ഈ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമുണ്ടോ?

അപ്രതീക്ഷിതമായി മുന്നറിയിപ്പില്ലാതെ നടത്തുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തും എന്നുറപ്പാണ്
ഈ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമുണ്ടോ?
Published on
Updated on

വരും ദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിലാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സൂചിപ്പിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് തുറന്നു സമ്മതിച്ച അദ്ദേഹം വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതും സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണെന്ന പതിവ് ന്യായം തന്നെയാണ് ഉയര്‍ത്തുന്നത്. കാലാവസ്ഥയിലെ വില്ലനായ എല്‍ നിനോ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബിയും സര്‍ക്കാരും മുതിരുന്നത്. ലോകകപ്പ് സാഹചര്യത്തിലെ വൈദ്യുതി നിയന്ത്രണം പൊതുജനങ്ങളിലും വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കെഎസ്ഇബി ഓഫീസില്‍ വരെ അതിക്രമിച്ച് കയറിയുള്ള പ്രതിഷേധവും അരങ്ങേറി. ശക്തമായ മഴ പലയിടത്തും ഇടക്കിടെ ആര്‍ത്തലച്ചു പെയ്തിട്ടും ലോഡ് ഷെഡിങ് ഒഴിവാക്കാനാകാത്ത സാഹചര്യം സംസ്ഥാനത്ത് നിലവിലുണ്ടോ എന്ന സംശയം പലഭാഗത്തുനിന്നും ഉയരുന്നുണ്ട്.

ഈ വൈദ്യുതി നിയന്ത്രണം ആവശ്യമുണ്ടോ?

മാനം ഇരുണ്ട്, മഴ പൊടിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളിലും സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം കടുപ്പിക്കാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നു. വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും രാത്രി രണ്ടു തവണയായി ഒരു മണിക്കൂറോളം സംസ്ഥാനം ഇരുട്ടിലായത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 2025 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അണക്കെട്ടുകളിലെ ജലനിരപ്പ് 60 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞുവെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി കഴിഞ്ഞു. അതിനാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. കേന്ദ്ര ഊര്‍ജോല്‍പാദന ശൃംഖലയില്‍ നിന്ന് 1700 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. ദീര്‍ഘകാല ഊര്‍ജ വാങ്ങല്‍ കരാറുകളില്‍ നിന്ന് 150 മെഗാവാട്ടും ആഭ്യന്തര ഉല്‍പാദനമായി 1600 മെഗാവാട്ടുമുണ്ട്. ഇത് കണക്കാക്കിയാല്‍ ആകെ ലഭ്യമായ വൈദ്യുതി 4100 മെഗാവാട്ടാണ്. അതായത് ആവശ്യമുള്ളതില്‍ നിന്ന് 500 മുതല്‍ 600 മെഗാവാട്ട് വരെ കുറവ് സംസ്ഥാനത്ത് വരുന്നുണ്ട്. ഇതിനു പുറമേ 2400 മെഗാവാട്ടോളം ശേഷിയുള്ള സംസ്ഥാനത്തെ സൗരോര്‍ജ പ്ലാന്റുകളില്‍ ഭൂരിഭാഗത്തിനും പകല്‍ വരുന്ന അധിക വൈദ്യുതി സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള ബാറ്ററി സംവിധാനം ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

ഈ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമുണ്ടോ?
'പ്രിയദര്‍ശിനി'യുടെ ഒരു മാസം, 'വിജയത്തിന്റെ ഇരകള്‍' കടക്കെണിയില്‍; സ്വകാര്യബസ് മേഖലയെ ആര് രക്ഷിക്കും?

കാലാവസ്ഥാ പ്രവചനത്തിലെ അനിശ്ചിതാവസ്ഥ

എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ത്യയിലാകെ ചൂട് ഉയര്‍ന്നതോടെ രാജ്യവ്യാപകമായി വൈദ്യുതി ഉപയോഗം കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും ഉപയോഗം കൂടിയതോടെ കേന്ദ്ര ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട സ്വാഭാവിക വിഹിതത്തില്‍ വലിയ കുറവാണ് വന്നത്. ആവശ്യത്തിന് മഴ ലഭിക്കാത്തത് കാരണം സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളമില്ലാത്തത് കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്. 2026 ജൂലൈ 14ലെ കണക്കനുസരിച്ച് അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് 28.8 ശതമാനം ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അത് 60 ശതമാനം ആയിരുന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങള്‍ പ്രകാരം ജൂലൈയില്‍ രാജ്യത്ത് ലഭ്യമാകുന്ന മഴയുടെ അളവ് ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനത്തില്‍ താഴെയാകാനാണ് സാധ്യത. സംസ്ഥാനത്ത് ജൂലൈ മാസത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സാധാരണ ലഭിക്കാവുന്ന മഴയേക്കാള്‍ കുറവ് മഴയേ ലഭിക്കൂവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള ആഗോള കാലാവസ്ഥാ ഗവേഷണകേന്ദ്രങ്ങളുടെ പ്രവചനപ്രകാരം, സമുദ്രത്തിലെ ജലതാപനിലയില്‍ കാലവര്‍ഷത്തെ പെട്ടെന്ന് മാറ്റിമറിക്കാന്‍ തക്കവണ്ണമുള്ള വലിയ വ്യതിയാനങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല എന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. അതായത് എല്‍ നിനോ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വ്യക്തമായ പ്രവചനങ്ങള്‍ക്ക് രാജ്യത്തെ കാലാവസ്ഥ പഠന കേന്ദ്രങ്ങള്‍ക്ക് ആകുന്നില്ല എന്ന് വ്യക്തം.

ഈ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമുണ്ടോ?
പൗരത്വ നിര്‍ണയം നീതിയുക്തമാവണ്ടേ?

വൈദ്യുതി ലഭ്യത കുറഞ്ഞ് പവര്‍ എക്ചേഞ്ചില്‍ നിന്ന്

കേന്ദ്ര പൂളില്‍ നിന്ന് വിഹിതം കുറയുമ്പോള്‍ കെഎസ്ഇബി സാധാരണയായി പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് ഉയര്‍ന്ന വില കൊടുത്തു വൈദ്യുതി വാങ്ങാറാണ് പതിവ്. എന്നാല്‍ ദേശീയ തലത്തില്‍ വൈദ്യുതി ക്ഷാമം നേരിടുന്നതിനാല്‍ എക്സ്ചേഞ്ചുകളില്‍ പണം കൊടുത്താല്‍ പോലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അധിക നിരക്കില്‍ ഡീപ് പോര്‍ട്ടലില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറിന് കേരള വൈദ്യുതി റഗുലേറ്ററി കമീഷന്‍ അനുമതി നല്‍കിയിരുന്നതുമാണ്. സാധാരണയായി മണ്‍സൂണിനെത്തുടര്‍ന്ന് ജൂണ്‍, ജൂലെ മാസങ്ങളില്‍ വൈദ്യുതി ലോഡ് കുറയുന്നതിനാല്‍ പവര്‍ എക്ചേഞ്ചില്‍ നിന്ന് വൈദ്യുതി സുലഭമാകുമായിരുന്നു. എല്‍ നിനോ പ്രതിഭാസം കാരണം മഴകുറഞ്ഞതും താപനില ഉയര്‍ന്നതും വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചു. മാത്രമല്ല നേരത്തെകൂട്ടി വൈദ്യുതി വാങ്ങി ഉറപ്പാക്കിയെന്നിരിക്കട്ടെ. മഴ വേണ്ടുവോളം ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ വൈദ്യുതി വെറുതെ നഷ്ടമാക്കി എന്ന പഴി കേള്‍ക്കേണ്ടിവരും എന്നത് ഭയന്ന് മുന്‍പേ കൂട്ടിയുള്ള മഴക്കാല വൈദ്യുതി വാങ്ങലിന് കെഎസ്ഇബി മുതിര്‍ന്നതുമില്ല.

തിരിച്ചുകൊടുക്കേണ്ട വൈദ്യുതി

ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് മറ്റൊരു സവിശേഷ കാരണം കൂടിയുണ്ട്. വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ കേരളം തിരികെ നല്‍കേണ്ടതുണ്ട്. ഈ കരാര്‍ വ്യവസ്ഥയില്‍ വീഴ്ച വരുത്താന്‍ സാധിക്കാത്തതിനാല്‍ വൈദ്യുതി മടക്കി നല്‍കല്‍ ആരംഭിച്ചതും ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തില്‍ 700 മുതല്‍ 1000 മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ ഊര്‍ജ പ്രതിസന്ധി മറികടക്കാനും ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കാനുമാണ് വൈകുന്നേരം 7 മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ സംസ്ഥാനത്ത് കെഎസ്ഇബി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്നൊരുക്കത്തില്‍ സൃഷ്ടിക്കപ്പെട്ടതോ വൈദ്യുതി നിയന്ത്രണം

ജൂലൈ പകുതിയോടെ ഒരു ദിവസത്തെ ആകെ ആഭ്യന്തര വൈദ്യുത ഉല്‍പ്പാദനം 19.24 ദശലക്ഷം യൂണിറ്റായപ്പോള്‍, അതില്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പാദനം 16.13 ദശലക്ഷം യൂണിറ്റ് ആണ്. ഇടുക്കി ഉള്‍പ്പെടെ ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള ഉല്‍പാദനം 45 ദശലക്ഷം യൂണിറ്റില്‍നിന്ന് 14 മുതല്‍ 17 ദശലക്ഷം യൂണിറ്റായി കുറച്ചിട്ടുമുണ്ട്. കേന്ദ്രത്തില്‍നിന്ന് എല്‍ നിനോ മുന്നറിയിപ്പ് എത്തിയ സാഹചര്യത്തില്‍ ജലക്ഷാമം മുന്‍കൂട്ടിക്കണ്ട്, കുടിവെള്ള വിതരണത്തിനടക്കം ഡാമുകളിലെ വെള്ളം പരമാവധി സംരക്ഷിക്കുന്നതിനായാണ് കെഎസ്ഇബി ഉല്‍പ്പാദനം വളരെ കര്‍ശനമായി കുറച്ചത്. കഴിഞ്ഞ മണ്‍സൂണില്‍ 28 മുതല്‍ 40 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നിടത്താണ് ഈ കുറവ് വന്നത്. മഴ കനിഞ്ഞില്ലെങ്കില്‍ കുടിവെള്ള വിതരണവും കാര്‍ഷിക ജലസേചനവും താളം തെറ്റുമെന്നതിനാലാണ് ഈ മുന്നൊരുക്കം. വൈദ്യുതി ഉല്‍പാദനം കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണവുമെത്തി. മഴക്കാലത്തായതിനാല്‍ വൈദ്യുതി നിയന്ത്രണത്തില്‍ പൊതുജനങ്ങളില്‍ നിന്ന് കാര്യമായി പരാതി ഉയരുന്നില്ലെന്ന ആശ്വാസത്തിലാണ് കെഎസ്ഇബി അധികൃതര്‍.

മഴ കനിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ കുടിവെള്ള വിതരണം പോലും താളംതെറ്റുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡാമുകളിലെ വെള്ളം പരമാവധി സംരക്ഷിക്കാന്‍ കെഎസ്ഇബി ആഭ്യന്തര ജലവൈദ്യുത ഉല്‍പ്പാദനം ഗണ്യമായി കുറച്ചുകൊണ്ട് നടത്തുന്ന മുന്‍കരുതല്‍ നടപടിയെ വേണമെങ്കില്‍ ന്യായീകരിക്കാം. പക്ഷേ കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് ലഭിക്കാത്തിടത്തോളം ഇത്തരം പ്രവചനങ്ങള്‍ തെറ്റാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അത് എന്തായാലും അപ്രതീക്ഷിതമായി മുന്നറിയിപ്പില്ലാതെ നടത്തുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തും എന്നുറപ്പാണ്.

News Malayalam 24x7
newsmalayalam.com