

കേരളത്തിലെ നെല്‍കൃഷി എന്നത് ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനവും കര്‍ഷകരുടെ ഉപജീവനവും മാത്രമല്ല അത് ജലസംരക്ഷണത്തിന്റെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെയും കാലാവസ്ഥാ പ്രതിരോധത്തിന്റെയും അവിഭാജ്യ ഘടകവുമാണ്. വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകന് മാന്യമായ വരുമാനം ലഭിച്ചെങ്കില്‍ മാത്രമേ നെല്‍വയലുകളെ നമുക്ക് നിലനിര്‍ത്താനാവുകയുള്ളൂ. നമ്മുടെ പരിസ്ഥിതിയുടെ മൂലഘടകങ്ങളില്‍ ഒന്നായ നെല്‍പാടങ്ങളെ സംരക്ഷിച്ചുപോരുന്ന കര്‍ഷകരെ ഇല്ലായ്മ ചെയ്തേക്കാവുന്ന ഒരു ഉത്തരവ് കൂടി കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നു. രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാല്‍, നെല്ലുസംഭരണത്തിനായി കേരളം നല്‍കുന്ന പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ കര്‍ഷകരെ ബാധിക്കുന്ന വ്യവസ്ഥകള്‍ക്ക് വഴിപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്തെ നെല്‍കര്‍ഷകരെ കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തന്നെ കാരണമായേക്കാവുന്ന ഗുരുതര നിര്‍ദേശം വന്നത്. കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ ഇനി പാടത്തേക്കില്ല, എന്ന് പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ ഇനിയും സജീവചര്‍ച്ചയാകാതെ കര്‍ഷകരുടെ കഴുത്തില്‍ കത്തിവെക്കുന്ന ആ വിഷയമാണ് ഇന്നത്തെ സ്പോട്ട് ലൈറ്റ് പരിശോധിക്കുന്നത്.
കര്‍ഷകര്‍ക്ക് ഒരു ഏക്കര്‍ കൃഷിയിറക്കി കൊയ്ത്തു കഴിയുമ്പോഴേക്കും എത്ര ചെലവ് വരുന്നുണ്ടെന്നറിയാമോ? മൂന്നുലക്ഷത്തിലധികം രൂപ, ഒരു സീസണിലെ കൃഷി കഴിഞ്ഞ് സംഭരണവില കിട്ടിയാല്‍ മാത്രമേ അടുത്ത വിളയ്ക്കുള്ള പണികള്‍ ആരംഭിക്കാനാവൂ എന്നതാണ് അവസ്ഥ. കടം വാങ്ങിയും വായ്പയെടുത്തും മറ്റുമാണ് മിക്കവാറും കര്‍ഷകരും കൃഷിയിറക്കുന്നത്. ഈ അവസ്ഥക്ക് കര്‍ഷര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മിനിമം താങ്ങുവിലയ്ക്ക് പുറമെ, കേരള സര്‍ക്കാര്‍ നെല്‍ കര്‍ഷകര്‍ക്ക് അധികമായി നല്‍കുന്ന തുകയാണ് നെല്ല് ഉല്‍പാദന ബോണസ്. ഉല്‍പാദനച്ചെലവ് കൂടുതലായതിനാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാനാണ് ഈ തുക നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് നിശ്ചയിച്ചിട്ടുള്ള തുക 23 രൂപ 69 പൈസയാണ്. സംസ്ഥാന സര്‍ക്കാര്‍ 6 രൂപ 31 പൈസ സംസ്ഥാന പ്രോത്സാഹന വിഹിതമായി കൂടി നല്‍കുന്നത് കൊണ്ടാണ് കര്‍ഷകര്‍ക്ക് ഒരു കിലോ നെല്ലിന് 30 രൂപ സംഭരണവിലയായി ലഭിക്കുന്നത്. സംസ്ഥാനം നല്‍കുന്ന അധിക തുക നിര്‍ത്തലാക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കാര്‍ഷിക വില നിര്‍ണയ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നെല്ലിന്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 21.46 രൂപയാണ്. ഇതിന്റെ ഒന്നര ഇരട്ടി കണക്കാക്കിയാണ് താങ്ങുവില നിശ്ചയിക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ലിന് കുറഞ്ഞത് 32.19 രൂപ കിലോഗ്രാമിന് ലഭിക്കണം. ഈ സാഹചര്യത്തിലാണ് നെല്ലിന്റെ സംഭരണവില 40 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ആവശ്യം കേന്ദ്രം മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 20 മുതല്‍ നെല്ല് നല്‍കിയ മുഴുവന്‍ കര്‍ഷകര്‍ക്കും കിലോയ്ക്ക് 30 രൂപവീതം കൊടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നവംബര്‍ ഒന്നു മുതലാണ് സംഭരണ വില 28.20 രൂപയില്‍നിന്ന് 30 ആക്കിയത്.
മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്രം താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ കേരളം അതിന് ആനുപാതികമായി ഉല്‍പാദന പ്രോത്സാഹന ബോണസില്‍ വെട്ടിക്കുറവ് വരുത്തുക പതിവുണ്ട്. ഇത് കര്‍ഷക സംഘടനകള്‍ ചോദ്യം ചെയ്യാറുമുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ 2015-16 സീസണില്‍ പ്രോത്സാഹന ബോണസ് കിലോയ്ക്ക് 7.40 രൂപയായിരുന്നു. 2016-17 ല്‍ 40 പൈസ വര്‍ധിപ്പിച്ച് 7.80 രൂപയാക്കി ഉയര്‍ത്തി. തൊട്ടടുത്ത രണ്ടു വര്‍ഷങ്ങളിലും പ്രോത്സാഹന ബോണസ് ഉയര്‍ത്തിയില്ലെങ്കിലും 2019-20ല്‍ ഒരു രൂപയുടെ വര്‍ധനവ് വരുത്തി 8.80 രൂപയാക്കി ഉയര്‍ത്തി. 2020-21 അതെ സ്ഥിതി തുടര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹന വിഹിതം വെട്ടികുറക്കല്‍ ആരംഭിച്ചത്. മുന്‍വര്‍ഷത്തെ സംസ്ഥാന വിഹിതത്തില്‍ നിന്ന് 2021-22ല്‍ 20 പൈസ കുറച്ച് 8.60 രൂപയാക്കി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 80 പൈസ കുറച്ചു. പിന്നീട് 1.43 രൂപ കുറച്ചതോടെ 2023-24ല്‍ സംസ്ഥാനവിഹിതം 6.37 രൂപയായി കുറഞ്ഞു. 2024-25ല്‍ 5.20 രുപയായി കുറവ് വരുത്തി.
നെല്ല് നല്‍കിയിട്ടും ബാങ്കിനും സപ്ലൈകോയ്ക്കും ഇടയില്‍പ്പെട്ട് പണം കിട്ടാതെ നട്ടംതിരിയുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാരിന്റെ കരാറനുസരിച്ചുള്ള വായ്പാപരിധി അവസാനിച്ചതിനാല്‍ ബാങ്കുകള്‍ നെല്ല് കൈപ്പറ്റ് രശീതി എന്ന പി.ആര്‍.എസ്. നല്‍കാനാവില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ബാങ്കുകള്‍. കഴിഞ്ഞ സീസണില്‍ കര്‍ഷകര്‍ക്ക് നല്‍കിയ നെല്ലിന്റെ പണം സംസ്ഥാന സര്‍ക്കാര്‍ കരാര്‍ കാലാവധിക്കുള്ളില്‍ ബാങ്കുകള്‍ക്ക് നല്‍കാത്തതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ഇത് സപ്ലൈകോ തിരിച്ചുനല്‍കുന്ന മുറക്കു മാത്രമേ പുതിയ പി.ആര്‍.എസുകളില്‍ ബാങ്ക് പണമനുവദിക്കൂ എന്നാണ് കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന മറുപടി.
സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍, ബാങ്കുകള്‍ നല്‍കുന്ന വായ്പയിലാണ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. മില്ലുകാര്‍ നെല്ല് കൊണ്ടുപോയി നല്‍കുന്ന കണക്കുപ്രകാരം ബാങ്കുകളില്‍നിന്നു ലഭിക്കുന്ന പി.ആര്‍.എസ്. അടിസ്ഥാനമാക്കിയാണ് പിന്നീട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് സംഭരണവില നല്‍കുന്നത്. തുക നിശ്ചിത കാലാവധിക്കുള്ളില്‍ സപ്ലൈകോ, ബാങ്കുകള്‍ക്ക് നല്‍കുമെന്നാണ് കരാര്‍. ഇത് വീഴ്ചവന്നതോടെ പ്രതിസന്ധിയിലായ കര്‍ഷര്‍ക്ക് പ്രോത്സാഹന ബോണസ് വിലക്കാനുള്ള കേന്ദ്ര നിര്‍ദേശം ഇരുട്ടടിയാകുമെന്നുറപ്പാണ്. അഞ്ചുവര്‍ഷത്തിനിടെ നെല്ല് സംഭരിച്ചവകയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹന ബോണസായി കര്‍ഷകര്‍ക്ക് നല്‍കിയത് 2405.08 കോടി രൂപയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2025 -26ല്‍ 73 കോടികൂടി ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 2017 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള തുക കുടിശ്ശികയാണ്. 1344 കോടിരൂപയാണ് കുടിശ്ശികയെന്നും നടപടികള്‍ താളം തെറ്റാന്‍ കാരണം ഈ കുടിശ്ശികയാണെന്നും സംസ്ഥാനം കുറ്റപ്പെടുത്തുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യ-യു.എസ് വ്യാപാര ധാരണകളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇന്ത്യ, അമേരിക്കയില്‍ നിന്ന് കൂടുതല്‍ കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങുമെന്നും ഇന്ത്യന്‍ ആഭ്യന്തര കാര്‍ഷിക വിപണി യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നും കരാറിലുണ്ട്. ഇന്ത്യന്‍ ഭരണഘടന പ്രകാരം കൃഷി ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ കാര്‍ഷിക മേഖലയെ നേരിട്ട് ബാധിക്കുന്ന ഏതൊരു അന്താരാഷ്ട്ര വ്യാപാര കരാറിനും സംസ്ഥാന സര്‍ക്കാരുകളുമായി സമഗ്രമായ കൂടിയാലോചന അനിവാര്യമാണ്. എന്നാല്‍ അത്തരം കൂടിയാലോചന നടന്നിട്ടില്ല. മാത്രമല്ല, കാര്‍ഷിക മേഖലക്ക് കേന്ദ്ര ബജറ്റിലും ഇടംകിട്ടിയിട്ടില്ല. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക പ്രോത്സാഹന ബോണസില്‍ കത്തിവെച്ചുള്ള കേന്ദ്രതീരുമാനം വരുന്നത്. കര്‍ഷകരുടെ യഥാര്‍ത്ഥ ഉത്പാദനച്ചെലവ് അംഗീകരിക്കാതെ, ഉത്പാദനം വര്‍ധിക്കുന്നു എന്ന പേരില്‍ സഹായം വെട്ടിക്കുറക്കുന്നത് സാമൂഹികനീതിക്കെതിരായ സമീപനമാണ്. നെല്‍കര്‍ഷകരെ ദുരിതത്തിലാഴ്ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിട്ടൂരത്തെ അവഗണിക്കാന്‍ കര്‍ഷക ശബ്ദം ഉയര്‍ന്നേ തീരൂ.