
സഹസ്രകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് എന്തൊക്കെയാണ് ഓര്‍മവരിക? കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ഉണ്ടാക്കിയ കിറ്റക്‌സ് ഗ്രൂപ്പിന്റെ സാബു എം ജേക്കബിനെ ഓര്‍മവരും. മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും പിണങ്ങി പാര്‍ട്ടിയുണ്ടാക്കിയ പി.വി അന്‍വറിനേയും ഓര്‍ത്തുപോകും. മസ്‌ക് ഉണ്ടാക്കിയ അമേരിക്കന്‍ പാര്‍ട്ടി എന്ന പേര് രാഷ്ട്രീയത്തെയല്ല ഓര്‍മിപ്പിക്കുന്നത്. വിരുന്നുസല്‍ക്കാരം പോലൊരു പാര്‍ട്ടിയാണ് മുന്നില്‍ തെളിഞ്ഞുവരുന്നത്. കിഴക്കമ്പലത്തെ പാര്‍ട്ടിയുടെ പേര് കേള്‍ക്കുമ്പോള്‍ ട്വന്റി ട്വന്റി ക്രിക്കറ്റിനെ ഓര്‍ക്കുന്നതുപോലെ തന്നെ. ഏതൊരാള്‍ക്കും പാര്‍ട്ടിയുണ്ടാക്കാം. കൂടെ അണികളും കയ്യില്‍ കാശുമുണ്ടെങ്കില്‍ ഏതു മട്ടിലും മത്സരിക്കുകയും പ്രചാരണം നടത്തുകയും ചെയ്യാം. മസ്‌കിന്റെ രാഷ്ട്രീയ പാര്‍ട്ടി പക്ഷേ ലോക ജനാധിപത്യത്തിന് ഒരു ഭീഷണിയാണ്. കയ്യില്‍ പുത്തനുണ്ട് എന്നതുകൊണ്ട് മാത്രം ജനാധിപത്യത്തെ വിലയ്ക്കു വാങ്ങാനുള്ള നീക്കമാണത്. വ്യവസായ വമ്പന്‍മാര്‍ ആദ്യമൊക്കെ കാശിറക്കി വാങ്ങിക്കൂട്ടിയത് മാധ്യമങ്ങളെയാണ്. ഇപ്പോള്‍ ജനാധിപത്യത്തിനും വിലപറയാന്‍ തുടങ്ങിയിരിക്കുന്നു.
ഇലോണ്‍ മസ്‌കിന്റെ അമേരിക്കന്‍ പാര്‍ട്ടി
ഇലോണ്‍ മസ്‌ക് പാര്‍ട്ടി പ്രഖ്യാപിച്ചത് എന്തിനാണ്? ഡോണള്‍ഡ് ട്രംപ് പുതിയ നികുതി നയം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ്. നികുതി ഘടന മാറ്റരുത് എന്ന് ട്രംപ് സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ മസ്‌ക് ആവശ്യപ്പെടുന്നതാണ്. ഘടന മാറ്റിയാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതുമാണ്. നികുതി നിരക്കുകള്‍ മാറ്റി ദി ബ്യൂട്ടിഫുള്‍ ബില്‍ എന്ന് ട്രംപ് വിശേഷിപ്പിച്ച് 24 മണിക്കൂര്‍ തികഞ്ഞില്ല. അതിനു മുന്‍പ് മസ്‌കിന്റെ അമേരിക്കന്‍ പാര്‍ട്ടി രംഗത്തുവന്നു. റിപ്പബ്ലിക്കന്‍മാരും ഡെമോക്രറ്റുകളും മാത്രമുള്ള അമേരിക്കയില്‍ മൂന്നാമത്തെ പാര്‍ട്ടിയാകും എന്നാണ് മസ്‌ക് പറയുന്നത്. അതത്ര എളുപ്പമല്ല. അമേരിക്കയില്‍ വേറെ പാര്‍ട്ടികള്‍ ഇല്ലാത്തതുകൊണ്ടല്ല മുഖ്യ തെരഞ്ഞെടുപ്പ് രണ്ടുപാര്‍ട്ടികള്‍ തമ്മിലായി തുടരുന്നത്. നൂറിലേറെ സജീവമായ റജിസ്റ്റേഡ് പാര്‍ട്ടികള്‍ അമേരിക്കയിലുണ്ട്. ഇടതുപാര്‍ട്ടികള്‍ തന്നെ ഇരുപതിലേറെയുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യുഎസ്എയും റവല്യൂഷണറി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമൊക്കെ തരാതരമുണ്ട്. സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് ഇക്വാലിറ്റി പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടി യുഎസ്എയുമൊക്കെയായി മറ്റൊരു കൂട്ടം വേറെ. എന്നാല്‍ ഈ പാര്‍ട്ടികളെല്ലാം നാമമാത്ര പ്രാതിനിധ്യം മാത്രമുള്ളവയാണ്. ചിലത് എല്ലാ സ്റ്റേറ്റുകളിലും ഉണ്ടെങ്കില്‍ മറ്റു ചിലത് സിംഗിള്‍ സ്റ്റേറ്റ് പാര്‍ട്ടികളാണ്. ഇതില്‍ ഏതു ഗണത്തില്‍ ഉള്‍പ്പെടുമെന്നു ചോദിച്ചാല്‍ മസ്‌ക് പറയുന്നത് അമേരിക്കയിലെ മൂന്നാമത്തെ പാര്‍ട്ടി എന്നാണ്. മസ്‌ക് അല്ലാതെ വേറെ ഏതെങ്കിലും നേതാക്കള്‍ വരുമോ എന്നും കണ്ടറിയണം. പ്രശ്‌നം അതൊന്നുമല്ല. ജനാധിപത്യത്തെ മുതലാളിമാര്‍ കൈക്കലാക്കുന്നത് എങ്ങനെയെന്നുള്ള പാഠമാണിത്.
ആദ്യം ട്വിറ്റര്‍, ഇപ്പോള്‍ പാര്‍ട്ടി
ഇലോണ്‍ മസ്‌ക് കാണിക്കുന്നതിന്റെ അപകടങ്ങള്‍ ട്വിറ്ററില്‍ നിന്നാണ് ആദ്യം വ്യക്തമായത്. മസ്‌കിന്റെ ടെസ്ല കമ്പനിക്കെതിരേ നിറയെ വിമര്‍ശനങ്ങളും ട്രോളുകളും വന്ന കാലത്താണ് മസ്‌ക് ട്വിറ്റര്‍ തന്നെയങ്ങ് വാങ്ങിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് സിഎന്‍എന്‍ ഐബിഎന്‍ വാങ്ങി നെറ്റ് വര്‍ക്ക് 18 സ്ഥാപിച്ചതുപോലെ എന്നു പറയാം. അല്ലെങ്കില്‍ ഗൗതം അദാനി എന്‍ഡിടിവി വാങ്ങിയതുപോലെ എന്നും വ്യാഖ്യാനിക്കാം. ആമസോണിന്റെ ജെഫ് ബസൂസ് വാങ്ങിയത് വാഷിങ്ടണ്‍ പോസ്റ്റ് ആണ്. ഇങ്ങനെ വന്‍കിട മുതലാളിമാരെല്ലാം മാധ്യമങ്ങള്‍ വാങ്ങുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്. ഒന്ന് സ്വയം പുകഴ്ത്താന്‍, രണ്ട് മറ്റിടങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍. മാധ്യമം ഒരു വ്യവസായം മാത്രമായതിനാല്‍ വൈവിധ്യവല്‍ക്കരണത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ട്വന്റി ട്വന്റി പാര്‍ട്ടി കിഴക്കമ്പലത്ത് ഉണ്ടാകാനുള്ള കാരണം തന്നെ എല്ലാവര്‍ക്കും അറിയാം. അവിടെ കിറ്റക്‌സ്-അന്ന ഗ്രൂപ്പുകളുടെ സ്ഥാപകന്‍ എം.സി. ജേക്കബ് നാലു പതിറ്റാണ്ടോളം കിഴക്കമ്പലം പഞ്ചായത്തുമായി തര്‍ക്കത്തിലായിരുന്നു. ഏതു ഭരണസമിതി വന്നാലും സംഘര്‍ഷം പതിവായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലും പരിക്കേല്‍പ്പിക്കലും വരെ സംഭവിച്ചിട്ടുണ്ട്. ആ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ രൂപമെടുത്തതാണ് ട്വന്റി ട്വന്റി പാര്‍ട്ടി. പഞ്ചായത്തുമായി തര്‍ക്കം പതിവായപ്പോള്‍ ഭരണം തന്നെ കോര്‍പ്പറേറ്റ് സെറ്റപ്പിനു കീഴിലായി. അതു തന്നെയാണ് ഇലോണ്‍ മസ്‌കിന്റേയും പ്രഖ്യാപിത ലക്ഷ്യം. അതുകൊണ്ടാണ് ഇത് അത്യന്തം അപകടകരമായ നീക്കമാണ് എന്നു പറയുന്നത്.
ഫണ്ടിങ്ങില്‍ നിന്ന് ഹണ്ടിങ്ങിലേക്ക്
ഇതുവരെ ഫണ്ടിങ് ആയിരുന്നു മസ്‌ക് ചെയ്തിരുന്നത്. ഇനി രാഷ്ട്രീയത്തിലെ വേട്ട അഥവാ ഹണ്ടിങ് ആണ് നടത്താന്‍ പോകുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ ഡോണര്‍ എന്നായിരുന്നു മസ്‌കിനുള്ള വിശേഷണം. ഡോണറില്‍ നിന്ന് ഡോണ്‍ ആകാനുള്ള നീക്കമാണ് മസ്‌ക് ഇപ്പോള്‍ നടത്തുന്നത്. മസ്‌കിന് പാര്‍ട്ടി ഉണ്ടായിരുന്നില്ലെങ്കിലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു. ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണത്തിനു വേണ്ട കോടികളില്‍ നല്ലൊരു പങ്കും ഇറക്കിയത് മസ്‌ക് ആണ്. കൂടാതെ എക്‌സ് വഴിയുള്ള പ്രചാരണവും. ആ മുതല്‍മുടക്കിനുള്ള പ്രതിഫലമായി പദവി കിട്ടുകയും ചെയ്തു. സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ അധ്യക്ഷനായുള്ള ആ നിയമനം ആറുമാസം നീണ്ടു നിന്നില്ല. അന്നു കലഹിച്ച് ഇറങ്ങിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലേക്ക് മസ്‌ക് വരുന്നത് ഇപ്പോഴാണ്. രാജ്യത്തെ കടക്കെണിയിലാക്കുന്ന നയങ്ങള്‍ വരുമ്പോള്‍ അമേരിക്കയില്‍ ഒറ്റപാര്‍ട്ടിയെ ഉള്ളൂ എന്നാണ് മസ്‌ക് പറഞ്ഞത്. ഡെമോക്രാറ്റുകളും റിപ്പബ്‌ളിക്കന്‍മാരും പരസ്പരം സഹായിച്ച് ഇത്തരം ബില്ലുകള്‍ പാസാക്കും. ജനാധിപത്യം ഇല്ലാത്ത ആ സ്ഥിതി ഒഴിവാക്കാനാണ് പുതിയ പാര്‍ട്ടി എന്നും മസ്‌ക് അവകാശപ്പെടുന്നു. അമേരിക്കയില്‍ ദേശീയ പ്രസക്തിയുള്ള ഒരു പുതിയ പാര്‍ട്ടി ഉണ്ടാക്കുക എന്നതു പലതുകൊണ്ടും ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഉണ്ടാകുമോ അമേരിക്കയില്‍ പുതിയ പാര്‍ട്ടി
അമേരിക്കയില്‍ പാര്‍ട്ടി ഉണ്ടാക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളി സ്റ്റേറ്റുകളാണ്. ഓരോ സ്റ്റേറ്റും ഡെമോക്രാറ്റുകളുടെ അല്ലെങ്കില്‍ റിപ്പബ്‌ളിക്കന്‍മാരുടെ കുത്തകയാണ്. അവിടെ മൂന്നാമതൊരു പാര്‍ട്ടി വന്നാല്‍ രണ്ടുപാര്‍ട്ടികളും ചേര്‍ന്ന് ഇല്ലാതാക്കും. ഇരുപാര്‍ട്ടികളുടേയും സ്വാധീനം അത്രയേറെ ആഴത്തിലുള്ളതാണ്. പതിറ്റാണ്ടുകളായി നിരവധി കോടീശ്വരന്മാര്‍ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. രാഷ്ട്രീയമായി രണ്ടുധ്രുവങ്ങള്‍ മാത്രമാണ് അമേരിക്കയിലുള്ളത്. മൂന്നാമതൊരു അച്ചുതണ്ട് ഏറെക്കുറെ അസാധ്യമാണ്. പുതിയ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്ന് തെളിയിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതെല്ലാം മസ്‌കിനെ മാത്രം ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. അമേരിക്കന്‍ ജനതയുടെ വിഷയമല്ല. പക്ഷേ, ലോകമെങ്ങുമുള്ളവര്‍ നോക്കിനില്‍ക്കുന്ന ഒന്നുണ്ട്. കയ്യില്‍ പണമുള്ളവര്‍ ജനാധിപത്യത്തെക്കൂടി വിലയ്ക്കു വാങ്ങുന്നത് എങ്ങനെയാണ് എന്നാണത്. ജനാധിപത്യത്തെ വാങ്ങിയാല്‍ ഭാവിയില്‍ ജുഡീഷ്യറിയും കാല്‍ക്കീഴിലാകും. കാരണം നിയമനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഭരണത്തിലുള്ളവര്‍ക്കു കഴിയും എന്നതുതന്നെ. കാശുകാരന്റെ വമ്പിന് പൂര്‍ണമായും കീഴ്‌പ്പെടാത്ത രണ്ടു മേഖലകളാണ് നിലവില്‍ ജനാധിപത്യവും ജുഡീഷ്യറിയും. അതു രണ്ടുമാണ് ഇപ്പോള്‍ വെല്ലുവിളി നേരിടുന്നത്.