പൂട്ടു വീഴുന്ന എൻജിനീയറിങ്​ കോളേജുകൾ; പുതുവഴി തേടുന്ന ഉന്നത വിദ്യാഭ്യാസം

കേവലം സർട്ടിഫിക്കറ്റിനപ്പുറം നൈപുണ്യത്തിനും തൊഴിൽക്ഷമതയ്ക്കും വിദ്യാർഥികളും രക്ഷിതാക്കളും മുൻഗണന നൽകാൻ തുടങ്ങിയിരിക്കുന്നു...
പൂട്ടു വീഴുന്ന എൻജിനീയറിങ്​ കോളേജുകൾ; പുതുവഴി തേടുന്ന ഉന്നത വിദ്യാഭ്യാസം
Published on
Updated on

2025-26 അധ്യയന വർഷത്തിൽ രാജ്യത്തുടനീളം 58 എൻജിനീയറിങ്, ടെക്‌നിക്കൽ കോളേജുകളാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ എന്ന AICTE അടച്ചുപൂട്ടിയത്. വിദ്യാർഥികളുടെ കുറവ്, ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ എന്നിവയാണ് കോളേജുകൾ പൂട്ടാൻ കാരണമായത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയൊരു നിശബ്ദ പരിവർത്തനത്തിന് നാം സാക്ഷിയാവുകയാണ്. കേവലം ബിരുദ സർട്ടിഫിക്കറ്റിനപ്പുറം നൈപുണ്യത്തിനും തൊഴിൽക്ഷമതയ്ക്കും വിദ്യാർഥികളും രക്ഷിതാക്കളും മുൻഗണന നൽകാൻ തുടങ്ങിയതോടെ പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു. വിദേശ പഠനം തേടിയും ജോലി സാധ്യതയുള്ള പുതുകോഴ്സുകൾ യുവജനങ്ങൾ തേടിപ്പോയതും അടച്ചുപൂട്ടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.

അടച്ചുപൂട്ടിയ എൻജിനീയറിങ് കോളേജുകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 12 കോളേജുകൾ വീതം പൂട്ടിയിട്ടുണ്ട്. മധ്യപ്രദേശിൽ എട്ടും, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നാല് വീതവും കോളേജുകൾക്ക് പൂട്ടുവീണു.. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ രണ്ട് വീതവും ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോ കോളേജുകൾ വീതവുമാണ് അടച്ചുപൂട്ടിയത്. പൂട്ടിയ 58 സ്ഥാപനങ്ങളിൽ മൂന്നെണ്ണം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നവയും ബാക്കിയുള്ളവ സ്വകാര്യ ധനസഹായത്തോടെ പ്രവർത്തിക്കുന്നവയുമാണ്. ഇവ കൂടാതെ രാജ്യത്തെ വിവിധ ടെക്‌നിക്കൽ-എൻജിനീയറിങ് കോളേജുകളിലായി നിലവിലുണ്ടായിരുന്ന 950-ലധികം കോഴ്‌സുകളും ഇതോടൊപ്പം നിർത്തലാക്കിയിട്ടുണ്ട്.

'പ്രോഗ്രസീവ് ക്ലോഷർ' രീതിയിലാണ് ഈ കോളേജുകൾ പൂട്ടിയിരിക്കുന്നത്. ഇതനുസരിച്ച് ഈ അധ്യയന വർഷം മുതൽ പുതിയ വിദ്യാർഥികൾക്ക് ഒന്നാം വർഷത്തിലേക്ക് പ്രവേശനം നൽകില്ല. എന്നാൽ നിലവിൽ ഈ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ കോഴ്‌സുകൾ പൂർത്തിയാക്കാനും ബിരുദം നേടാനും യാതൊരു തടസ്സവുമുണ്ടാകില്ലെന്ന് എ.ഐ.സി.ടി.ഇ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടികളെത്തുന്നത്.

പൂട്ടു വീഴുന്ന എൻജിനീയറിങ്​ കോളേജുകൾ; പുതുവഴി തേടുന്ന ഉന്നത വിദ്യാഭ്യാസം
ആര്‍എസ്എസ് ഓഡിറ്റിങ്ങിന് വിധേയമാകേണ്ടേ?

കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യയിലെ എന്‍ജിനീയറിങ് സീറ്റുകളിൽ ഏകദേശം 44 ശതമാനവും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ പ്രതിസന്ധി എന്‍ജിനീയറിങ്ങില്‍ മാത്രം ഒതുങ്ങുന്നില്ല. നൂറിലധികം ആർക്കിടെക്ചർ കോളേജുകൾ സമീപകാലത്തായി പൂട്ടിപ്പോയി.. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മുന്നൂറിലധികം മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ് ഇല്ലാതായത്. അധ്യാപക പരിശീലന രംഗത്തും കടുത്ത പ്രതിസന്ധിയുണ്ട്; മഹാരാഷ്ട്രയിൽ മാത്രം 295 ബി.എഡ് കോളേജുകൾക്ക് അംഗീകാരം നഷ്ടപ്പെട്ടു.. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും വിദ്യാർഥികളുടെ കുറവ് മൂലവും നിരവധി പൊതു സർവ്വകലാശാലകൾ കോളേജുകൾക്കുള്ള അഫിലിയേഷൻ മരവിപ്പിച്ചിരിക്കുകയാണ്.. നിയമവിദ്യാഭ്യാസ രംഗത്തും കർശനമായ ഗുണനിലവാര പരിശോധനകൾ നടക്കുന്നതിനാൽ പുതിയ കോളേജുകൾക്ക് അനുമതി ലഭിക്കുന്നില്ല.

ലക്ഷങ്ങൾ മുടക്കി എന്‍ജിനീയറിങ്ങും മാനേജ്‌മെന്റും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം വിദ്യാർഥികൾക്കും ഇന്ന് വിപണിയിൽ ലഭിക്കുന്നത് വളരെ കുറഞ്ഞ ശമ്പളമുള്ള പ്രാരംഭ ജോലികളാണ്.. വിദ്യാഭ്യാസത്തിനായി എടുത്ത ലോൺ പോലും തിരിച്ചടയ്ക്കാൻ കഴിയാത്ത ഈ സാഹചര്യം വലിയൊരു വിഭാഗം ആളുകളെ ഇത്തരം കോഴ്‌സുകളിൽ നിന്ന് പിന്നോട്ട് വലിയാൻ പ്രേരിപ്പിക്കുന്നു. ഇത് കോളേജുകളുടെ മാത്രം തെറ്റല്ല, മറിച്ച് തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ കൂടിയാണ്.. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സ്വകാര്യ സ്വാശ്രയ കോളേജുകൾക്ക് അനിയന്ത്രിതമായി അനുമതി നൽകിയതിന്റെ ഫലമായാണ് ഇന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. കൃത്യമായ ആസൂത്രണമില്ലാതെ ഡിമാൻഡിനേക്കാൾ കൂടുതൽ സപ്ലൈ ഉണ്ടായതാണ് ഈ തകർച്ചയ്ക്ക് കാരണം. നഗരങ്ങളിലെ വൻകിട സ്വകാര്യ സർവ്വകലാശാലകൾക്ക് ഇൻഫ്രാസ്ട്രക്ചറും പ്ലേസ്‌മെന്റും ഒരുക്കാൻ സാധിക്കുമ്പോൾ, ഗ്രാമീണ മേഖലയിലെ സാധാരണ കോളേജുകൾക്ക് അതിന് കഴിയുന്നില്ല.. വെറുമൊരു ബിരുദം കൊണ്ട് മാത്രം ജോലി കിട്ടാത്ത അവസ്ഥയാണ് ഇന്നുള്ളത്.. ഇൻഡസ്ട്രിക്ക് ആവശ്യമുള്ള പ്രായോഗിക നൈപുണ്യമില്ലാത്ത വിദ്യാർഥികൾക്ക് ക്യാമ്പസ് സെലക്ഷൻ ലഭിക്കുന്നില്ല.. ആവശ്യത്തിന് ലാബ് സൗകര്യങ്ങളോ യോഗ്യതയുള്ള അധ്യാപകരോ ഇല്ലാതെ, വെറും ബിസിനസ്സ് ലക്ഷ്യത്തോടെ തുടങ്ങിയ ഒട്ടനവധി സ്വാശ്രയ കോളേജുകൾ ഇന്ത്യയിലുടനീളമുണ്ട്.

പൂട്ടു വീഴുന്ന എൻജിനീയറിങ്​ കോളേജുകൾ; പുതുവഴി തേടുന്ന ഉന്നത വിദ്യാഭ്യാസം
വഖഫിൽ സർക്കാർ കേന്ദ്രത്തിന് കീഴടങ്ങിയോ?

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ അസ്ഥിരതയും തൊഴിലില്ലായ്മയും കാരണം ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഓരോ വർഷവും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. ലക്ഷക്കണക്കിന് രൂപ കൊടുത്ത് നാട്ടിലെ നിലവാരം കുറഞ്ഞ കോളേജുകളിൽ പഠിക്കുന്നതിനേക്കാൾ നല്ലത്, വിദേശത്ത് പോയി പഠിച്ച് അവിടെത്തന്നെ പാർട്ട് ടൈം ജോലി ചെയ്ത് പണം കണ്ടെത്താമെന്ന് ഏറെ വിദ്യാർഥികളും ചിന്തിക്കുന്നു. പഠനതിനുശേഷം അതാത് രാജ്യങ്ങളിൽ ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനുമുള്ള സാധ്യതകളും വിദ്യാർഥികളെ ആകർഷിക്കുന്നു. ഇതാണ് ഇടത്തരം കുടുംബങ്ങളിൽ പോലും വിദേശ പഠന ഭ്രമം പടർത്തിയത്.

കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ വിദ്യാർഥികൾ വിദേശത്തേക്ക് ചേക്കേറുന്നത് നാട്ടിലെ കോളേജുകളിലെ പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. യു.കെ, യു.എസ്.എ, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ രീതി ഇപ്പോഴും തിയറികൾക്ക് പ്രാധാന്യം നൽകുമ്പോൾ, വിദേശ സർവ്വകലാശാലകൾ പ്രായോഗിക അറിവുകൾക്കും ഗവേഷണങ്ങൾക്കും മുൻഗണന നൽകുന്നുവെന്നതാണ് വിദ്യാർഥികൾ കാണുന്ന ഗുണപരമായ മെച്ചം. എന്നാൽ വിദേശ പഠനമെന്ന പേരിൽ കൂണുപോലെ മുളച്ചുപൊന്തിയ കരിയർ ഗൈഡൻസ് ശൃംഖലകൾ ലക്ഷങ്ങളാണ് ഇടനിലക്കാരായി കൊയ്യുന്നത്. അംഗീകാരമില്ലാത്ത സർവകലാശാലകളിലെ സർട്ടിഫിക്കറ്റുകളും, മോശം വിദ്യഭ്യാസ സാഹചര്യവും വ്യാജ വിസയും മറ്റും നൽകി വ്യാപക കബളിപ്പിക്കൽ ഈ മേഖലയിൽ നടക്കുന്നുണ്ട്... സമ്പാദ്യവും ഭൂമിയും പണയപ്പെടുത്തി വായ്പയെടുത്ത് പ്രതീക്ഷയോടെ പറഞ്ഞയച്ച സാധാരണക്കാരുടെ കുടുംബങ്ങളാണ് ഇതിലെ ഭൂരിഭാഗം ഇരകളും.

ഇന്നത്തെ വിദ്യാർഥികൾ 9-ടു-5 കോർപ്പറേറ്റ് ജോലികൾ മാത്രം ലക്ഷ്യമിട്ടല്ല പഠിക്കുന്നത്.. കണ്ടന്റ് ക്രിയേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലേക്ക് ഡിഗ്രി ഇല്ലാത്തവർ പോലും കടന്നുവരുന്നു. കഴിവുണ്ടെങ്കിൽ യൂട്യൂബിലൂടെയോ ഫ്രീലാൻസ് പ്ലാറ്റ്‌ഫോമുകളിലൂടെയോ വരുമാനമുണ്ടാക്കാം എന്ന് വരുന്നത് പരമ്പരാഗത ഡിഗ്രികളുടെ തിളക്കം കുറയ്ക്കുന്നു.. വലിയ ശമ്പളമുള്ള ക്യാമ്പസ് സെലക്ഷനേക്കാൾ സ്വന്തമായി സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്.. കോളേജുകളിലെ ഇൻകുബേഷൻ സെന്ററുകളുടെ ഗുണനിലവാരം നോക്കിയാണ് പലരും ഇപ്പോൾ അഡ്മിഷൻ എടുക്കുന്നത്.

പല ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളും വിവിധ കോഡിംഗ് ബൂട്ട്ക്യാമ്പുകളും 6 മാസം കൊണ്ട് വ്യവസായത്തിന് അനുയോജ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്.. നാല് വർഷം എന്‍ജിനീയറിങ്ങിന് ചിലവഴിക്കുന്നതിനേക്കാൾ വേഗത്തിൽ ഇത്തരം കോഴ്‌സുകൾ വഴി ജോലി ലഭിക്കുമെന്നത് പരമ്പരാഗത കോളേജുകൾക്ക് വലിയ വെല്ലുവിളിയാണ്.. ലോകത്തെ മുൻനിര കമ്പനികൾ പലതും ഇപ്പോൾ ജോലിക്കായി 'ഡിഗ്രി നിർബന്ധമല്ല, സ്കിൽ മതി' എന്ന പോളിസിയിലേക്ക് മാറിയിട്ടുണ്ട്. ഇത് ഇന്ത്യൻ ഉദ്യോഗാർഥികളിൽ വലിയ സ്വാധീനം ചെലുത്തുന്നു.

പൂട്ടു വീഴുന്ന എൻജിനീയറിങ്​ കോളേജുകൾ; പുതുവഴി തേടുന്ന ഉന്നത വിദ്യാഭ്യാസം
ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട് ബിജെപി

മാറുന്ന സാങ്കേതികവിദ്യയ്ക്ക് അനുസരിച്ച് വിദ്യാർഥികളെ പഠിപ്പിക്കാൻ തക്ക യോഗ്യതയുള്ള ട്യൂട്ടർമാരുടെ വലിയൊരു ക്ഷാമം രാജ്യത്തുണ്ട്. കാലത്തിനനുസരിച്ച് സ്ഥാപനങ്ങളും അധ്യാപകരും തങ്ങളുടെ സ്കില്ലുകൾ വികസിപ്പിക്കേണ്ടതുണ്ട്. പല സ്ഥാപനങ്ങളിലും അധ്യാപകരെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയ ഉടനെ, അടിസ്ഥാനപരമായ അറിവ് പോലുമില്ലാത്ത ഇത്തരം താല്ക്കാലിക അധ്യാപകരെ വെച്ച് മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളിൽ മിടുക്കരായ വിദ്യാർഥികൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും രാഷ്ട്രീയക്കാരുടെ ഉടമസ്ഥതയിലാണ്. ലാഭക്കൊതി മാത്രമാണ് പലപ്പോഴും മാനദണ്ഡമാകുന്നത്. ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതും കൃത്യമായ അക്കാദമിക് പ്ലാനിംഗോ മികച്ച അധ്യാപകരോ ഇല്ലാത്തതുമായ മോശം വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഉന്നത വിദ്യഭ്യാസ മേഖലയെ പിറകോട്ടടിപ്പിക്കുന്നത് .... പൊതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണനിലവാരം ഉയർത്തേണ്ടതുണ്ട്.. ഇതിനായി കൃത്യമായ പ്ലാനിംഗും സ്കിൽ അധിഷ്ഠിത കരിക്കുലവും ആവശ്യമാണ്.

ഈ പ്രതിസന്ധിയെ മറികടക്കാനും വിദ്യാഭ്യാസ രംഗം കാലോചിതമായി പരിഷ്കരിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്. കോഴ്‌സുകളുടെ ഭാഗമായി നിർബന്ധിത ഇന്റേൺഷിപ്പുകളും പ്രായോഗിക പരിശീലനങ്ങളും ഉൾപ്പെടുത്തി. AI, ഡാറ്റ സയൻസ്, റോബോട്ടിക്സ് തുടങ്ങിയ ഭാവി കോഴ്‌സുകൾക്ക് മുൻഗണന നൽകുന്നു. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ IIT-കൾ വിദേശത്ത് ക്യാമ്പസുകൾ തുടങ്ങുന്നതിനൊപ്പം, ലോകത്തെ മുൻനിര വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാനുള്ള അനുമതിയും സർക്കാർ നൽകിക്കഴിഞ്ഞു... വിദേശത്ത് പോകാതെ തന്നെ ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ കുറഞ്ഞ ചിലവിൽ ലഭ്യമാകുമ്പോൾ, ആഭ്യന്തര സർക്കാർ-സ്വകാര്യ കോളേജുകളുടെ ഭാവി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്... .കേവലം ബിരുദങ്ങൾ വിതരണം ചെയ്യുന്ന ഫാക്ടറികളായി മാറാതെ, ആഗോള നിലവാരമുള്ള ഗവേഷണങ്ങൾക്കും വ്യവസായ പങ്കാളിത്തത്തോടെയുള്ള പ്രായോഗിക പരിശീലനങ്ങൾക്കും ഇന്ത്യൻ സർവ്വകലാശാലകൾ തയ്യാറായാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകൂ...

News Malayalam 24x7
newsmalayalam.com