
പൂര്‍വിക സ്വത്തില്‍ ഹിന്ദു പെണ്‍മക്കള്‍ക്കു തുല്യാവകാശം നല്‍കിയ വിധിയിലും മഹത്തരമായി മറ്റൊന്നില്ല. പക്ഷേ, അങ്ങനെയൊരു വിധി വരാന്‍ എടുത്ത കാലതാമസത്തിലാണ് പുനര്‍ചിന്ത വേണ്ടത്. നിയമം പാസാക്കി 20 വര്‍ഷം കഴിഞ്ഞിട്ടുപോലും അനീതി തുടരുകയായിരുന്നു. ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതിപ്രകാരം സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ട്. അത് പക്ഷേ, ഇന്നും അംഗീകരിക്കപ്പെടുന്നില്ല. കുറച്ചുസ്വര്‍ണവും പണവും കൊടുത്തു കല്യാണം കഴിപ്പിച്ചാല്‍ പിന്നെ അവകാശമില്ലെന്നാണ് പലരുടേയും ഉള്ളിലിരിപ്പ്. അങ്ങനെയൊരു നിയമം കര്‍ശനമാകാത്തതു മൂലം പെണ്‍മക്കള്‍ അനുഭവിച്ച വേദനയും പീഡനവും സമാനതകളില്ലാത്തതാണ്. സ്ത്രീധന പീഡനമെന്ന പേരില്‍ നടക്കുന്ന കൊടുംക്രൂരത ഇത്തരമൊരു നിയമം കര്‍ശനമല്ലാത്തതിനാല്‍ കൂടി സംഭവിക്കുന്നതായിരുന്നു. പിതൃസ്വത്തില്‍ പെണ്‍കുട്ടികള്‍ക്കു തുല്യാവകാശം എന്ന നില വരുന്നതോടെ സ്വര്‍ണവും പണവും ചോദിച്ചുവാങ്ങാന്‍ കഴിയാതെ വരും. എന്താണോ കുടുംബത്തിലുള്ളത് അതിലൊരോഹരിയെ കിട്ടൂ എന്ന നിലവരും. തലയുയര്‍ത്തി തന്നെ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാനും തലയുയര്‍ത്തി തന്നെ രക്ഷിതാക്കള്‍ക്ക് വീതം നല്‍കാനും ഇതോടെ സാധിക്കും.
ഹിന്ദുപെണ്‍മക്കളുടെ തുല്യാവകാശം
അരുന്ധതി റോയിയുടെ മാതാവ് മേരി റോയ് നടത്തിയ കേസിലാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ തുല്യത വന്നത്. ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശം ഉണ്ടെന്ന ആ കേസിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോള്‍ കോഴിക്കോട് സ്വദേശിനിയായ എന്‍.പി. രജനി നല്‍കിയ കേസിനും മേരി റോയ് കേസ് പോലെ പ്രാധാന്യമുണ്ട്. 2004ലെ നിയമം സുപ്രീംകോടതി പോലും അംഗീകരിച്ച ശേഷവും ചില ഹൈക്കോടതി വിധികള്‍ വിരുദ്ധമായി വന്നു. അതൊന്നും നിലനില്‍ക്കുന്നതല്ല എന്നു കൂടി പറയുന്നുണ്ട് ഇപ്പോഴത്തെ വിധി. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്ത് മുഴുവന്‍ ഹര്‍ജിക്കാരുടെ സഹോദരന് മാത്രമായി നല്‍കി. പിതാവ് തന്നെ വില്‍പ്പത്രമോ ഭാഗപത്രമോ എഴുതി നല്‍കിയാലും അതു നിലനില്‍ക്കില്ല എന്നു കൂടി പറയുന്നുണ്ട് പുതിയ വിധി. പെണ്‍മക്കളെ ഒഴിവാക്കി ആണ്‍മക്കള്‍ക്കു മാത്രമായി പിന്തുടര്‍ച്ചാവകാശം എഴുതി നല്‍കിയാലും അസാധുവാണ്. ഭാഗപത്രമെഴുതാതെ മരിച്ച കേസുകളില്‍ മാത്രമല്ല ആണ്‍മക്കള്‍ക്കു മാത്രമായി ഭാഗപത്രം എഴുതുന്ന കേസിലും വിധി ബാധകമാണെന്നു സാരം. 2004 ഡിസംബര്‍ 20ന് ശേഷം മരിച്ചവരുടെ സ്വത്തിലാണ് ഇപ്പോള്‍ തുല്യാവകാശം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നുപറഞ്ഞാല്‍ 20 വര്‍ഷത്തിനിടെ നടന്ന എല്ലാ ഭാഗഉടമ്പടികളും പുനപരിശോധിക്കേണ്ടി വരും. പെണ്‍മക്കള്‍ക്ക് ഒന്നും കൊടുക്കാത്തവരും എന്തെങ്കിലും കൊടുത്ത് ഒഴിവാക്കിയവരുമെല്ലാം ഉത്തരം പറയേണ്ടിവരും. തുല്യാവകാശം എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ സമത്വമാണ്. ആണോ പെണ്ണോ ആയ മൂന്നു മക്കളുണ്ടെങ്കില്‍ മൂന്നുപേര്‍ക്കും പണമിട മാറാതെ വീതിച്ചു നല്‍കേണ്ടി വരും. അപ്പോള്‍ കല്യാണത്തിനു നല്‍കുന്ന സ്വര്‍ണവും പണവുമോ?
കല്യാണത്തിന് പൊന്ന് കൊടുത്താല്‍
കല്യാണത്തിന് പൊന്ന് കൊടുക്കുന്നത് രണ്ടു പ്രശ്‌നം നേരിടുന്നുണ്ട്. ഒന്ന് സത്രീധനം എന്നത് നിയമവിരുദ്ധമാണ്. ആഭരണങ്ങള്‍ അണിയാമെങ്കിലും അതൊന്നു വിലപറഞ്ഞു നല്‍കുന്നതോ വിലപേശി വാങ്ങുന്നതോ ആകാന്‍ പാടില്ല. സ്വത്തിന്റെ ഭാഗമാകണമെങ്കില്‍ ഉടമ്പടിയില്‍ ചേര്‍ക്കണം. അല്ലാതെ കല്യാണത്തിനു നല്‍കിയ സ്വര്‍ണവും പണവുമൊന്നും കണക്കില്‍പ്പെടില്ല. പൂര്‍വിക സ്വത്ത് വീതംവയ്ക്കുന്നതിന് അതു തടസ്സവുമല്ല. പിതാവിന് പാരമ്പര്യമായി എന്തു സ്വത്തുണ്ടോ അതു തുല്യമായി വീതിക്കുക എന്നതാണ് ഹൈക്കോടതി വിധിയുടെ അന്തസത്ത. ഒരുപാട് അനുരണനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് ഈ വിധി. അതിനു കാരണം ഇതിന്റെ മുന്‍കൂര്‍ പ്രാബല്യമാണ്. ഇനിയിപ്പോള്‍ വിവാഹത്തോട് അനുബന്ധിച്ച് പ്രാബല്യത്തിലുള്ളത് ഒന്ന് മാത്രമാകും. കുടുംബസ്വത്ത് എന്തുണ്ടോ അതിലൊരു വിഹിതത്തിന് പെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ട്. ഈ വിധി മറ്റൊരു തരത്തില്‍കൂടി ഗുണപരമാണ്. ചില സംഭവങ്ങളിലെങ്കിലും കുടുംബസ്വത്തിലെ വിഹിതത്തിനേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനമായി നല്‍കേണ്ടി വരാറുണ്ട്. അതൊക്കെ സംഭവിച്ചുകൊണ്ടിരുന്നത് സ്വത്തില്‍ തുല്യാവകാശം ഇല്ലാത്തതിനാലാണ്. ഇനി കുടുംബത്തില്‍ എന്തുണ്ടോ അതിന്റെ ഒരു പങ്ക് മാത്രമായിരിക്കും പെണ്‍മക്കള്‍ക്കു കിട്ടുക. അങ്ങനെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് ധൈര്യം നല്‍കുന്നതു കൂടിയാണ് ഈ വിധി. അതു പ്രാവര്‍ത്തികമായാല്‍ സ്ത്രീധനം തന്നെ ഇല്ലാതാകും. സ്ത്രീധനം എന്ന പേരിലോ അല്ലാതെയോ എന്തെങ്കിലും നല്‍കിയതുകൊണ്ട് പെണ്‍കുട്ടികളെ അവകാശത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും കഴിയില്ല.
മാറുമോ ലിംഗ അസമത്വം?
ഏറ്റവും കൂടുതല്‍ ലിംഗ അസമത്വം ഉണ്ടായിരുന്നത് സ്വത്തിന്റെ കാര്യത്തിലാണ്. തവിടു കൊടുത്തു വാങ്ങിയവരാണോ എന്ന് പെണ്‍കുട്ടികളെക്കൊണ്ട് ഉള്ളിലെങ്കിലും ചോദിപ്പിക്കുന്നതായിരുന്നു പല ഹിന്ദു കുടുംബങ്ങളിലേയും സ്ഥിതി. കാര്‍ഷിക കുടുംബങ്ങളിലും വ്യവസായ കുടുംബങ്ങളിലുമൊക്കെ പിന്തുടര്‍ച്ച പൂര്‍ണമായും പുരുഷന്മാരിലേക്കു പോകും. സ്ത്രീകള്‍ക്ക് വിവാഹത്തിന് നല്‍കുന്ന രണ്ടു ഗ്രാമിന്റെ മോതിരം വരെ കണക്കുകൂട്ടി പറഞ്ഞ് ഒഴിവാക്കും. ലക്ഷങ്ങളല്ല, കോടികളുടെ സ്വത്താകും ഏതാനും ഗ്രാം സ്വര്‍ണം നല്‍കിയതിന്റെ പേരില്‍ കിട്ടാതെ പോകുന്നത്. പിതാവിന് രണ്ടേക്കര്‍ പൂര്‍വിക സ്ഥലമുണ്ടെങ്കില്‍ പുത്രന് ഒന്നേമുക്കാല്‍ ഏക്കറും പുത്രിക്ക് 25 സെന്റും എന്നൊക്കെയാണ് ഭാഗപത്രത്തിലെ പതിവ്. പുത്രിക്ക് അതുപോലും നല്‍കാത്തവരുമുണ്ട്. ഇനി അത് ഒരേക്കര്‍ വീതം തന്നെ രണ്ടുപേര്‍ക്കും നല്‍കേണ്ടിവരും. വീടൊക്കെ ഭാഗം വയ്ക്കുമ്പോള്‍ പകുതി അവകാശം പെണ്‍മക്കള്‍ക്കുണ്ട്. അതിന്റെ മൂല്യത്തിനു തുല്യമായ തുക സഹോദരിക്കു നല്‍കി മാത്രമെ സഹോദരന് അവകാശം സ്വന്തം പേരിലാക്കാന്‍ കഴിയൂ. ഈ നിയമഭേദഗതി നടപ്പാക്കാന്‍ തടസ്സമായി നിന്നത് രണ്ടു വകുപ്പുകളായിരുന്നു. കേരള ഹിന്ദു കൂട്ടുകുടുംബം നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍. ഇവ രണ്ടും നിലനില്‍ക്കുന്നതല്ല എന്ന് കോടതി വിധിച്ചു. ഒരു കുടുംബത്തില്‍ ജനിച്ചു എന്നതുകൊണ്ട് അതിലെ സ്വത്തില്‍ അവകാശമുണ്ടാകില്ല എന്നു സ്ഥാപിക്കുന്ന വകുപ്പുകളായിരുന്നു അവ രണ്ടും. Birth in family not to give rise to rights in property എന്നാണ് ആ ചട്ടം പറഞ്ഞിരുന്നത്. അതു ചൂണ്ടിക്കാണിച്ചാണ് സ്വത്ത് നിഷേധമൊക്കെ നടന്നിരുന്നത്. അതാണ് ഇനി ബാധകമല്ല എന്ന് ഹൈക്കോടതി വിധിച്ചത്.
സാമൂഹിക നീതിയും മനുഷ്യത്വവും
ഈ വിധിക്ക് മറ്റൊരു വശംകൂടിയുണ്ട്. പിതാവിന്റെ സ്വത്തില്‍ മക്കള്‍ക്ക് തുല്യാവകാശം എന്നാണ് വിധി. രണ്ടുവിവാഹത്തില്‍ മക്കളുണ്ടെങ്കില്‍ ആ മക്കള്‍ക്കെല്ലാം ഇനി പൂര്‍വിക സ്വത്ത് അവകാശപ്പെടാം. ഓരോരുത്തര്‍ക്കും തുല്യമായ അവകാശമാണ് ഉണ്ടാവുക. വിവാഹമൊഴിയുക എന്നത് എന്തെങ്കിലും കൈമാറിയുള്ള സെറ്റില്‍മെന്റ് ആകാന്‍ കഴിയില്ല. രണ്ടോ മൂന്നോ വിവാഹം കഴിച്ചാലും മക്കള്‍ക്ക് അവകാശം ഇല്ലാതാകുന്നില്ല. പിതൃസ്വത്തില്‍ മാത്രമല്ല മാതൃസ്വത്തിലും ഈ അവകാശമുണ്ട്. എന്തുകൊണ്ടെന്നാല്‍ പൂര്‍വിക സ്വത്ത് എന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. പിതാവ് സ്വയം സമ്പാദിച്ച സ്വത്തും വീതംവയ്ക്കാതെ മരിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് തുല്യാവകാശം ഉണ്ടാകും. എന്നാല്‍ പിതാവ് സ്വയം സമ്പാദിച്ച സ്വത്ത് ഏതെങ്കിലും ഒന്നോ രണ്ടോ മക്കള്‍ക്കായി നല്‍കുന്നതിനെ തടയാന്‍ ഈ വിധിക്ക് കഴിയില്ല. പൂര്‍വിക സ്വത്ത് എന്നുതന്നെയാണ് വിധിയില്‍ പറയുന്നത്. പാരമ്പര്യമായി കൈമാറിക്കിട്ടിയ സ്വത്തിലാണ് എല്ലാമക്കള്‍ക്കും തുല്യാവകാശമുള്ളത്. ഏറ്റവും ശ്രദ്ധേയം 2004 ഡിസംബര്‍ 20 എന്ന കാലഗണന തന്നെയാണ്. അതിനുശേഷം ഇരുപതര വര്‍ഷത്തിനുള്ളില്‍ മരിച്ച എല്ലാവരുടേയും സ്വത്തുക്കള്‍ മക്കള്‍ക്കു തുല്യമായി വീതംവയ്‌ക്കേണ്ടി വരും. പല കുടുംബങ്ങളിലും അസ്വാരസ്യങ്ങള്‍ക്ക് അതു കാരണമാകും. പക്ഷേ, അതൊരു അനിവാര്യതയാണ്. ഒരു ബലംപിടിത്തവുമില്ലാതെ തുല്യമായി വീതംവയ്ക്കുക എന്നതാണ് സാമൂഹിക നീതിയും മനുഷ്യത്വവും.