'പ്രിയദര്‍ശിനി'യുടെ ഒരു മാസം, 'വിജയത്തിന്റെ ഇരകള്‍' കടക്കെണിയില്‍; സ്വകാര്യബസ് മേഖലയെ ആര് രക്ഷിക്കും?

സ്വകാര്യബസ് മേഖലയിൽ ഒരു മാസം കൊണ്ട് 65 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്.
'പ്രിയദര്‍ശിനി'യുടെ ഒരു മാസം, 'വിജയത്തിന്റെ ഇരകള്‍' കടക്കെണിയില്‍; സ്വകാര്യബസ് മേഖലയെ ആര് രക്ഷിക്കും?
Published on
Updated on

യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിരിക്കുന്നു. പദ്ധതി പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 5 ലക്ഷം വനിതാ യാത്രക്കാരാണ് അധികമായി കെഎസ്ആർടിസിയിൽ എത്തിയത്. അതേസമയം ‘വിജയത്തിന്റെ ഇരകൾ ’ എന്ന് ഗതാഗത വകുപ്പ് മ​ന്ത്രി തന്നെ വിശേഷിപ്പിക്കുന്ന സ്വകാര്യബസ് മേഖലയിൽ ഒരു മാസം കൊണ്ട് 65 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി ബസുടമകളുടെ സംഘടന വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് അഞ്ഞൂറിലധികം സ്വകാര്യ ബസുകൾ സർവീസ് പൂർണമായി നിർത്തി. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. ഈ പശ്ചാത്തലമാണ് ​ഇന്ന് സ്​പോട്ട്ലൈറ്റ് പരിശോധിക്കുന്നത്.

‘പ്രിയദർശിനി’യുടെ ഇരകൾക്ക് നീതി കിട്ടുമോ?

യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിരാ ഗാരന്റിയിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു സ്ത്രീകളുടെ സൗജന്യയാത്ര.. അധികാരത്തിലേറി മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും കെ.എസ്‌.ആർ.ടി.സി.യുടെ 3,125 ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയെന്നായിരുന്നു അവകാശവാദം. സൗജന്യയാത്രയ്ക്കായി ബജറ്റിൽ 600 കോടി രൂപയും നീക്കിവച്ചു. പ്രതിദിനം രണ്ടരക്കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ചില ദിവസങ്ങളിൽ 3 കോടി രൂപ വരെയാകുന്നുണ്ടെന്നാണ് കണക്കുകൾ. ആകെ യാത്രക്കാരിൽ സ്ത്രീ യാത്രക്കാർ മുമ്പ് 40 മുതൽ 50 % വരെയായിരുന്നെങ്കിൽ ഇപ്പോൾ 60% ആയി ഉയർന്നു..

പദ്ധതി ആരംഭിച്ചതിനു ശേഷം പ്രതിദിനം 5 ലക്ഷം സ്ത്രീ യാത്രക്കാരുടെ വർധനയുണ്ടായിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ അറിയിച്ചിരുന്നു. പ്രതിദിന സ്ത്രീ യാത്രക്കാരുടെ എണ്ണം ഏകദേശം 10 ലക്ഷം ആയിരുന്നത് 15 ലക്ഷമായി വർധിച്ചു. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന ഒരു വിഭാഗം സ്ത്രീകൾ അടക്കം ഇപ്പോൾ ബസുകളിൽ സഞ്ചരിക്കുന്നതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രിയദർശിനി വഴി യാത്രാ ചെലവിനത്തിനുള്ള വലിയൊരു തുക ലാഭിക്കാൻ കഴിയുന്നുണ്ട്.

'പ്രിയദര്‍ശിനി'യുടെ ഒരു മാസം, 'വിജയത്തിന്റെ ഇരകള്‍' കടക്കെണിയില്‍; സ്വകാര്യബസ് മേഖലയെ ആര് രക്ഷിക്കും?
പൗരത്വ നിര്‍ണയം നീതിയുക്തമാവണ്ടേ?

തകരുന്ന സ്വകാര്യ ബസ് മേഖല

പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ സ്വകാര്യ ബസ് മേഖല പൂർണ തകർച്ചയിലേക്കാണ് നീങ്ങുന്നത്. ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ള സാധാരണക്കാരായ ഉടമകൾ നിത്യവൃത്തിക്കായി നെട്ടോട്ടമോടുകയാണ്. തൊഴിലാളികൾക്ക് കൂലി നൽകാൻ പോലുമാകാതെ പല ഉടമകളും സ്വന്തം വണ്ടികളിൽ ഡ്രൈവർമാരും കണ്ടക്ടർമാരുമായി മാറിക്കഴിഞ്ഞു. ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. ഇതേത്തുടർന്ന് അഞ്ഞൂറിലധികം സ്വകാര്യ ബസുകൾ സർവീസ് പൂർണമായി നിർത്തലാക്കി. സർവീസ് നടത്തുന്ന ബസുകളാകട്ടെ കനത്ത നഷ്ടം ഭയന്ന് ട്രിപ്പുകൾ വെട്ടിച്ചുരുക്കുകയും ചെയ്തു. പ്രതിദിനം 12,000 മുതൽ 14,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകൾക്ക് ഇപ്പോൾ കഷ്ടിച്ച് 10,000 രൂപയോളം മാത്രമാണ് ലഭിക്കുന്നതെന്നാണ് ബസുടമകളുടെ വാദം. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 11,936 ബസുകളുടെ സർവീസിനെ ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

റോഡ് ടാക്‌സ് ഇളവ് മാത്രം പോരാ

ഗ്രാമപ്രദേശങ്ങളിലേക്ക് ദിവസം ഒമ്പത് സർവീസെങ്കിലും നടത്തുന്ന ഒരു ബസിന്, ദിവസം ശരാശരി ഡീസൽ നിറയ്ക്കാൻ വേണ്ട തുക 4,500 മുതൽ 5,000 രൂപ വരെയാണ്.. 1000 മുതൽ 1200 വരെയാണ് ജീവനക്കാരുടെ പ്രതിദിന ശമ്പളം.. ഫിനാൻസ് അടവ്, ടാക്സ്, ഇൻഷ്വറൻസ് എന്നിവയ്ക്കും‌ അറ്റകുറ്റപ്പണികളുടെയും ചെലവിനായും പണം കണ്ടെത്തണം.. സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കി ബജറ്റിൽ വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ, ഇതു സ്വകാര്യ ബസ് വ്യവസായത്തിന്റെ നഷ്ടം കുറയ്ക്കില്ലെന്ന് ബസുടമകൾ പറയുന്നു. റോഡ് ടാക്‌സ് കുറച്ചതുകൊണ്ട് ഒരു ബസിന് ദിവസം 125 മുതൽ 150 രൂപ വരെയുള്ള നേട്ടമാണുണ്ടാവുക.. 3000 മുതൽ 4000 രൂപ വരെ ദിവസ വരുമാനത്തിൽ കുറവുണ്ടായ ബസുകൾക്ക് റോഡ് ടാക്‌സ് കുറച്ചു കിട്ടിയത് കൊണ്ട് മാത്രം നഷ്ടം നികത്താനാവില്ല. പണിമുടക്ക് അടക്കമുള്ള സമരമാർഗങ്ങൾ അവർ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ ഇപ്പോൾ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ..

'പ്രിയദര്‍ശിനി'യുടെ ഒരു മാസം, 'വിജയത്തിന്റെ ഇരകള്‍' കടക്കെണിയില്‍; സ്വകാര്യബസ് മേഖലയെ ആര് രക്ഷിക്കും?
കേരളത്തെ നടുക്കുന്ന സ്ത്രീപീഡനങ്ങളുടെ ക്രൈംഗ്രാഫ്

കെ.എസ്.ആർ.ടി.സിക്കും പിടിവിടുമോ?

സൗജന്യ യാത്രാ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. പ്രതിവർഷം ഏകദേശം 750 മുതൽ 800 കോടി രൂപ വരെ സർക്കാരിന് ഇതിനായി മാറ്റിവെക്കേണ്ടിവരും. അതായത് പ്രതിദിന യാത്രാ സൗജന്യമായി നൽകുന്ന രണ്ടര കോടി രൂപയോളം സർക്കാൻ കെ.എസ്.ആർ.ടി.സിക്ക് നൽകുമെന്നാണ് ധാരണ. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 100 കോടി രൂപയും അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് ജൂണിലെ ശമ്പള വിതരണം പൂർത്തിയാക്കിയത്. മൂവായിരത്തോളം താൽകാലിക ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. താൽകാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ ഒരു മാസം 12 കോടിയോളം രൂപ വേണം. എന്നാൽ ഇതിനായി ഇതുവരെ മൂന്ന് കോടിയോളം രൂപയേ അനുവദിച്ചിട്ടുള്ളൂവെന്നാണ് പ്രതിപക്ഷ സംഘടനാജീവനക്കാരുടെ സംഘടനയുടെ ആരോപണം. കെ.എസ്.ആർ.ടി.സിയിൽ 2,20,000 സ്ഥിരം ജീവനക്കാരും 4,500 എം.പാനൽ ജീവനക്കാരുമാണ് ഉള്ളത്. ദിവസം എട്ടുകോടി രൂപ കളക്ഷൻ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഡീസൽ, ടയർ, സ്‌പെയർപാർട്സ് എന്നിവയ്ക്കാണ് വിനിയോഗിക്കുന്നത്. ദിവസം നാലരകോടി ഡീസലിനായി മാത്രം ചെലവാകുന്നുണ്ട്.

വായ്പ തിരഞ്ഞ് കെ.എസ്.ആർ.ടി.സി

സർക്കാർ സമയബന്ധിതമായി കെഎസ്‌ആർടിസിക്ക് പണം അനുവദിച്ചില്ലെങ്കിൽ ഡീസൽ അടക്കമുള്ള നിത്യോപയോഗ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നത് പ്രതിസന്ധിയിലാകും.. പ്രിയദർശിനി പദ്ധതിക്ക് വേണ്ട തുക ലഭ്യമാക്കുന്നതിൽ സർക്കാരിൽ നിന്ന് കാലതാമസമുണ്ടാൽ കെ.എസ്.ആർ.ടി.സിക്ക് വായ്പയെ ആശ്രയിക്കേണ്ടി വരും. എസ്.ബി.ഐ കൺസോർഷ്യത്തിൽ നിന്നുള്ള 50 കോടിയുടെ പ്രതിമാസ ഓവർഡ്രാഫ്റ്റ് പരിധി ഉയർത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ വായ്പാ സാധ്യത തേടുകയാണ് ​കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൃത്യസമയത്ത് കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കുന്നത്... സംസ്ഥാനത്ത് 3000ത്തിനടുത്ത് കെ.എസ്.ആർ.ടി.സി ബസുകളും 10,000ൽ കൂടുതൽ സ്വകാര്യ ബസുകളുമാണ് ഓർഡിനറി സർവ്വീസ് നടത്തുന്നത്. 3,125 ഓർഡിനറി ബസുകളിൽ പ്രിയദർശിനി പദ്ധതി നടപ്പാക്കിയെന്നായിരുന്നു സർക്കാരിന്റെ അവകാശ വാദമെങ്കിലും 2,617 ഓർഡിനറി ബസുകളാണ് ഉള്ളതെന്നാണ് ജൂൺ ഒന്നിന് ഗതാഗത മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. 500ഓളം ബസുകൾ കട്ടപ്പുറത്താണ്. ഏതായാലും പ്രിയദർശിനി പദ്ധതിയിൽ കൂടുതൽ ബസുകളെ ഉൾപ്പെടുത്തുന്ന അടുത്ത ഘട്ടം ഉടൻ ഉണ്ടാവില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞിട്ടുണ്ട്.

പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം

സ്ത്രീശാക്തീകരണത്തിനും യാത്രാസൗകര്യത്തിനും വലിയൊരു കുതിപ്പേകിയ 'പ്രിയദർശിനി' പദ്ധതി കേരളത്തിന്റെ ചരിത്രത്തിലെ മികച്ചൊരു കാൽവെപ്പാണെന്നതിൽ തർക്കമില്ല.. എന്നാൽ, ഒരു ജനവിഭാഗത്തിന് ആശ്വാസം നൽകുമ്പോൾ അതൊരു വ്യവസായത്തിന്റെ ശവപ്പറമ്പിലാകരുത് കെട്ടിപ്പടുക്കേണ്ടത്.. കേരളത്തിന്റെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഇഴചേർക്കുന്ന സ്വകാര്യ ബസ് മേഖലയെയും, അതിനെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന മുപ്പതിനായിരത്തോളം വരുന്ന തൊഴിലാളികളെയും സംരക്ഷിക്കേണ്ടത് ഒരു സർക്കാരിന്റെ കടമ തന്നെയാണ്.. നിത്യവൃത്തിക്കായി നെട്ടോട്ടമോടുന്ന ഉടമകളും, ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളും നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠനം കേവലം കടലാസിലൊതുങ്ങാതെ അതിവേഗം പ്രായോഗികമായ ഒരു രക്ഷാപാക്കേജായി മാറണം. ഇതിനൊപ്പം തന്നെ കെ.എസ്.ആർ.ടി.സി നേരിടുന്ന സാമ്പത്തിക ബാധ്യതകളും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്.

News Malayalam 24x7
newsmalayalam.com