

ട്വന്റി20 ലോകകപ്പ് ഫൈനല്‍ വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിനു സമീപത്ത് തമ്പടിച്ച വഴിയോര ജഴ്‌സിക്കച്ചവടക്കാരോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യം മാത്രമായിരുന്നു, സഞ്ജു കാ ജഴ്‌സി മിലേഗാ ക്യാ? കച്ചവടക്കാരെ ഏറ്റവും കൂടുതല്‍ വലച്ചത് ഈ ചോദ്യമാണ്. കാരണം ജഴ്സി തീര്‍ന്നുപോയിരുന്നു. കച്ചവടമറിഞ്ഞ ജഴ്സി കമ്പനികള്‍ സാംസണ്‍ എന്ന പേരുപതിച്ച് കൂടുതല്‍ വിലയിട്ട് ജഴ്സികളിറക്കി ലാഭം കൊയ്തു. സ്റ്റേഡിയത്തില്‍ നീല ജഴ്സികളില്‍ നിന്നുയര്‍ന്നത് ''ചേട്ടാ'' വിളികളായിരുന്നു. സഞ്ജുവിന്റെ ബാറ്റില്‍ നിന്നുതിര്‍ന്ന ഓരോ ഷോട്ടിലും ഗാലറിയില്‍ നിന്ന് അലയടിച്ചത് അതേ ശബ്ദം. ടിട്വന്റി ലോക കപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സ്പോട്ട്ലൈറ്റിന്റെ അഭിനന്ദനം.
സഞ്ജു സാംസണ്‍ അഥവാ നമ്മുടെ സ്വന്തം ചേട്ടന്‍ ബ്രാന്‍ഡ്
ലോകക്രിക്കറ്റില്‍ അധികമൊന്നും ആഘോഷിക്കപ്പെടാതിരുന്ന ഒരു മലയാളി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറുന്ന കാഴ്ച ഏതൊരു മലയാളിക്കും അഭിമാനമാണ്. കോലിയേയും ധോനിയേയും രോഹിത്ത് ശര്‍മയെയും പോലെ സഞ്ജുവും ഇന്ത്യയുടെ ക്ര്ിക്കറ്റിന്റെ മുഖ്യബ്രാന്‍ഡായി മാറുന്നു. സഞ്ജുവെത്തുമ്പോള്‍ മൈതാനം ആര്‍ത്തലക്കുന്നു, ആ സ്നേഹാരവം കേള്‍ക്കുമ്പോള്‍ ആവേശമാണെന്ന് സഞ്ജുവിന്റെ സാക്ഷ്യം. ലോക ക്രിക്കറ്റിന്റെ കൊടുമുടി കയറുന്ന സഞ്ജുവിനിത് പോയ ദിനങ്ങളിലെ അവഗണനയുടെ മധുര പ്രതികാരമാണിത്. തുടരെ പ്രതിസന്ധികള്‍ ആഞ്ഞടിച്ചപ്പോഴും അത് വകവെക്കാതെ അക്ഷോഭ്യനായി ചെറുപുഞ്ചിരിയോടെ പോരാടിയതിന്റെ സാക്ഷ്യമാണത്. ഒരിക്കല്‍ തല കുനിച്ച് പുറത്തിരുന്നവന്‍ ഉയര്‍ത്തിപ്പിടിച്ച തലയോടെ നിന്ന അഭിമാനം. വീരോചിതമായ ആ തിരിച്ചുവരവിന്റെ പ്രതീകമായി സഞ്ജു മാറുന്നുണ്ട്. തിരിച്ചടികള്‍ക്കിടയില്‍ താന്‍ തിരിച്ചുവരുമെന്ന് സഞ്ജു കുടുംബത്തിന് കൊടുത്ത വാക്കും അതിലേക്കുള്ള കനല്‍വഴികളും അവനെ അതിജീവനത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാക്കി.
ചേട്ടന് യുഗം
സാമൂഹിക മാധ്യമങ്ങളില്‍ 'ചേട്ടന്‍ യുഗം' എന്ന ടാഗ്ലൈനിലാണ് ട്വന്റി ട്വന്റി ലോക കപ്പ് വിജയം ഇപ്പോള്‍ പങ്കുവെക്കപ്പെടുന്നത്. സഞ്ജുവിന്റെ ചേട്ടന്‍ മാര്‍ക്ക് ചെയ്യപ്പെടുന്നത് ഒരുവര്‍ഷം മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്്സ് സഞ്ജുവിനെ താരലേലത്തില്‍ ഏറ്റെടുത്ത ശേഷമായിരുന്നു. ഡോണിയുടെ ലുങ്കി ഡാന്‍സിന്റെ മാര്‍ക്കറ്റിങ്് സ്ട്രാറ്റജിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്്സ് നല്‍കിയ ടാഗ്ലൈന്‍. ആദ്യം ചേട്ടന്‍ വിളി കേട്ട ഉത്തരേന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞു. മുതിര്‍ന്ന സഹോദരന്‍ എന്നാണ് അര്‍ഥമെന്ന് പറഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ കണ്ടന്റ് ഉണ്ടാക്കിയവര്‍ ഏറെയാണ്. ദിനേഷ് കാര്‍ത്തിക്കുമായുള്ള ചെറുവീഡിയോകളും ചേട്ടായുടെ അര്‍ഥം സൗത്ത് ആഫ്രിക്കയുടെ ഫാഫ് ഡുപ്ലസിക്ക് വിശദീകരിച്ച് കൊടുക്കുന്ന കുംബ്ലേയും സാമൂഹിക മാധ്യമങ്ങളിലെ വൈറലായി. അഹമ്മദാബാദിലെ കലാശക്കളിയിലെ വിജയത്തിന് ശേഷം സൂപ്പര്‍താരം വിരാട് കോലി. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം, ചേട്ടാ.... എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടു. കൊച്ചിയില്‍ വിമാനമിറങ്ങിയ സ്ഞ്ജുവിന് വേണ്ടി ചേട്ടന് വേണ്ടി വഴിമാറാന്‍ ആവശ്യപ്പെടുന്ന സൂര്യകുമാര്‍ യാദവിന്റെ മറ്റൊരു വീഡിയോ മുമ്പേ വൈറലായിരുന്നു.
ഗൂഗിളിന്റെ ചേട്ടന്‍ ആദരം
അടിക്കുറിപ്പോടെയാണ് ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് 'അടിപൊളി ചേട്ടാ! സൂപ്പര്‍ബ് ഫിഫ്റ്റി' എന്ന ട്രാന്‍സ്ലേഷൻ്റെ സ്‌ക്രീന്‍ ഷോട്ട് , ഗൂഗിള്‍ ഇന്ത്യ എക്സില്‍ പങ്കുവെച്ചത്. മറ്റൊരു സംഭവം കൂടി ഓര്‍മയിലുണ്ടാകും. 2024ല്‍ സൗത്ത് ആഫ്രിക്കയിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന ടിട്വന്റിയുടെ തമിഴ് ലൈവില്‍ സഞ്ജു നൂറ് റണ്‍സ് പിന്നിട്ടപ്പോള്‍ ആവേശം മൂത്ത കമന്‍േററ്റര്‍ ഇങ്ങനെ പാടി, ചേട്ടന്‍ വന്നില്ലേ, നൂറടിക്കാന്‍ വന്നില്ലേ, രജനികാന്തിന്റെ വേട്ടയ്യന്‍ സിനിമയിലെ മനസ്സിലായോ എന്ന പാട്ടിന്റെ പാരഡിയായാണ് അന്ന് പാടിയത്. കൂടെ മണിച്ചിത്രത്താഴ് സിനിമയിലെ തിലകന്‍ അവതരിപ്പിച്ച ഡയലോഗും. അമ്പട കേമാ സഞ്ജുക്കുട്ടാ എന്ന് തമിഴ്നാട്ടിലും ഹിറ്റാകാന്‍ ഇനി വേറെ എന്തെങ്കിലും വേണോ.
സഞ്ജു എന്ന ജനകീയ ബ്രാന്‍ഡ്
ദക്ഷിണേന്ത്യയെ അഭിസംബോധന ചെയ്യാന്‍ ഉത്തരേന്ത്യന്‍ ജനത ഉപയോഗിച്ച പല വാക്കുകളും ആക്ഷേപ പദങ്ങളായും ബഹുമാനമില്ലാതെയും ആയിരുന്നു ഉപയോഗപ്പെട്ടുവന്നിരുന്നത്. മദ്രാസിയെന്നും മല്ലുവെന്നും ഉള്ള വിളികള്‍ നാം ശീലിച്ചുപോയി. തമിഴ്നാടിനെ പ്രതിനിധീകരിച്ച് 'ലുങ്കി' ഡാന്‍സും ഉത്തരേന്ത്യന്‍ ജനതക്ക് പരിചിതമായി. എന്നാല്‍ ബഹുമാനത്തോടെയുള്ള അഭിസംബോധനയായി സഞ്ജുവിന്റെ ചേട്ടന്‍ പ്രയോഗം സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിച്ച ഓളത്തില്‍ ജനകീയമായി വളര്‍ന്നത് ഈയിടെയാണ്. മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധത്തിലാണ് സഞ്ജുവിനുള്ള ആരാധകവൃന്ദം. ടീം സെലക്ഷനുകളില്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ടുപോയ സഞ്ജുവിനായി തുടര്‍ച്ചയായി മുറവിളികളുയര്‍ന്നു. പ്രകടനത്തേക്കാളുപരി ശാന്തമായി സംസാരിക്കുന്ന, മര്യാദയുള്ള, വിനയമുള്ള, വളരെ സമീപിക്കാവുന്ന വ്യക്തിയെന്ന നിലയിലാണ് സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യത്യസ്തനാവുന്നത്. മലയാളി താരമായ സഞ്ജുവിന് പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍, യുവ പ്രേക്ഷകര്‍ക്കിടയില്‍ വിശ്വസ്തരായ ഒരു ആരാധകവൃന്ദമുണ്ട്. ഒപ്പം ട്വന്റി ട്വന്റി ലോകകപ്പ് പ്രകടനം ആഗോള സ്വീകാര്യത നേടിത്തരുകയും ചെയ്തു. സഞ്ജുവിന്റെ ജീവിതം കാണിച്ചുതന്ന ക്ഷമയും തിരിച്ചുവരവും കമ്പനികള്‍ക്ക് എളുപ്പം ബ്രാന്‍ഡ് ചെയ്യാനാകുമെന്ന് ഇസാഫ് ബാങ്ക് ബ്രാന്‍ഡ് ഹെഡ് സോണി വി. മാത്യു പറയുന്നു. കളിക്കളത്തിലെ പ്രകടനങ്ങള്‍ക്ക് പുറമെ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളും പ്രതികരണങ്ങളും ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്തുന്ന സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
ആരാധകരുടെ സ്വന്തം സഞ്ജു
ഇന്ത്യന്‍ ക്രിക്കറ്റിന് ഒഴിച്ചുകൂടാനാവാത്ത അവിഭാജ്യ ഘടകമാകാനുള്ള സഞ്ജുവിന്റെ പുതു ഉയിര്‍പ്പിനായിരുന്നു ട്വന്റി ട്വന്റി സാക്ഷ്യം വഹിച്ചത്. ഒരുപക്ഷേ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്ള ജനപ്രീതിയേക്കാളേറെ ഇന്ത്യയില്‍ സഞ്ജു സാംസണ്‍ എന്ന മലയാളിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ക്രിക്കറ്റ് എന്ന കളിയുടെ വിപണി മൂല്യത്തെക്കുറിച്ചോ സഞ്ജു സാംസന്‍ എന്ന വ്യക്തി, ആഗോള ബ്രാന്‍ഡായി ഉയര്‍ന്നുവരുന്നതോ ഒന്നും ആരാധകര്‍ക്ക് സഞ്ജു സാംസണ്‍ എന്ന ക്രിക്കറ്റ് താരത്തെ ചേര്‍ത്തുപിടിക്കുന്നതിന് തടസ്സമാകുന്നില്ല. കാരണം ഈ ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനം അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഈ കളിയെയും കളിക്കാരനെയും അവര്‍ ഏറെ നെഞ്ചേറ്റിയിരിക്കുന്നു.