

മുർഷിദാബാദിലെ ബലിയാഘട്ടി ഗ്രാമത്തിൽ നിന്ന് സിവിൽ വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ 60 കാരനായ ദബ്ലു ഷെയ്‌ഖിനെയും അദ്ദേഹത്തിന്റെ മൂന്ന് മക്കളെയും വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോയത് രേഖകളില്ലാത്ത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ചാണ്. കഴിഞ്ഞ 40 ദിവസമായി ഇവരെക്കുറിച്ച് വിവരമില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഈ നാല് പേരെയും ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് കൈമാറിയതായും ബംഗ്ലാദേശിലേക്ക് അയച്ചതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ പേരുകൾ പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, അടുത്തിടെ നടന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ വോട്ട് രേഖപ്പെടുത്തിയിരുന്നെന്നും റിപ്പോർട്ടുണ്ട്.
എസ്ഐആർ വിവാദത്തിനിടെ ഇങ്ങനെയും ചിലത് നടക്കുന്നുണ്ടെന്ന് കേട്ടോ... 'ഡിറ്റക്ട്, ഡിലീറ്റ് ആൻഡ് ഡിപ്പോട്ട്'. അതായത്, കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക. എന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ഒരിക്കൽ വിവാദമായതാണ്. ഇത് കേവലം വോട്ടർപട്ടിക പുതുക്കലല്ലെന്ന് വ്യക്തമാക്കിയ വാക്കുകളായിരുന്നു ഇത്. ഭരണഘടനയുടെ അനുച്ഛേദം 324 അനുസരിച്ച് നിയമങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ ഇടപടാൻ കമ്മീഷന് അധികാരമുണ്ടെങ്കിലും വ്യക്തമായ ചട്ടങ്ങൾ നിലനിൽക്കുമ്പോൾ അത് മറികടക്കാൻ കമ്മീഷന് അവകാശമുണ്ടോ എന്നതായിരുന്നു ആദ്യം ഉയർന്ന ചോദ്യം. എന്നാൽ ബാലറ്റ് പെട്ടി പിടിച്ചെടുക്കുകയോ വോട്ടിങ് യന്ത്രത്തിൽ തിരിമറികൾ നടത്തുകയോ ചെയ്യാതെതന്നെ, ജനങ്ങൾക്ക് തങ്ങളെ ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം കവരാൻ വഴിതെളിക്കുന്നതാണോ എസ്ഐആർ എന്ന് സംശയം ഉയർത്തുന്നതാണ് സമകാലിക വിവാദങ്ങൾ. ഇപ്പോഴിതാ എസ്ഐആർ പ്രക്രിയയിലെ കൃത്യനിർവഹണത്തിൽ നിയമലംഘനം നടന്നെന്ന ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹര്ജി എത്തിയിരിക്കുന്നു. ജനത്തെ എസ്ഐആറിലൂടെ ഗില്ലറ്റിൻ ചെയ്തത് തെരഞ്ഞെടുപ്പ് കമീഷന്റെ സോഫ്റ്റ്വെയറിലൂടെയായിരുന്നെന്നും എസ്ഐആർ ഫോം സിക്സ് ഓൺലൈനിൽ വരുത്തിയ മാറ്റം ചട്ടവിരുദ്ധമായിരുന്നു എന്നുമുള്ള വെളിപ്പെടുത്തലും പുറത്തുവരികയാണ്.
ഗ്യാനേഷ്‍കുമാർ പടിയിറങ്ങുമോ?
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ മറ്റു കമ്മീഷണർമാർ പത്ത് മാസത്തിനിടയിൽ 14 തവണ രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉയർന്ന പ്രധാന ഭിന്നതകളിലൊന്ന് പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയെക്കുറിച്ചായിരുന്നു. 2002ലെ തീവ്ര പരിശോധനയിൽ മാതാപിതാക്കളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം ഫോമിൽ കൂട്ടിച്ചേർത്തത് വെറുമൊരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ആയിരുന്നു. അതിന് ചട്ടങ്ങളിൽ ഭേദഗതി വേണമെന്നിരിക്കേ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഈ നിലപാടിനോട് മറ്റ് കമ്മീഷണർമാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ഇ.സി.ഐ നെറ്റ്, ഇറോ നെറ്റ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ വഴി വോട്ടർപട്ടികയെ കേന്ദ്രീകൃതമാക്കുന്നതിനെയും അവർ എതിർത്തു. ഫീൽഡ് തല ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന പല അധികാരങ്ങളും സോഫ്റ്റ്‌വെയറിന്റെ ഡിസൈനിൽ ഇല്ലാതായത് പ്രശ്നങ്ങൾക്കിടയാക്കി. ഉദാഹരണത്തിന്, ഗോവയിൽ ആദ്യഘട്ടത്തിൽ ഒഴിവാക്കപ്പെട്ട അർഹരായവരെ പിന്നീട് തിരികെ ചേർക്കാൻ സോഫ്റ്റ്‌വെയറിൽ സംവിധാനമില്ലായിരുന്നു. നിയമപ്രകാരം ഭൂരിപക്ഷാഭിപ്രായത്തിലാണ് തീരുമാനങ്ങൾ എടുക്കേണ്ടത് എന്നിരിക്കെ, മറ്റ് കമ്മീഷണർമാരുടെ എതിർപ്പ് മറികടന്ന് തീരുമാനങ്ങൾ കൈക്കൊണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.
ഇ.ആർ.ഒമാർ നോക്കുകുത്തി
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഒഴിവാക്കാനുമുള്ള നിയമപരമായ അധികാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അഥവാ ഇ.ആർ.ഒമാർക്കാണ്. അവർ ഓരോ മണ്ഡലത്തിന്റെയും വോട്ടുകളുടെ നിയമപരമായ കാവൽക്കാരാണ്. എന്നാൽ നാല്പതോളം ആപ്പുകളും പോർട്ടലുകളും ഒരു കുടക്കീഴിലാക്കിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഇസിഐ നെറ്റ് ഈ അധികാരത്തെ ഡിജിറ്റൽ മതിലുകൾക്കുള്ളിൽ അടച്ചുപൂട്ടി. ഇ.ആർ.ഒമാരുടെ തീരുമാനങ്ങൾ സോഫ്റ്റ്‌വെയറിന്റെ അനുമതിയില്ലാതെ നടപ്പാക്കാനാവാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഗോവയിലെ സംഭവം ഈ കേന്ദ്രീകരണത്തിന്റെ ദുരന്തം വ്യക്തമാക്കുന്നുണ്ട്. സുപ്രീം കോടതി നിർദേശപ്രകാരം പരിശോധന നടത്തിയ ഇ.ആർ.ഒമാർ 97 വോട്ടർമാരെ അർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഗോവ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഫെബ്രുവരി 17-ന് ഈ തീരുമാനം കമ്മീഷന് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ എട്ട് തവണ ഇത് സംബന്ധിച്ച ഇ-മെയിലുകൾ അയച്ചെങ്കിലും ഫെബ്രുവരി 21-ന് അന്തിമ പട്ടിക വന്നപ്പോൾ ആ 97 പേരും അതിൽ ഇല്ലായിരുന്നു. റോൾബാക്ക് സൗകര്യം നൽകാതെ സോഫ്റ്റ്‌വെയർ അവരുടെ അവകാശം നിഷേധിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഡൽഹിയിലെ ഐ.ടി. സെല്ലിന്റെ അനുമതിയില്ലാതെ തങ്ങളുടെ തീരുമാനങ്ങൾ നടപ്പാക്കാനാകാത്തതിനാൽ ഇ.ആർ.ഒമാർ ഇപ്പോൾ നോക്കുകുത്തികളാണ്. നിലവിലെ എസ്ഐആറിന്റെ ഡിജിറ്റലൈസ് നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി. വിഭാഗം ഡയറക്ടർ ജനറലായ ഡോ. സീമ ഖന്നയുടെ പങ്കും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അവരുടെ നേതൃത്വത്തിലുള്ള ഐ.ടി. സെൽ നിയമപരമായ അതിരുകൾ ലംഘിച്ചുവോ എന്ന് അന്വേഷിക്കപ്പെടണമെന്നാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ ആവശ്യം.
ഫോം സിക്സ് എന്ന ഇരട്ട നീതി
പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം സിക്സിൽ വരുത്തിയ അശാസ്ത്രീയമായ മാറ്റങ്ങളാണ് ഈ കടുത്ത ഭിന്നതയ്ക്കും തർക്കങ്ങൾക്കും കാരണമായ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറിയത്. വോട്ടർമാർ തങ്ങളുടെ മാതാപിതാക്കളോ അല്ലെങ്കിൽ മാതാപിതാക്കളുടെ മാതാപിതാക്കളോ, ഏറ്റവും അവസാനം നടന്ന എസ്.ഐ.ആറിൽ ഉൾപ്പെട്ടവരാണെന്ന് തെളിയിക്കണമെന്ന പുതിയ നിബന്ധനയാണ് ഇതിലൂടെ കൊണ്ടുവന്നത്. ഇത്തരത്തിലുള്ള പുതിയ ഫോം സിക്സ് പരിഷ്കാരങ്ങൾ തികച്ചും നിയമവിരുദ്ധവും ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് എതിരുമാണെന്നാണ് വിയോജിച്ച കമ്മീഷണർമാർ വ്യക്തമാക്കിയത്. അതേസമയം ഫോം സിക്സിന്റെ ഓൺലൈൻ പതിപ്പിൽ സ്വമേധയാ വരുത്തിയ മാറ്റം തെരഞ്ഞെടുപ്പ് കമ്മീഷന് സ്വയം കെണിയൊരുക്കുന്നുണ്ട്. 2022-ൽ ഫോമിൽ ഇതുപോലെ മാറ്റം വരുത്തിയിരുന്നു. അന്ന് തീർത്തും നിയമാനുസൃതമായി, വേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു ആ മാറ്റം കൊണ്ടുവന്നത്. എന്നാൽ, ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെറുമൊരു ഉത്തരവിലൂടെയാണ് ഫോം സിക്സിൽ മാറ്റം വരുത്തിയത്. ഇത് നിയമപരമായി നിലനിൽക്കില്ല. 1960-ലെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ചട്ടങ്ങൾക്കു കീഴിലെ നിയമാനുസൃത ഫോമാണ് ഫോം സിക്സ്. ഈ ഫോമിൽ മാറ്റം വേണമെങ്കിൽ കേന്ദ്ര സർക്കാരിലെ നിയമ-നീതിന്യായ മന്ത്രാലയം ഭേദഗതി വരുത്തി ഔദ്യോഗിക വിജ്ഞാപനമിറക്കണം. കഴിഞ്ഞവർഷം ബിഹാറിൽ എസ്ഐആർ നടപ്പാക്കിയപ്പോൾ മുതലാണ് ഈ മാറ്റം നിലവിൽ വന്നത്. ഇതേത്തുടർന്ന് കമ്മീഷൻ 2025 ജൂണിൽ തുടക്കമിട്ട് ഇപ്പോഴും തുടരുന്ന എസ്ഐആറിന്റെ നിയമപരമായ നിലനിൽപ്പുതന്നെ ചോദ്യമുനയിലാണ്. മാറ്റം വരുത്തിയിട്ടില്ലെന്നും അനുബന്ധ ഡിക്ലറേഷൻ വ്യവസ്ഥ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് കമ്മീഷന്റെ വിശദീകരണം. ഇപ്പോൾ, ഇ.സി.ഐ നെറ്റ് ആപ്പ് വഴിയുള്ള ഓൺലൈൻ ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാതാപിതാക്കളുമായി ബന്ധപ്പെട്ട ചോദ്യം നേരിട്ട് പൂരിപ്പിച്ചു നൽകാവുന്ന ഓഫ് ലൈൻ ഫോമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓഫ് ലൈനായും ഓൺലൈനായും അപേക്ഷ സമർപ്പിക്കുന്നവർക്ക് അതിനാൽ വെവ്വേറെ നീതിയാണെന്ന വിമർശനം സിപിഐഎം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടിയിരുന്നു.
പൗരന്റെ അവകാശം സംരക്ഷിക്കപ്പെടണം
എസ്ഐആറിൽ വോട്ടർമാരെ ‘വി.ഐ.പി’ എന്നും അല്ലാത്തവരെന്നും തരംതിരിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ രൂക്ഷവിമർശനവും ഉയരുന്നുണ്ട്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, റോ മേധാവി, മുൻ സൈനിക മേധാവി തുടങ്ങിയ പ്രമുഖർക്ക് എസ്ഐആർ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വിഐപി ഫീച്ചർ ബി.എൽ.ഒ ആപ്പിൽ എത്തിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. പൗരന്മാർ തുല്യരായിട്ടും വോട്ടർ നടപടിക്രമങ്ങളിൽ അവരെ രണ്ട് തട്ടിലാക്കുന്നത് ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനമാണ്. എസ്ഐആർ പ്രക്രിയക്കെതിരെ നിലപാടെടുത്ത പ്രതിപക്ഷ പാർട്ടികളെല്ലാം, ഒരേ സ്വരത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രംഗത്തെത്തിക്കഴിഞ്ഞു. നേരത്തെ രണ്ട് വട്ടം ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ പ്രതിപക്ഷം വീണ്ടും ഒരിക്കല്‍ കൂടി ഇംപീച്ച് നോട്ടീസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
ജനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്ന ഭരണകൂട നീതികേടുകൾക്കെതിരെയുള്ള ജാഗ്രതയാണ് രാജ്യത്തിന്റെ യഥാർത്ഥ കരുത്ത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും വോട്ടവകാശവും ചോദ്യം ചെയ്യപ്പെടുമ്പോൾ മൗനം പാലിക്കുന്നത് വരാനിരിക്കുന്ന വലിയ വിപത്തുകൾക്ക് വഴിയൊരുക്കും. അതിനാൽ, ജനാധിപത്യ മൂല്യങ്ങളെ തകർക്കാനുള്ള ഏതു ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കാനും, ഓരോ പൗരന്റെയും സ്വയംനിർണയാവകാശം നിലനിർത്താനും നമുക്ക് സാധിക്കേണ്ടതുണ്ട്.