അർജന്‍റീന ടീമും ലയണൽ മെസിയും കേരളത്തിൽ വരാത്തതിന് സത്യം സത്യമായി പറഞ്ഞാൽ ഒരു കാരണമേയുള്ളു. സ്പോൺസർമാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ പാലിക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ സംശയം തോന്നും സ്പോൺസർമാർ കേരളത്തിൽ തന്നെയല്ലേയെന്ന്. അർജന്‍റീന ടീമിന്‍റെ ഏഷ്യയിലെ സ്പോൺസർ എച്ച് എസ് ബി സി ബാങ്കാണ്. അതിൽ കേരളത്തിലുള്ള ആരുമല്ല. അവർ നൽകുന്ന ഉപകരാർ ഏറ്റെടുക്കാനാണ് ഇവിടെ നിന്ന് ശ്രമമുണ്ടായത്. അർജന്‍റീന ഫുട്ബോൾ അസോസിയേഷനും എച്ച് എസ് ബി സിയുമായുള്ള കരാർ അനുസരിച്ച് രണ്ട് മാസങ്ങൾ അനുവദിച്ചു നൽകി. ഈ ഒക്ടോബറിലും 2026 ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിലും രണ്ടും പ്രദർശന മൽസരം വീതം എന്നാണ് ആ കരാർ. എച്ച് എസ് ബി സി കരാർ ഒപ്പിട്ട ശേഷം ആദ്യം പ്രഖ്യാപിച്ചത് ഒക്ടോബറിൽ ഇന്ത്യയിലേക്കും ജനുവരിയിൽ സിംഗപ്പൂരിലേക്കും എന്നാണ്. ഒക്ടോബറിലെ കരാറിന് സമയത്ത് പണം അയയ്ക്കാൻ കേരളത്തിലെ ഉപകരാറുകാർക്ക് കഴിഞ്ഞില്ല. അവിടെ കയറിക്കളിച്ച് ചൈന കരാർ സ്വന്തമാക്കി. ഈ സാഹചര്യത്തിലാണ് 2026 ജനുവരിയിലോ ഫെബ്രുവരിയിലോ കേരളത്തിലേക്ക് അയയ്ക്കാം എന്ന് എച്ച് എസ് ബി സി പറഞ്ഞത്. സിംഗപ്പൂരിന് അനുവദിച്ചിരിക്കുന്ന രണ്ടു മൽസരങ്ങളിൽ ഒന്ന് സിംഗപ്പൂരിലും ഒന്ന് കൊച്ചിയിലും ആലോചിക്കാം എന്നാണ് പറഞ്ഞത്. ഒക്ടോബറിൽ അല്ലാതെ മറ്റൊരു സമയവും വേണ്ട എന്ന് കേരളത്തിലെ ഉപസ്പോൺസർമാർ നിലപാട് എടുത്തു. അങ്ങനെ കരാർ തന്നെ ആവിയായി.
മെസി അറിഞ്ഞിട്ടുണ്ടോ കേരളത്തെ പറ്റിച്ച കഥ!!!
മെസിയുടേയും അർജന്‍റീനയുടേയും ഏഷ്യ സന്ദർശനമൊക്കെ മുൻകാലത്തും പറ്റിപ്പു നിറഞ്ഞതായിരുന്നു. 2017ൽ സിംഗപ്പൂരിൽ വന്നിരുന്നു. അന്ന് രണ്ടു പ്രദശന മൽസരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. വിമാനമിറങ്ങിയ ശേഷം ഏറെ വൈകാതെ മെസി മടങ്ങി. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരി ആന്‍റനേലയുമായുള്ള വിവാഹം ഉടനെ നടത്താൻ തീരുമാനിച്ചതായിരുന്നു കാരണം. രണ്ടു കുട്ടികൾ ഉണ്ടായ ശേഷം നടന്ന ആ വിവാഹത്തിനായി സിംഗപ്പൂരിലെ മൽസരം ഉപേക്ഷിച്ചത് സ്പോൺസർമാർക്ക് വലിയ നഷ്ടമുണ്ടായി. മെസ്സി ചതിച്ചു എന്ന് സിംഗപ്പൂരിലെങ്ങും ബാനറുകൾ ഉയർന്നു. ഇതുപോലെ തന്നെ സമീപകാലത്തും അനുഭവമുണ്ടായി. ഹോങ്കോങ്ങിൽ ഇന്‍റർ മിയാമിയുടെ സൌഹൃദ മൽസരം വന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. മെസി സൈഡ് ബെഞ്ചിൽ ഇരുന്നതേയുള്ളു. അത് വലിയ വിവാദത്തിന് കാരണമായി. ആരാധകർ പണം തിരികെ ചോദിച്ച് ബഹളം വച്ചു. പൊലീസ് ഇടപെട്ട് കഷ്ടപ്പെട്ടാണ് വലിയ സംഘർഷാവസ്ഥ ഒഴിവാക്കിയെടുത്തത്. സത്യത്തിൽ മെസിക്ക് ഈ കരാറുകളിലൊക്കെ അപ്പിയറൻസ് ഫീ മാത്രമാണുള്ളത്. പ്രത്യക്ഷപ്പെടും എന്നല്ലാതെ കളിക്കും എന്ന് ഒരു കരാറിലും പറയുന്നില്ല. വന്നാൽ കളിക്കണോ എന്നത് മെസിയുടെ വ്യക്തിപരമായ തീരുമാനവുമാണ്. കൊച്ചിയിൽ ഇനി മെസി വന്നാലും മൈതാനത്തിറങ്ങുന്നത് കാണാൻ നല്ല സമയം നോക്കേണ്ടി വരും. ഇവിടെയൊക്കെ പ്രധാനപ്രശ്നം ഈ കരാറിനു പുറത്തുനടക്കുന്ന ചർച്ചകളൊന്നും മെസിയോ അർജന്‍റീന അസോസിയേഷനോ അറിയുന്നില്ല എന്നതാണ്.
എന്താണ് എച്ച് എസ് ബി സിയുടെ കരാർ
എച്ച് എസ് ബി സിയുമായുള്ള അർജന്‍റീനയുടെ കരാർ ഏഷ്യയിൽ നാലു മൽസരങ്ങൾക്കു മാത്രമാണ്. അത് എവിടെ നടത്തണം എന്ന് അന്തിമമായി തീരുമാനിക്കുന്നത് എച്ച് എസ് ബി സിയാണ്. അതിന്‍റെ സ്പോൺസർഷിപ്പ് തുകയും തീയതിയും പരിപാടികളുടെ ദൈർഘ്യവുമെല്ലാം എച്ച് എസ് ബി സിയാണ് തയ്യാറാക്കുന്നത്. ഈ എച്ച് എസ് ബി സിയുമായാണ് കേരളത്തിലെ കരാറുകാർ ചർച്ച നടത്തിയത്. സ്പോൺസർമാർ വേദി തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിന് അന്തിമമായി അർന്‍റീന ടീമിന്‍റെ അനുമതി വാങ്ങണം. ഈ ഘട്ടത്തിൽ മാത്രമാണ് അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ ഇടപെടൽ ഉള്ളത്. യഥാർത്ഥത്തിൽ എച്ച് എസ് ബി സിയുമായുള്ള കരാർ സമയത്ത് ഒപ്പിടാൻ കഴിയാത്തതാണ് ഇവിടെ പ്രതിസന്ധി ഉണ്ടാക്കിയത്. ആദ്യഘട്ടത്തിൽ 100 കോടി രൂപയാണ് ചെലവ് പറഞ്ഞതെങ്കിൽ പിന്നീടത് 130 കോടി രൂപയായി. ആദ്യം കണ്ടെത്തിയ സ്പോൺസർമാർ ഇതോടെ പിന്മാറി. രണ്ടാമതെത്തിയ സ്പോൺസർമാർക്ക് സമയത്ത് പണം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പണം അയച്ചപ്പോഴേക്കും ചൈനയുമായുള്ള കരാർ പൂർത്തിയായിരുന്നു. ഇതാണ് കേരളമാണ് കരാർ ലംഘിച്ചത് എന്ന് പറയാനുള്ള കാരണം. ശരിക്കും കേരളം എന്നു പറഞ്ഞാലും കേരളത്തിൽ കൊണ്ടുവരാൻ ഇരുന്ന സ്പോൺസർ എന്നാണർത്ഥം. ഇവിടെ പണം കണ്ടെത്തിയ സ്ഥിതിക്ക് ജനുവരിയിലോ ഫെബ്രുവരിയിലോ കേരളത്തിൽ വരാം എന്ന് എച്ച് എസ് ബി സി അറിയിച്ചു. ശരിക്കും സിംഗപ്പൂരുമായാണ് ജനുവരിയിലോ ഫെബ്രുവരിയിലോ എത്താമെന്ന് ആദ്യം അറിയിച്ചിരുന്നത്. ഈ രണ്ടു മൽസരങ്ങളിൽ ഒന്ന് സിംഗപ്പൂരിലും ഒന്ന് കൊച്ചിയിലും നടത്താം എന്നാണ് എച്ച് എസ് ബി സി മുന്നോട്ടുവച്ച നിർദേശം. അതാണ് സ്വീകാര്യമല്ലെന്ന് ഇവിടുത്തെ സ്പോൺസർമാർ അറിയിച്ചത്.
അർജന്‍റീനയുടെ ചൈനയിലെ കളികൾ
കൊച്ചിയിൽ വരേണ്ടിയിരുന്ന കളികൾ അമേരിക്കയിലേക്കു കൊണ്ടുപോയി എന്നു പറയുന്നത് പൂർണമായും തെറ്റാണ്. അമേരിക്കയുമായി ഖത്തറിൽ കളിക്കാൻ വേറെ കരാർ നേരത്തെ ഉണ്ടാക്കിയിരുന്നു. ഏഷ്യയിലെ കളികൾക്കുള്ള എച്ച് എസ് ബി സി കരാർ ഒക്ടോബറിലാണ്. ആ കരാർ അനുസരിച്ച് രണ്ടു മൽസരങ്ങളാണുള്ളത്. രണ്ടും നടക്കുന്നത് ചൈനയിലാണ്. ചൈനയിലെ ആദ്യത്തെ കളിയിൽ ചൈന തന്നെയായിരിക്കും എതിരാളികൾ. രണ്ടാമത്തെ മൽസരത്തിനുള്ള എതിരാളികളെ അന്തിമമായി ഇനിയും തീരുമാനിച്ചിട്ടില്ല. അത് റഷ്യയോ ജപ്പാനോ ദക്ഷിണകൊറിയയോ ആകാം. ഈ മൂന്നു രാജ്യങ്ങളുമായാണ് ചർച്ചകൾ നടക്കുന്നത്. ഒരു കാര്യം വ്യക്തമായി. ഒക്ടോബറിൽ ഏതായാലും അർജന്‍റീന ടീം ഇന്ത്യയിലേക്കു വരില്ല. ഒക്ടോബറിലാണെങ്കിൽ മാത്രം വന്നാൽ മതി എന്നു വാശിപിടിച്ചാൽ ആ വരവു തന്നെ ഇല്ലാതാകും എന്നാണർത്ഥം. നവംബറിൽ രണ്ട് കളികളാണ് അർജന്‍റീന കളിക്കുക. ആദ്യത്തേത് അംഗോളയിലാണ്. അംഗോളയുടെ സ്വാതന്ത്ര്യത്തിന്‍റെ അൻപതാം വാർഷികത്തിന്‍റെ ഭാഗമായുള്ള മൽസരം. രണ്ടാമത്തെ കളി അമേരിക്കയുമായാണ്. അത് അമേരിക്കയിലല്ല നടക്കുന്നത്. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് അമേരിക്കയെ നേരിടുക. ഇവിടെ കേരളത്തിനു മുൻപിലുള്ള ഏക സാധ്യതയാണ് അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ ഒരു ദിവസം എന്നത്. സിംഗപ്പൂരിന് അനുവദിച്ചു കഴിഞ്ഞ ആ ദിവസങ്ങളിൽ ഒന്നു പകുത്തു നൽകാം എന്നാണ് ഇപ്പോൾ എച്ച് എസ് ബി സി പറയുന്നത്.
ആര് ആരെയാണ് പറ്റിച്ചത്?
ഇവിടെ തന്ത്രപ്രധാനമായ ഒരു ചോദ്യമുണ്ട്. 130 കോടി രൂപ മുടക്കി ലയണൽ മെസിയേയും അർജന്‍റീനയേയും കൊണ്ടുവന്നാൽ എന്താണ് നേട്ടം എന്നതാണത്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളിക്കുപോലും നിറയുന്നകൊച്ചി സ്റ്റേഡിയം അർജന്‍റീന വന്നാൽ കവിയും എന്നതിൽ ആർക്കും സംശയമില്ല. അതുകൊണ്ടുള്ള വരുമാനം മൊത്തം ചെലവിന്‍റെ ഒരു ശതമാനം പോലും തികയില്ല. സ്റ്റേഡിയത്തിൽ നടത്തുന്ന മറ്റ് അരങ്ങുകൾക്കുള്ള ഉപസ്പോൺസർഷിപ്പുകൾ വഴി പത്തു ശതമാനം സംഘടിപ്പിക്കാൻ കഴിഞ്ഞേക്കും. സന്ദർശനത്തിന്‍റെ ബ്രോഡ് കാസ്റ്റിങ് കരാർ വഴി പകുതി തുകയും നേടിയെടുക്കാൻ സാധിക്കും. കേരളം പോലൊരു നാട്ടിൽ ഇതിനപ്പുറമുള്ള വിൽപ്പന സാധ്യതകൾ ഇല്ല എന്നതാണ് വസ്തുത. അവിടെ 130 കോടി രൂപയുടെ കരാർ നഷ്ടക്കച്ചവടം ആണെന്നറിഞ്ഞുള്ള പിന്മാറ്റമാണോ നടന്നത്? സമയത്ത് സ്പോൺസർമാരെ കണ്ടെത്താൻ കഴിയാത്തതും സമയത്ത് പണം കൈമാറാൻ കഴിയാത്തതുമല്ലേ യഥാർത്ഥ വീഴ്ച? 130 കോടി രൂപ മുടക്കി മെസിയെ എത്തിക്കാൻ കഴിയില്ല എന്നറിഞ്ഞു തന്നെയല്ലേ ഇവിടെ അരങ്ങൊരുക്കാനുള്ള ശ്രമങ്ങൾ നടത്തിയത്? ഈ കരാറിനെക്കുറിച്ച് സംസ്ഥാന കായിക മന്ത്രിക്കെതിരേ ഇനിയും ചോദ്യങ്ങൾ ഉയരും. കാരണം, ഇങ്ങനെയൊന്നു വരാനുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞത് കായിക മന്ത്രിയാണ്. ഇവിടുത്തെ കായിക പ്രേമികൾ വിശ്വസിച്ചതും ആ വാക്കാണ്. സ്പോൺസർമാരുടെ കാര്യമൊക്കെ മന്ത്രിയും സർക്കാരും നോക്കിയാൽ മതി.