

ചരിത്രം ചിലപ്പോൾ അങ്ങനെയാണ്; അധികാരത്തിന്റെ മട്ടുപ്പാവിലിരുന്ന് താഴെ നിൽക്കുന്നവനെ പുച്ഛിക്കുന്നവർക്ക് അറിയില്ല, ഒരു ചെറിയ പാറ്റച്ചിറകടിക്ക് പോലും എല്ലാം തകർത്തെറിയുന്ന ഒരു മഹാകൊടുങ്കാറ്റിനെ സൃഷ്ടിക്കാൻ കഴിയുമെന്ന്. അതെ, ആ കൊടുങ്കാറ്റ് ഇപ്പോൾ ഈ മണ്ണിൽ ആഞ്ഞടിച്ചിരിക്കുന്നു. 23 വിദ്യാർഥികളുടെ ജീവന് വിലകൊടുക്കാതെ ഭരണകെടുകാര്യസ്ഥത തുടർന്നിരുന്ന വിദ്യഭ്യാസ മന്ത്രാലയം ഭരിച്ച മന്ത്രി ധർമേന്ദ്ര പ്രധാന് പ്രതിഷേധത്തിരയിൽ പിടിച്ചുനിൽക്കാനാകാതെ രാജിവെക്കേണ്ടിവന്നിരിക്കുന്നു. പ്രക്ഷോഭം നയിച്ചിരുന്ന, സാമൂഹിക മാധ്യമ കൂട്ടായ്മയിൽ രൂപമെടുത്ത, കോക്രോച്ച് ജനത പാർട്ടി എന്ന സി.ജെ.പിയുടെ വിജയം ചരിത്രപരമാണ് എന്ന് പറയതെ വയ്യ. ഭരണ കെടുകാര്യസ്ഥതക്ക് മുമ്പിൽ നിഷ്ക്രിയമായി നിന്ന പ്രതിപക്ഷമുൾപ്പെടെ ജനസമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ചരിത്രപാഠം കൂടിയാണ് ഈ വിജയം സമ്മാനിക്കുന്നത്.
പാറ്റച്ചിറകടിയുടെ വിജയാരവം കേട്ടേ തീരൂ...
നീറ്റ് പരീക്ഷ ചേദ്യപേപ്പർ ചോർച്ച, വിദ്യാർഥികളുടെ ആത്മഹത്യ, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടി മന്ത്രിയുടെ രാജി ആവശ്യം ഉന്നയിക്കാനുള്ള രാഷ്ട്രീയ പരിസരം ഉരുത്തിരിഞ്ഞിട്ടും നിഷ്ക്രിയമായിപ്പോയ രാഷ്ട്രീയ പരിസരത്താണ് സി.ജെ.പിയുടെ ഉദയം. തൊഴിലില്ലാത്ത ചെറുപ്പക്കാരെ 'കോക്രോച്ച്' എന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശങ്ങൾ സി.ജെ.പി രൂപീകരണത്തിന് വഴിമരുന്നിട്ടു. അമേരിക്കയിലിരുന്ന് കൂട്ടായ്മക്ക് തുടക്കമിട്ട് തങ്ങളെല്ലാവരും 'പാറ്റകൾ' ആണെന്ന് അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചു. വളരെ വേഗം 'കോക്രോച്ച് ജനത പാർട്ടി' എന്ന ഓൺലൈൻ സറ്റയർ രാഷ്ട്രീയ കൂട്ടായ്മ രാഷ്ട്രീയരംഗം പിടിച്ചടക്കി. വളരെ കുറച്ചു ദിനങ്ങൾകൊണ്ട് അവർ സമൂഹ മാധ്യമങ്ങളിലും ചെറുപ്പക്കാർക്കിടയിലും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രവണതയായി മാറി. നീറ്റ് പരീക്ഷാ ചോർച്ചയെ തുടർന്ന് വിദ്യാർഥികൾ ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയ സി.ജെ.പിയുടെ ആദ്യ ഇടപെടലിലെ വിജയം കൂടിയാണ് മന്ത്രിയുടെ രാജി.
മന്ത്രിയെ തിരുത്തിയ രാഷ്ട്രീയ സാഹചര്യം
ലക്ഷക്കണക്കിന് യുവാക്കൾ സ്വയം 'കോക്രോച്ചുകൾ' എന്ന് വിശേഷിപ്പിച്ച് അണിനിരന്നമ്പോൾ, അവിടെ വെളിപ്പെട്ടത് ഒരു തലമുറയുടെ ആഴത്തിലുള്ള നിരാശയും വ്യവസ്ഥിതിയോടുള്ള അമർഷവുമാണ്. ഇത് ഇന്ത്യൻ യുവത്വത്തിന്റെ വിഹ്വലമായ മാനസികാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ രാഷ്ട്രീയ മുന്നറിയിപ്പാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അവർ അഭിമുഖീകരിക്കേണ്ടി വന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളോടുള്ള അവരുടെ പ്രതികരണം. വിലക്കയറ്റത്തിൽ ഉലയുന്ന കുടുംബങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, അസ്ഥിരമായ തൊഴിൽ സാഹചര്യങ്ങൾ, തുടർച്ചയാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകൾ, തകർന്നടിയുന്ന പൊതുസംവിധാനങ്ങൾ. എവിടെയും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയം പ്രകടമായപ്പോൾ യുവാക്കളുടെ ആത്മരോഷത്തെ വ്യവസ്ഥാപിതമായ ജനകീയ പ്രക്ഷോഭങ്ങളാക്കി മാറ്റുന്നതിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പാടെ പരാജയപ്പെട്ടതിന്റെ പരിണതിയാണ് ഇപ്പോൾ വിജയം കണ്ട ജെൻ സീ പ്രതിഷേധം.
ജനകീയ സമരത്തിന്റെ നാൾ വഴികൾ
ആദ്യ ദിവസങ്ങളിൽ വലിയ പ്രതിസന്ധികളിലൂടെയാണ് ഈ സംഘടന കടന്നുപോയത്. പ്രബലരായ രാഷ്ട്രീയ വൻമരങ്ങൾക്കിടയിൽ സി.ജെ.പിയുടെ ശബ്ദം പലപ്പോഴും മുങ്ങിപ്പോയി. അവർ ഉയർത്തിക്കൊണ്ടുവന്ന ജനകീയ വിഷയങ്ങളെ ഭരണകൂടം തികഞ്ഞ പുച്ഛത്തോടെയാണ് നേരിട്ടത്. സംശയ ദൃഷ്ടിയോടെ പ്രതിപക്ഷവും കൈയകലം പാലിച്ചു. എതിർപ്പുകളെയും അവഗണനകളെയും തങ്ങളുടെ പോരാട്ടവീര്യം കൂട്ടാനുള്ള ഇന്ധനമാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു എന്നതാണ് സി.ജെ.പിയെ വ്യത്യസ്തമാക്കിയത്..
അഭിജിത്ത് ദീപ്‌കെ ഇന്ത്യയിലെത്തി പ്രതിഷേധങ്ങൾ നയിച്ചു.. ആഴ്ചകൾ മാത്രം പ്രായമുള്ള പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഏടായിരുന്നു ഡൽഹിയിൽ നടന്ന ഐതിഹാസിക സമരം. ജൂൺ 28-ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകും വിവിധ വിദ്യാർഥി സംഘടനകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെ പ്രക്ഷോഭത്തിന്റെ വ്യാപ്തി വർധിച്ചു..
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20-ന് പ്രതിഷേധക്കാർ പാർലമെന്റിലേക്ക് 'ചലോ സൻസദ്' മാർച്ച് നടത്തി. ഈ മാർച്ചിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. കണ്ണീർവാതകവും ലാത്തിയും പെല്ലറ്റുകളും പ്രയോഗിച്ച് വിദ്യാർഥികളെ പോലീസ് ക്രൂര മർദനത്തിന് ഇരയാക്കി. സമരപ്പന്തൽ തകർത്തു. എന്നാൽ, ജൂലൈ 21-22 തീയതികളിൽ വിദ്യാർഥികൾ വീണ്ടും ജന്തർ മന്തർ പിടിച്ചെടുക്കുകയും സമരം തുടരുകയും ചെയ്തു. 26 ദിവസം നീണ്ട ഉപവാസത്തിനൊടുവിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സോനം വാങ്ചുക് കഴിഞ്ഞ ദിവസമാണ് നിരാഹാരം അവസാനിപ്പിച്ചത്. എങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ സി.ജെ.പി ഉറച്ചുനിന്നതോടെ യുവജന രോഷത്തെ പ്രതിരോധിക്കാനാകാതെ മോദി സർക്കാർ പാടുപെട്ടു. ഒടുവിൽ ചോദ്യപേപ്പർചോർച്ച കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം മുതൽ സമരക്കാരുമായി നേരിട്ട് ചർച്ച നടത്തുന്നത് വരെയുള്ള തന്ത്രങ്ങളിലൂടെ കേന്ദ്രം ഒത്തുതീർപ്പിന്റ പാതയിലേക്ക് മാറി.. വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയല്ലാതെ മറ്റ് ധാരണകൾക്കില്ലെന്ന് സി.ജെ.പി വ്യക്തമാക്കിയതോടെ ഒടുവിൽ സർക്കാരിന് വഴങ്ങേണ്ടി വന്നു..
ചരിത്രപരം ഈ വിജയം
ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ യുവതലമുറയുടെ പ്രതിഷേധം വിജയം കാണുമ്പോൾ, തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും ചൂണ്ടിക്കാട്ടി മറ്റ് രാജ്യങ്ങളിൽ ഉയർന്നുവന്ന 'ജെൻ സി' മുന്നേറ്റങ്ങൾ വലിയ ഓർമ്മപ്പെടുത്തലുകളാണ് നൽകുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക തകർച്ചയ്‌ക്കെതിരെ തെരുവിറങ്ങിയ ജനങ്ങളുടെ 'അരഗലയ' പ്രസ്ഥാനവും, വർഷങ്ങളായുള്ള സ്വേച്ഛാധിപത്യ ഭരണത്തിനും വിവാദ സംവരണ നയങ്ങൾക്കുമെതിരെ ബംഗ്ലാദേശിലെ വിദ്യാർഥികൾ നടത്തിയ വിപ്ലവകരമായ പ്രക്ഷോഭവും ഭരണകൂടങ്ങളെപ്പോലും അട്ടിമറിക്കാൻ ജെൻ സീ കാലത്തെ യുവശക്തിക്ക് കഴിയുമെന്ന് തെളിയിച്ച ചരിത്രങ്ങളാണ്. അതുപോലെതന്നെ, കെനിയയിൽ നികുതി വർധനവിനെതിരെയും, നേപ്പാളിൽ അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനും എതിരെ ജെൻ സി യുവാക്കൾ നടത്തിയ ശക്തമായ ചെറുത്തുനിൽപ്പുകളും ഭരണാധികാരികളെ നയങ്ങൾ തിരുത്താൻ നിർബന്ധിതരാക്കിയിരുന്നു. തൊഴിലില്ലായ്മയും അവകാശ നിഷേധങ്ങളും ഇന്ത്യയിലും ചർച്ചയാകുമ്പോൾ, ലോകത്തിന്റെ വിവിധ കോണുകളിൽ അടിച്ചമർത്തലുകളെ അതിജീവിച്ച് യുവാക്കൾ ഉയർത്തിയ ഇത്തരം ശബ്ദങ്ങൾ ജനാധിപത്യപരമായ മാറ്റങ്ങൾക്കായുള്ള വലിയൊരു രാഷ്ട്രീയ ചർച്ചയ്ക്ക് വഴിതുറക്കുന്നുണ്ട്.
ഇത് ജനങ്ങളുടെ വിജയം
വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന നിലക്ക് മാത്രമല്ല ഈ വിജയം വിലയിരുത്തേണ്ടത്. ധർമേന്ദ്ര പ്രധാൻ എന്ന മന്ത്രിയെ ഇത്രയും കാലം സംരക്ഷിച്ച അഭ്യന്തര മന്ത്രി അമിത് ഷാക്ക് ഏറ്റ കനത്ത ആഘാതം കൂടിയാണ് ഇത്. ധർമേന്ദ്ര പ്രധാൻ ബി.ജെ.പിയിലെ പ്രബലനായ ഒരു നേതാവാണ്. മാത്രമല്ല, ആർ.എസ്.എസിന്റെ മന്ത്രിസഭയിലെ പ്രധാന മുഖം കൂടിയാണ്. അദ്ദേഹത്തെപ്പോലൊരു സീനിയർ നേതാവിനെ സംരക്ഷിക്കുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു എന്നത് ബി.ജെ.പിക്ക് ഉള്ളിലും ചർച്ചകൾക്ക് വഴിതെളിക്കും. നരേന്ദ്ര മോദി - അമിത് ഷാ നേതൃത്വത്തിന് തങ്ങളുടെ ഒരു പ്രധാന ആർ.എസ്.എസ് നോമിനിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്നത് സംഘപരിവാറിനുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.
മുട്ടുമടക്കിയ കർഷക സമരത്തേക്കാൾ ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ച പ്രതിഷേധമാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തികളിൽ ഒരു വർഷത്തിലേറെയായി രാപ്പകൽ ഭേദമില്ലാതെ 2020ൽ നടത്തിയ സമരമായിരുന്നു അത്. ഒടുവിൽ കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വഴങ്ങി സർക്കാരിന് ആ വിവാദ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നു. സർക്കാരിന്റെ നയങ്ങൾക്കെതിരെ ഉയർന്ന ഏറ്റവും ശക്തമായ മറ്റ് ശബ്ദങ്ങളിലൊന്നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായി ഉയർന്ന സമരം. ഡൽഹിയിലെ ഷാഹീൻ ബാഗ് പോലുള്ള സമരവേദികൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. 12 വർഷം നീണ്ട എൻഡി.എ ഭരണത്തിലെ ഈ സമരചരിത്രത്തിനുള്ള തുടർച്ചയാണ് സി.ജെ.പിയുടെ വിദ്യാർഥി പ്രക്ഷോഭ വിജയം. ജനകീയ പ്രതിഷേധത്തിന്റെ തീജ്വാലയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നത് സി.ജെ.പിയുടെ നാൾവഴികളിലെ ഏറ്റവും തിളക്കമാർന്ന അധ്യായമായിരിക്കും. ജനാധിപത്യത്തിൽ അന്തിമമായി ജനങ്ങൾക്കാണ് യഥാർത്ഥ അധികാരം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വിജയം..