

സിനിമാ മേഖലയിലെ സംഘടനകളും വ്യക്തികളും ഇപ്പോള്‍ നടന്‍ ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തിരക്കിലാണ്. നേരത്തെ പുറത്താക്കിയ ഭൂരിപക്ഷം സംഘടനകളും തിരികെ എടുക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നടിക്കൊപ്പം നിന്നിരുന്ന ചിലര്‍പോലും ഇപ്പോള്‍ പൂര്‍ണമായും നടന് പിന്തുണ പ്രഖ്യാപിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പരസ്യമായ പ്രതിഷേധം അറിയിച്ചു. ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടി പാര്‍വതി തെരുവോത്ത് വിധിയെ തന്നെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചു. ഗായിക സയനോരയെപ്പോലെ ചിലര്‍ അവള്‍ക്കൊപ്പം മാത്രം എന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പൊതുവെ തോന്നുന്ന ഒരു സംശയമുണ്ട്. കോടതി തെളിവില്ലെന്ന് കണ്ട് വിട്ടയച്ചയാള്‍ക്കൊപ്പമല്ലേ ഇനി നില്‍ക്കേണ്ടത് എന്നാണ് ആ ചോദ്യം. ഒരു കോടതി വിധിക്കുന്നത് അന്തിമമാണെങ്കില്‍ പിന്നെ ഹൈക്കോടതിയും സുപ്രീം കോടതിയും എന്തിനാണ്. ഇവിടെ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള ഗൂഢാലോചന കേസിലെ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ഇനി ഓരോരുത്തരുടേയും മനസാക്ഷിയാണ് എവിടെ നില്‍ക്കണം എന്നു തീരുമാനിക്കേണ്ടത്. നടിക്കൊപ്പം ഇനിയും നിന്നാല്‍ ലോകത്ത് ഒരു ശക്തിക്കും അതിനെ തടയാന്‍ കഴിയില്ല. തെളിവില്ലാതെ വിട്ടയച്ചു എന്നതിന്റെ അര്‍ത്ഥം കുറ്റം നടന്നിട്ടില്ല എന്നല്ല. ഗുഢാലോചന കുറ്റം തെളിയിക്കാന്‍ പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞിട്ടില്ല എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. ഇവിടെ കുറ്റം നടന്നിട്ടുണ്ട് എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോടതി വിധിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടത് അതുകൊണ്ടുതന്നെ നൂറുശതമാനം സത്യമാണ്. ഇനിയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉള്ളില്‍ കരുണയുള്ളവര്‍ നില്‍ക്കുക തന്നെ വേണം.
ഇനിയും ആരൊക്കെയുണ്ട് അവള്‍ക്കൊപ്പം?
കുറ്റവിമുക്തരായവര്‍ പൊലീസിനെ പ്രതിയാക്കി തിരികെ കേസ് കൊടുക്കുന്നത് ന്യായമാണോ? അങ്ങനെ കേസ് കൊടുക്കുന്നതിന് തടസ്സമൊന്നുമില്ല. ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ശേഷം വിട്ടയയ്ക്കുന്ന ആദ്യത്തെയാളല്ല നടന്‍ ദിലീപ്. നമ്മുടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പകുതിയിലധികം കേസുകളിലും പ്രതികള്‍ കുറ്റവിമുക്തരാവുകയാണ് ചെയ്യാറുള്ളത്. കുറ്റവിമുക്തരായി കഴിഞ്ഞാല്‍ നമ്പി നാരായണന്‍ ചെയ്തതുപോലെ പ്രതിയാക്കിയ പൊലീസിന് എതിരേ കേസ് നടത്തിയവരുണ്ട്. നഷ്ടപരിഹാരം ലഭിച്ചുകഴിഞ്ഞും പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് വേറെ കേസും നടത്തുന്നുണ്ട് നമ്പി നാരായണന്‍. ചാരപ്രവൃത്തി നടന്നതാണെന്നും നമ്പി നാരായണന്‍ പ്രതിയാണെന്നും സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഇപ്പോഴും വാദിക്കുന്നുമുണ്ട്. ആ കേസില്‍ സുപ്രീം കോടതി തന്നെ തെളിവില്ലെന്നു കണ്ടെത്തി കഴിഞ്ഞതാണ്. ഇനി സിബി മാത്യൂസിനും ആര്‍.ബി. ശ്രീകുമാറിനും ആ കേസില്‍ നിന്ന് ശിക്ഷയില്ലാതെ രക്ഷപ്പെടാന്‍ കഴിയുമോ എന്നു നിയമലോകം മുഴുവന്‍ നോക്കിയിരിക്കുകയാണ്. ഇരുവരും ശിക്ഷിക്കപ്പെട്ടാല്‍ കേസ് നടത്തിപ്പുകള്‍ തന്നെയാണ് പ്രശ്‌നബാധിതമാകുന്നത്. എല്ലാ കേസുകളും സംശയത്തിന്റെ പുറത്ത് എടുക്കുന്നതാണ്. അവയെല്ലാം നൂറുശതമാനവും തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അല്ലെങ്കിലിനി നമ്പി നാരായണനെതിരെ സിബി മാത്യൂസിനും ആര്‍ ബി ശ്രീകുമാറിനും മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നു തെളിയിക്കപ്പെടണം. അതത്ര എളുപ്പമല്ല. നടന്‍ ദിലീപ് കുറ്റവിമുക്തനായി പുറത്തിറങ്ങി ആദ്യം പ്രഖ്യാപിച്ചത് അതാണ്. കേസ് അന്വേഷിച്ച ബി സന്ധ്യക്കോ അന്വേഷണ സംഘത്തെ നയിച്ച ബൈജു പൌലോസിനോ ഒന്നും ദിലീപിന് മുന്‍ വൈരാഗ്യമില്ല. എന്നാല്‍ മഞ്ജു എന്ന ഒറ്റവാക്കാണ് പ്രതികരണത്തിലെ രണ്ടാംവരിയില്‍ തന്നെ ദിലീപ് പറഞ്ഞത്. മുന്‍ ജീവിതപങ്കാളി എന്ന നിലയില്‍ മഞ്ജുവിന് മുന്‍വൈരാഗ്യം ഉണ്ട് എന്നു വാദിക്കാം. അതു തെളിയിക്കാന്‍ ഇരുവരും വിവാഹമോചിതരായത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. ആ പ്രതികരണം തന്നെ ആറ്റിക്കുറുക്കി പറഞ്ഞതാണ്. എന്നാല്‍, അങ്ങനെ മഞ്ജുവിനുള്ള മുന്‍വൈരാഗ്യത്തിന് അതിജീവിത സ്വന്തം ജീവിതം നശിപ്പിച്ച് കേസ് നടത്തുമോ? ആ ചോദ്യത്തിനുകൂടി ഉത്തരം കണ്ടെത്തേണ്ടി വരും.
അതിജീവിത നേരിടുന്ന സംഘര്‍ഷങ്ങള്‍
ആക്രമിക്കപ്പെട്ട കാലത്തേക്കാള്‍ അതിജീവിത സംഘര്‍ഷം അനുഭവിക്കുന്നത് ഇപ്പോഴാകും. കഴിഞ്ഞ എട്ടുവര്‍ഷം മുഴുവന്‍ ഏതു കേസിനു വേണ്ടിയാണോ ജീവിച്ചത് അതാണ് പരാജയപ്പെട്ടത്. ഇവിടെ നടി ആക്രമിക്കപ്പെട്ടു എന്നതു സത്യമാണെന്നെങ്കിലും കോടതി കണ്ടെത്തിയതു മഹാഭാഗ്യമാണ്. സാധാരണ ഇത്തരം കേസുകളില്‍ അക്രമിച്ചവര്‍ പോലും തെളിവില്ലാതെ രക്ഷപ്പെടുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. ഈ കേസിന് ഒരു രണ്ടാംഘട്ടം ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ലൈംഗികാഭിനിവേശം തീര്‍ക്കാനല്ല നടിയെ ആക്രമിച്ചത്. അതായിരുന്നു ലക്ഷ്യമെങ്കില്‍ ഓടുന്ന കാറില്‍ സഹപ്രതികള്‍ക്കൊപ്പമായിരുന്നില്ല അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഇതു ദൃശ്യം ചിത്രീകരിക്കുക മാത്രമായിരുന്നു ലക്ഷ്യം. ആ ദൃശ്യം ചിത്രീകരിച്ചത് എന്തിനു വേണ്ടി എന്നാണ് ചോദ്യം. ആര്‍ക്കുവേണ്ടി എന്നാണ് ചോദ്യം. ആ ദൃശ്യം വച്ച് സ്വന്തം നിലയ്ക്ക് ബ്ലാക്ക് മെയിലിങ് നടത്തുകയായിരുന്നോ ലക്ഷ്യം. അങ്ങനെയായിരുന്നു ലക്ഷ്യമെങ്കില്‍ ആ വഴിക്ക് ഒരൂ രൂപപോലും പള്‍സര്‍ സുനിയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. നടി കേസിനുപോവുകയാണ് ചെയ്തത്. എന്നാല്‍ അമ്മയുടെ അക്കൗണ്ടില്‍ പണമുണ്ട്. അത് എടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അവര്‍ കോടതിയെ സമീപിച്ചത്. ആ പണം എവിടെ നിന്നു വന്നു. ലക്ഷ്വറി കാറിലാണ് സുനി കേസിന്റെ വിധി കേള്‍ക്കാനായി എത്തിയത്. ജയിലില്‍ നിന്നു പുറത്തിറങ്ങി നടക്കുന്ന കാലത്തെല്ലാം ആഡംബര ജീവിതമാണ് നയിച്ചത്. ഇക്കാലത്തൊന്നും ഒരു രൂപ വരുമാനമുള്ള എന്തെങ്കിലും ജോലി ചെയ്യുന്നതായി ആരും കണ്ടിട്ടില്ല. ഇതിനുള്ള പണം എങ്ങനെ സുനിക്കു കിട്ടി. ആക്രമിക്കപ്പെട്ട നടിയില്‍ നിന്ന് ആ ദൃശ്യങ്ങളുടെ പേരില്‍ പണം ലഭിച്ചിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെ പണം വന്ന ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞാല്‍ തന്നെ ഈ കേസ് മറ്റൊരു ഘട്ടത്തിലെത്തും.
ദിലീപിന് സംഘടനയില്‍ മടങ്ങാമോ?
പുറത്തുപോയ ഏതു സംഘടനയിലേക്കും ദിലീപിന് മടങ്ങിയെത്താം. വേണമെങ്കില്‍ പുതിയ സംഘടനകള്‍ രൂപീകരിക്കാം. ഇപ്പോള്‍ ദിലീപ് കുറ്റാരോപിതന്‍ അല്ല. തിരിച്ചെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അതത് സംഘടനകളാണ്. ഇപ്പോള്‍ തന്നെ തിരിച്ചെടുക്കുകയോ അടുത്ത ഘട്ടത്തില്‍ തിരിച്ചെടുക്കുകയോ ഒക്കെ ചെയ്യാം. അതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ല. ഇനി ദിലീപ് കുറ്റാരോപിതനായിരുന്നപ്പോള്‍ പുറത്താക്കണം എന്നുപോലും ഉണ്ടായിരുന്നില്ല. പുറത്തുപോകാതെ ഒരു സംഘടനയുടെ ഭാഗമായി കുറച്ചുകാലം കൂടി ദിലീപ് തുടര്‍ന്ന സന്ദര്‍ഭവും ഉണ്ടായിരുന്നത് നമ്മളൊക്കെ കണ്ടതാണ്. അതത് സംഘടനകളുടെ ധാര്‍മികതയാണ് ആരൊക്കെ കൂടെ വേണം എന്നു തീരുമാനിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പം അന്നുമിന്നും ശക്തമായി നിന്ന നടി പാര്‍വതി തെരുവോത്തിന് സംഭവിച്ചത് നാമെല്ലാവരും കണ്ടതാണ്. പ്രതിഭയുടെ ധാരാളിത്തം ഉണ്ടായിട്ടും മലയാള സിനിമയില്‍ അവസരം കുറഞ്ഞു. അങ്ങനെ സിനിമ കയ്യൊഴിഞ്ഞിട്ടും നിലപാട് മാറ്റാതെ അവര്‍ തുടരുകയും ചെയ്തു. നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ അന്നു വാദിച്ച നടന്മാരുണ്ട്. ഈ കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറാതെ നടിക്ക് അനുകൂലമായി മൊഴി നല്‍കിയ ചിലരുണ്ട്. കൂറുമാറി പറഞ്ഞവരുമുണ്ട്. അതൊക്കെ ഓരോരുത്തരുടേയും സ്വന്തം ധാര്‍മികത വച്ച് അളക്കേണ്ട കാര്യങ്ങളാണ്. ഇതിനൊന്നും പൊതുമാനദണ്ഡം ഇല്ല. അതുകൊണ്ടുമാത്രം ഇനി നടന് അനുകൂലമായി മാത്രമേ ഇത്തരം സംഘടനകള്‍ സംസാരിക്കാവൂ എന്നുമില്ല. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും കുറ്റക്കാരന്‍ എന്നു വിളിക്കേണ്ടതുമില്ല. പക്ഷേ, എല്ലാം അനുഭവിച്ച ഒരു പെണ്‍കുട്ടിയുണ്ട്. അവളുടെ ഒപ്പമാണ് ആളുകള്‍ ഉണ്ടാകേണ്ടത്. അവള്‍ അനുഭവിച്ചതു മായയോ ഇന്ദ്രജാലമോ അല്ല. സ്വന്തം ശരീരത്തിലും മനസ്സിലുമാണ് അവള്‍ക്കു മുറിവേറ്റത്. അതു മറക്കാന്‍ ഈ സമൂഹത്തിനു കഴിയില്ല.
അടൂര്‍ പ്രകാശ് മുതല്‍ രാഹുല്‍ ഈശ്വര്‍ വരെ
ഈ വിധി വന്നപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടോ എന്ന് അറിയില്ല. പക്ഷേ, രാഹുല്‍ ഈശ്വര്‍ മുതല്‍ അടൂര്‍ പ്രകാശ് വരെ പ്രതികരിച്ച രീതി കണ്ട് മൂക്കത്തുവിരല്‍ വച്ച കുറച്ചുപേരെങ്കിലും ഈ നാട്ടിലുണ്ട്. അവനെ വിട്ടയച്ച അതേ കോടതി വിധി തന്നെ അവള്‍ അനുഭവിച്ചതു മുഴുവന്‍ ശരിവയ്ക്കുന്നുണ്ട്. അതുകേട്ടാല്‍ അവള്‍ക്കൊപ്പമല്ലാതെ പിന്നെ എവിടെ നില്‍ക്കും. പുരുഷാവകാശ സംഘടനയെന്ന അശ്ലീലവുമായി നടക്കുന്നവരുടെ ഒപ്പം നിന്ന് സംസാരിക്കുകയായിരുന്നു യുഡിഎഫിന്റെ കണ്‍വീനര്‍ ചെയ്തത്. അത് കെപിസിസി അധ്യക്ഷന്‍ പരസ്യമായ തള്ളുകയും തിരുത്തുകയും ചെയ്തു. അതിനു ശേഷമാണ് അങ്ങനെയൊന്നുമല്ല പറഞ്ഞതെന്ന ന്യായീകരണവുമായി എത്തിയത്. ഐക്യജനാധിപത്യമുന്നണിയുടെ കണ്‍വീനറും രാഹുല്‍ ഈശ്വറും ഈ കേസില്‍ മാത്രമല്ല രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസിലും അതിജീവിതകള്‍ക്കൊപ്പമായിരുന്നില്ല. കുറ്റാരോപിതന്‍ പുറത്തുവാഴുമ്പോഴും രാഹുല്‍ ഈശ്വറിന് ജയിലില്‍ കിടക്കേണ്ടി വന്നത് അതുകൊണ്ടാണ്. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ ഇപ്പോള്‍ തന്നെ കുറ്റംപറയാനും ക്രൂശിക്കാനും തുടങ്ങിയവരുണ്ട്. അവരൊക്കെ രാഹുല്‍ ഈശ്വറിന്റെ അനുഭവം അറിയുന്നത് നല്ലതാണ്. സാമൂഹിക മാധ്യമങ്ങളില്‍ പൂണ്ടുവിളയാടുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. അവനെ വിട്ടയയ്ക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളത്. അതിജീവിതയ്‌ക്കെതിരായ കുറ്റകൃത്യം നടന്നിട്ടില്ല എന്നു പറഞ്ഞിട്ടില്ല. ഇവിടെ നൂറുശതമാനം തലയുയര്‍ത്തി നില്‍ക്കാന്‍ യോഗ്യതയുള്ളത് ആ അതിജീവിതയ്ക്കാണ്. അവരെ ഇനിയും ആക്രമിക്കുന്നത് നിര്‍ത്തുക. ഇല്ലെങ്കില്‍ കൂടുതല്‍ രാഹുല്‍ ഈശ്വര്‍മാരെക്കൊണ്ട് നമ്മുടെ ജയിലറകള്‍ നിറയും.