരത്ത് അടങ്ങിയിട്ടില്ല..ഒരു ഭാഗത്ത് ബ്ലൂ ഇക്കോണമി ലക്ഷ്യമിട്ടുള്ള ഭരണകൂട വികസന സ്വപ്നങ്ങൾ, മറുഭാഗത്ത്. വീണ്ടും ആവർത്തിക്കപ്പെടുന്ന കടൽദുരന്തങ്ങളും അവഗണിക്കപ്പെടുന്ന മത്സ്യത്തൊഴിലാളി സമൂഹവും.
ബ്ലൂ ഇക്കോണമിയിൽ മറയ്ക്കപ്പെടുന്ന കടൽ മക്കൾ
പുതിയപുലരി സ്വപ്നം കണ്ട് പങ്കായവും കൈയിലേന്തി കടലിലേക്ക് അന്നം തേടി പോയ മനുഷ്യരാണ് ഇപ്പോൾ കടലാഴങ്ങളിൽ ഒഴുകിനടക്കുന്നത്... ജീവൻ രക്ഷിക്കാൻ ഭരണസംവിധാനങ്ങളോട് യാചിച്ച് കടലിന്റെ അഗാധതയിൽ മിഴി അടഞ്ഞുപോയ മനുഷ്യരാണ് അവർ...കുടുംബം പോറ്റാനുള്ള മോഹവുമായി കടലിലേക്ക് പോകുന്നവരിൽ നൂറുകണക്കിന് മനുഷ്യരാണ് സ്വപ്നങ്ങളും ജീവിതവും നഷ്ടമായി ചേതനയറ്റ ശരീരങ്ങളായി തീരത്തടിയുന്നത്... കുടുംബത്തിലെ നെടുംതൂണുകളായ പുരുഷന്മാർ കടലപകടങ്ങളിൽ ഇല്ലാതാകുന്നതോടെ കുടുംബങ്ങൾ വേരറ്റുപോകുന്നു..
സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം പത്തു വർഷത്തിനിടെ കടലിൽ മരിച്ചത് 469 മത്സ്യത്തൊഴിലാളികളാണ്. കാണാതായത് 160 മത്സ്യത്തൊഴിലാളികളെയും. കടലിൽനിന്ന് 47,773 മത്സ്യത്തൊഴിലാളികളെ അധികൃതർക്ക് രക്ഷപ്പെടുത്താനായി. 2017-18 വർഷത്തിൽ മാത്രം 79 മരണങ്ങളാണ് നടന്നത്. 29 പേരെ കാണാതായി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ 85 മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് മുതലപ്പൊഴി എന്ന മരണപ്പൊഴിയിൽ മാത്രമുണ്ടായ അപകടങ്ങളിൽ നഷ്ടമായത്. എന്നാൽ, മരണങ്ങൾ പെരുകുമ്പോഴും കാര്യമായ ഇടപെടൽ സർക്കാർ തലങ്ങളിൽനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം. അപകട ശേഷം തീരദേശ ജനതയുടെ മുന്നിൽ നേരിട്ടുചെന്ന് അവരെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എത്തുന്നത് വൈകുന്നതും എന്നത്തെയും വിവാദമാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി മാത്രമല്ല, 2017 നവംബർ അവസാനം, ഓഖി ദുരന്തത്തിൽ നൂറുകണക്കിന് മനുഷ്യർ മരിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി എത്തിയതും പത്തുനാൾ കഴിഞ്ഞായിരുന്നു. അഥവാ വൈകിയെത്തിയാലും വാഗ്ദാനങ്ങൾക്ക് ഒട്ടും കുറവുണ്ടാവില്ല. എന്നാൽ അപകടമുണ്ടാകുമ്പോഴെത്തുന്ന വാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്ന പതിവ് , തീരം വിട്ടുകളഞ്ഞിട്ടുണ്ട്. അത്രക്ക് മടുത്തിരിക്കുന്നു അവർ.
സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയെന്ന് നിയമസഭാ സമിതി
മത്സ്യബന്ധന മേഖലയിൽ സർക്കാർ കോടിക്കണക്കിന് രൂപ മുടക്കി നടപ്പിലാക്കിയ സുരക്ഷാ സംവിധാനങ്ങൾ പലതും അപകടഘട്ടങ്ങളിൽ ഫലപ്രദമല്ലെന്ന് നിയമസഭയുടെ മത്സ്യത്തൊഴിലാളി ക്ഷേമ സമിതി 2026 ഫെബ്രുവരി 5 ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്. ആഴക്കടലിൽ അപകടത്തിൽപ്പെടുന്നവർക്ക് രക്ഷകരാകേണ്ട മറൈൻ ആംബുലൻസുകളും ആധുനിക സാങ്കേതിക വിദ്യകളും അപര്യാപ്തമാണെന്നും സമിതിയുടെ പതിനൊന്നാമത് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആ റിപ്പോർട്ടിൽ എടുത്തുപറയുന്ന ചില കാര്യങ്ങൾ ഇവയാണ്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന മറൈൻ ആംബുലൻസുകൾക്ക് ഉയരം കൂടുതലായതിനാൽ ചെറിയ കടൽക്ഷോഭത്തിൽ പോലും ഇവ പ്രായോഗികമല്ല. പകരം വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഫൈബർ ബോട്ടുകൾ അടിയന്തരമായി സജ്ജമാക്കണം.. മത്സ്യത്തൊഴിലാളികൾക്കായി വിതരണം ചെയ്ത ഗ്ലോബൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കാനാകുന്നില്ല. ഉയർന്ന റീചാർജ് തുക ഉൾപ്പെടെയുള്ള ആവർത്തന ചെലവുകൾ താങ്ങാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയുന്നില്ല. കാലാവസ്ഥാ മുന്നറിയിപ്പിനായി ഏർപ്പെടുത്തിയ 'സാഗര' ആപ്ലിക്കേഷനും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും വേണ്ടത്ര ഫലപ്രദമല്ല. വിതരണം ചെയ്ത ലൈഫ് ജാക്കറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. പ്രാദേശിക ഭാഷയിൽ ദിവസേനയുള്ള കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ കമ്മ്യൂണിറ്റി റേഡിയോ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന അനധികൃത ബോട്ട് നിർമ്മാണ യൂണിറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം യാനങ്ങൾക്ക് പെർമിറ്റ് നൽകരുത്. ഡ്രോണുകൾ, ട്രാൻസ്പോണ്ടറുകൾ, ബ്ലൂടൂത്ത് റിസ്റ്റ് ബാൻഡുകൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ രക്ഷാദൗത്യത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പി.പി. ചിത്തരഞ്ജൻ ചെയർപേഴ്സണായ സമിതി റിപ്പോർട്ടിലൂടെ ആവശ്യപ്പെടുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകളിലെ അപാകതകൾ
ഒരു മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച് എല്ലാ ദിവസവും പണിക്കു പോകാൻ കഴിയില്ല. മഴയുള്ളപ്പോഴാണ് മത്സ്യലഭ്യത കൂടുന്നത്. മത്സ്യലഭ്യതക്കനുസരിച്ചാണ് അവർ കടലിൽ പോകുന്നത്. കടലിൽ പോയാലും എല്ലാവർക്കും മത്സ്യം കിട്ടണമെന്നുറപ്പില്ല. കാറ്റാണ് ഈ സമയങ്ങളിൽ വില്ലനാകുന്നത്. കാലാവസ്ഥാ മുന്നറിയിപ്പിൽ കാറ്റിന്റെ വേഗതയും ദിശയും പ്രാദേശികമായി അറിയിക്കുന്ന തരത്തിലേക്ക് കാലാവസ്ഥാ വകുപ്പ് മാറണം. കേരളം മുഴുവൻ ബാധകമാകുന്ന പൊതുവായ മുന്നറിയിപ്പുകളാണ് നൽകുന്നത്. ഇത് പ്രാദേശികമായി മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്പെടാറില്ല...തൊഴിലാളികൾ കടലിൽ പോയ ശേഷം കടലിൽ ഇറങ്ങരുത് എന്ന മുന്നറിയിപ്പു വന്നാൽ അത് അവർ അറിയാൻ സംവിധാനമില്ല. ഇനി കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പു വിശ്വസിച്ചു കടലിൽ പോകാതിരുന്നാൽ ആ മുന്നറിയിപ്പുകൾ പലപ്പോഴും ശരിയാകാറുമില്ല. പ്രവചനങ്ങളെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാവകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെയുള്ള 2920 ദിവസങ്ങളിൽ 745 ദിവസങ്ങളിലാണ് കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയത്.. .2025 നവംബർ 10 വരെയുള്ള കണക്കാണിത്. കടലിൽ ഇറങ്ങാതെ ഇരുന്നതിനാൽ ആ തൊഴിൽനഷ്ടത്തിന് ശരിയായ നഷ്ടപരിഹാരം തരാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
മുന്നറിയിപ്പ് മാത്രം പോരാ
കാലാവസ്ഥാ മുന്നറിയിപ്പുകൾ മാത്രം നൽകി മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാവില്ല... കടലിൽ പോകാതിരിക്കാൻ പറയുന്ന ജാഗ്രതാമുന്നറിയിപ്പിനൊപ്പം, പോയവർ അപകടത്തിൽപ്പെട്ടാൽ തിരിച്ചെത്തിക്കാനുള്ള സംവിധാനവും വേണം. കടലിന്റെ മക്കളുടെ ജീവൻ രക്ഷിക്കാൻ നമ്മുടെ സംവിധാനങ്ങൾ യഥാർഥത്തിൽ സജ്ജമാണോ എന്ന ചോദ്യം ഓരോ കടൽ അപകടങ്ങളിലും ഉയരുന്നു. കടലിൽ അപകടം സംഭവിച്ചാൽ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. ഒരാളെ കാണാതായ വിവരം ലഭിച്ചയുടൻ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിക്കേണ്ടതുണ്ട്. അനുമതികൾക്കും നടപടിക്രമങ്ങൾക്കുമായി മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്നത് കടലിൽ ഒരു ജീവൻ നഷ്ടപ്പെടുന്നതിന് തുല്യമാണ്. "ഗോൾഡൺ അവറി'ൽ ഇവരെ കണ്ടെത്തുന്നതിനു സർക്കാർ വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാക്കൾ മാത്രമല്ല കാണാതായവരുടെ ബന്ധുക്കളും പരാതി പറയുന്നുണ്ട്. കേന്ദ്രസംസ്ഥാന ഏജൻസികൾക്കിടയിലെ ഏകോപനക്കുറവ് പരിഹരിച്ച് സിംഗിൾ കമാൻഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്ഥിരം സമുദ്രരക്ഷാ സംവിധാനം കേരളത്തിന് അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. കടൽ അപകടങ്ങളിൽ ഗോൾഡൻ അവറിൽ തന്നെ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഉടൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്..
വികസനത്തിന്റെ പുറംപോക്കിലല്ല അവർ
ബ്ലൂ ഇക്കോണമിയുടെ വികസന സ്വപ്നങ്ങൾക്ക് നിറമേകാൻ വിഴിഞ്ഞം തുറമുഖം ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂറ്റൻ മദർഷിപ്പുകൾക്ക് ഇനിമുതൽ വിഴിഞ്ഞം തീരത്ത് അടുക്കാനാകും..വിഴിഞ്ഞം കേരളത്തിന്റെ വികസനത്തിന്റെ കവാടമാണെന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കഴിഞ്ഞ ദിവസവും ആവർത്തിച്ചു...‘ബ്ലൂ എക്കണോമി' എന്ന വലിയ സ്വപ്നം മാത്രം കാണുന്ന തിരക്കിന് ഇടക്ക് ഭരണകൂടം മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുറമ്പോക്കിലുള്ളവരല്ല എന്ന കാര്യം മറക്കരുത്... സമുദ്രമത്സ്യ ഉത്പാദനത്തിലും കയറ്റുമതിയിലും ഭക്ഷ്യസുരക്ഷയിലും നിർണായക പങ്കുവഹിക്കുന്നവരാണ് അവർ... രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഈ തൊഴിൽ സമൂഹത്തിന്റെ സുരക്ഷയെ ഒരു ക്ഷേമപദ്ധതിയുടെ പരിധിയിൽ മാത്രം കാണാനാവില്ല. കേരളം കടുത്ത പ്രകൃതിദുരന്തങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയപ്പോഴെല്ലാം സ്വന്തം ജീവൻ പണയംവച്ച് പതിനായിരങ്ങളെ മരണക്കയത്തിൽനിന്ന് രക്ഷിച്ചവരാണ് ഈ കടലിന്റെ മക്കൾ. വലിയ പ്രളയങ്ങൾ ഉണ്ടായപ്പോൾ വള്ളങ്ങളുമായി പാഞ്ഞെത്തി, ജീവന്റെ കാവലായവർ. അന്ന് കേരളജനത അവരെ ആദരവോടെ ‘കേരളത്തിന്റെ സ്വന്തം സൈന്യം' എന്ന് വിശേഷിപ്പിച്ചു... ഇന്നാകട്ടെ, അതേ മത്സ്യത്തൊഴിലാളികൾ പ്രകൃതിദുരന്തങ്ങളുടെയും സർക്കാർ അവഗണനയുടെയും ഇരകളായി തീരങ്ങളിൽ കണ്ണീരൊഴുക്കുകയാണ്. അവരുടെ ജീവൻ സംരക്ഷിക്കുന്നത് സാമ്പത്തിക ബാധ്യതക്കുമപ്പുറം, ഭരണഘടനാപരവും മാനുഷികവുമായ ഉത്തരവാദിത്തം കൂടിയാണ്.