
എന്തുകൊണ്ട് കേരള സ്റ്റോറിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു? അത് കേരളത്തെക്കുറിച്ച് വലിയ ഭള്ള് പറയുന്നുണ്ട് എന്നുമാത്രമാണ് ഉത്തരം. ലോകമെങ്ങും അനേകം പ്രൊപ്പഗാന്‍ഡാ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ളവയില്‍ കലാപരമായി മികച്ചു നിന്നവയും ഉണ്ട്. പക്ഷേ, ഇത്രയേറെ അസത്യം പറയുന്ന ഒരു സിനിമയ്ക്കും ഇന്ത്യയുടെ ചരിത്രത്തില്‍ ദേശീയ പുരസ്‌കാരം നല്‍കിയിട്ടില്ല. ലൗ്ജിഹാദ് എന്ന ആരോപണം വിചാരണക്കോടതി മുതല്‍ സുപ്രീംകോടതിവരെ തള്ളിക്കളഞ്ഞതാണ്. ഹാദിയ കേസിലൊക്കെ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് വിധിയെഴുതിയതാണ്. 18 വയസ്സുകഴിഞ്ഞ പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാലും മതംമാറാന്‍ തീരുമാനിച്ചാലും അതില്‍ ഒരു ജിഹാദുമല്ലെന്ന് കോടതികള്‍ എടുത്തുപറഞ്ഞതാണ്. വ്യാപകമായി ലൗജിഹാദ് നടക്കുന്നു എന്ന ആരോപണത്തിന് തെളിവില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതാണ്. കേരളത്തിലെ ആയിരക്കണക്കിന് ഹിന്ദുസ്ത്രീകളെ ഇസ്ലാംമിലേക്ക് പരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ത്തു എന്നാണ് ഈ സിനിമ പറയുന്നത്. ആ സിനിമയ്ക്കാണ് മികച്ച സംവിധായക പുരസ്‌കാരം കിട്ടിയിരിക്കുന്നത്.
കേരള സ്റ്റോറി ആരുടെ 'സംവിധാനം'?
എന്തുകൊണ്ട് കേരളാ സ്റ്റോറി? അത് എല്ലാവരും കാണേണ്ട സിനിമയാണെന്നു പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഒന്നും രണ്ടും തവണയല്ല, 2024ലെ തെരഞ്ഞെടുപ്പു കാലം മുഴുവന്‍ പ്രധാനമന്ത്രി അതു പ്രസംഗിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള വേദികളില്‍ ആവര്‍ത്തിച്ചു. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ലൗ ജിഹാദ് വളര്‍ത്തുന്നവരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കലാപരമായി ഒരു മേന്മയും അവകാശപ്പെടാനില്ലാത്ത സിനിമ. ബിജെപി അനുകൂല രാഷ്ട്രീയം പറയുന്നതുകൊണ്ടുമാത്രം അത് അംഗീകരിക്കപ്പെടുകയാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാരം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടേയോ ആഭ്യന്തര മന്ത്രിയുടേയോ ഓഫിസില്‍ അല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപി ദേശീയ അധ്യക്ഷനോ ആര്‍എസ്എസ് സര്‍സംഘചാലകോ അല്ല പുരസ്‌കാരം നിശ്ചയിക്കുന്ന സമിതിയുടെ അധ്യക്ഷന്‍. സമിതിയില്‍ ആരാണെങ്കിലും പുരസ്‌കാരം തീരുമാനിക്കുന്നത് ഇവരൊക്കെ തന്നെയാണെന്ന് അനുഭവങ്ങളിലൂടെ എല്ലാവരും പറയാറുള്ളതാണ്. ഇപ്പോഴിപ്പോഴായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും പദ്മ പുരസ്‌കാരങ്ങളും വരുമ്പോഴൊക്കെ ആ രാഷ്ട്രീയം വ്യതിരിക്തമായി തെളിയാറുണ്ട്. ഇഷ്ടക്കാര്‍ക്കു പുരസ്‌കാരം കൊടുക്കുന്നതിലും വലിയ തെറ്റാണ് ഇഷ്ടമില്ലാത്തവരെ ചീത്തപറയുന്നവര്‍ക്ക് പുരസ്‌കാരം കൊടുക്കുന്നത്. അതിനാണ് ഡീമോട്ടിവേറ്റിങ് പുരസ്‌കാരമെന്ന് ഇംഗ്‌ളീഷില്‍ പറയുന്നത്.
ഒരു വിഭാഗത്തെ അവഹേളിക്കുന്ന സിനിമ
കേരളത്തിലെ അരമനകളിലും പള്ളിവക സ്‌കൂളുകളിലും പ്രദര്‍ശിപ്പിച്ച സിനിമകൂടിയാണ് ലവ് ജിഹാദ്. കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് വാദിച്ചത് ഹിന്ദുക്കളെക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളായിരുന്നു. ലൗജിഹാദും ഹലാല്‍ ജിഹാദും ഉണ്ടെന്ന് പറഞ്ഞത് ബിഷപ്പുമാര്‍ തന്നെ ആയിരുന്നു. ലൗ ജിഹാദ് വഴി ക്രിസ്ത്യാനി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നു പ്രസംഗിച്ചത് ഇടുക്കി ബിഷപ് ആയിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലാണ്. നര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദും ഉണ്ടെന്നു പറഞ്ഞത് പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ്. കഴിഞ്ഞമാസം കൂടി ചില പള്ളികളില്‍ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. എരുമേലിയില്‍ നിന്നു കാണാതായ ജസ്‌നയെ ലൗജിഹാദിനായി തട്ടിക്കൊണ്ടുപോയതാണെന്നും വ്യാപക പ്രചാരണം ഉണ്ടായി. എന്നാല്‍ കേസ് അന്വേഷിച്ച സിബിഐ അത്തരമൊരു സാധ്യത പൂര്‍ണമായും തള്ളിയുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. ഹാദിയയുടെ കാര്യത്തില്‍ നടന്നത് ലൗജിഹാദാണെന്ന് ബിജെപി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ആ നിലപാട് പൂര്‍ണമായും തള്ളുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. മുസ്ലിംകളായ ചെറുപ്പക്കാന്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആയ യുവതികളെ പ്രണയിച്ചാല്‍ ആ നിമിഷം ലൗജിഹാദ് എന്ന ആരോപണം വരുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍, സമൂഹത്തില്‍ പതിറ്റാണ്ടുകളായി നടക്കുന്നതാണ് മതാതീതമായ പ്രണയം. പണ്ടു നടന്നിരുന്നത് ഇപ്പോഴും നടക്കുന്നു എന്നതിനപ്പുറം അതിന് തെളിവൊന്നും കിട്ടിയിട്ടില്ല.
കന്യാസ്ത്രീകളുടെ അറസ്റ്റും കേരളാ സ്റ്റോറിയും
എന്നാല്‍ ഇപ്പോള്‍ കന്യാസ്ത്രീകളുടെ അറസ്റ്റ് ഈ വിഷയത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്നുണ്ട്. ലൗജിഹാദ് എന്ന് പറഞ്ഞു മുസ്ലിംകളെ അധിക്ഷേപിച്ചെങ്കില്‍ മനുഷ്യക്കടത്ത് എന്നു പറഞ്ഞു ക്രിസ്ത്യാനികളേയും അധിക്ഷേപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ക്രിസ്ത്യാനികള്‍ ആള്‍ക്കൂട്ട വിചാരണയും നേരിടണമെന്നാണ് ഛത്തീസ്ഗഡ് കാണിച്ചു തന്നത്. ലൗ ജിഹാദ് വിഷയത്തില്‍ എങ്ങനെയാണോ മുസ്ലിംകളെ വേട്ടയാടിയത്, അതേ മാര്‍ഗത്തില്‍ തന്നെയാണ് മനുഷ്യക്കടത്ത് ആരോപിച്ച് ക്രിസ്ത്യാനികളേയും വേട്ടയാടുന്നത്. കേരള സ്റ്റോറി മഹത്തായ കലാസൃഷ്ടിയാണെന്ന മട്ടില്‍ കുട്ടികള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിച്ച സഭ ഇപ്പോള്‍ ഉത്തരമില്ലാതെ ഉഴലുകയാണ്. കേരള സ്റ്റോറി ഒരു പ്രൊപ്പഗാന്‍ഡ സിനിമയാണെന്നതിന് നിരവധി തെളിവുകളുണ്ട്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ച സിനിമയാണ് കേരളാ സ്റ്റോറി. അവിടെ എട്ടുനിലയില്‍ പൊട്ടി ബിജെപി അധികാരത്തില്‍ നിന്നു പുറത്തായി. കാലങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. കേരള സ്റ്റോറി വച്ച് കര്‍ണാടക പിടിക്കാനുള്ള ശ്രമമാണ് തകര്‍ന്നു തരിപ്പണമായത്. എന്നാല്‍ ബോക്‌സ് ഓഫിസില്‍ 300 കോടിയിലധികം നേടി സിനിമ വിജയിച്ചു. കേരളത്തിന് എതിരേ എന്നല്ല, മുസ്ലിംകള്‍ക്ക് എതിരേ എന്നാണ് സിനിമയെക്കുറിച്ചു പറയേണ്ടത്. കേരളത്തില്‍ മുസ്ലിംകള്‍ ഭൂരിപക്ഷമൊന്നുമല്ല. പക്ഷേ, കേരള സ്റ്റോറി മുസ്ലിം സ്റ്റോറിയാണ് എന്നു വരുത്തി തീര്‍ക്കാന്‍ കൂടി ശ്രമിക്കുന്നതായിരുന്നു ആ സിനിമ. മുസ്ലിംകള്‍ക്കെതിരേ രാജ്യമെങ്ങും നടക്കുന്ന പ്രചാരണത്തിനൊപ്പം കേരളത്തെക്കൂടി ആ പട്ടികയില്‍ എഴുതിച്ചേര്‍ത്തു. ആ പ്രചാരണത്തില്‍ ബിജെപിക്കൊപ്പം കേരളത്തിലെ ഒരു വിഭാഗം കത്തോലിക്ക പുരോഹിതരും ചേര്‍ന്നു. ഈ ദുഷ്പ്രചാരണങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സുവര്‍ണചകോരമാണ് ഇപ്പോഴത്തെ മികച്ച സംവിധായകന്‍ കിരീടം.
കലയെ സര്‍ക്കാര്‍ വിഴുങ്ങുമ്പോള്‍
ബിജിപിയുടെ പ്രൊപ്പഗാന്‍ഡയ്ക്ക് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമ്പോള്‍ വംശനാശം നേരിടുന്നത് കലയാണ്. സത്യജിത് റേയും മൃണാള്‍ സെന്നും ഋത്വിക് ഘട്ടക്കും ശ്യാം ബനഗലും ജി അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും ഒക്കെയാണ് മികച്ച സംവിധായകര്‍ എന്നൊരു ധാരണ നമുക്കുണ്ടായിരുന്നു. അവരുടെ സിനിമകളാണ് ഒരു മടുപ്പുമില്ലാതെ കലാപ്രേമികള്‍ ആവര്‍ത്തിച്ചു കണ്ടിരുന്നത്. ഇനിയിപ്പോള്‍ ശുദ്ധനുണ പതിനായിരം വട്ടം ആവര്‍ത്തിക്കുന്ന പ്രൊപ്പഗാന്‍ഡകള്‍ക്കാണ് മാര്‍ക്കറ്റ്. ഇത്തരം അവാര്‍ഡുകള്‍ നല്‍കുന്നതിലൂടെ തകര്‍ന്നടിയുന്നത് കലയെക്കുറിച്ചുള്ള ധാരണയാണ്. ഇല്ലാതാകുന്നത് നല്ല സിനിമ പിടിക്കാനുള്ള പ്രചോദനമാണ്. ഇതൊക്കെ കല എന്ന നിലയിലുള്ള തിരിച്ചടികള്‍. അതിനൊക്കെ അപ്പുറമാണ് സമൂഹം എന്ന നിലയില്‍ നമ്മള്‍ നേരിടുന്ന തിരിച്ചടി. മുസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളും സിഖുകാരും ജൈനരും പാഴ്‌സികളുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ സമൂഹം. അതിലേതെങ്കിലും ഒന്നിനെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. അങ്ങനെ കുത്തിപ്പിരിച്ച് മുസ്ലിംകളെ മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് കേരള സ്റ്റോറി എന്ന സിനിമ നടത്തിയത്. ക്രിസ്ത്യാനികളെ മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് കന്യാസ്ത്രീകളുടെ അറസ്റ്റുവഴി നടപ്പാക്കിയത്. വികസിത സമൂഹം എന്ന നിലയില്‍ നിന്ന് മാനസിക വളര്‍ച്ചയില്ലാത്തവരുടെ നരകത്തിലേക്കാണ് നാം വീണുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പറയാന്‍ സാധിക്കുന്നത് നമ്മള്‍ ഈ കേരളത്തില്‍ ജീവിക്കുന്നതുകൊണ്ടാണ്. ഇതിനപ്പുറം എന്തുപറയാന്‍.