
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇതാദ്യമല്ല. മുസ്ലിം വിരോധംകൊണ്ടു കേരളത്തിലും എങ്ങനെ രാഷ്ട്രീയം കളിക്കാം എന്നതില്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള പടക്കുതിപ്പിലാണ് ജനറല്‍ സെക്രട്ടറി. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും, ഈഴവ സമുദായ അംഗങ്ങള്‍ ഭയന്നു കഴിയുകയാണെന്നും പ്രസംഗിച്ചത് മൂന്നു മാസം മുന്‍പാണ്. അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ യോഗം ജനറല്‍ സെക്രട്ടറി തിരുത്തെന്നു തോന്നുന്ന രീതിയില്‍ ചിലതു പറഞ്ഞൊഴിഞ്ഞു. അതിലും ഗുരുതരമാണ് ഇപ്പോഴത്തെ പുതിയ പ്രസംഗം. മുസ്ലിംകള്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും കേരളത്തില്‍ മുസ്ലിംകള്‍ ഭൂരിപക്ഷമാകുമെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. എത്ര അവഹേളനത്തോടെയാണ് ആ സംസാരം എന്നു നോക്കൂ. മലബാറിനു പുറത്ത് തിരുകൊച്ചിയിലും മുസ്ലിം ലീഗ് സീറ്റ് ചോദിക്കും. മുഖ്യമന്ത്രിസ്ഥാനമാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാം. ഇത്രയുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിന്റെ പൊരുള്‍.
വെള്ളാപ്പള്ളി നടേശന്റെ ഇസ്ലാമിനെ പേടി
മകന്‍ ബിഡിജെഎസ് എന്ന പാര്‍ട്ടിയുണ്ടാക്കിയിട്ടും ഈഴവരുടെ വോട്ടുകള്‍ ഒന്നായി ബിജെപിയുടെ പെട്ടിയില്‍ വീഴുന്നില്ല. ഈ കണ്ടെത്തലില്‍ നിന്നാരംഭിക്കുന്നതാണ് കോട്ടയത്തെ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം. ഈഴവര്‍ ഒന്നിച്ചു നില്‍ക്കണം എന്നു പറഞ്ഞതിന് അര്‍ത്ഥം ഇത്രയേയുള്ളൂ. എല്ലാ ഈഴവരും എന്റെ മകന്റെ പാര്‍ട്ടിയില്‍ ചേരണം. ഡാറ്റയും ഡീറ്റെയ്ല്‍സും വച്ച് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ലാത്ത വിഷയമാണ്. എന്തുകൊണ്ടെന്നാല്‍ പറയുന്നത് തെറ്റാണെന്ന് മറ്റാരേക്കാളും നന്നായി വെള്ളാപ്പള്ളി നടേശന് അറിയാം. മുസ്ലിംകള്‍ കേരളത്തില്‍ ഭൂരിപക്ഷമാകുന്ന രീതിയില്‍ വളരുന്നു എന്നു തെളിയിക്കാന്‍ പറഞ്ഞാല്‍ ഉത്തരം പുതിയ സിനിമകള്‍ക്കു പേരിടുന്നതുപോലെയാകും. ബഭഭ.... ആദ്യം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് പൂര്‍ണമായും നോക്കാം. 'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും. കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തില്‍ മുസ്ലിം ലീഗ് ആയിരിക്കും ഇനി കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുക. കേരള സര്‍ക്കാര്‍ കാന്തപുരം പറയുന്നതുകേട്ടു മാത്രം ഭരിച്ചാല്‍ മതി എന്ന നിലയിലാണ്. മലബാറിന് പുറത്ത് തിരു-കൊച്ചിയിലും മുസ്ലിം ലീഗ് സീറ്റ് ചോദിക്കും. മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്.' ഇത് കേട്ടാല്‍ ഒരുകാര്യം മനസ്സിലാകും. ഒരു സാമൂഹിക പ്രശ്‌നം എന്ന നിലയിലല്ല വെള്ളാപ്പള്ളി നടേശന്‍ വിഷയം അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നം എന്ന നിലയിലാണ്. ബിഡിജെഎസിന് രാഷ്ട്രീയ അധികാരം കിട്ടാത്തതാണ് ആ ചൊരുക്കിനു കാരണം.
ആരാണ് കേരളത്തിന്റെ മുഖ്യമന്ത്രി?
രാഷ്ട്രീയ പ്രശ്‌നമോ, സാമൂദായിക പ്രശ്‌നമോ ആകട്ടെ. എങ്ങനെ വേണമെങ്കിലും വിഷയത്തെ സമീപിക്കാം. വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് ലീഗ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നു എന്നാണ്. കേരളത്തിന്റെ ചരിത്രമെടുക്കുക. മുസ്ലിം ലീഗ് എന്നു വേണ്ട, ഏതെങ്കിലും പാര്‍ട്ടിയിലെ മുസ്ലിംകളില്‍ എത്രപേര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്? എത്രകാലം മുഖ്യമന്ത്രിയായിട്ടുണ്ട്? ഒരേയൊരു സി.എച്ച്. മുഹമ്മദ് കോയയാണ് മുഖ്യമന്ത്രിയായ ഒരേയൊരു മുസ്ലിം. അതും വെറും 53 ദിവസം. ആര്‍. ശങ്കര്‍ കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു. എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 714 ദിവസമാണ് മുഖ്യമന്ത്രിയായിട്ടിരുന്നത്. വി എസ് അച്യുതാനന്ദന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായി 1820 ദിവസമിരുന്നു. കഴിഞ്ഞ 3350 ദിവസമായി പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മൂന്നുപേരും ചേര്‍ന്ന് ഏതാണ്ട് ആറായിരം ദിവസം കേരളത്തെ ഭരിച്ചു. അവിടെയാണ് 53 ദിവസം മാത്രം ഭരിച്ച മുസ്ലിം ലീഗിന് മുഖ്യമന്ത്രിയുണ്ടാകും എന്നു ഭയക്കുന്നത്. അഞ്ചാം മന്ത്രിസ്ഥാനം മാത്രമല്ല, ഉപമുഖ്യമന്ത്രിയോ മുഖ്യമന്ത്രിയോ ആകാന്‍ മുസ്ലിം ലീഗിന് അര്‍ഹതയുണ്ട്. അതേ അര്‍ഹത ബിഡിജെഎസിനുമുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പ് ജയിക്കണം എന്നുമാത്രം. ഈഴവര്‍ ഒന്നിക്കാത്തതുകൊണ്ടാണോ ബിഡിജെഎസിന് വോട്ട് കിട്ടാത്തത്. അല്ല, പച്ചയ്ക്കു വര്‍ഗീയത പറയുന്നതുകൊണ്ടാണ്. സ്വന്തം വര്‍ഗത്തെക്കുറിച്ച് പുകഴ്ത്തി പറയുകയാണെങ്കില്‍ പോട്ടെ എന്നു വയ്ക്കാം. സഹോദരമതങ്ങളെയും ജാതികളേയും എത്ര മോശമായാണ് വെള്ളാപ്പള്ളി നടേശന്‍ ചിത്രീകരിക്കുന്നത്. മുസ്ലിം ലീഗിനെ മാത്രമല്ല എന്‍എസ്എസിനെതിരേ എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്?
വെള്ളാപ്പള്ളിയുടെ പ്രതിലോമ രാഷ്ട്രീയം?
'അവനവന്റെ മതത്തെ സംബന്ധിച്ചു ചാതുര്യത്തോടെ സംസാരിക്കുന്നവര്‍ക്ക് മനുഷ്യജാതിയുടെ മതത്തെ കാണാന്‍ കഴിയാത്തത് ആശ്ചര്യമായിരിക്കുന്നു.' ശ്രീനാരായണ ഗുരു ഇങ്ങനെ പറഞ്ഞത് 1922ലാണ്. ഗുരു പറഞ്ഞ ബാക്കി കൂടി കേള്‍ക്കുക. 'എല്ലാ മതങ്ങളുടെയും ഉള്ളടക്കത്തില്‍ സാമാന്യമായ പൊതു ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ എല്ലാവരും ഒരു മതക്കാര്‍ തന്നെയാണ്. സാഹോദര്യത്തിനു മുഹമ്മദു മതവും സ്‌നേഹത്തിനു ക്രിസ്തുമതവും മുഖ്യത കല്‍പിക്കുന്നു. ഇതുരണ്ടും ഉള്‍ക്കൊള്ളാതെ ഹിന്ദുമതത്തിന് നിലനില്‍പ്പില്ല.' ഗുരു ഇതു പറഞ്ഞ വര്‍ഷം ശ്രദ്ധിക്കണം. 1922 എന്നാല്‍ മലബാര്‍ കലാപം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. അപ്പോഴാണ് മുഹമ്മദ് മതം സാഹോദര്യത്തിന്റെ മതമാണെന്ന് ഗുരു പറഞ്ഞത്. അതുപോലെ ക്രിസ്തുമതം സ്‌നേഹത്തിന്റേതാണെന്നും. ചരിത്രത്തെച്ചൊല്ലി നാം ഇന്നു കലഹിക്കുമ്പോള്‍ അന്ന് അങ്ങനെയൊന്നും ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഗുരു പറഞ്ഞത് അല്‍പംകൂടി കേള്‍ക്കാം. തലയ്ക്കു നല്ല തെളിച്ചമുണ്ടാകാന്‍ അതിലും നല്ല മരുന്നു വേറേയില്ല. 'ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മല്‍സരത്തില്‍ നിന്നു മോചനം ഉണ്ടാകണം. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളേയും എല്ലാവരും പഠിച്ചറിയണം. ലഭിച്ച അറിവിനെ പരസ്പരം സ്‌നേഹത്തോടെ വിനിമയം ചെയ്യണം. മല്‍സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാകും.'
ശ്രീനാരായണ ഗുരു പറഞ്ഞത്
ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ് എന്നു ഗുരു ഇങ്ങനെ ചോദിച്ചത് 103 വര്‍ഷം മുന്‍പാണ്. പക്ഷേ 2025ലും അതേ ചോദ്യം തന്നെയാകും ഗുരു ഉണ്ടായിരുന്നെങ്കില്‍ ചോദിക്കുക. മതങ്ങള്‍ തമ്മിലുള്ള മല്‍സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്നാണ് ഗുരു പറഞ്ഞത്. മദം പൊട്ടിയൊഴുകുകയാണ്. അതു വെള്ളാപ്പള്ളി നടേശനു മാത്രമല്ല, മകന്റെ പാര്‍ട്ടിയുടെ ഒപ്പമുള്ളവര്‍ക്കുമുണ്ട്. ഇപ്പോള്‍ വിവാദത്തിന്മേല്‍ വിവാദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ കാര്യം നോക്കുക. ആ ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് ഒപ്പം നിന്ന് പറയുന്നതുകൊണ്ടാണ് വെള്ളാപ്പള്ളി പറയുന്നതും ശരിയായിരിക്കുമെന്ന് ജനം കരുതുന്നത്. മുസ്ലിം ലീഗിനെയാണ് യോഗം ജനറല്‍ സെക്രട്ടറി പേരെടുത്തു പറയുന്നത് എന്നേയുള്ളു.മുസ്ലിം സമുദായത്തിലെ ന്യൂനാല്‍ ന്യൂനപക്ഷമായ ജമാ അത്തെ ഇസ്ലാമി പറയുന്നതുകൂടി മുഴുവന്‍ മുസ്ലിം സമുദായത്തിന്റേയും വികാരമായി ഗണിക്കപ്പെടുകയാണ്. വെള്ളാപ്പള്ളി പറയുന്നത് ശരിയായിരിക്കുമെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്നത് ഈ വൈരുദ്ധ്യം ഉള്ളതുകൊണ്ടാണ്. കേരളത്തില്‍ കുറച്ചുകാലമായി കലശലായി മദംപൊട്ടിയൊഴുകുന്നുണ്ട്. നേരത്തേയും അതുണ്ടായിരുന്നു. എന്നാല്‍ മതേതര കക്ഷികള്‍ക്ക് മദപ്പാടിലുള്ളവരെ കൂച്ചുചങ്ങലയിട്ടു നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ആ ചങ്ങലയ്ക്കാണ് തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ഭയപ്പെടണം.