
വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര ഗ്രാന്‍ഡില്ല, വായ്പ മാത്രം. അതേ കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കി. 2018ലെ പ്രളയകാലത്ത് നൂറുകണക്കിന് കോടി രൂപ വിദേശത്തു നിന്നു കേരളത്തിന് വാഗ്ദാനം വന്നതാണ്. അതു നിഷേധിച്ച അതേ കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് അനുമതി നല്‍കിയത്. മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനി വിദേശത്തു നിന്ന് ആര്‍ക്കും പണം അടയ്ക്കാം എന്നാണ് ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പറയുന്നത്. പണം ലഭിക്കാന്‍ സാധ്യതയുള്ളപ്പോള്‍ മഹാരാഷ്ട്രയ്ക്ക് അത് അനുവദിക്കുന്നത് നല്ലകാര്യമാണ്. പക്ഷേ, ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന് മാത്രമായി അത്തരമൊരു അനുമതി നീതികേടും മര്യാദയില്ലായ്മയുമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി നല്‍കാം. അല്ലെങ്കില്‍ ആര്‍ക്കും നല്‍കാതിരിക്കാം. ഇത് മഹാരാഷ്ട്രയ്ക്കു മാത്രമായി നല്‍കുന്നതിനെയാണ് പക്ഷപാതം കാണിക്കുക എന്നു പറയുന്നത്.
കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേ രീതിയില്‍ തന്നെയാണ് മഹാരാഷ്ട്രയിലെ നിധിയും പ്രവര്‍ത്തിക്കുന്നത്. പക്ഷേ, ചട്ടങ്ങളില്‍ കൂടുതല്‍ സുതാര്യത കേരളത്തിലെ ഫണ്ടിനാണ്. മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ്‌സ് ആക്ട് അനുസരിച്ചാണ് അവിടെ ഫണ്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫണ്ടിന്റെ പൂര്‍ണ നിയന്ത്രണം മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ആണ്. എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നാണ് പേരെങ്കിലും നിയന്ത്രണം റവന്യു വകുപ്പിനും ധനവകുപ്പിനുമാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ശുപാര്‍ശ ഉള്‍പ്പെടെ അംഗീകരിക്കേണ്ടതും പണം അനുവദിക്കേണ്ടതും റവന്യു വകുപ്പാണ്. കേരളത്തില്‍ റവന്യുവകുപ്പ് സിപിഐയുടെ കയ്യിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും അങ്ങനെ തന്നെ. റവന്യു വകുപ്പ് പണം അനുവദിച്ചാല്‍ നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസ് അല്ല.
ധനമന്ത്രിയുടെ ഓഫിസ് ആണ്. കൂട്ടുത്തരവാദിത്തം കൂടുതലുള്ളത് കേരളത്തിലെ ഫണ്ടിനാണ്. അങ്ങനെയൊരു ഫണ്ടിനാണ് പണം സ്വീകരിക്കാന്‍ 2018ല്‍ അനുമതി നിഷേധിച്ചത്. അന്ന് കേരളം ചോദിച്ച അതേ അനുമതിയാണ് ഇപ്പോള്‍ മഹാരാഷ്ട്രയ്ക്കു നല്‍കിയിരിക്കുന്നത്. 2018ല്‍ മാത്രമല്ല, 2019ലെ ദുരന്തകാലത്തും, കഴിഞ്ഞവര്‍ഷം വയനാട്ടിലെ ദുരന്ത സമയത്തുമെല്ലാം, വിദേശത്തു നിന്ന് പുനര്‍നിര്‍മാണത്തിനുള്‍പ്പെടെ സഹായവാഗ്ദാനം കേരളത്തിനു ലഭിച്ചതാണ്. കേന്ദ്രഅനുമതി ലഭിക്കാത്തതിനാല്‍ അവയൊന്നും പ്രാബല്യത്തിലായില്ല.
കേന്ദ്രം എടുക്കുന്ന വിചിത്ര തീരുമാനങ്ങള്‍
രാജ്യത്തെ സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാന്‍ രാജ്യത്തിന് കെല്‍പ്പുണ്ട്. അതിനാല്‍ വിദേശത്തു നിന്ന് നയാപൈസ സ്വീകരിക്കേണ്ട ആവശ്യമില്ല. അങ്ങനെ സ്വീകരിക്കുന്നത് മാനക്കേടും കുറച്ചിലുമാണ്. ഇതാണ് ബിജെപി നേതാക്കള്‍ 2018ല്‍ പറഞ്ഞത്. ഏറ്റവുമൊടുവില്‍ വയനാട് ദുരന്തം നടന്നപ്പോള്‍ സംഭവിച്ചതു നോക്കുക. ഏറ്റവും കുറഞ്ഞത് 2,000 കോടി രൂപ ഉണ്ടെങ്കില്‍ മാത്രമെ കുറഞ്ഞ പുനര്‍നിര്‍മാണമെങ്കിലും സാധ്യമാകൂ. ഇത്രയും സഹായമെങ്കിലും അനുവദിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. പകരം കേന്ദ്രം അതിന്റെ നാലിലൊന്നു മാത്രമായ 529 കോടി 50 ലക്ഷം രൂപയാണ് മാസങ്ങള്‍ക്കു ശേഷം അനുവദിച്ചത്. അതും ഗ്രാന്‍ഡായല്ല, വായ്പയായാണ് നല്‍കിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊക്കെ ദുരന്തം ഉണ്ടാകുമ്പോള്‍ കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിക്കുകയാണ് പതിവ്. സംസ്ഥാന ഫണ്ടില്‍ നിന്നുള്ള തുക കഴിഞ്ഞ് ശേഷമുള്ള ആവശ്യത്തിന് കേന്ദ്രത്തിന് അനുവദിക്കാം. കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരാഖണ്ഡിനും കര്‍ണാടകത്തിനുമൊക്കെ അങ്ങനെ തുക അനുവദിച്ചു. പക്ഷേ, കേരളത്തിനു മാത്രം കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഒന്നും കിട്ടിയില്ല. അതുമാത്രമല്ല, കേന്ദ്രം ഗ്രാന്‍ഡായി സഹായം അനുവദിക്കുന്ന പതിവുണ്ട്. അതില്‍ നിന്നും കേരളത്തിന് ഒന്നും കിട്ടിയില്ല. പകരമാണ് വായ്പ അനുവദിച്ചത്. 2018ലെ പ്രളയത്തില്‍ മാത്രമല്ല, വയനാട് ദുരന്തത്തിലും കേരളം മാത്രം വിചാരിച്ചാല്‍ സാധിക്കുന്നതായിരുന്നില്ല പുനരധിവാസം. വിദേശത്തു നിന്നുള്‍പ്പെടെ വാഗ്ദാനം വന്നിട്ടും കേന്ദ്രം അന്ന് അതെല്ലാം തട്ടിത്തെറിപ്പിച്ചു. ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് തോന്നുംപടി പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കി.
വിദേശ സഹായ നിയന്ത്രണ നിയമം
കേരളത്തിന്റെ കാര്യത്തില്‍ മാത്രമല്ല രാജ്യത്തെ നിരവധി ട്രസ്റ്റുകളുടെ കാര്യത്തിലും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് എന്ന എഫ് സി ആര്‍ എ കര്‍ശനമാക്കുന്ന കാലമാണ്. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ പോലും എഫ് സി ആര്‍ എ ലൈസന്‍സ് കേന്ദ്രം പുതുക്കി നല്‍കിയില്ല. ദുരൂഹമായ പണം വരവുണ്ട് എന്നു പറഞ്ഞായിരുന്നു നടപടി. 2021ലാണ് മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ രാജ്യത്തെ 5900 ട്രസ്റ്റുകള്‍ വിദേശ പണം സ്വീകരിക്കുന്നത് തടഞ്ഞത്. ഇതിനെതിരേ ഈ സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോയി. ആ സമയത്താണ് മിഷനറീസ് ഓഫ് ചാരിറ്റി പോലെ ഏതാനും സംഘടനകള്‍ക്കു മാത്രം 2026 വരെ ലൈസന്‍സ് പുതുക്കി നല്‍കിയത്. 2015ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഉപയോഗിച്ചാണ് ഈ സംഘടനകളെയെല്ലാം തടഞ്ഞത്. ഇന്ത്യയുടെ പരമാധികാരത്തെ തടസ്സപ്പെടുത്തുന്നതാകരുത് വിദേശധനസഹായം എന്നായിരുന്നു കൂട്ടിച്ചേര്‍ത്ത നിബന്ധന. കേരളത്തിന്റെ ധനസഹായം തടഞ്ഞത് ഈ എഴുതിച്ചേര്‍ത്ത വകുപ്പ് ചൂണ്ടിക്കാണിച്ചായിരുന്നു. ഇവിടെയുണ്ടായ പ്രളയം നേരിടാന്‍ വിദേശത്തുനിന്നു പണം സ്വീകരിച്ചാല്‍ നമ്മുടെ പരമാധികാരവും അന്തസ്സും നഷ്ടപ്പെടും എന്നായിരുന്നു ആ കണ്ടെത്തല്‍. എന്നാല്‍ ഈ വകുപ്പില്‍ നേരത്തേയും തിരുത്തലുകള്‍ കേന്ദ്രം വരുത്തിയിരുന്നു.
പാര്‍ട്ടികള്‍ക്കാകാം, സംസ്ഥാനത്തിന് കഴിയില്ല
കേരളത്തില്‍ പ്രളയമുണ്ടാകുന്നതിന് ഒരു വര്‍ഷം മുന്‍പ് 2017ലാണ് എഫ് സി ആര്‍ എയില്‍ വലിയൊരു മാറ്റം കൊണ്ടുവന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശ പണം സ്വീകരിക്കാന്‍ അനുമതി നല്‍കിയായിരുന്നു ആ ഭേദഗതി. വിദേശ കമ്പനികളുടെ ഇന്ത്യയിലെ അഫിലിയേറ്റുകളില്‍ നിന്നോ ഇന്ത്യക്കാര്‍ക്ക് 50 ശതമാനം ഓഹരിയുള്ള വിദേശ കമ്പനിയില്‍ നിന്നോ ഫണ്ട് സ്വീകരിക്കാനായിരുന്നു അനുമതി. ആ ഭേദഗതിയുടെ ഗുണഭോക്താവ് ബിജെപിയായിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളില്‍ നിന്നും വിദേശത്തു നിക്ഷേപമുള്ള ഇന്ത്യയിലെ ധനികരില്‍ നിന്നും പണം ആര്‍ക്കാണ് കിട്ടുക? അതു ഭരിക്കുന്ന പാര്‍ട്ടിക്കു മാത്രമാണ്. മറ്റുള്ളവര്‍ക്ക് നാമമാത്രമായി എന്തെങ്കിലും കിട്ടിയാലായി. അങ്ങനെ ഒരു അനുമതി സ്വന്തം പാര്‍ട്ടിക്കായി നല്‍കിയ ശേഷമാണ് കേരളത്തില്‍ പ്രളയം ഉണ്ടായത്. അന്നും പിന്നീടൊരിക്കലും കേരളത്തിനായി വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്ന കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ മഹാരാഷ്ട്രയ്ക്കു പ്രത്യേക അനുമതി നല്‍കിയത്. അടുത്തു നില്‍ക്കുന്നവനഞ്ഞാഴി, മുട്ടന്‍വെട്ടുന്നവനു മുന്നാഴി എന്നൊരു പഴഞ്ചൊല്ലുണ്ട്. അടുത്തു വെറുതെ നില്‍ക്കുന്നവന് അഞ്ചുനാഴി അരി കൊടുക്കുമ്പോള്‍ കീറാമുട്ടിയായ വിറകു വെട്ടിക്കീറുന്നവന് കൊടുക്കുന്നത് മുന്നാഴി മാത്രം. അതുതന്നെയാണ് ഒരു പ്രളയവുമില്ലാതെ വെറുതെ നില്‍ക്കുന്ന മഹാരാഷ്ട്രയ്ക്കു കൊടുത്തതും കഷ്ടപ്പെടുന്ന കേരളത്തിന് നല്‍കാതിരുന്നതും.