SPOTLIGHT | തൃശൂരില്‍ സുരേഷ് ഗോപിക്കായി വോട്ട് ഇരട്ടിച്ചോ?

സുരേഷ് ഗോപിയുടെ വിജയത്തിനു മുന്‍പു തന്നെ സിപിഐ പരാതി നല്‍കിയിരുന്നു. തൃശൂരും പരിസരത്തും താമസമില്ലാത്ത ആയിരങ്ങള്‍ക്ക് തൃശൂര്‍ മണ്ഡലത്തില്‍ വോട്ടുണ്ട് എന്നായിരുന്നു ആ പരാതി
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ് NEWS MALAYALAM 24x7
Published on

തൃശൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ അട്ടിമറി നടന്നോ? സുരേഷ് ഗോപിയുടെ ജയം അട്ടിമറിയിലൂടെ ആണെന്നതിന് എന്തെങ്കിലും തെളിവുണ്ടോ? വോട്ടെടുപ്പിനു മുന്‍പു തന്നെ ഇങ്ങനെ ഒരാരോപണം ഉയര്‍ന്ന മണ്ഡലമാണ് തൃശൂര്‍. എന്നിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ട്? എതിര്‍സ്ഥാനാര്‍ത്ഥികളാരും ഹൈക്കോടതിയില്‍ പോകാത്തത് എന്തുകൊണ്ട്? ഇപ്പോള്‍ പരാതി പറഞ്ഞിട്ടു കാര്യമില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ രത്തന്‍ ഖേല്‍ക്കര്‍ പറയുന്നത്. അതു കേട്ടിരിക്കാനല്ലാതെ ഇനി മറ്റെന്തെങ്കിലും സാധിക്കുമോ? തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് ഇങ്ങനെയിങ്ങനെ അനേകമനേകം ചോദ്യങ്ങളുണ്ട്. അവിടെ സുരേഷ് ഗോപി ജയിച്ചു കയറി. പൂരംകലക്കല്‍ മുതല്‍ അനേകം ആരോപണങ്ങളുണ്ടായി. സുരേഷ് ഗോപിക്ക് തിളങ്ങാന്‍ സാധ്യതകളുള്ള നിരവധി സംഭവങ്ങള്‍ അരങ്ങേറി. കരുവന്നൂര്‍ ബാങ്ക് കേസിലൊക്കെ മണ്ഡലം മുഴുവന്‍ യാത്ര നടത്തി. പ്രധാനമന്ത്രി പങ്കെടുത്ത് വനിതകളെ ആദരിക്കുന്നതു മുതല്‍ സുരേഷ് ഗോപിയുടെ മകളുടെ കല്യാണം വരെ വലിയ ഇവന്റുകളായി നടന്നു. സഭ സുരേഷ് ഗോപിക്കൊപ്പമാണെന്ന് ധ്വനിപ്പിച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടന്നു. ഇതിന്റെയൊക്കെ അനന്തരഫലമാണ് സുരേഷ് ഗോപിയുടെ ജയം എന്നായിരുന്നു എല്ലാ രാഷ്ട്രീയ വിശകലനങ്ങളും വന്നു നിന്നത്. തൃശൂര്‍ മണ്ഡലത്തെക്കുറിച്ച് ഇപ്പോഴുയരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി എന്താണ്?

സ്പോട്ട്ലൈറ്റ്
SPOTLGHT | കേരള സ്റ്റോറി ആരുടെ 'സംവിധാനം'?

തൃശൂരില്‍ സുരേഷ് ഗോപിക്കായി വോട്ട് ഇരട്ടിച്ചോ?

ഒരുകാര്യം ആദ്യം തന്നെ സുവ്യക്തമായി പറയാം. സുരേഷ് ഗോപിയുടെ വിജയം ഒരു പൊതു ട്രെന്‍ഡ് ആയിരുന്നില്ല. എല്ലാ മണ്ഡലങ്ങളിലും ചില ബൂത്തുകള്‍ കേന്ദ്രീകരിച്ചുണ്ടായ വലിയ വോട്ട് വ്യത്യാസമാണ് ആ വിജയത്തിന് വഴി ഒരുക്കിയത്. സാധാരണ വോട്ടെടുപ്പുകളില്‍ ഓരോ മുന്നണിക്കും മേല്‍ക്കൈ ഉള്ള ബൂത്തുകള്‍ ഉണ്ടാകും. ആ ബൂത്തുകളില്‍ മുന്നണി സ്ഥാനാര്‍ത്ഥി ബഹുദൂരം മുന്നിലെത്തും. അങ്ങനെയുള്ള ട്രെന്‍ഡ് എല്ലാ തെരഞ്ഞെടുപ്പിലും ഉണ്ടാകുന്നതാണ്. 30 വര്‍ഷമെങ്കിലുമായി ആ ട്രെന്‍ഡ് അങ്ങനെതന്നെയാകും. എന്നാല്‍ സുരേഷ് ഗോപിയുടെ കാര്യത്തില്‍ വലിയ വലിയ വ്യത്യാസമുണ്ടായി. 2019ല്‍ നാമമാത്ര വോട്ട് കിട്ടിയ ബൂത്തുകളില്‍ ചിലതില്‍ വലിയ മുന്നേറ്റമുണ്ടായി. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥിയേക്കാള്‍ മൂന്നുമടങ്ങ് വോട്ടൊക്കെ സുരേഷ് ഗോപിക്കു കിട്ടി. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ നാല്‍പ്പതിനാലാം നമ്പര്‍ ബൂത്തില്‍ 2019ല്‍ സുരേഷ് ഗോപിക്ക് 47 വോട്ടാണ് കിട്ടിയത്. അവിടെ ഇത്തവണ 324 വോട്ട്. 2019ല്‍ ടി.എന്‍. പ്രതാപന് 818 വോട്ട് കിട്ടിയ ആ ബൂത്തില്‍ 2024ല്‍ കെ മുരളീധരന് കിട്ടിയത് വെറും 161 വോട്ട്. എണ്‍പതാം നമ്പര്‍ ബൂത്തില്‍ സുരേഷ് ഗോപിക്ക് 2019ല്‍ 42 വോട്ട്. അവിടെ ടി.എന്‍. പ്രതാപന് 512 വോട്ട്. ഇത്തവണ അതേ ബൂത്തില്‍ സുരേഷ് ഗോപിക്ക് 358 വോട്ടായി. കെ. മുരളീധരന് കിട്ടിയത് 230 മാത്രം. 47 വോട്ട് 324 ആയും 42 വോട്ട് 358 ആയും മാറി മറിഞ്ഞതുപോലുള്ള തലകീഴ്മറിച്ചില്‍ ഇതുപോലെ ചില ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് ഉണ്ടായത്. ആ പ്രതിഭാസത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ ഒന്നായി സുരേഷ് ഗോപിക്കു മറിഞ്ഞു എന്നാണ് ഇതുവരെ വിലയിരുത്തിയിരുന്നത്. ചില ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടന്ന അട്ടിമറിയാണോ എന്ന സംശയമാണ് ഇപ്പോള്‍ സുനില്‍കുമാര്‍ ഒക്കെ ഉന്നയിക്കുന്നത്.

ആരോപണം പോളിങ് നടക്കുമ്പോള്‍ തന്നെ

തൃശൂര്‍ നഗരത്തില്‍ പോളിങ് നടക്കുന്ന ഘട്ടത്തില്‍ തന്നെ ബഹളമുണ്ടായി. ബൂത്ത് ഏജന്റുമാര്‍ക്ക് ഒരു പരിചയവുമില്ലാത്തവര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു അത്. അടഞ്ഞുകിടന്ന ഫ്‌ളാറ്റുകളുടേയും വീടുകളുടേയും വിലാസത്തിലായിരുന്നു വോട്ടര്‍മാര്‍ എത്തിയത്. അവരില്‍ പലരും ചേലക്കരയും പട്ടാമ്പിയിലുമൊക്കെ സ്ഥിരതാമസക്കാരാണെന്നും ആരോപണം ഉയര്‍ന്നു. പോളിങ് അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചു. എന്നാല്‍ തൃശൂര്‍ മണ്ഡലത്തിലേക്കു താമസം മാറ്റിയെന്നും അങ്ങനെയാണ് വോട്ട് ഇവിടെ ആയതെന്നും അവര്‍ വാദിച്ചു. അത് ബൂത്ത് തല ഓഫിസര്‍മാര്‍ അംഗീകരിച്ചു. അവര്‍ വോട്ട് ചെയ്തു മടങ്ങുകയും ചെയ്തു. ഏതായാലും സുരേഷ് ഗോപിക്ക് അനുകൂലമായി തൃശൂര്‍ മണ്ഡലം മുഴുവന്‍ ഒരു വികാരം ഉണ്ടായിരുന്നില്ല. ഗുരുവായൂര്‍ നിയമസഭാ മണ്ഡലം എടുക്കുക. അവിടെ സുരേഷ് ഗോപി യഥാര്‍ത്ഥത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. അവിടെ ഒന്നാമതായത് ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള കെ. മുരളീധരനായിരുന്നു. ഗുരുവായൂരില്‍ കെ. മുരളീധരന് 57,925 വോട്ട്. വി.എസ്. സുനില്‍കുമാറിന് 50,519 വോട്ട്. സുരേഷ് ഗോപിക്ക് 45,049 വോട്ട്. ഗുരുവായൂര്‍ അസംബ്ലി മണ്ഡലത്തില്‍ സുരേഷ് ഗോപി കെ. മുരളീധരനേക്കാള്‍ പന്ത്രണ്ടായിരത്തിലധികം വോട്ടുകള്‍ക്കു പിന്നിലായിരുന്നു. അവിടെ ഒന്നാമതെത്തിയത് വി.എസ്. സുനില്‍ കുമാറും ആയിരുന്നില്ല, മൊത്തം വോട്ടില്‍ ഏറെ പിന്നോക്കം പോയ കെ. മുരളീധരന്‍ ആയിരുന്നു. അന്നുമിന്നും ഗുരുവായൂരിലെ വോട്ടിങ്ങിനെക്കുറിച്ച് ആരും പരാതി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ സിപിഐയുടേയും സിപിഐഎമ്മിന്റേയും കുത്തക മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി ബഹുദൂരം മുന്നിലെത്തിയത്.

സ്പോട്ട്ലൈറ്റ്
SPOTLIGHT |കന്യാസ്ത്രീകളും പരിവാർ സംഘടനകളുടെ ന്യൂനപക്ഷ വേട്ടയും

തൃശൂര്‍ നഗരത്തിലെ സുരേഷ് ഗോപി

1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. അന്ന് തൃശൂരില്‍ സാക്ഷാല്‍ കെ. കരുണാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെ. കരുണാകരന്‍ സിപിഐയിലെ വി.വി. രാഘവനോട് തോറ്റു. തോല്‍വി വെറും 1,480 വോട്ടിനായിരുന്നു. ഫലം വരുമ്പോള്‍ കൊച്ചി പനമ്പിള്ളി നഗറിലെ പത്മജയുടെ വീട്ടിലായിരുന്നു കരുണാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരായുമ്പോള്‍ ആ നിമിഷം തന്നെ ഒരു ഫോണ്‍ വന്നു. അതുവരെ ഭരണത്തിലുണ്ടായിരുന്ന നരസിംഹറാവു സര്‍ക്കാരിലെ കൃഷിമന്ത്രിയായിരുന്ന ബല്‍റാം ഝക്കറായിരുന്നു വിളിച്ചത്. ദ് ബാങ്ക് പീപ്പിള്‍ ഡിഫീറ്റഡ് മീ... എന്നായിരുന്നു കരുണാകരന്റെ ആദ്യവാചകം. കാത്തലിക് സിറിയന്‍ ബാങ്ക് പ്രതിസന്ധിയിലായ കാലമായിരുന്നു. ആ ബാങ്കിനെ രക്ഷിക്കാന്‍ സഭ ഒന്നടങ്കം കേന്ദ്രസര്‍ക്കാരില്‍ സഹായം തേടിയിരുന്നു. അതു നടന്നില്ല. അതിനാല്‍ സഭ ഒന്നടങ്കം കെ. കരുണാകരന് എതിരായി. അങ്ങനെ തോറ്റു. ഇതായിരുന്നു ബാങ്ക് പീപ്പിള്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം. അതുശരിക്കും ക്രൈസ്തവ സഭയെ തന്നെയായിരുന്നു കരുണാകരന്‍ ഉദ്ദേശിച്ചത്. തൃശൂരില്‍ മകന്‍ കെ. മുരളീധരന്‍ മൂന്നാമതായപ്പോഴും സാഹചര്യം വേറെ ആണെങ്കിലും വിലയിരുത്തല്‍ അതു തന്നെയായിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ സുരേഷ് ഗോപിക്കായി വോട്ടു ചെയ്തു. അങ്ങനെ കെ. മുരളീധരന്‍ മൂന്നാമതായി. പരമ്പരാഗതമായി കോണ്‍ഗ്രസിന് കിട്ടിയിരുന്ന വോട്ടുകളാണ് ഒന്നാകെ ഒലിച്ചുപോയത്. പക്ഷേ, തൃശൂരില്‍ ഇതു യാഥാര്‍ത്ഥ്യമാണെങ്കിലും അതുമാത്രമാണ് കാരണം എന്നു പറയാന്‍ കഴിയില്ല. ക്രൈസ്തവ വോട്ടുകള്‍ കാര്യമായില്ലാത്ത ചില ബൂത്തുകളില്‍ പോലും സുരേഷ് ഗോപി ഒന്നാമതെത്തി. അതും ബിജെപിക്കോ ആര്‍എസ്എസിനോ സ്വാധീനം ഇല്ലാത്ത ബൂത്തുകളില്‍. അവിടെ ആ ബൂത്തുകളില്‍ ആദ്യമായി വോട്ട് ചെയ്ത നിരവധി പേര്‍ ഉണ്ടായിരുന്നു എന്നാണ് ആരോപണം.

സുരേഷ് ഗോപി ജയിച്ചതെങ്ങനെ

സുരേഷ് ഗോപിയുടെ വിജയത്തിനു മുന്‍പു തന്നെ സിപിഐ പരാതി നല്‍കിയിരുന്നു. തൃശൂരും പരിസരത്തും താമസമില്ലാത്ത ആയിരങ്ങള്‍ക്ക് തൃശൂര്‍ മണ്ഡലത്തില്‍ വോട്ടുണ്ട് എന്നായിരുന്നു ആ പരാതി. എന്നാല്‍ അവ സ്ഥാപിക്കാനോ അതിനു പിന്നാലെ പോകാനോ ആര്‍ക്കും കഴിഞ്ഞില്ല. ബൂത്തിനെക്കുറിച്ചു ധാരണയുള്ള ഏജന്റുമാരുടെ കുറവായിരുന്നു അത്തരം സ്ഥിതിക്കു കാരണം. പണ്ടൊക്കെ ഓരോ വീട്ടിലേയും ഓരോ വോട്ടറേയും ബൂത്ത് ഏജന്റുമാര്‍ക്ക് അറിയാമെങ്കില്‍ ഇപ്പോള്‍ ആ സ്ഥിതിയില്ല. ഫ്‌ളാറ്റുകളിലൊക്കെ താമസിക്കുന്നവരെ ഒരിക്കല്‍ പോലും കാണാത്ത ഏജന്റുമാരാണ് തെരഞ്ഞെടുപ്പിനെത്തുന്നത്. അതുകൊണ്ടുതന്നെ അത്തരം ചലഞ്ചുകളൊന്നും കാര്യമായി ഉണ്ടായില്ല. ഗുരുവായൂരില്‍ ഒന്നാമതെത്തിയ കെ. മുരളീധരന്‍ ഇരിഞ്ഞാലക്കുടയില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. അവിടെ സുനില്‍കുമാര്‍ മൂന്നാമതായതിനു കാരണം ബാങ്ക് കേസ് ആണെന്നാണ് വിലയിരുത്തലുണ്ടായത്. ഇരിഞ്ഞാലക്കുടയില്‍ സുരേഷ് ഗോപി 59,515 വോട്ട് നേടിയതിന്റെ അമ്പരപ്പ് ഇരുമുന്നണികള്‍ക്കും ഇതുവരെ മാറിയിട്ടില്ല. അതുപോലെ പുതുക്കാടും. അവിടെ സുരേഷ് ഗോപിക്ക് ലഭിച്ചത് 62,635 വോട്ടാണ്. സിപിഐഎമ്മിന്റെ ആ സ്ഥിരം മണ്ഡലത്തില്‍ വി എസ് സുനില്‍കുമാറിന് കിട്ടിയത് 49,913 വോട്ട് മാത്രവും. പന്ത്രണ്ടായിരം വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്കുണ്ടായത്. ഇതൊക്കെ അട്ടിമറിയാണെന്നു തെളിയിക്കണമെങ്കില്‍ നിസ്സാരമായ ആരോപണങ്ങള്‍ മതിയാകില്ല. കുറഞ്ഞത് പതിനയ്യായിരം കള്ളവോട്ടെങ്കിലും സ്ഥാപിക്കാന്‍ കഴിയണം. ഒരു പുകമറയ്ക്കപ്പുറം എന്തെങ്കിലും ഉണ്ടെന്നു തെളിയിക്കാന്‍ അത്യധ്വാനം തന്നെ വേണ്ടിവരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com