

13 കോടി മനുഷ്യരുടെ ജനാധിപത്യ അവകാശങ്ങൾ ചവിട്ടി അരച്ചുകളഞ്ഞ എസ്ഐആർ പ്രക്രിയ വെറുമൊരു 'പിഴവല്ല'; മറിച്ച് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്ന് കമ്മീഷന്‍ പരോക്ഷമായി സമ്മതിച്ചുകഴിഞ്ഞു. എസ്ഐആറിലൂടെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുഴുവൻ അർഹരായ പൗരന്മാരെയും ഒരു മാസത്തിനകം തിരികെ ഉൾപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വീഴ്ച വരുത്തുക, കുറ്റസമ്മതം നടത്തുക, ഒടുവിൽ തലയൂരാൻ 'സ്പെഷ്യൽ ഡ്രൈവ്' എന്ന നാടകം കളിക്കുക - കഴിഞ്ഞ ഒരാഴ്ചയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ നടപടികൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ കൈക്കൊള്ളുന്ന “തിരുത്തൽ” നടപടികൾ ഒരു യു-ടേൺ തന്നെയാണ്. അത് നിഷേധിക്കാനാവില്ല. മാസങ്ങളോളം “എല്ലാം ശരിയാണ്, ഏകകണ്ഠമാണ്, സുപ്രീംകോടതി അംഗീകരിച്ചതാണ്” എന്ന് ആവർത്തിച്ചു പറഞ്ഞ ഒരു സ്ഥാപനം, വിമർശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും ആഭ്യന്തര വിയോജിപ്പുകളുടെയും സമ്മർദത്തിൽ ഒറ്റയടിക്ക് നിലപാട് മാറ്റുന്നു.
യു ടേണിലോ തെരഞ്ഞെടുപ്പ് കമ്മീഷൻ?
കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ചുകൊണ്ട് തയ്യാറാക്കിയ വോട്ടർ പട്ടികയും, അതിന്റെ മറപറ്റി രൂപപ്പെട്ട ഭരണകൂടങ്ങളും എത്രത്തോളം നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തിരുത്തൽ നടപടികൾ തുറന്നുകാട്ടുന്നുണ്ട്. ഒഴിവാക്കപ്പെട്ട അർഹരായവരെ ഒരു മാസത്തിനകം തിരികെ ചേർക്കാൻ BLO-മാർക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞു. പ്രീ-SIR പട്ടികയും നിലവിലെ പട്ടികയും നിർബന്ധമായും താരതമ്യം ചെയ്ത് വിട്ടുപോയവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കാനാണ് നിർദേശം. വോട്ടർമാരെ ഓഫീസിലേക്ക് വിളിക്കുന്നതിന് പകരം BLO തന്നെ വീട്ടിൽ എത്തി രേഖകൾ ശേഖരിക്കും. ഫോം 6-ലെ വിവാദമായ SIR ഡിക്ലറേഷൻ ചോദ്യം പൂർണമായും നീക്കം ചെയ്തുകഴിഞ്ഞു. ഇത് സാധാരണക്കാർക്ക് വേഗത്തിൽ പേര് തിരികെ കിട്ടാനുള്ള വഴി തുറക്കുന്നുണ്ട്. കഴിഞ്ഞില്ല; ഡിജിറ്റൽ പോർട്ടലുകളിലെ അപാകതകൾ പരിശോധിക്കാൻ സ്വതന്ത്ര IIT വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി മഹാരാഷ്ട്രയിൽ ഒക്ടോബർ 12 വരെയും മറ്റ് ചിലയിടങ്ങളിൽ ഒക്ടോബർ 30 വരെയും നീട്ടി. വോട്ടറെ നീക്കം ചെയ്യുന്നതിന് മുമ്പ് ആ വിവരം പോളിങ് സ്റ്റേഷൻ തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് മുൻകൂട്ടി നൽകുകയും വേണം. ഈ നീക്കം , മുമ്പ് എല്ലാം ശരിയാണ്” എന്ന് ഉറച്ചു പറഞ്ഞ കമ്മീഷൻ ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പരോക്ഷമായി സമ്മതിക്കുന്നതിന് തെളിവാണ്.
ബംഗാളിൽ തുറക്കുന്ന സമാന്തര വഴികൾ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ നടപടി പൂർണമായ പിൻവാങ്ങലോ, ഉത്തരവാദിത്തംഏറ്റെടുക്കലോആയി വിലയിരുത്താനാകില്ല. മറിച്ച്, വിമർശനങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള തന്ത്രപരമായ പിൻവാങ്ങൽ മാത്രമാണിത്. ബംഗാളിൽ 90 ലക്ഷത്തോളം പേരെ പുറത്താക്കിയതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇനി മാറ്റാനാവില്ല. എസ്ഐആർ ലിസ്റ്റ് തയ്യാറാക്കിയ ശേഷം തെരഞ്ഞെടുപ്പ് നടന്ന ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. അവിടെയെല്ലാം അപ്പീലുകളും പരാതികളും മാത്രം ബാക്കിയാകും. പല മണ്ഡലങ്ങളിലും നീക്കം ചെയ്യപ്പെട്ട വോട്ടുകൾ ഭൂരിപക്ഷേത്തേക്കാൾ കൂടുതലായിരുന്നു. അതൊന്നും ഈ “സ്പെഷ്യൽ ഡ്രൈവ്” തിരുത്തില്ല. ട്രൈബ്യൂണൽ കേസുകൾ നിയമപരമായ തീർപ്പിന് വിധേയമാണെന്ന് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്. അതിനാൽ ബംഗാളിൽ രണ്ട് സമാന്തര വഴികൾ ഉണ്ടാകും - ഒന്ന് വർഷങ്ങളോളം നീണ്ടുപോകാവുന്ന ട്രൈബ്യൂണൽ അപ്പീൽ, മറ്റൊന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കാവുന്ന ഫോം 6 അപേക്ഷ - ട്രൈബ്യൂണലിന് മുന്നിൽ കാത്തിരിക്കുന്നരോട് വീണ്ടും പുതിയ അപേക്ഷ നൽകാൻ ആവശ്യപ്പെടുന്നത് ഭരണകൂടത്തിന്റെ ക്രൂരതയല്ലാതെ മറ്റെന്താണ്?
സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളോ ?
എസ്ഐആറിൽ വീഴ്ചയുണ്ടെന്ന് കമ്മീഷൻ തന്നെ പരോക്ഷമായി സമ്മതിക്കുമ്പോൾ, ഇതേ എസ്ഐആർ അടിത്തറയാക്കി നടന്ന മുൻകാല തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സാധുതയും ഗുരുതരമായ പ്രതിസന്ധിയിലാണ്. ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കിക്കൊണ്ട് എസ്ഐആറിലൂടെ തയ്യാറാക്കിയ വോട്ടർപട്ടികയും, അത് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർബന്ധിതമായ സാഹചര്യവും കണക്കിലെടുത്ത്, ബീഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പുന:പരിശോധന വേണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുത്തൽ തീരുമാനങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടായ "കുറ്റസമ്മതം" ആണെന്നാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ബിഹാറിലെ എസ്ഐആർ ശരിവെച്ച സുപ്രീംകോടതിയും അതിലെ നിയമവിരുദ്ധവശങ്ങളുടെ പരിശോധനയിലേക്ക് കടന്നിട്ടില്ല. ബിഹാറിൽ 47 ലക്ഷം വോട്ടർമാരാണ് മൊത്തത്തിൽ കുറഞ്ഞത്. ഒമ്പതു സംസ്ഥാനങ്ങളിലേക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി നടന്ന രണ്ടാം ഘട്ടത്തിൽ 5.18 കോടി വോട്ടർമാർ ഇല്ലാതായി. ഇപ്പോൾ 17 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് നടന്നുവരുന്ന മൂന്നാം ഘട്ടത്തിൽ ഇതുവരെ 6.1 കോടി വോട്ടർമാർ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ബംഗാളിലെ വോട്ടർ പട്ടികയിൽ തിരിച്ചുകയറാനാകുമോ?
പശ്ചിമ ബംഗാളിലാണ് എസ്ഐആറിന്റെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. ഏകദേശം 90 ലക്ഷം പേരുകൾ, അതായത് 11മുതൽ 12 വരെ ശതമാനം വോട്ടർമാർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. അതിൽ 60 ലക്ഷത്തോളം പേരെ “ലോജിക്കൽ ഡിസ്‌ക്രെപ്പൻസി” എന്ന പേരിൽ നിയമപരമായ തീർപ്പാക്കൽ നടപടികളിലേക്ക് മാറ്റിക്കഴിഞ്ഞു. വോട്ടർ പട്ടികയിൽ പുന:പരിശോധന നടത്തുമ്പോൾ മറ്റൊരു സംഭവം കൂടി ഓർമപ്പെടുത്താതെ നിർവാഹമില്ല. പശ്ചിമ ബംഗാളിൽ അപ്പീലിലൂടെ വോട്ടവകാശം നേടിയ ലക്ഷക്കണക്കിന് പേർക്കെതിരെ ഏകദേശം 16 ലക്ഷത്തോളം അപ്പീലുകളാണ് ഫയൽ ചെയ്യപ്പെട്ടത്. അതായത്, ജഡ്ജിമാർ അർഹരാണെന്ന് കണ്ട് തിരിച്ചുകൂട്ടിയ പേരുകൾ വീണ്ടും വെട്ടിമാറ്റാൻ ആരോ അപ്പീൽ നൽകിയിരിക്കുന്നു. ഈ അപ്പീലുകൾ വ്യക്തിഗതമായി ഏതെങ്കിലും ഉദ്യോഗസ്ഥർ നേരിട്ട് ഫയൽ ചെയ്തതല്ലെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നുണ്ട്. പകരം, ഒരു പ്രത്യേക സോഫ്റ്റ്‌വെയർ അല്ലെങ്കിൽ കേന്ദ്രീകൃത സംവിധാനം വഴി ഒരേ സമയത്ത് കൂട്ടത്തോടെ ജനറേറ്റ് ചെയ്യപ്പെട്ടവയാണ്. ഇത് ഡൽഹി കേന്ദ്രീകൃത ഐ.ടി സംവിധാനത്തിന്റെ സഹായത്തോടെ ആരോ ബോധപൂർവം നടപ്പിലാക്കിയതാണെന്ന സംശയത്തിനും ആക്കം കൂട്ടുന്നു. കമ്മീഷനിലെ ചില അംഗങ്ങളും ഈ വിഷയത്തിൽ കടുത്ത വിയോജിപ്പും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷന്റെ തിരുത്തൽ നടപടികളുടെ പരിധിയിൽ ഇത് വരുമോ എന്നറിയില്ല.
ഇത് യു-ടേൺ അല്ലെങ്കിൽ എന്താണ്?
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ‘തിരുത്തൽ' നടപടികൾ പ്രഖ്യാപിക്കുന്നത് തന്നെ, എസ്ഐആർ പ്രക്രിയയിൽ ഗുരുതരമായ തകരാറുകൾ ഉണ്ടായിരുന്നുവെന്നതിന്റെ സമ്മതമാണ്. കോടിക്കണക്കിന് പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം, പ്രതിഷേധങ്ങളും ആഭ്യന്തര വിയോജിപ്പുകളും ഉയർന്നപ്പോൾ മാത്രമാണ് ഈ “ഇളവുകൾ” വരുന്നത്. അത് തന്നെ ചോദ്യം ഉയർത്തുന്നുണ്ട്: ഇരകളുടെ ആശങ്കകളെ യഥാർത്ഥത്തിൽ പരിഗണിച്ചിട്ടുണ്ടോ? അതോ, തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതിന് ശേഷം “നഷ്ടപ്പെട്ടവരെ തിരികെ ചേർക്കാം” എന്ന മറുപടി മാത്രമാണോ? കമ്മീഷന്റെ യുടേൺ എന്നത് പ്രശ്നം പരിഹരിക്കുന്ന യു-ടേൺ അല്ല. പ്രശ്നം ഉണ്ടായിരുന്നുവെന്ന് പരോക്ഷമായി സമ്മതിച്ച്, ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി, തിരുത്തലുകൾ ഭാവിയിലേക്ക് മാറ്റിവെക്കുന്ന യു-ടേണാണ് എന്ന ആശങ്കയാണ് ഉയരുന്നത്. കാരണം വോട്ടവകാശം നഷ്ടപ്പെട്ടവരുടെ ആശങ്കകൾ ഇപ്പോഴും അവിടെ തന്നെയുണ്ട്. ഈ തിരുത്തൽ നടപടികൾ ഒന്നുംതന്നെ അവയെ പൂർണമായി മായ്ച്ചുകളയുന്നുമില്ല.