ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: ഇനിയും തുറക്കാത്ത ദുരൂഹ വഴികളോ?

കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ബി.ജെ.പി നേതാവ് ബാലകൃഷ്ണൻ മാത്രമാണ് റിമാൻഡിലുള്ളത്.
Qatar KMCC Fund Heist: Are There Still Mysterious Avenues Yet to Be Uncovered?
ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: ഇനിയും തുറക്കാത്ത ദുരൂഹ വഴികളോ
Published on: 
Updated on: 

അർദ്ധരാത്രിയിൽ ഖത്തർ കെഎംസിസി ഓഫീസിലെ റൂം ബോയിയെ കെട്ടിയിട്ട്, ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കറുകൾ തകർത്ത് നടന്നത് വൻ കവർച്ച ആയിരുന്നു. പരാതിയിൽ പറയുന്നത് 31 ലക്ഷം റിയാൽ, അതായത് 8 കോടി രൂപയുടെ കവർച്ച. പിന്നീട് കവർച്ചാ സംഘത്തലവനെന്ന് ആരോപിക്കപ്പെട്ട ബോംബെ ഷാജിയുടെ വെളിപ്പെടുത്തലായിരുന്നു ഏവരെയും ഞെട്ടിച്ചത്. "ഞങ്ങൾ അടിച്ചെടുത്തത് 8 കോടിയല്ല, 25 കോടിയോളം രൂപ!" ഒരു വർഷത്തോളം മൂടിവെക്കപ്പെട്ട കവർച്ചയായിരുന്നു അത്.കവര്‍ച്ചയ്ക്ക് പിന്നിലെ ആസൂത്രണം മുതല്‍ പണം വീതംവെച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവരങ്ങള്‍ പുറത്തുവന്നതിലെ കാലതാമസവും വരെ ഒട്ടേറെ ദുരൂഹതകള്‍ അവശേഷിക്കുന്ന കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്.

ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: ഇനിയും തുറക്കാത്ത ദുരൂഹ വഴികളോ?

ഖത്തറിൽ പ്രവാസികൾക്കിടയിൽ കെ.എം.സി.സി നടപ്പിലാക്കിയ ഏറ്റവും ജനപ്രിയ പദ്ധതിയായിരുന്നു 'സ്നേഹ സുരക്ഷാ പദ്ധതി. ഖത്തർ കെഎംസിസിയിലെ ഇരുപത്തയ്യായിരത്തോളം വരുന്ന അംഗങ്ങൾ മാസം തോറും 20 ഖത്തർ റിയാൽ, അതായത് ഏകദേശം 500 രൂപ വീതം മാറ്റിവെച്ച് സ്വരൂപിച്ച 'സ്‌നേഹ സുരക്ഷാ ഫണ്ട്. പ്രവാസികൾ മരണപ്പെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ വരെ നൽകാനും രോഗികൾക്ക് സഹായമെത്തിക്കാനുമായിരുന്നു ഈ കരുതൽ ധനം. ഖത്തറിലെ കർശന നിയമങ്ങൾ കാരണം പണം ബാങ്കുകളിൽ വെക്കാൻ കഴിയാതെ വന്നതോടെ, അൽ തുമാമയിലെ കെ.എം.സി.സി ഓഫീസിലെ പ്രത്യേക സ്ട്രോങ് റൂമിലാണ് ഈ കോടികൾ സൂക്ഷിച്ചിരുന്നത് എന്നാണ് പുറത്തുവന്ന വിവരം.

Qatar KMCC Fund Heist: Are There Still Mysterious Avenues Yet to Be Uncovered?
SPOTLIGHT | എ​സ്എം​എ മ​രു​ന്ന് വി​വാ​ദം: രോ​ഗി​ക​ളു​ടെ ആ​ശ​ങ്ക മാ​റി​യോ ?

2025 സെപ്റ്റംബർ 18, പുലർച്ചെ നാല് മണി അൽ തുമാമയിലെ ഓഫീസിലേക്ക് ഒരു സംഘം ഇരച്ചുകയറുന്നു. ഓഫീസിലെ റൂം ബോയിയെ കൈകാലുകൾ കെട്ടിയിട്ട് ബന്ദിയാക്കി. പിന്നാലെ ഗ്യാസ് കട്ടറുകളും ഓക്സിജൻ സിലിണ്ടറുകളുമായി ലോക്കറുകൾ ഒന്നൊന്നായി തകർക്കപ്പെട്ടു. സ്ട്രോങ് റൂമിലുണ്ടായിരുന്ന തുകയുമായി കവർച്ചാ സംഘം കടന്നുകളഞ്ഞു.

ബാലകൃഷ്ണൻ്റെ കീഴടങ്ങലും ഞെട്ടിക്കുന്ന മൊഴിയും

സംഭവം നടന്ന് കൃത്യം ഒരു വർഷം കവർച്ച പുറംലോകമറിയാതെ മൂടിവെക്കപ്പെട്ടു. ഒടുവിൽ 2026 സെപ്റ്റംബറിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഒരു ബി.ജെ.പി പ്രാദേശിക നേതാവ് കയറിവന്നു: വിയ്യൂർ പരപ്പിൽ ബാലകൃഷ്ണൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് ഒരു സിനിമയെ വെല്ലുന്ന ക്രൈം ത്രില്ലർ കഥയായിരുന്നു. അത് ഏറെ​ക്കുറെ ഇങ്ങനെയാണ്."സൗജന്യ വിസയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ബോംബെ ഷാജി എന്ന പയ്യോളി സ്വദേശി ഷാജഹാൻ തന്നെ ഖത്തറിലെത്തിച്ചിരുന്നു. 2025 സെപ്റ്റംബർ 18ന് പുലർച്ചെ നാലുമണിക്ക് ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ സന്നാഹങ്ങളുമായി ഒരു കെട്ടിടത്തിന് മുന്നിലെത്തിച്ചു.

ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ മുറിക്കാൻ നിർബന്ധിച്ചു. എതിർത്തപ്പോൾ 'പറയുന്ന പണി ചെയ്താൽ മതി' എന്ന് സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ലോക്കറുകൾ മുറിക്കുന്നതിനിടെ ഗ്യാസ് കട്ടർ ബ്ലേഡ് പൊട്ടിത്തെറിച്ച് കണ്ണിനും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റു. വെറും 50,000 രൂപയുടെ റിയാലും പാസ്‌പോർട്ടും കൈയിൽ തന്ന് തന്നെ നാടുകടത്തുകയായിരുന്നുവെന്ന് ബാലകൃഷ്ണൻ പിന്നീട് പോലീസിനോട് ഏറ്റുപറഞ്ഞു. ആകെ ഏകദേശം 2 ലക്ഷം രൂപ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്..ജീവൻ അപകടത്തിലാകുമെന്ന ഭയമാണ് ഒടുവിൽ ഇയാളെ കൊയിലാണ്ടി പോലീസിന് മുന്നിലെത്തിച്ചത്.

'ബോംബെ ഷാജി'യും ക്വട്ടേഷൻ സമവാക്യങ്ങളും

ബാലകൃഷ്ണന്റെ കുറ്റസമ്മതത്തിന് പിന്നാലെ അധോലോക സംഭാഷണങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയും കമറുദ്ദീൻ പയ്യോളിയുമായുള്ള ഫോൺ സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. വാഗ്ദാനം ചെയ്ത വിഹിതം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു അത്.അതിൽ ഷാജി ഒരു തുറന്നുപറച്ചിൽ നടത്തി. കെഎംസിസിയുടെ പരാതിയിൽ പറയുന്നത് എട്ട് കോടിയാണ് എന്നാണെന്നും യഥാർഥത്തിൽ അവിടെനിന്ന് അടിച്ചുമാറ്റിയത് 25 കോടിയോളം രൂപയാണ് എന്നുമായിരുന്നു അത്. പിന്നാലെ ക്വട്ടേഷൻ നൽകിയത് കമറുദ്ദീൻ ആണെന്ന സൂചനകളും പുറത്തുവന്നു. ആരോപണങ്ങൾ കമറുദ്ദീൻ നിഷേധിച്ചിട്ടുമുണ്ട്.

തങ്ങൾക്കെതിരെ പോലീസിൽ പരാതി എത്തിയെന്ന് മനസ്സിലായതോടെ, പരാതിക്കാരെ വിരട്ടി കേസ് പിൻവലിപ്പിക്കാൻ ബോംബെ ഷാജി ശ്രമിച്ചു. കവർച്ചാ സംഘത്തോടൊപ്പമുണ്ടായിരുന്ന ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണന്റെ രാഷ്ട്രീയ ബന്ധം തന്റെ തുറുപ്പുചീട്ടാക്കാൻ ഷാജി ശ്രമിച്ചതായി പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ സൂചനകളുണ്ട്. ‘ബാലകൃഷ്ണനെ മുൻനിർത്തി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്താം’ എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങളും പുറത്തുവന്നു. എന്നാൽ പുറത്ത് ഇത്തരം വെല്ലുവിളികൾ നടത്തുമ്പോഴും, പോലീസ് പിടിവീഴുമെന്നുറപ്പായതോടെ ഒന്നാം പ്രതി ബോംബെ ഷാജി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തി.

നടപടിയുമായി മുസ്‍ലിം ലീഗ്

കോടികളുടെ ഫണ്ട് കവർച്ച നടന്ന് കൃത്യം ഒരു വർഷം പിന്നിട്ട ശേഷമാണ് വിവരം പോലീസിന് മുന്നിലെത്തിയത് എന്നത് ഈ കേസിലെ ഏറ്റവും വലിയ ദുരൂഹതയായി അവശേഷിക്കുന്നു. ഇതിനെചൊല്ലി, കെഎംസിസിക്കകത്ത് വ്യാപക പരാതികൾ അന്നേ ഉയർന്നിരുന്നു. കവർച്ചാമുതൽ വീതംവെച്ചതിനെച്ചൊല്ലി പ്രതികൾ തമ്മിലുണ്ടായ തർക്കങ്ങളും പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ഒടുവിൽ ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണന്റെ നാടകീയമായ കീഴടങ്ങലും സംഭവിച്ചതോടെ മാത്രമാണ്, ഇനിയും മൂടിവെക്കാനാകില്ലെന്ന തിരിച്ചറിവിൽ 2026 സെപ്റ്റംബറിൽ കൊയിലാണ്ടി പോലീസിനെ സമീപിച്ച് പരാതി നൽകാൻ കെ.എം.സി.സി നിർബന്ധിതമായത്.

കവർച്ചയ്ക്ക് പിന്നിൽ സംഘടനയ്ക്കുള്ളിലെ വമ്പൻമാരുടെ സാന്നിധ്യമുണ്ടോ എന്ന സംശയങ്ങൾ ഉയർന്നിട്ടുണ്ട്. കവർച്ചാ കേസിൽ ബാലകൃഷ്ണന്റെ മൊഴിയിലും ബോംബെ ഷാജിയുടെ ശബ്ദസന്ദേശത്തിലും പരാമർശിക്കപ്പെട്ട റസാഖ് കുന്നുമ്മലിനെ പാർട്ടിയിൽ നിന്നും KMCC ഭാരവാഹിത്വത്തിൽ നിന്നും മുസ്‍ലിം ലീഗ് നീക്കിയിട്ടുണ്ട്. റസാഖ് കുന്നുമ്മൽ ഖത്തർ കെ.എം.സി.സിയുടെ കായിക വിഭാഗം സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. ഇദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. കെ.എം.സി.സിക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന ശിക്ഷ ഉറപ്പാക്കും എന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി.

ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകുമോ?

കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ബി.ജെ.പി നേതാവ് ബാലകൃഷ്ണൻ മാത്രമാണ് റിമാൻഡിലുള്ളത്. ബോംബെ ഷാജി ഉൾപ്പെടെയുള്ള മറ്റ് അഞ്ച് പ്രതികൾക്കായി വലവിരിച്ചിരിക്കുകയാണ് പോലീസ്. ഖത്തറിലേക്ക് കൂടി പ്രത്യേക അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു. ഈ കേസിൽ ഏറ്റവും ദുരൂഹമായ ചോദ്യം ഇതാണ്: ആ ഓഫീസിൽ ഇത്രയും കോടികൾ ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കവർച്ചാസംഘത്തിന് കൃത്യമായി ചോർത്തിക്കൊടുത്തത് ആരാണ്?. കെ.എം.സി.സിയുടെ ഉന്നത നേതൃത്വത്തിലുള്ള ചിലരുടെ സഹായമില്ലാതെ അൽ തുമാമയിലെ സ്ട്രോങ് റൂം തുരക്കാൻ കഴിയില്ലെന്ന് പ്രവാസികൾ ഒന്നടങ്കം ആരോപിക്കുന്നുണ്ട്. എന്നാൽ, പൊതുസമൂഹത്തിന് മുന്നിൽ ചില ചോദ്യങ്ങൾ ബാക്കിയാണ്.

- 2025 സെപ്റ്റംബറിൽ നടന്ന ഒരു കൊടുംകവർച്ച, പോലീസിന് മുന്നിലെത്താൻ എന്തുകൊണ്ടാണ് 2026 സെപ്റ്റംബർ വരെ, കൃത്യം ഒരു വർഷം വൈകിയത്? പരാതിയിലെ 8 കോടിയാണോ, അതോ ഷാജി അവകാശപ്പെട്ട 25 കോടിയാണോ നഷ്ടപ്പെട്ടത്? ബാക്കി കോടികൾ എങ്ങോട്ട് പോയി? ബിജെപി നേതാവിനെ കവർച്ചയിൽ പങ്കാളിയാക്കിയത് മന:പൂർവമായിരുന്നോ ?ഖത്തറിലെ ബിസിനസുകാരും ലീഗ് ഉന്നതരുമായ വമ്പൻ സ്രാവുകളിലേക്ക് ഈ അന്വേഷണത്തിന്റെ കുന്തമുന നീളുമോ?...ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

Qatar KMCC Fund Heist: Are There Still Mysterious Avenues Yet to Be Uncovered?
ഒടുവിൽ എടുക്കാച്ചരക്കാകുമോ സ്മാർട്ട് മീറ്റർ?
News Malayalam 24x7
newsmalayalam.com