

ഗുജറാത്തിലെ ഏകതാ പ്രതിമാ സന്നിധിയിൽ വെച്ച് പ്രതിപക്ഷം വിദേശ സഹായത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചപ്പോൾ, അതിന് രാഹുൽ ഗാന്ധി നൽകിയ മറുപടി ഇതായിരുന്നു. "മോദിജി, കള്ളം പറയുന്നത് നിർത്തൂ. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പൂർണമായും നിയന്ത്രിക്കുന്നതും താങ്കൾക്ക് അധികാരം ഉറപ്പിച്ചു നൽകുന്നതും വിദേശ ശക്തികളാണ്; ധൈര്യമുണ്ടെങ്കിൽ പരസ്യ സംവാദത്തിന് വരൂ" - ഇതായിരുന്നു രാഹുലിന്റെ തുറന്ന വെല്ലുവിളി.കേവലം ഒരു രാഷ്ട്രീയ വാഗ്വാദത്തിനപ്പുറം, എന്താണ് രാഹുൽ ഗാന്ധി ഉയർത്തുന്ന ഈ ആരോപണത്തിന് പിന്നിലെ യാഥാർത്ഥ്യം? ഇന്ത്യയുടെ സാമ്പത്തിക സിരകളിൽ വിദേശ ഇടപെടലുകൾ എത്രത്തോളം ആഴത്തിൽ പടർന്നിരിക്കുന്നുവെന്ന് പരിശോധിച്ചാൽ ഈ വാദത്തിന് പിന്നിലെ ഗൗരവം വ്യക്തമാകും.
കേന്ദ്ര ഭരണം വിദേശ ശക്തികളുടെ കാരുണ്യത്തിലോ?
ഇന്ത്യൻ രാഷ്ട്രീയത്തിൽ വിദേശ ഇടപെടൽ വിവാദം വീണ്ടും കൊടുമ്പിരിക്കൊള്ളുകയാണ്. ഗുജറാത്തിലെ ഏകതാ പ്രതിമാസന്നിധിയിൽ വെച്ച് പ്രതിപക്ഷം ബാഹ്യശക്തികളുടെ ഒത്താശയോടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചതോടെയാണ് പോര് പുതിയ തലത്തിലെത്തിയത്. ഇതിന് മറുപടിയായി മോദിയുടെ ഭരണത്തിന് പിന്നിലെ വിദേശ കൂട്ടുകെട്ടുകളെ തുറന്നുകാട്ടാൻ പരസ്യ സംവാദത്തിന് രാഹുൽ ഗാന്ധി വെല്ലുവിളിച്ചതിന് പിന്നിൽ, കാലങ്ങളായി ബിജെപി നിരത്തുന്ന ആരോപണങ്ങളുടെ കനത്ത രാഷ്ട്രീയ പശ്ചാത്തലമുണ്ട്.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നാബിൻ, വക്താക്കളായ സംബിത് പത്ര, ഗൗരവ് ഭാട്ടിയ, സുധാൻശു ത്രിവേദി എന്നീ നേതാക്കൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ആരോപണങ്ങളുടെ പെരുമഴ തന്നെയാണ് അഴിച്ചുവിട്ടത്. നേപ്പാളിലെയും ബംഗ്ലാദേശിലെയും ഭരണകൂട അട്ടിമറികൾക്ക് പിന്നിൽ പ്രവർത്തിച്ച അതേ ബാഹ്യ ശക്തികളുടെ ചട്ടുകമായി രാഹുൽ മാറിയെന്നും, ഇന്ത്യയിൽ അരാജകത്വം വിതയ്ക്കാനുള്ള വിദേശ 'ടൂൾകിറ്റിന്റെ' ഭാഗമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം. ഇടവേളകളിലുള്ള രാഹുലിന്റെ വിദേശ യാത്രകളും അവിടെ നടത്തുന്ന പരാമർശങ്ങളും ഇതിനായി ഭരണപക്ഷം സമർത്ഥമായി ആയുധമാക്കുന്നു...ലണ്ടനിലും അമേരിക്കയിലും പോയി ഇന്ത്യൻ ജനാധിപത്യം തകർച്ചയിലാണെന്ന് വിലപിക്കുന്നതും പാശ്ചാത്യ രാജ്യങ്ങളുടെ മൗനത്തെ ചോദ്യം ചെയ്യുന്നതും ആഭ്യന്തര കാര്യങ്ങളിലേക്കുള്ള പരസ്യമായ ബാഹ്യ ഇടപെടൽ ക്ഷണിച്ചുവരുത്തലാണെന്നാണ് ബിജെപി വാദം.
സാമ്പത്തിക ഭീമന്മാർ ഭരണം കൈയാളുന്നോ?
ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയായി രാഹുൽ ഗാന്ധി ഉയർത്തുന്ന പ്രത്യാക്രമണം ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറയെത്തന്നെ വിചാരണ ചെയ്യുന്നതാണ്. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും വിദേശ കോർപ്പറേറ്റ് താല്പര്യങ്ങൾക്കാണ് വിടുപണി ചെയ്യുന്നതെന്നും, ബാഹ്യ പിന്തുണ ഉറപ്പാക്കി അധികാരം നിലനിർത്താൻ രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം പണയപ്പെടുത്തുകയാണെന്നുമാണ് അദ്ദേഹത്തിന്റെ ആക്ഷേപം...സാധാരണക്കാരന്റെ ചായക്കട മുതൽ വൻകിട മാളുകൾ വരെ നീളുന്ന യുപിഐ വിപ്ലവത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്നത് ഗൂഗിൾ പേ, ഫോൺപേ പോലുള്ള വിദേശ ടെക് ഭീമന്മാരാണ്.... ജനങ്ങളുടെ സമ്പാദ്യവും നിർണായക സാമ്പത്തിക ഡാറ്റയും വിദേശ കുത്തകകൾക്ക് അടിയറവ് വെച്ചുകൊണ്ടുള്ള വിദേശ ആശ്രിതത്വത്തിന്റെ യഥാർത്ഥ ഗുണഭോക്താവ് നിലവിലെ ഭരണകൂടം തന്നെയാണെന്നാണ് രാഹുൽ ഗാന്ധിയുടെ തുറന്ന വിമർശനം.
ന്യൂസ് ഗാർഡ് വെളിപ്പെടുത്തൽ മറന്നുവോ?
രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കാൻ ഈ വിദേശ ബന്ധം നിരന്തരം ആയുധമാക്കുന്ന അതേ ഭരണകൂടത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധത്തിലാക്കിയ അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ സ്വതന്ത്ര റേറ്റിംഗ് ഏജൻസിയായ 'NewsGuard ’ കഴിഞ്ഞ വർഷം നടത്തിയ ചില വെളിപ്പെടുത്തലുകൾ ഓർമയുണ്ടോ. യഥാർത്ഥത്തിൽ ജീവിച്ചിരിപ്പില്ലാത്ത മനുഷ്യരുടെ എ.ഐ മുഖങ്ങൾ ചമച്ച് ഫേസ്ബുക്കിലും എക്സിലുമായി മൂന്ന് വർഷത്തിലധികം പ്രവർത്തിച്ച ആയിരത്തിയഞ്ഞൂറിലധികം വ്യാജ അക്കൗണ്ടുകളുടെ ആഗോള അധോലോക ശൃംഖലയെയാണ് ആ അന്വേഷണ റിപ്പോർട്ടിൽ തുറന്നുകാട്ടിയത്. ഇന്ത്യയ്ക്ക് പുറത്തുനിന്നും പ്രവർത്തിച്ച ഈ കൃത്രിമ ബോട്ട് ശൃംഖല വഴി നരേന്ദ്ര മോദിയുടെ ആഗോള പ്രതിച്ഛായ കൃത്രിമമായി ഊതിപ്പെരുപ്പിക്കുകയും, കശ്മീരിലെ യാഥാർത്ഥ്യങ്ങൾ മൂടിവെച്ച് എല്ലാം ശാന്തമെന്ന് വരുത്തിത്തീർക്കുകയും, പ്രത്യേക ഹാഷ്ടാഗ് കാമ്പെയ്നുകളിലൂടെ വ്യാജ ജനപിന്തുണ നിർമ്മിച്ചെടുക്കുകയുമായിരുന്നു ഇവരുടെ അജണ്ട. വിമർശകരെ വിദേശ ടൂൾകിറ്റുകളായി മുദ്രകുത്തുന്നവർ തന്നെയാണ് ആഗോളതലത്തിൽ വൻകിട ഡിജിറ്റൽ ഗൂഢാലോചനകളിലൂടെ തങ്ങളുടെ പ്രൊപ്പഗണ്ട പടച്ചുവിടുന്നത് എന്ന പച്ചയായ കാപട്യമാണ് ഇതോടെ രാജ്യാന്തര തലത്തിൽ വിചാരണ ചെയ്യപ്പെട്ടത്.
ജനകീയ പ്രക്ഷോഭങ്ങൾക്ക് മേലുള്ള 'വിദേശ ഗൂഢാലോചന' മുദ്രകൾ
തെരുവിൽ മുഴങ്ങുന്ന പൗരന്റെ ശബ്ദത്തെ സ്വന്തം ഭരണപരാജയങ്ങളുടെ കണ്ണാടിയായി കാണുന്നതിന് പകരം, അതിന്മേൽ വിദേശ ഗൂഢാലോചനയുടെ നിഴൽ വീഴ്ത്തുന്നത് ഭീരുത്വം നിറഞ്ഞ ഭരണകൂട തന്ത്രമാണ്... കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാജ്യത്തുയർന്ന ഏത് ജനകീയ ചെറുത്തുനിൽപ്പിനെയും അടിച്ചമർത്താൻ ബി.ജെ.പി പ്രയോഗിച്ച ഏറ്റവും വിഷലിപ്തമായ ആയുധവും ഈ 'വിദേശ അജണ്ട' നരേറ്റീവാണ്. ഷഹീൻബാഗ് സമരം മുതൽ കർഷക പ്രക്ഷോഭങ്ങളും സിജെപി പ്രതിഷേധങ്ങളും വരെ നീളുന്ന പോരാട്ടങ്ങളെ രാജ്യവിരുദ്ധതയുടെയും വിദേശ ഫണ്ടിംഗിന്റെയും പട്ടികയിൽ കെട്ടിപ്പൂട്ടാനാണ് ഭരണകൂട പ്രചാരണ യന്ത്രങ്ങൾ ശ്രമിച്ചത്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ പ്രസംഗങ്ങളെയും ജോർജ്ജ് സോറോസിന്റെ പണം വാങ്ങിയുള്ള അട്ടിമറി നീക്കമായി ചിത്രീകരിച്ചതും ഇതേ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായിരുന്നു. വിമർശന സ്വരങ്ങളെയാകെ അന്യരാജ്യങ്ങളുടെ ചട്ടുകമാക്കി മുദ്രകുത്തുന്ന ഇതേ തന്ത്രമാണ് സിജെപി പ്രതിഷേധങ്ങൾക്കും ധ്രുവ് റാഠിക്കും നേഹാ ബോറയ്ക്കുമെതിരെ ഇപ്പോൾ വീണ്ടും അരങ്ങേറുന്നത്. യാതൊരു തെളിവുമില്ലാതെ പാകിസ്ഥാന്റെയും ഖാലിസ്ഥാനി ഗ്രൂപ്പുകളുടെയും സോറോസിന്റെയും പേരുകൾ വലിച്ചിഴച്ച് സിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചപ്പോൾ, സ്വന്തം സർക്കാരിന്റെ വക്താവിന് പോലും അതിന് തെളിവ് നിരത്താൻ കഴിഞ്ഞില്ലെന്നത് ഈ ആരോപണങ്ങളുടെ കാപട്യം തുറന്നുകാട്ടി. ഇതേ നരേറ്റീവിന്റെ ഭാഗമായി, ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ 2023 ഒക്ടോബറിൽ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ചൈനീസ് ഫണ്ടിങ്ങും മോദി വിരുദ്ധ പ്രചാരണവും ആരോപിച്ചായിരുന്നു കേസ്.ബിജെപി ഇതിനെയും വിദേശ ശക്തികളുടെ ഇടപെടലായി ചിത്രീകരിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിൽ ഐക്യദാർഡ്യം പ്രകടിപ്പിച്ച സ്വതന്ത്ര മാധ്യമപ്രവർത്തകനായ ധ്രുവ് റാഠിയെ ജർമൻ പൗരനാക്കി ചിത്രീകരിച്ച് വിദേശ ഏജന്റാക്കാൻ നടത്തിയ വ്യാജ പ്രചാരണത്തെ സ്വന്തം ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടി അദ്ദേഹം തന്നെ തരിപ്പണമാക്കി. ഏറ്റവും ഒടുവിൽ, ജെ.എൻ.യു ഗവേഷക വിദ്യാർത്ഥിനി നേഹാ ബോറയുടെ ബംഗ്ലാദേശ് വിദ്യാർത്ഥി സമര പരാമർശത്തെപ്പോലും ഭരണകൂട അട്ടിമറി അജണ്ടയായി വളച്ചൊടിച്ച് രാജ്യസുരക്ഷാ ഭീഷണിയാക്കാനാണ് നീക്കം.
വിദേശ യാത്രകൾ എന്തിനായിരുന്നു?
പൊതുഖജനാവിലെ എഴുന്നൂറ് കോടിയിലധികം രൂപ ഒഴുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നൂറ്റിനാല്പതിലേറെ വിദേശയാത്രകൾ രാജ്യത്തിന് എന്ത് സാമ്പത്തിക -നയതന്ത്ര നേട്ടമുണ്ടാക്കിയെന്ന ചോദ്യത്തിന് മുന്നിൽ ഭരണകൂടം പതറുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളെ വിദേശ ബന്ധവുമായി കൂട്ടിവെച്ചുകൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകൾ വരുന്നതും വിദേശ ബന്ധം വീണ്ടും ചർച്ചയിൽ വരുന്നതും. ഭരണകൂടത്തെ വിമർശിക്കുന്ന ഓരോ ഇന്ത്യൻ പൗരനെയും വിദേശ ഏജന്റാക്കി മാറ്റുന്ന ഈ ഭീരുത്വം നിറഞ്ഞ രാഷ്ട്രീയം, യഥാർത്ഥത്തിൽ അവഹേളിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ജനതയുടെ വിവേകത്തെയാണ്.ചുരുക്കത്തിൽ തുറന്ന സംവാദത്തിന് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുമ്പോൾ, ഉത്തരം ലഭിക്കേണ്ടത് ഏതെങ്കിലും ഒരു പാർട്ടിയുടെ രാഷ്ട്രീയ ആരോപണങ്ങൾക്കല്ല; മറിച്ച്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നയങ്ങളും ഭരണവും വിദേശ താല്പര്യങ്ങളുടെ കളിപ്പാവയായി മാറുന്നുണ്ടോ എന്ന ഓരോ പൗരന്റെയും ആശങ്കയ്ക്കാണ്.