

റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യ, ചൈന ഉൾപ്പെടെ രാജ്യങ്ങൾക്കു മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന വിപുലമായ റഷ്യൻ ഉപരോധ ബിൽ യുഎസ് ജനപ്രതിനിധിസഭ പാസാക്കിയിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സെനറ്റ് വലിയ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലാണിത്. ട്രംപ് ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമായി മാറും. ഇന്ത്യയുൾപ്പടെ രാജ്യങ്ങളുടെ പരമാധികാരത്തിനും സ്വതന്ത്ര വ്യാപാര നയങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ് പുതിയ ബില്ല്. റഷ്യയുടെ ഊർജ മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും തകർക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെ ഉന്നംവെച്ചാണ് ഈ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ചൈന എന്നിവയ്‌ക്ക് പുറമെ സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങൾക്കും പുതിയ താരിഫ് ഭീഷണിയാകും.
ഇന്ത്യക്ക് ഇരുട്ടടിയാകുമോ ട്രംപിന്റെ ഇരട്ടച്ചുങ്കം?
"ഞാൻ വിലക്കിയ രാജ്യവുമായി നീ വ്യാപാരം ചെയ്താൽ, നിന്റെ ഉൽപ്പന്നങ്ങൾക്ക് എന്റെ വിപണിയിൽ ഞാൻ തീരുവ കൂട്ടി ശിക്ഷിക്കും" എന്ന നയമായിരുന്നു കഴിഞ്ഞ മാസം 86-11 എന്ന വോട്ടുനിലയിൽ യുഎസ് സെനറ്റ് പാസാക്കിയ 'ദി ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന ബില്ലിനുണ്ടായിരുന്നത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരിൽ റഷ്യക്ക് മേലുള്ള സാമ്പത്തിക സമ്മർദം വർധിപ്പിക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യൻ ഊർജം വാങ്ങുന്ന പ്രധാന രാജ്യങ്ങൾക്ക് മേൽ താരിഫുകൾ ഏർപ്പെടുത്താൻ ട്രംപിന് നൽകുന്ന അധികാരമാണ് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ജനപ്രതിനിധിസഭയിലെ ചർച്ചയിൽ ഈ വ്യവസ്ഥ ബാധിച്ചേക്കാവുന്ന പ്രധാന രാജ്യങ്ങളായി ഇന്ത്യയെയും ചൈനയെയും പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, ബിൽ പാസാക്കിയതുകൊണ്ട് മാത്രം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യാന്ത്രികമായി 100 ശതമാനം താരിഫ് ഏർപ്പെടുത്തില്ല. നിയമപ്രകാരം അത്തരം താരിഫുകൾ ചുമത്താൻ ട്രംപിന് അധികാരം നൽകുക മാത്രമാണ് ചെയ്യുന്നത്. റഷ്യൻ ഊർജം വാങ്ങുന്ന രാജ്യങ്ങളെ ആ തീരുമാനം പുനഃപരിശോധിക്കാൻ ഈ താരിഫ് ഭീഷണി നിർബന്ധിതരാക്കുമെന്നും അത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മേലുള്ള സാമ്പത്തിക സമ്മർദം വർധിപ്പിക്കുമെന്നും ബില്ലിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
റഷ്യൻ എണ്ണ എന്ന പിടിവള്ളി
ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ ഇറക്കുമതിയുടെ 40 ശതമാനം നൽകിയിരുന്ന ഗൾഫ് ക്രൂഡ് വരവ് അനിശ്ചിതത്വത്തിലായി. പിന്നീട് റിഫൈനറികൾ പൂർണമായും റഷ്യൻ ആശ്രയത്തിലേക്ക് ചുരുങ്ങി. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം പടിഞ്ഞാറൻ വിപണികൾ കൈവിട്ട റഷ്യൻ ക്രൂഡിന്റെയും പ്രധാന ആശ്രയ കേന്ദ്രമായിരുന്നു ഇന്ത്യ. വിലക്കുറവിൽ കിട്ടിയ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ നേട്ടമുണ്ടാക്കുകയും ചെയ്തു. എനർജി ആൻഡ് ക്ലീൻ എയർ റിസർച്ച് സെന്ററിന്റെ കണക്കുപ്രകാരം, 2022 ഡിസംബർ മുതൽ 2026 ഓഗസ്റ്റ് വരെ റഷ്യയുടെ ക്രൂഡ് കയറ്റുമതിയുടെ പകുതിയും ചൈന വാങ്ങിയപ്പോൾ 37 ശതമാനം ഇന്ത്യ സ്വന്തമാക്കി. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 30.3 ശതമാനം അതായത് ഏകദേശം 3.40 ലക്ഷം കോടി രൂപയുടെ ഇറക്കുമതി റഷ്യയിൽ നിന്നായിരുന്നു എന്ന് ഡൽഹിയിലെ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയുടെ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യൻ ക്രൂഡ് ആയിരുന്നു. റഷ്യൻ എണ്ണയിലേക്ക് മാറിയതിലൂടെ 2022 മുതൽ ഇന്ത്യ ഏകദേശം 1.05 ലക്ഷം കോടി രൂപ ലാഭിച്ചതായും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് കണക്കാക്കുന്നു.
ഇന്ത്യൻ കയറ്റുമതിയിലാണ് ആശങ്ക
ട്രംപിന്റെ ഈ തീരുവഭീഷണി നേരിട്ട് റഷ്യൻ എണ്ണയ്ക്കല്ല, മറിച്ച് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് മേൽ ആണ് വരുന്നത്. 2025-ൽ യുഎസ് ഏകദേശം 8.66 ലക്ഷം കോടി രൂപ വിലമതിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 2.15 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്സ്, 80,800 കോടി രൂപയുടെ ഫാർമസ്യൂട്ടിക്കൽസ്, 59,980 കോടി രൂപയുടെ യന്ത്രസാമഗ്രികൾ എന്നിവ ഉൾപ്പെടുന്നു. അമേരിക്ക ഇതിനകം ഇന്ത്യക്ക് ഏർപ്പെടുത്തിയിട്ടുള്ള 50 ശതമാനം വരെയുള്ള ഉയർന്ന തീരുവകൾക്ക് പുറമെയാണ് പുതിയ ബാധ്യത കൂടി ഇരുട്ടടിയായി വന്നുചേരുക. റഷ്യൻ എണ്ണവിലയിലെ ലാഭത്തേക്കാൾ എത്രയോ കൂടുതലായിരിക്കും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ വരുമ്പോഴുള്ള നഷ്ടം എന്നത് കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം നയപരമായ തലവേദന സൃഷ്ടിക്കും എന്നുറപ്പാണ്.
യുക്രെയ്ൻ ആക്രമണങ്ങളെ തുടർന്ന് റഷ്യയിലെ സ്വന്തം റിഫൈനറികൾ തകർന്നപ്പോൾ, റഷ്യക്ക് ഇന്ധനം ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നു. ഓഗസ്റ്റിൽ വലിയ അളവിൽ ഇന്ധനം അവർ ഇറക്കുമതി ചെയ്തപ്പോൾ, അതിന്റെ 70 ശതമാനവും അതായത് ഏകദേശം 1,20,000 ടൺ ഗുജറാത്തിലെ ഇന്ത്യൻ റിഫൈനറിയാണ് നൽകിയത്.
തിരിച്ചടികൾ ഉടനടി ഉണ്ടാവണമെന്നില്ല
യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം ഉയർത്തി 3.75 മുതൽ 4 ശതമാനത്തിലെത്തിച്ചതിനു പിന്നാലെയാണ് അമേരിക്കയിൽ നിന്നുള്ള അടുത്ത തിരിച്ചടി , പുതിയ ബില്ലിലൂടെ എത്തുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയാൽ ഉടനടി പെട്രോൾ വില വർധിക്കണമെന്നില്ല. റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തുന്ന അസംസ്കൃത എണ്ണ , റിഫൈനറികൾ വാങ്ങി പെട്രോൾ, ഡീസൽ, ജെറ്റ് ഫ്യൂവൽ എന്നിവയാക്കി മാറ്റുകയാണ് ചെയ്യുന്നത്. റഷ്യൻ എണ്ണ കിട്ടാതായാൽ പശ്ചിമേഷ്യ ഉൾപ്പെടെ മേഖലകളിൽ നിന്ന് പകരക്കാരെ കണ്ടെത്തേണ്ടിവരും. നിലവിടെ പശ്ചിമേഷ്യൻ സാഹചര്യങ്ങളെത്തുടർന്ന് മുൻപുണ്ടായിരുന്നതുപോലെയുള്ള വൻ വിലക്കിഴിവ് ലഭിക്കാത്തത് റിഫൈനറികൾക്ക് അധികച്ചെലവുണ്ടാക്കും. പകരമുള്ള എണ്ണയ്ക്കായി ഇന്ത്യയും മറ്റ് രാജ്യങ്ങളും ഒറ്റയടിക്ക് ശ്രമിക്കുമ്പോൾ ചരക്കുകൂലി, ഇൻഷുറൻസ്, പണമടക്കൽ ക്രമീകരണങ്ങൾ എന്നിവയിൽ ഉൾപ്പെടെ തടസങ്ങൾ കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരാനും സാധ്യതയുണ്ട്. തീരുവ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് "ആവശ്യമുള്ളത്ര എണ്ണ നൽകാൻ തയ്യാറാണെന്ന് ഡൽഹിയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് ഉറപ്പുനൽകുന്നുമുണ്ട്. ഒരു വർഷം മുമ്പ്, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഇന്ധനം നൽകുന്നു എന്ന് ആരോപിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രസിഡന്റ് ട്രംപ് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് കടുത്ത നിലപാടെടുത്തിരുന്നു. എന്നാൽ, പിന്നീട് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെത്തുടർന്ന് ആഗോള എണ്ണവില കുതിച്ചുയർന്നതോടെ വിപണിയിൽ എണ്ണലഭ്യത ഉറപ്പാക്കാനായി വാഷിംഗ്ടണിന് ഉപരോധ ഇളവുകൾ നൽകി തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നിരുന്നു.
ഒരു രാജ്യത്തെ ആശ്രയിച്ച ഊർജനയമല്ല വേണ്ടത്
ഇന്ത്യയുടെ ഊർജസുരക്ഷ ഇന്ന് അത്യന്തം ദുർബലമായ അവസ്ഥയിലാണ്. ആവശ്യമായ ക്രൂഡിന്റെ 88 മുതൽ 90 ശതമാനം ഇറക്കുമതി ചെയ്യുമ്പോൾ, അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിനായി കരുതിവെച്ച 'സ്ട്രാറ്റജിക് റിസർവ്' വെറും ഒമ്പതോ പത്തോ ദിവസത്തേക്ക് മാത്രമാണ് തികയുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മുന്നിലുള്ളത് ഒരു എണ്ണവാങ്ങൽ തർക്കം മാത്രമല്ല; സ്വന്തം സാമ്പത്തിക-വിദേശനയ തീരുമാനങ്ങൾ എത്രത്തോളം സ്വതന്ത്രമായി എടുക്കാനാകും എന്നതിന്റെ പരീക്ഷണം കൂടിയാണ്. എണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയും തന്ത്രപ്രധാന ശേഖരം ഇപ്പോഴും പരിമിതമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഏതെങ്കിലും ഒരു രാജ്യത്തിന്റെ സമ്മർദത്തിന് കീഴടങ്ങുന്നത് ഇന്ത്യയുടെ വിലപേശൽ ശേഷിയെ ദുർബലപ്പെടുത്തും എന്നുറപ്പാണ്. ഇന്ത്യക്ക് വേണ്ടത് ഒരു രാജ്യത്തെ ആശ്രയിച്ചുള്ള ഊർജനയമല്ല -പല വാതിലുകളും തുറന്നുവെക്കുന്ന തന്ത്രമാണ്. റഷ്യയുമായും അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും ഒരേസമയം ഇടപെടുക; തന്ത്രപ്രധാന എണ്ണശേഖരം വർധിപ്പിക്കുക -ഇവയാണ് സമ്മർദങ്ങളെ നേരിടാനുള്ള യഥാർത്ഥ കവചം.