മണ്ഡല പുനർനിർണയ ബിൽ-വീഴുമോ വാഴുമോ?

ഡൽഹിയിലെ മണ്ഡല പുനർനിർണയ ചർച്ചകളിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ടത് കേരളമാണ്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയതാണ് ഇന്ന് കേരളത്തിന് തിരിച്ചടിയാകുന്നത്.
മണ്ഡല പുനർനിർണയ ബിൽ-വീഴുമോ വാഴുമോ?
Published on: 
Updated on: 

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു വഴിത്തിരിവിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത്, ഏപ്രിലിൽ പരാജയപ്പെട്ട മണ്ഡലപുനർനിർണയ ബിൽ ഈ മാസം 30 ന് വീണ്ടും അവതരിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുമ്പോൾ, ഡൽഹിയിലെ അധികാര ഇടനാഴികളിൽ അരങ്ങേറുന്നത് സമാനതകളില്ലാത്ത രാഷ്ട്രീയ നീക്കങ്ങളാണ്. ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റിവരയ്ക്കുന്ന ഒരു സാങ്കേതിക പ്രക്രിയ എന്നതിലുപരി, ഇന്ത്യയെന്ന ഫെഡറൽ രാജ്യത്തിന്റെ അധികാര സന്തുലിതാവസ്ഥയെത്തന്നെ മാറ്റിമറിക്കാൻ പോകുന്ന, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒരു ഭരണഘടനാ ഭേദഗതിയാണ്.

ഏപ്രിൽ 17ന് പാർലമെന്റിൽ വീണുപോയ ആ ബില്ലിന്, മാസങ്ങൾക്കിപ്പുറം പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പിൻബലത്തിൽ ജീവൻ നൽകാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. മോദി സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ കണക്കുകൂട്ടലുകൾ എന്തൊക്കെയാണ്? കൂറുമാറ്റങ്ങളുടെയും പുതിയ കൂട്ടുകെട്ടുകളുടെയും ബലത്തിൽ സർക്കാരിന് ഈ കടമ്പ കടക്കാനാകുമോ? എല്ലാറ്റിനുമുപരി, ജനസംഖ്യ നിയന്ത്രിച്ചതിന്റെ പേരിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സ്വന്തം മണ്ണിൽ തിരിച്ചടി നേരിടുമോ?

മണ്ഡല പുനർനിർണയ ബിൽ-വീഴുമോ വാഴുമോ?
കേന്ദ്ര ഊർജ ചട്ടം: കേരളത്തിൻ്റെ വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമോ?

ഏപ്രിലിൽ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്ര സർക്കാരിന് നേരിടേണ്ടിവന്നത് വലിയൊരു തിരിച്ചടിയായിരുന്നു. അന്ന് ബില്ലിനെ അനുകൂലിച്ചത് 298 പേർ മാത്രം; എന്നാൽ, എതിർത്തത് 230 പേർ. മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 352 വോട്ടുകൾ തികയ്ക്കാനാകാതെ ബിൽ പരാജയപ്പെട്ടു. എന്നാൽ, ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട ബിജെപി നേതൃത്വം പിന്നീടുള്ള മാസങ്ങളിൽ നടത്തിയത് അസാധാരണമായ രാഷ്ട്രീയ നീക്കങ്ങളാണ്. പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കിയും ചെറുകക്ഷികളെ ഒപ്പം നിർത്തിയും സഭയിലെ അംഗബലം വർധിപ്പിക്കാനായിരുന്നു ശ്രമം. കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഇതിനെ '105 ദിവസം നീണ്ട ഓപ്പറേഷൻ താമര' എന്നാണ് വിശേഷിപ്പിച്ചത്.

ഇന്നത്തെ ലോക്സഭയിലെ ചിത്രം നോക്കൂ. സ്പീക്കറെ മാറ്റിനിർത്തിയാൽ സഭയിലുള്ളത് 539 അംഗങ്ങൾ. മുഴുവൻ അംഗങ്ങളും വോട്ട് ചെയ്താൽ, ഭരണഘടനാ ഭേദഗതി പാസാകാൻ വേണ്ടത് 360 വോട്ടുകളാണ്. തൃണമൂൽ കോൺഗ്രസിൽ നിന്ന് വേർപെട്ട 20 പേരും, ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയിൽ നിന്ന് ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറിയ ആറ് പേരും ഉൾപ്പെടെ, ശിരോമണി അകാലിദളിന്റെ പിന്തുണയും കണക്കിലെടുത്താൽ എൻഡിഎയ്ക്ക് ലഭിക്കാവുന്ന വോട്ടുകൾ 319 മുതൽ 321 വരെയാണെന്ന വ്യത്യസ്ത മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് കണക്കിലെടുത്താൽ, 360 എന്ന മാന്ത്രിക സംഖ്യയിലെത്താൻ എൻഡിഎയ്ക്ക് ഇനിയും 40 വോട്ടുകളെങ്കിലും സമാഹരിക്കേണ്ടതുണ്ട്.

രാജ്യസഭയിലും നിർണായകമായ രാഷ്ട്രീയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഏപ്രിലിൽ ആം ആദ്മി പാർട്ടിയുടെ ഏഴ് അംഗങ്ങൾ ബിജെപിയിൽ ചേർന്നതോടെ ഉപരിസഭയിൽ ഭരണപക്ഷത്തിന്റെ അംഗബലം വർധിച്ചു. 245 അംഗ രാജ്യസഭയിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ എല്ലാവരും വോട്ട് ചെയ്താലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 163 വോട്ടുകൾ വേണം. രാജ്യസഭയിൽ എൻഡിഎയുടെ നിലവിലെ അംഗബലത്തെക്കുറിച്ച് അവ്യക്തത ബാക്കിയാണ്. നോമിനേറ്റഡ് അംഗങ്ങളെയും സ്വതന്ത്ര അംഗങ്ങളെയും സർക്കാരിനെ പിന്തുണയ്ക്കുന്നവരെയും എങ്ങനെ കണക്കിൽ ഉൾപ്പെടുത്തുന്നു എന്നതനുസരിച്ച് 142 മുതൽ 154 വരെയുള്ള വ്യത്യസ്ത കണക്കുകൾ വിവിധ മാധ്യമങ്ങൾ നൽകുന്നുണ്ട്. ആവശ്യമായതിനേക്കാൾ 15ഓ 16ഓ വോട്ടുകൾ അധികം നേടി ലോക്‌സഭ കടക്കാനാകുമെന്ന ആത്മവിശ്വാസം ഭരണപക്ഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ആ കണക്കുകൂട്ടലിന് വെല്ലുവിളിയാകുന്ന പല നിർണായക ഘടകങ്ങളുമുണ്ട്.

മണ്ഡല പുനർനിർണയ ബിൽ-വീഴുമോ വാഴുമോ?
നിർണായക തീരുമാനം; മണ്ഡല പുനർനിർണയ ബില്ലിനും വനിത സംവരണ ബില്ലിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഡിഎംകെയുടെ തന്ത്രപരമായ നിലപാടും ഉപാധികളും

ഇവിടെയാണ് ഇന്ത്യാസഖ്യവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട ഡിഎംകെയുടെ നിലപാട് ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകുന്നത്. ഇവരുടെ 22 ലോക്സഭാംഗങ്ങളുടെ പിന്തുണ എൻഡിഎ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഉപാധികളോടെയുള്ള പിന്തുണയ്ക്ക് മാത്രമേ തയ്യാറാകൂ എന്ന നിലപാടിലാണ് ഡിഎംകെ. പാർട്ടി അധ്യക്ഷനായ എം.കെ. സ്റ്റാലിൻ കേന്ദ്രത്തിന് മുന്നിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിൽ ലോക്സഭയിലുള്ള 39 സീറ്റുകളുടെ അതായത് 7.2% ആപേക്ഷിക പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കുക, എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ 50 ശതമാനം വീതം സീറ്റുകൾ വർധിപ്പിക്കുക, മണ്ഡല പുനർനിർണയം 25 വർഷത്തേക്ക് മരവിപ്പിക്കുക എന്നിവയാണവ.

ആഭ്യന്തരമന്ത്രിയുടെ വാക്കാലുള്ള ഉറപ്പുകൾക്ക് പകരം, ഈ വ്യവസ്ഥകൾ നിയമത്തിൽത്തന്നെ ഉൾപ്പെടുത്തിയാൽ മാത്രമേ ബില്ലിനെ പിന്തുണയ്ക്കൂ എന്ന കർശന നിലപാടിലാണ് ഡിഎംകെ. ഇനി ഡിഎംകെയുടെ 22 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചാൽ പോലും എൻഡിഎയുടെ അംഗബലം 341ലേ എത്തുകയുള്ളൂ. 360 എന്ന മാന്ത്രിക സംഖ്യയിലെത്താൻ ഇനിയും 19 പേരുടെ പിന്തുണ കൂടി അനിവാര്യമാണ്. ഇവിടെയാണ് ഇന്ത്യാ സഖ്യത്തിന് പുറത്തുനിൽക്കുന്ന ആം ആദ്മി പാർട്ടി, എഐഎംഐഎം, വൈഎസ്ആർ കോൺഗ്രസ്, ആസാദ് സമാജ് പാർട്ടി, സോറം പീപ്പിൾസ് മൂവ്മെന്റ് തുടങ്ങിയ കക്ഷികളുടെ നിലപാട് നിർണായകമാകുന്നത്. ഇവരുടെ പിന്തുണയോ വോട്ടെടുപ്പിൽ നിന്നുള്ള വിട്ടുനിൽക്കലോ സഭയിലെ ഭൂരിപക്ഷ കണക്കുകളെ മാറ്റിമറിച്ചേക്കാം.

മറുവശത്ത്, 180 അംഗങ്ങളുള്ള ഇന്ത്യാസഖ്യം ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് സാധ്യത. എങ്കിലും, സഖ്യത്തിലെ ഘടകകക്ഷികളായ എൻസിപി- ശരദ് പവാർ വിഭാഗം, ഉദ്ധവ് താക്കറെയുടെ ശിവസേന, ജെഎംഎം എന്നിവരുടെ നിലപാടുകളും ഭരണപക്ഷം ഉറ്റുനോക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ 50 ശതമാനം വീതം സീറ്റുകൾ വർധിപ്പിക്കണമെന്ന വ്യവസ്ഥ അംഗീകരിച്ചാൽ, ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന എൻസിപി നേതാവ് സുപ്രിയ സുലെയുടെ നിലപാട് ഇതിൽ ഏറെ ശ്രദ്ധേയമാണ്.

മണ്ഡല പുനർനിർണയ ബിൽ-വീഴുമോ വാഴുമോ?
പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 3 വരെ; മണ്ഡല പുനർനിർണയ ബിൽ അജണ്ടയെന്ന് സൂചന

വിട്ടുനിന്നാൽ സർക്കാരിന് എളുപ്പം

വോട്ടെടുപ്പിൽ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും എണ്ണം പോലെതന്നെ നിർണായകമാണ് വിട്ടുനിൽക്കുന്നവരുടെ എണ്ണവും. ഒരു ഭരണഘടനാ ഭേദഗതി ബിൽ പാസാകാൻ സഭയുടെ ആകെ അംഗബലത്തിന്റെ പകുതിയിലധികം വോട്ടുകൾക്കൊപ്പം, ഹാജരായി വോട്ട് ചെയ്യുന്നവരിൽ മൂന്നിൽ രണ്ട് പേരുടെ പിന്തുണയും ആവശ്യമാണ്. ലോക്സഭയിലെ 540 അംഗങ്ങളും വോട്ട് ചെയ്താൽ 360 അനുകൂല വോട്ടുകൾ വേണം. എന്നാൽ, പ്രതിപക്ഷത്തെ 60 അംഗങ്ങൾ വിട്ടുനിന്നാൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം 479 ആയി കുറയുകയും കേവല ഭൂരിപക്ഷത്തിന് വേണ്ടത് 320 വോട്ടുകൾ മാത്രമായി ചുരുങ്ങുകയും ചെയ്യും. ആകെ അംഗസംഖ്യയുടെ പകുതിയിലധികം എന്ന നിബന്ധനയും പാലിക്കപ്പെടുന്നതിനാൽ, 341 വോട്ടുകളുള്ള ഭരണപക്ഷത്തിന് ബിൽ എളുപ്പത്തിൽ പാസാക്കാനാകും. ചുരുക്കത്തിൽ, വിട്ടുനിൽക്കലുകൾ ഉണ്ടായാൽ അത് ഭരണപക്ഷത്തിന് തുണയാകും.

കേരളത്തിന്റെ നെഞ്ചിടിപ്പ്

ഡൽഹിയിലെ മണ്ഡല പുനർനിർണയ ചർച്ചകളിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ടത് കേരളമാണ്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയതാണ് ഇന്ന് കേരളത്തിന് തിരിച്ചടിയാകുന്നത്. പുതിയ ജനസംഖ്യാ കണക്കുകൾ പ്രകാരം മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ കേരളത്തിന്റെ ലോക്സഭാ സീറ്റുകൾ 20ൽ നിന്ന് 12 ആയി ചുരുങ്ങും- ഒറ്റയടിക്ക് നഷ്ടമാകുന്നത് എട്ട് സീറ്റുകളാണ്.

മറുവശത്ത്, ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ കുതിച്ചുയരുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ പ്രാതിനിധ്യം 24 ശതമാനത്തിൽ നിന്ന് 19 ശതമാനമായി താഴും. എംപിമാരുടെ എണ്ണം കൂടി കുറയുന്നതോടെ പ്രവാസി പ്രശ്നങ്ങൾ മുതൽ വികസന പദ്ധതികൾ വരെ ഡൽഹിയിൽ നേടിയെടുക്കാനുള്ള കേരളത്തിന്റെ വിലപേശൽ ശേഷി പൂർണ്ണമായും ഇല്ലാതാകും.

'ഫെയർ ഡീലിമിറ്റേഷൻ' പോംവഴിയോ?

ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും വർധിപ്പിച്ചവർക്ക് കൂടുതൽ രാഷ്ട്രീയ അധികാരം നൽകുകയും ചെയ്യുന്നത് ഇന്ത്യയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. ഭാവിയിൽ ദേശീയ വികസന ലക്ഷ്യങ്ങളിൽ നിന്ന് സംസ്ഥാനങ്ങളെ പിന്നോട്ട് വലിക്കാനും ഇത് കാരണമാകും. അതുകൊണ്ടാണ്, 'നീതിയുക്തമായ മണ്ഡല പുനർനിർണയം' എന്ന ആവശ്യവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രംഗത്തുവന്നിരിക്കുന്നത്. ജനസംഖ്യ മാത്രം മാനദണ്ഡമാക്കാതെ വികസന സൂചികകളും ജനസംഖ്യാ നിയന്ത്രണത്തിലെ നേട്ടങ്ങളും പരിഗണിക്കുക, നിലവിലുള്ള അനുപാതം നിലനിർത്തി എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി സീറ്റുകൾ വർധിപ്പിക്കുക, അല്ലെങ്കിൽ മണ്ഡല പുനർനിർണയം അടുത്ത 25 വർഷത്തേക്ക് കൂടി മരവിപ്പിക്കുക- ഇവയാണ് കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന പ്രധാന പരിഹാരങ്ങൾ.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുമ്പോൾ, രാജ്യം ഉറ്റുനോക്കുന്നത് രണ്ട് കാര്യങ്ങളിലേക്കാണ്. ഒന്ന്, സംഖ്യാബലത്തിന്റെ കണ്ണുകെട്ടിക്കളിയിൽ മോദി സർക്കാർ വിജയിക്കുമോ എന്നത്. രണ്ട്, അതിനേക്കാൾ പ്രധാനമായി, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാകുമോ എന്നത്. കേരളത്തിലെ ഭരണ- പ്രതിപക്ഷ കക്ഷികൾക്ക് മുന്നണി രാഷ്ട്രീയത്തിനപ്പുറം ഒറ്റക്കെട്ടായി നിൽക്കേണ്ട ചരിത്രപരമായ നിമിഷം കൂടിയാണിത്.