മുല്ലപ്പെരിയാർ അണക്കെട്ട്: ഇനിയും കോടതി വിധിക്ക് കാത്തുനിൽക്കണോ?

കർണാടകത്തിലെ തുംഗഭദ്ര അണക്കെട്ടിന്‍റെ ഷട്ടർ ഒലിച്ചു പോയത് മുല്ലപ്പെരിയാറിന് മുന്നറിയിപ്പാണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ?
മുല്ലപ്പെരിയാർ അണക്കെട്ട്: ഇനിയും കോടതി വിധിക്ക് കാത്തുനിൽക്കണോ?
Published on

ഇന്ന് ഇന്ത്യയിൽ ഏറ്റവും സൗഹൃദവും രാഷ്ട്രീയ ഐക്യവുമുള്ള രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടെങ്കിൽ അത് എം.കെ സ്റ്റാലിനും പിണറായി വിജയനുമാണ്. വിയോജിക്കാൻ ഒരു കാരണവും ഇല്ലാത്ത ഇവരുടെ ഇടയിലുള്ള ഏക വിഷയം മുല്ലപ്പെരിയാറാണ്. ഈ വിഷയത്തിൽ മാത്രം കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒരു ചർച്ചയും നടന്നിട്ടില്ല. സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ ഒരു തീരുമാനം വരുംവരെ കാത്തിരിക്കുന്ന മട്ടിൽ കാണുമ്പോഴൊക്കെ ഇരുവരും ചിരിച്ചു കൈകൊടുത്തു പിരിയുകയാണ്. ഇനി ബന്ധം മോശമായാലോ എന്ന് ഭയന്ന് ഈ വിഷയം മാത്രം പരസ്പരം ഉന്നയിക്കാതെ കടന്നുപോവുകയാണ്. ഇതിനിടെ വിദഗ്ധരുടെ വിളയാട്ടമാണ് സോഷ്യൽ മീഡിയകളിൽ. കരാറിലെ 999 വർഷവും പിന്നെ ഒരു വർഷവും കൂടി അണക്കെട്ട് ഉജ്വലമായി നിലനിൽക്കും എന്നു വാദിക്കുന്നവർ ഒരു വശത്ത്. ഇടുക്കിയെക്കൂടി തകർത്ത് ആറേഴ് ജില്ലയെ ഒറ്റരാത്രിയിൽ ഒഴുക്കിക്കളയുമെന്ന് കടത്തിപ്പറയുന്നവർ മറുവശത്ത്. ഇതിനിടെ ഒരു മിതനിലപാട് മുല്ലപ്പെരിയാറിൽ സാധിക്കുമോ? കർണാടകത്തിലെ തുംഗഭദ്ര അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഒലിച്ചു പോയത് മുല്ലപ്പെരിയാറിന് മുന്നറിയിപ്പാണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ?



ഒന്നുമിണ്ടാം, മുല്ലപ്പെരിയാറിനെക്കുറിച്ച്

തുംഗഭദ്ര മുല്ലപ്പെരിയാറിനുള്ള മുന്നറിയിപ്പാണ് എന്നൊക്കെ പറയുന്നതിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണം എന്നില്ല. മുല്ലപ്പെരിയാർ കഴിഞ്ഞാൽ രാജ്യത്തു ശേഷിക്കുന്ന വലിയ സുർക്കി ഡാമാണ് എന്നതിനപ്പുറം മറ്റൊരു സമാനതയും ഇതിലില്ല. അവിടെ വെള്ളം തുറന്നുവിടാനുള്ള 33 വാതിലുകളിൽ ഒന്നിനാണ് തകർച്ച ഉണ്ടായത്. അതുവഴി വെള്ളം തള്ളിയപ്പോൾ ശേഷിക്കുന്നതു കൂടി തുറക്കേണ്ടി വന്നു. ഇല്ലെങ്കിൽ അണക്കെട്ടിന് ബലക്ഷയം ഉണ്ടാകാം. എന്നാൽ തുംഗഭദ്ര മുല്ലപ്പെരിയാറിനെ ചിലത് ഓർമിപ്പിക്കുന്നുണ്ട്. 133 ടിഎംസി ശേഷിയുള്ള മുല്ലപ്പെരിയാറിൽ 100 ടിഎംസി മാത്രമാണ് ഇപ്പോൾ വെള്ളം സംഭരിക്കാൻ കഴിയുന്നത്. 33 ടിഎംസി ചെളി അടിഞ്ഞു കിടിക്കകുയാണ്. സമാനമായ സ്ഥിതി മുല്ലപ്പെരിയാറിലും ഉണ്ട്. 130 വർഷത്തെ ചെളി അടിഞ്ഞ് അൻപതു ശതമാനവും നികന്നു എന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്. കരാർ 999 വർഷത്തേക്ക് ഉണ്ടെന്നു പറഞ്ഞാലും ഏറിയാൽ നാൽപ്പതുവർഷം കൂടി കഴിയുമ്പോഴേക്കും അണക്കെട്ടിൽ ചെളി നിറയും. മുന്നിലുള്ള ചോദ്യം രണ്ടാണ്. അതുവരെ സുരക്ഷിതമായി അണക്കെട്ട് നിൽക്കുമോ? അണക്കെട്ട് ചെളികൊണ്ടു നിറഞ്ഞാൽ തമിഴ്നാടിന് എങ്ങനെ വെള്ളംകിട്ടും?

സുപ്രീം കോടതി ഇങ്ങനെ എത്രനാൾ?

മുല്ലപ്പെരിയാർ പോലുള്ള വിഷയം സുപ്രീം കോടതി എങ്ങനെയാണ് പരിഹരിക്കുന്നത്? ഇത് നിയമപ്രശ്നമല്ല. നൂറുശതമാനം ഭരണപ്രശ്നമാണ്. സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്ന വിഷയം തന്നെ എടുക്കുക. 1886ലെ കാരാറിന് സാധുതയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സത്യത്തിൽ ഈ കരാറുമായി ഒരു ബന്ധവും ഉള്ള വിഷയമല്ല ഇപ്പോഴുയരുന്നത്. അതെന്താണ്? അണക്കെട്ടിന് ഉറപ്പുണ്ടോ എന്ന ചോദ്യമാണ് അത്. അതെങ്ങനെയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീർപ്പാക്കുന്നത്. മുൻകാലങ്ങളിൽ പലതവണ ചെയ്തിട്ടുള്ളതുപോലെ വേണമെങ്കിൽ വിദഗ്ധ സമിതിയെ നിയമിക്കാം. അല്ലെങ്കിൽ മേൽനോട്ട സമിതിയോടു തന്നെ വിദഗ്ധരെ കൊണ്ടു പരിശോധിപ്പിച്ച് റിപ്പോർട്ട് ആവശ്യപ്പെടാം. ഒരു വിദഗ്ധ സമിതിക്കും ഈ അണക്കെട്ടു തകരും എന്നു റിപ്പോർട്ട് നൽകാൻ കഴിയില്ല. അതിനു കാരണം സമതലങ്ങളിൽ ഇത്തരം നിർമാണം ശാന്തമായി തുടരും എന്നതാണ്. ആരെയും ഭയപ്പെടുത്താൻ അല്ലെങ്കിലും മുല്ലപ്പെരിയാറിനെക്കുറിച്ച് ഉയരുന്നത് മറ്റൊരു പ്രശ്നമാണ്. അത് ഭൂകമ്പ സാധ്യതയാണ്?


മലപൊട്ടലിൽ ഒന്നാമതുള്ള നാട്

രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത് കേരളത്തിലാണെന്നാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ പറഞ്ഞത്. കഴിഞ്ഞവർഷം അയ്യായിരത്തോളം ഉരുൾപൊട്ടൽ ഉണ്ടായതിൽ മൂവായിരവും കേരളത്തിലായിരുന്നു. മാത്രമല്ല, പ്രളയമുണ്ടായ 2018ൽ കേരളത്തിൽ മാത്രം അയ്യായിരത്തോളം ഉരുൾപൊട്ടലാണ് ഉണ്ടായത്. അതിൽ അറുനൂറെണ്ണം മാരകമായിരുന്നു. എല്ലാം അനധികൃത നിർമാണം കൊണ്ടാണെന്നൊക്കെ പരിസ്ഥിതി വാദത്തിൽ പറഞ്ഞു പിടിച്ചു നിൽക്കാം എന്നേയുള്ളു. അത് അങ്ങനെയാകണം എന്നില്ല. കേരളത്തിലെ മണ്ണ് തന്നെയാണ് അതിനു കാരണം. ഇവിടെ മലകൾ താരതമ്യേന ചെറുപ്പമാണ്. 30 ലക്ഷം വർഷമൊക്കെ എടുത്താണ് മണ്ണ് പാറയാകുന്നത്. അത്രയും വർഷങ്ങൾകൊണ്ടു മാത്രമേ ഒരു മല അതിന്‍റെ സ്ഥലത്ത് ഉറയ്ക്കുകയുള്ളൂ എന്നും പറയാം. ആ നിലയിലേക്കെത്തുന്നതുവരെ ഭൂമിയിലെങ്ങും മലകൾ ഇടിയും. അത്തരമൊരു പക്വമാകാത്ത മണ്ണിലാണ് മുല്ലപ്പെരിയാറും. 130 വർഷം മുൻപ് ഇത്തരമൊരു സാധ്യത കൂടി മുന്നിൽകണ്ട് നിർമിച്ചതല്ല ആ അണക്കെട്ട്. അതാണ് ഇരു സംസ്ഥാനങ്ങളും ആദ്യം പരിഗണിക്കേണ്ടത്.

ചർച്ചകൾ നടന്നത് അനവധി

പ്രധാനമന്ത്രി മൻമോഹൻ സിംഗ് മുൻകയ്യെടുത്ത് രണ്ടു ചർച്ചകൾ മുൻപു നടന്നതാണ്. 2006ലും 2007ലും. അന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു. അണക്കെട്ട് ഡീ കമ്മിഷൻ ചെയ്തു പുതിയതു പണിയണമെന്നു കേരളവും, പഴയ അണക്കെട്ടിന് ഒരു പ്രശ്നവും ഇല്ലെന്നു തമിഴ്നാടും വാദിച്ചുകൊണ്ടിരുന്നു. ഇവിടെ ഇരു സംസ്ഥാനത്തിനും ഇടയിലുള്ള ഏക പ്രശ്നം പുതിയ അണക്കെട്ടും പുതിയ കരാറും വന്നാൽ അതു പഴയതുപോലെ ആകില്ല എന്നതാണ്. ഇപ്പോഴത്തെ അണക്കെട്ടിന് താഴെ ഒരെണ്ണം പണിയുമ്പോൾ അതു പൂർണമായും കേരളത്തിന്‍റെ അധീനതയിലാകും. നിലവിലെ അണക്കെട്ടും അതിരിക്കുന്ന സ്ഥലവും തമിഴ്നാടിന്‍റെ കൈവശമാണ്. അങ്ങനെയൊരു അവകാശമില്ലാതെ പുതിയൊരു അണക്കെട്ടിന് നീങ്ങുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ തിരിച്ചടിക്കു കാരണമാകും. പരസ്പരം എത്ര രാഷ്ട്രീയ ബഹുമാനം ഉണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് ഇക്കാരണം കൊണ്ടാണ്. 999 വർഷത്തെ കരാർ കാലത്തോളം ഈ അണക്കെട്ടുമായി മുന്നോട്ടുപോകാം എന്ന് തമിഴ്നാട്ടിലും ആരും കരുതുന്നുണ്ടാകും എന്നു തോന്നുന്നില്ല.

വെള്ളം കൊടുക്കുന്നത് പ്രശ്നമാകുമോ? 

തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾക്കെങ്കിലും ഈ അണക്കെട്ട് അനിവാര്യമാണ്. കേരളത്തിന് ഇടുക്കിക്ക് ഒരു തടയും ആവശ്യമാണ്. രണ്ടും വേണമെങ്കിൽ പുതിയ അണക്കെട്ട് അനിവാര്യമാണ്. അങ്ങനെ ഒരു അണക്കെട്ടിനായി ഇനി അനുമതി ലഭിക്കുമോ എന്ന വലിയ ചോദ്യമുണ്ട്. പുതിയ അണക്കെട്ട് കൂടുതൽ വനത്തെ മുക്കും. അത് പിന്നെയും ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല, പുതിയ അണക്കെട്ട് പദ്ധതികൾക്കൊന്നും അനുമതി എളുപ്പത്തിൽ ലഭിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് കോടതിയിൽ നിന്നു വരാൻ പോകുന്ന വിധിക്കു കാത്തു നിൽക്കുന്നത് പാഴ്ജോലിയല്ലേ എന്ന ചോദ്യം ഉയരുന്നത്. മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്റ്റാലിനും ഒന്നിച്ചിരുന്നു തീരുമാനം എടുക്കണം. രാഷ്ട്രീയ കാരണങ്ങളാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യസ്ഥത സ്വീകാര്യമല്ലെങ്കിൽ രാഹുൽ ഗാന്ധിയെ എങ്കിലും അനൗദ്യോഗിക മധ്യസ്ഥനാക്കണം. പരിഹാരമാണ് ആവശ്യം, പരിഭ്രാന്തിയല്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com