സതീശന് കടിഞ്ഞാണിടാൻ പുതിയ കെപിസിസി പ്രസിഡന്റ്? കോൺഗ്രസിൽ അധികാര വടംവലി

കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവം. അധ്യക്ഷ സ്ഥാനത്തേക്ക് താൽപര്യം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്. വി.ഡി. സതീശന്റെ അധികാരത്തെ നിയന്ത്രിക്കാൻ പുതിയ അധ്യക്ഷനെ കൊണ്ടുവരുമോ?
Kerala Congress Group Politics
Published on: 
Updated on: 

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് കടുത്ത അധികാര വടംവലിയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോള്‍, ഭരണനേട്ടങ്ങള്‍ക്കപ്പുറം തിരുവനന്തപുരത്തും ഡല്‍ഹിയിലും ചര്‍ച്ചയാകുന്നത് പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള അണിയറ നീക്കങ്ങളാണ്. ദേശീയ തലത്തിലെ പ്രക്ഷോഭങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത് എന്ന് ഹൈകമാന്‍ഡ് ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞും അല്ലാതെയും അവകാശവാദം രഹസ്യമായും പരസ്യമായും ഉന്നയിക്കുന്നു. നേതാക്കളെ കൊണ്ട് മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് ഇല്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാനാവില്ലെന്ന് പറയിപ്പിക്കുന്നു. ഇപ്പോഴിതാ കെപിസിസി അധ്യക്ഷനാകാനുള്ള താല്‍പര്യം വീണ്ടും പരസ്യമാക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ് എംപി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ആളാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു. പിന്നാലെ കൊടിക്കുന്നിലിന് പ്രസിഡന്റാകാന്‍ എന്താണ് അയോഗ്യത എന്നും ചോദ്യം ഉയര്‍ത്തുന്നുണ്ട് മന്ത്രി കെ. മുരളീധരന്‍. കെപിസിസി പുനഃസംഘടന തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് എ.പി.അനില്‍കുമാറും പ്രതികരിച്ചിരിക്കുന്നു.

Kerala Congress Group Politics
SPOTLIGHT | വൈദ്യുതി പ്രതിസന്ധി: നുണ പറയുന്നത് ആര് ?

സതീശന് തടയിടാന്‍ പുതു പ്രസിഡന്റ് എത്തുമോ?

കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍, സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ അതിശക്തരാകുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ കരുത്തനായ ഒരു പി.സി.സി അധ്യക്ഷനെ നിയോഗിക്കുക എന്നത് ഹൈക്കമാന്‍ഡിന്റെ കാലങ്ങളായുള്ള തന്ത്രമാണ്. 1963-ല്‍ നെഹ്റു നടപ്പിലാക്കിയ കാമരാജ് പദ്ധതിയും, പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലത്തെ വെട്ടിനിരത്തലുകളും മുതല്‍ സമീപകാലത്ത് പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെതിരെ സിദ്ധുവിനെയും രാജസ്ഥാനില്‍ ഗെഹ്ലോട്ടിനെതിരെ സച്ചിന്‍ പൈലറ്റിനെയും ഇറക്കിയത് വരെ ഈ അധികാര സന്തുലനത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലും ഉമ്മന്‍ചാണ്ടി ജനപ്രീതിയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ 2014-ല്‍ വി.എം. സുധീരനെയും പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈക്കമാന്‍ഡ് നിയോഗിച്ചത് പ്രാദേശിക നേതൃത്വം ഹൈക്കമാന്‍ഡിന് മുകളില്‍ വളരാതിരിക്കാനായിരുന്നു. ഇന്ന് ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള കേരളത്തില്‍, വി.ഡി. സതീശന്‍ എന്ന ഒരൊറ്റ നേതാവ് മാത്രം പ്രബലനാകരുതെന്ന ചിന്ത ഹൈക്കമാന്‍ഡിനുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇന്ന് ഹൈക്കമാന്‍ഡ് എന്നാല്‍ അത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സ്വാധീനത്തില്‍ തന്നെയാണ്. കൈപ്പിടിയില്‍ നിന്ന് മാറിയ മുഖ്യമന്ത്രി പദത്തിന്റെ മുന്‍ അനുഭവം അലട്ടുന്ന കെസി വേണുഗോപാല്‍ ഹൈക്കമാന്‍ഡിന് പൂര്‍ണ്ണ വിശ്വാസമുള്ള, അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ മടിയില്ലാത്ത ഒരാളെയാണ് കെപിസിസി പ്രസിഡന്റായി കൊണ്ടുവരിക എന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

Kerala Congress Group Politics
സണ്ടിയർ: ജാത്യാഭിമാന പ്രതിക്കൂട്ടിൽ കമൽഹാസൻ?

എല്ലാം പ്രസിഡന്റിന് വേണ്ടി

ദീപാവലിക്ക് പിന്നാലെ കെപിസിസിക്ക് പുതിയ അധ്യക്ഷനുണ്ടാകുമെന്നും ഇക്കാര്യത്തില്‍ പ്രതിസന്ധികളില്ലെന്നും എഐസിസി സെക്രട്ടറി പി.വി മോഹന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ പദവിയെച്ചൊല്ലിയുള്ള ചര്‍ച്ചകളും ഭിന്നാഭിപ്രായങ്ങളും സജീവമായത്. ഇപ്പോഴിതാ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ താന്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷ സ്ഥാനത്തേക്കുള്ള താല്‍പര്യം വീണ്ടും പരസ്യമാക്കിയിരിക്കുന്നു. കെപിസിസി പുനഃസംഘടന തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡെന്നായിരുന്നു എ.പി.അനില്‍കുമാറിന്റെ പ്രതികരണം. അതേസമയം, എഐസിസിയുടെ 'ഒറ്റപദവി' നയം ചൂണ്ടിക്കാട്ടി മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്ന നിലപാടിലാണ് ജോസഫ് വാഴയ്ക്കന്‍. മാത്രമല്ല, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍, എംപിമാരും എംഎല്‍എമാരും വേണ്ടെന്നത് ജോസഫ് വാഴയ്ക്കന്റെ സ്വന്തം നിലപാടാണെന്നും മന്ത്രി എ.പി അനില്‍കുമാറിനും അധ്യക്ഷനാകാന്‍ യോഗ്യതയുണ്ടെന്നും കെ. സുധാകരന്‍ പ്രതികരിച്ചപ്പോള്‍, അനില്‍കുമാറിന്റെ പേരുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല. മന്ത്രിമാരില്‍ നിന്ന് അധ്യക്ഷന്‍ വേണ്ടെന്നും പാര്‍ട്ടിയില്‍ നേതൃദാരിദ്ര്യമില്ലെന്നും വ്യക്തമാക്കിയ മുല്ലപ്പള്ളി രാമചന്ദ്രന്‍, പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്തംഭനാവസ്ഥയിലാണെന്നും കാര്യങ്ങള്‍ അറിഞ്ഞിട്ടും കെ.സി വേണുഗോപാല്‍ നടപടിയെടുക്കുന്നില്ലെന്നും വിമര്‍ശിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ദേശീയ തലത്തില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ നയിക്കുന്നതിനാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നായിരുന്നു കെപിസിസി പുനഃസംഘടനയുമായി ചോദിച്ചപ്പോഴുള്ള കെസി വേണുഗോപാലിന്റെ പ്രതികരണം.

Kerala Congress Group Politics
സ്വാശ്രയ കോളേജ് ; സംവരണവും മെറിറ്റും ഇനി ആര് നോക്കും?

നറുക്കുവീഴുക ആര്‍ക്ക്?

അധ്യക്ഷന്‍ ആരായാലും നവംബറില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസം. കെ.സി. വേണുഗോപാല്‍ ആരുടെയും പേര് നേരിട്ട് നിര്‍ദേശിക്കില്ലെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് റവന്യൂ മന്ത്രിയും കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനുമായ എ.പി. അനില്‍കുമാറിന്റെ പേരിനാണ് നിലവില്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. സംഘടനയില്‍ ദലിത് പ്രാതിനിധ്യം ഉറപ്പാക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ ശക്തമായ നിയന്ത്രണം കൊണ്ടുവരാനും അനില്‍കുമാറിന്റെ വരവിലൂടെ സാധിക്കുമെന്നാണു വിലയിരുത്തല്‍. പാര്‍ട്ടി പറഞ്ഞാല്‍ ഏത് സ്ഥാനവും ഒഴിയാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, റവന്യൂ പോലൊരു സുപ്രധാന വകുപ്പ് വിട്ട് അദ്ദേഹം വരുന്നത് മന്ത്രിസഭയില്‍ വലിയൊരു അഴിച്ചുപണിക്ക് വഴിവെക്കും എന്നത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കടുത്ത എതിര്‍പ്പിന് കാരണമാകുന്നുണ്ട്. മുതിര്‍ന്ന ദളിത് കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ കൊടിക്കുന്നില്‍ സുരേഷിന്റെ സാധ്യത ഒട്ടും കുറച്ചുകാണാനാകില്ല. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പിന്തുണയും, എ.കെ. ആന്റണി, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരിലൂടെ സോണിയാ ഗാന്ധിയെ സ്വാധീനിക്കാന്‍ കഴിയുമെന്നതുമാണ് കൊടിക്കുന്നിലിന്റെ പ്രധാന കരുത്ത്. ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന പ്രഖ്യാപനവും മന്ത്രിസഭാ പുനഃസംഘടന ഒഴിവാക്കാമെന്ന സൗകര്യവും അദ്ദേഹത്തിന് അനുകൂലമാണ്. പാര്‍ട്ടിക്ക് മന്ത്രി, എംപി, എംഎല്‍എ പദവികളില്ലാത്ത ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന വാദം ശക്തമായാല്‍ സാധ്യത തെളിയുന്നത് ജോസഫ് വാഴയ്ക്കനാണ്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പിന്തുണയും, സ്ഥാനമൊഴിയുന്ന സണ്ണി ജോസഫിന് പകരം അതേ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്ന സാമുദായിക സമവാക്യവും വാഴയ്ക്കന് തുണയാകുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് വിധേയനായ ഒരാളെ അധ്യക്ഷനാക്കി സതീശനെ കൂടുതല്‍ കരുത്തനാക്കാന്‍ ഹൈക്കമാന്‍ഡും കെ.സി. വേണുഗോപാലും തയ്യാറാകില്ല എന്നതാണ് വാഴയ്ക്കന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്.

കെപിസിസി ഭാരവാഹി നിരയിലും മാറ്റമുണ്ടാകുമോ?

വി.ഡി. സതീശനെ തളയ്ക്കാന്‍ കെ.സി. ക്യാമ്പ് ഒരു നേതാവിനെ തേടുകയാണെങ്കില്‍ ഒരുപക്ഷേ, അടൂര്‍ പ്രകാശിനും മാത്യു കുഴല്‍നാടനും നറുക്കുവീണേക്കും. സതീശനുമായി പരസ്യമായി കൊമ്പുകോര്‍ക്കാന്‍ മടിയില്ലാത്ത നേതാവെന്നതും ഈഴവ സമുദായത്തിന്റെ ശക്തമായ പിന്തുണയും അടൂര്‍ പ്രകാശിന് അനുകൂല ഘടകങ്ങളാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം കലക്കിക്കുടിച്ച തന്ത്രശാലിയാണെങ്കിലും, കെ.സി. ക്യാമ്പുമായുള്ള ബന്ധം അത്ര ദൃഢമല്ല എന്നതാണ് തടസ്സം. അതേസമയം കെ.സിയുടെ വിശ്വസ്തന്‍ എന്നതാണ് കുഴല്‍നാടന്റെ പ്ലസ് പോയിന്റ്. അധ്യക്ഷന്‍ മാറുന്നതോടെ കെപിസിസി ഭാരവാഹി നിരയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍ എന്നിവരില്‍ രണ്ട് പേര്‍ മന്ത്രിമാരാണ്. മന്ത്രിമാരായ നേതാക്കളെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി, പാര്‍ട്ടിക്കായി പൂര്‍ണസമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ നേതാക്കളെ വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നവര്‍ക്കും പരാജയപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കും പുനഃസംഘടനയില്‍ ഭാരവാഹി പദവികള്‍ നല്‍കി സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

രാഷ്ട്രീയ കേരളം കാത്തിരിക്കുന്നു

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ കടക്കില്ലെന്നാണ് സൂചന. ദേശീയതലത്തിലുള്ള പ്രക്ഷോഭങ്ങളും മറ്റ് തിരഞ്ഞെടുപ്പ് കാര്യങ്ങളുമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുന്‍ഗണന. എങ്കിലും ദേശീയതലത്തിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയിലും കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് എഐസിസി നേതൃത്വത്തിന് വ്യക്തമായ ബോധ്യമുണ്ട്. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കും വ്യക്തിപരമായ അവകാശവാദങ്ങള്‍ക്കും അപ്പുറം, സര്‍ക്കാരിനെയും സംഘടനയെയും ഒരുപോലെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ഒരു സമവായ ഫോര്‍മുലയിലേക്കായിരിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും എത്തുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏതായാലും ഡല്‍ഹിയില്‍ നിന്നുള്ള ആ നിര്‍ണ്ണായക തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.