

ഒക്ടോബര്‍ നാല്! ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സര്‍വേ ഫലങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി ആദ്യഘട്ട വോട്ടെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി ഫ്ലാവിയോ ബോള്‍സൊനാരോ മുന്നിലെത്തുമ്പോള്‍, രാഷ്ട്രീയ പണ്ഡിതന്മാര് വിധിയെഴുതിക്കഴിഞ്ഞിരുന്നു'ലുലയുടെ യുഗം അവസാനിച്ചു!'. ഇതോടെ ലാറ്റിനമേരിക്കയില്‍ അര്‍ജന്റീന, പെറു, കൊളംബിയ, ചിലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ ബ്രസീലിലും വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചനങ്ങളൊഴുകി. 1980-കളില്‍ ജനാധിപത്യം തിരിച്ചുവന്നതിനുശേഷം ആദ്യഘട്ടത്തില്‍ പിന്നിലായ ഒരു സ്ഥാനാര്‍ത്ഥിയും ബ്രസീലില്‍ രണ്ടാമൂഴത്തില്‍ വിജയിച്ചു കയറിയിട്ടില്ല. 80 വയസ്സുകാരനായ ഒരു രാഷ്ട്രീയ ഇതിഹാസത്തിന്റെ പതനമെന്ന് പലരും കരുതിയ നിമിഷം!
അല്ഗോരിതങ്ങളോടും പൊരുതി നേടിയ വിജയം
സ്ഥാനാര്‍ഥികള്‍ക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ട 50 ശതമാനത്തിലധികം വോട്ടു നേടാനാകാത്തതിനെത്തുടര്‍ന്ന് പോരാട്ടം വഴിമാറി. വോട്ടിംഗ് ബൂത്തുകള്‍ക്ക് പുറമെ, ഡിജിറ്റല്‍ ലോകത്തെ വന്‍കിട കമ്പനികളോടും അല്ഗോരിതങ്ങളോടും പൊരുതിയാണ് ഇത്തവണ ബ്രസീല്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും അടക്കമുള്ള പ്ലാറ്റ്ഫോമുകള് വഴി എതിര്‍സ്ഥാനാര്‍ത്ഥി ഫ്ലാവിയോ ബോള്‍സൊനാരോയ്ക്ക് വലിയ തോതില്‍ ലഭിച്ച അല്‍ഗോരിതം മുന്‍തൂക്കം ലുല സില്‍വയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു സൃഷ്ടിച്ചത്.
എന്നാല്‍, ഈ ഡിജിറ്റല്‍ പക്ഷപാതത്തിനെതിരെ ലുലയുടെ നേതൃത്വത്തില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി നിയമപോരാട്ടം ശക്തമാക്കി. വിഷയം സുപ്പീരിയര്‍ ഇലക്ടറല്‍ കോടതിയിലെത്തി. മെറ്റയുടെ അല്‍ഗോരിതത്തില്‍ തിരുത്തലുകള്‍ വരുത്തണമെന്നും ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ പരിഗണന നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്കി. കോടതി ഇടപെടലോടെ മെറ്റയ്ക്ക് തങ്ങളുടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടി വന്നു. എന്നാല്‍, ലുല തന്റെ പോരാട്ടം ഡിജിറ്റല്‍ സ്ക്രീനുകളില്‍ ഒതുക്കിയില്ല. അദ്ദേഹം ഇറങ്ങിയത് ലാറ്റിനമേരിക്കയിലെ പൊള്ളുന്ന തെരുവുകളിലേക്കായിരുന്നു! ഫാക്ടറികളിലെ തൊഴിലാളികള്‍, ഫവേലകളിലെ സാധാരണക്കാര്‍, കര്ഷകര്അടിത്തട്ടിലെ മനുഷ്യര്‍ എന്നിവരിലേക്ക് ലുലയും പ്രവര്‍ത്തകരും നേരിട്ടെത്തി. സാധാരണ തൊഴിലാളികളെയും കര്‍ഷകരെയും ദരിദ്ര ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചു.
ചരിത്ര വിധി
ഒടുവില്‍ ആ നിര്‍ണായക റണ്ണോഫ് ദിനമെത്തി! വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂര്‍ നീട്ടിയത് സൃഷ്ടിച്ച അഭൂതപൂര്‍വ്വമായ ആശയക്കുഴപ്പങ്ങള്‍. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ബോള്‍സൊനാരോ മുന്നില്‍ കുതിച്ചുയര്‍ന്നു. പക്ഷേ, വടക്കുകിഴക്കന്‍ ബ്രസീലിലെ പെട്ടികള്‍ പൊട്ടിച്ചതോടെ ചരിത്രം വഴിമാറി! ഒടുവില്‍ ഔദ്യോഗിക ഫലമെത്തി. 51.76 ശതമാനം വോട്ടുകളോടെ ലുല ഡ സില്‍വയ്ക്ക് ഐതിഹാസിക വിജയം! എതിരാളിയേക്കാള്‍ 44 ലക്ഷം വോട്ടുകളുടെ അസൂയാവഹമായ ഭൂരിപക്ഷം! വെറുപ്പിന്റെ രാഷ്ട്രീയത്തിന് മേല്‍, അതിജീവനത്തിന്റെയും ജനാധിപത്യത്തിന്റെയും ജനകീയ വിജയമായി ലുല ഡ സില്‍വ ബ്രസീലിന്റെ അമരത്തേക്ക് വീണ്ടും നടന്നു കയറി! തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ടര്‍മാരെ പരമാവധി പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ കഴിഞ്ഞതാണ് ലുലയുടെ ഐതിഹാസിക വിജയത്തിന് വഴിയൊരുക്കിയത്.
ട്രംപിന് നിരാശ സമ്മാനിച്ച ജനവിധി
''ഇത് എനിക്കും ബോള്‍സൊനാരോയ്ക്കും ഇടയിലുള്ള മത്സരമല്ല; ജനാധിപത്യവും ഫാസിസവും തമ്മിലുള്ള പോരാട്ടമാണ്''. കരുത്തനായ ഇടതുപക്ഷ നേതാവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനുമായ ലുല ഡ സില്‍വ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചു. ലുലയുടെ വിജയം ബോള്‍സനാരോ കുടുംബത്തിനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്റീനയിലെ ഹാവിയര്‍ മിലി, ഇക്വഡോറിലെ ഡാനിയല്‍ നോബോവ, ചിലിയിലെ ഹൊസെ അന്റോണിയോ കാസ്റ്റ്, കൊളംബിയയിലെ അബെലാര്‍ഡോ ഡി ലാ എസ്പ്രിക്വല്ല എന്നിവര്‍ക്കൊപ്പം മറ്റൊരു സഖ്യകക്ഷിയെക്കൂടി പ്രതീക്ഷിച്ച ഡൊണാള്‍ഡ് ട്രംപിനും ഈ ഫലം നിരാശ സമ്മാനിച്ചു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. ഇതോടൊപ്പം മെക്സിക്കോയിലും ഇടതുപക്ഷമാണ് ഭരിക്കുന്നത്. ബോല്‍സൊനാരോ കുടുംബത്തിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണച്ച ട്രംപ് ഭരണകൂടത്തിനും ലുലയുടെ വിജയം വലിയ തിരിച്ചടിയാണ്. ലുല മുന്നോട്ടുവെച്ച ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം ജനങ്ങളുടെ വിശപ്പായിരുന്നു. ദാരിദ്ര്യത്തില്‍ നിന്ന് പൊരുതിക്കയറിയ ആ മുന്‍ തൊഴിലാളി നേതാവ് ബ്രസീലിലെ സാധാരണക്കാരോട് നേരെനിന്ന് സംസാരിച്ചു:...''ബ്രസീലിലെ ഓരോ പൗരനും ദിവസവും മൂന്നുനേരം ആഹാരം കഴിക്കാന്‍ കഴിയുകയാണെങ്കില്‍, എന്റെ ജീവിത ദൗത്യം പൂര്‍ത്തിയായി. പഴയ നല്ല നാളുകള്‍ ഞാന്‍ തിരികെ കൊണ്ടുവരും.'- അതായിരുന്നു ലുലയുടെ വാഗ്ദാനം.
പ്രതീക്ഷ തെറ്റി ജെയര്‍ ബോള്‍സനാരോ
''ഇടതുപക്ഷം വന്നാല്‍ അവര്‍ നമ്മുടെ സഭകള്‍ പൂട്ടിക്കും, കുടുംബ വ്യവസ്ഥ തകര്‍ക്കും, ബ്രസീലിനെ മറ്റൊരു വെനസ്വേലയാക്കും!' തീവ്ര വലതുപക്ഷത്തെയും യാഥാസ്ഥിതിക വിശ്വാസികളെയും ഒപ്പം നിര്‍ത്താന്‍ ബോള്‍സൊനാരോ പ്രചാരണായുധമാക്കിയത് ഇക്കാര്യങ്ങളായിരുന്നു. ഈ പ്രസ്താവനകള്‍ സമ്പന്ന വിഭാഗങ്ങളിലും ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സമൂഹങ്ങളിലും ബോള്‍സൊനാരോയ്ക്ക് അനുകൂലമായ വന്‍ തരംഗം സൃഷ്ടിച്ചു. തോറ്റാല്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന ബോള്‍സൊനാരോയുടെ സൂചനകള്‍ രാജ്യത്ത് വലിയ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ പടര്‍ത്തി. പട്ടാള അട്ടിമറിക്ക് ശ്രമിച്ച കേസില്‍ 27 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ, മകന് ഫ്ലാവിയോ അധികാരത്തില്‍ വരുമ്പോള്‍ മോചനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ലുലയുടെ വിജയത്തോടെ ജെയര്‍ ബോള്‍സനാരോയ്ക്ക് ഈ പ്രതീക്ഷയും മങ്ങി.
തരണം ചെയ്യാന്‍ പ്രതിസന്ധികളേറെ
വിജയം കൈവരിച്ചെങ്കിലും ലുലയ്ക്ക് മുന്നിലുള്ള ദിനങ്ങള്‍ സുഗമമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അധോസഭയിലും സെനറ്റിലും വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ശക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ നിയമനിര്‍മ്മാണങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒപ്പം പണപ്പെരുപ്പം, കടബാധ്യത, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രതിസന്ധികളും കടുത്ത വെല്ലുവിളികളായി മുന്നിലുണ്ട്...ഇതോടുകൂടി സ്പോട്ട്ലൈറ്റ് സമാപിക്കുന്നു. നാളെ മറ്റൊരു വിഷയവുമായി എത്താം.
ചില മനുഷ്യര്‍ ചരിത്രത്തിലേക്ക് നടന്നുകയറുന്നത് വീഴ്ചകളുടെ പടുകുഴിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റാണ്. അഴിമതിയാരോപണങ്ങളുടെ കൂച്ചുവിലങ്ങുകള്‍, തടവറയുടെ ഇരുളടഞ്ഞ ചുമരുകള്‍, സ്വന്തം ജനത പോലും ഒരുവേള കൈവിട്ടുപോയോ എന്ന് തോന്നിച്ച പ്രതിസന്ധികള്‍. എന്നാല്‍, ആ ചാരക്കൂനയില്‍ നിന്നാണ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ എന്ന എണ്പതുകാരന് വീണ്ടും ചരിത്രം തിരുത്തിക്കുറിക്കുന്നത്. 1945 ഒക്ടോബര്‍ 27ന് ജനിച്ച ലുല ബ്രസീലിലെ ദരിദ്രമായ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് സാവോ പോളോയിലേക്ക് അമ്മയോടും സഹോദരങ്ങളോടുമൊപ്പം ഏഴാം വയസ്സിലാണ് കുടിയേറുന്നത്. 14-ാം വയസ്സില്‍ ലുല ലോഹത്തൊഴിലാളിയും തൊഴിലാളി യൂണിയന്റെ നേതാവുമായി. 1989ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത രണ്ടുതവണയും വീണ്ടും പരാജയത്തിന്റെ രുചിയറിഞ്ഞു. 2002ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യതൊഴിലാളി നേതാവായി. ഇതിനിടെ 2017ല്‍ അഴിമതിക്കേസില്‍ കുടുക്കി 580 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നു. ശേഷം 2018ലെ തെരഞ്ഞെടുപ്പില്‍ ജെയര്‍ ബോള്‍സനാരോയോട് പരാജയപ്പെട്ടു. തുടര്‍ന്ന് 2021 മാര്‍ച്ചില്‍ മേല്‍ക്കോടതി കുറ്റവിമുക്തനാക്കിയതോടെ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായി. 2022ലെ തെരഞ്ഞെടുപ്പില്‍ ജെയര്‍ ബോള്‍സനാരോയെ പരാജയപ്പെടുത്തിയാണ് വീണ്ടും അധികാരത്തിലെത്തിയത്.
തരണം ചെയ്യാന്‍ പ്രതിസന്ധികളേറെ
വിജയം കൈവരിച്ചെങ്കിലും ലുലയ്ക്ക് മുന്നിലുള്ള ദിനങ്ങള്‍ സുഗമമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അധോസഭയിലും സെനറ്റിലും വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ശക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ നിയമനിര്‍മ്മാണങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒപ്പം പണപ്പെരുപ്പം, കടബാധ്യത, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രതിസന്ധികളും കടുത്ത വെല്ലുവിളികളായി മുന്നിലുണ്ട്.