SPOTLIGHT | തൃശൂരില്‍ സുരേഷ് ഗോപി ജയിച്ച വിധം

സുരേഷ് ഗോപിയുടെ ജയത്തിനു കാരണമായ വോട്ടുകള്‍ എവിടെ നിന്നു വന്നു? ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും വിവരങ്ങളിലേക്ക് ആഴത്തിലിറങ്ങി പഠിക്കുമ്പോഴാണ് ചെമ്പ് തെളിയുന്നത്
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ് NEWS MALAYALAM 24X7
Published on

വീണ്ടും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ചു തന്നെയാണ്. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായ 2019ലും ജയിച്ചുകയറിയ 2024ലും വീണ വോട്ടുകള്‍ പരിശോധിക്കുക. ചില അസ്വാഭാവികതകള്‍ ഒറ്റനോട്ടത്തില്‍ തന്നെ കണ്ടെത്താം. മുക്കാല്‍ ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിന് സുരേഷ് ഗോപി ജയിച്ച ഈ തെരഞ്ഞെടുപ്പില്‍ പുതുക്കാട് നിയമസഭാ മണ്ഡലത്തിനു കീഴിലെ എഴുപത്തിനാലാം നമ്പര്‍ ബൂത്ത് എടുക്കുക. അവിടെ സൂരേഷ് ഗോപിക്ക് 2019ല്‍ കിട്ടിയത് 26 വോട്ട്. ജയിച്ചുകയറിയ 2024ലും കിട്ടിയത് 26 വോട്ട് മാത്രം. ഒര് വോട്ടുപോലും കൂടിയതുമില്ല, കുറഞ്ഞതുമില്ല. മണ്ഡലമാകെ സുരേഷ്‌ഗോപിക്ക് അനുകൂലമായി എന്നു കരുതിയ 2024ല്‍ ഒരു ചലനവും ഉണ്ടാകാത്തത് ഈ ഒരു ബൂത്തില്‍ മാത്രമല്ല. പുതുക്കാട്ടെ തന്നെ എണ്‍പതാം നമ്പര്‍ ബൂത്തില്‍ സുരേഷ് ഗോപിക്ക് 2019ല്‍ കിട്ടിയത് 32 വോട്ട്. 2024ല്‍ 38 വോട്ട്. പാര്‍ട്ടി ബൂത്തുകള്‍ എന്ന് അറിയപ്പെടുന്ന കോട്ടകളില്‍ ഒരു ചലനവും ഉണ്ടാക്കാതെയാണ് സുരേഷ് ഗോപി ജയിച്ചുകയറിയത്. നഗരകേന്ദ്രീകൃതമായ ബൂത്തുകളില്‍, ആരൊക്കെയാണ് വോട്ടര്‍മാര്‍ എന്ന് ആര്‍ക്കും അറിയാത്ത ഇടങ്ങളിലാണ്, വലിയ തോതില്‍ വോട്ടില്‍ മാറ്റം ഉണ്ടായിരിക്കുന്നത്. പുതിയതായി വോട്ടര്‍മാര്‍ വന്നുചേര്‍ന്നതും സുരേഷ് ഗോപിക്ക് വലിയ തോതില്‍ വോട്ട് കൂടിയതും അത്തരം ബൂത്തുകളിലാണ്. പൊതു ട്രെന്‍ഡ് എന്ന സംഭവമില്ലാതെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ വരുന്നത് അത്യപൂര്‍വമാണ്.

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ച വിധം

തൃശൂരിലെ പോളിങ് കഴിഞ്ഞ് പിറ്റേന്ന് സിപിഐയുടെ ജില്ലാ അവലോകന യോഗത്തില്‍ സമ്പൂര്‍ണ മ്ലാനത ആയിരുന്നു. ഇങ്ങനെയൊരു ഫലം പ്രതീക്ഷിച്ചതായിരുന്നില്ല കാരണം. ആരൊക്കെ എവിടെയൊക്കെ വോട്ട് ചെയ്തുവെന്ന് കൃത്യമായ വിവരം നല്‍കാന്‍ ഭൂരിപക്ഷം ബൂത്തുസമിതികള്‍ക്കും കഴിഞ്ഞില്ല. വി.എസ്. സുനില്‍കുമാര്‍ ജയിക്കുമോ എന്നു ചോദിച്ചാല്‍ അതിന് ഉത്തരം ഉണ്ടായിരുന്നില്ല. കെ. മുരളീധരന്‍ ജയിക്കുമോ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ഉണ്ടായിരുന്നില്ല. സുരേഷ് ഗോപി ജയിക്കുമോ എന്ന ചോദ്യം ഉയര്‍ത്തിയപ്പോള്‍ ജില്ലാ നേതാവ് പറഞ്ഞത്, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു മാത്രമാണ്. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ മാത്രമാണ് ഇടത്, ഐക്യ മുന്നണികള്‍ക്ക് തൃശൂരിലെ ആകെ കുഴഞ്ഞുമറിഞ്ഞ പോളിങ്ങിനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയത്. അപ്പോള്‍ പോലും അയ്യായിരം വോട്ടിനാണെങ്കിലും സുനില്‍കുമാര്‍ ജയിക്കും എന്ന് കരുതിയവരാണ് സാധാരണ സിപിഐഎം, സിപിഐ പ്രവര്‍ത്തകര്‍. കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്താകുമെന്നും മൂന്നു മുന്നണികള്‍ക്കും ഉറപ്പായിരുന്നു. പക്ഷേ, സുരേഷ് ഗോപിയുടെ ജയത്തിനു കാരണമായ വോട്ടുകള്‍ എവിടെ നിന്നു വന്നു? ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും വിവരങ്ങളിലേക്ക് ആഴത്തിലിറങ്ങി പഠിക്കുമ്പോഴാണ് ചെമ്പ് തെളിയുന്നത്.

പുതുക്കാട് മണ്ഡലത്തിലെ അസാധാരണ അട്ടിമറി

പുതുക്കാട് നിയമസഭാ മണ്ഡലം സിപിഐഎമ്മിന്റെ കുത്തകയായിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഇപ്പോള്‍ കെ. കെ. രാമചന്ദ്രനും ബഹുഭൂരിപക്ഷത്തിനു ജയിച്ചിരുന്ന മണ്ഡലമാണ്. സി. രവീന്ദ്രനാഥ് എന്ന വടവൃക്ഷം മാറിയിട്ടും കെ. കെ. രാമചന്ദ്രന്‍ 27,353 വോട്ടിനാണ് ജയിച്ചത്. ആകെ നേടിയ വോട്ട് 73,365. മണ്ഡലത്തില്‍ ബിജെപിക്കായി മല്‍സരിച്ച എ. നാഗേഷിന് കിട്ടിയത് 34,893 വോട്ട് മാത്രമാണ്. 2019ല്‍ സുരേഷ് ഗോപി പിടിച്ച 46,410 വോട്ടാണ് ബിജെപിയുടെ ഏറ്റവും കൂടിയ വോട്ട്. 2024ല്‍ അത് 62,635 വോട്ടായി വളര്‍ന്നു. അപ്പോഴും മണ്ഡലത്തിന്റെ എല്ലായിടത്തും ആ തരംഗം ഉണ്ടായില്ല. ടി.എന്‍. പ്രതാപന്‍ 374 വോട്ട് പിടിച്ച 113ാം നമ്പര്‍ ബൂത്ത്. അവിടെ കെ. മുരളീധരന്‍ 403 വോട്ട് പിടിച്ചു. എന്നിട്ടും മുരളീധരന്‍ ഫലം വന്നപ്പോള്‍ മൂന്നാമതായി. ഒല്ലൂരെ നാല്‍പ്പത്തിനാലാം നമ്പര്‍ ബൂത്ത്. അവിടെ ടി.എന്‍ പ്രതാപന്‍ 2019ല്‍ പിടിച്ചത് 444 വോട്ട്. 2024ല്‍ കെ. മുരളീധരന് കിട്ടിയത് 480 വോട്ട്. കോണ്‍ഗ്രസ് വോട്ടാണ് ബിജെപിക്കു പോയത് എന്ന സൂത്രവാക്യം ഈ രണ്ടു ബൂത്തില്‍ മാത്രമല്ല ഫലപ്രദമാകാത്തത്. ഈ രണ്ടു ബൂത്തിലും സിപിഐയുടെ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു കൂടിയിട്ടുണ്ട്. രാജാജി മാത്യു തോമസ് പിടിച്ചതിനേക്കാള്‍ വോട്ടാണ് സുനില്‍കുമാര്‍ നേടിയിരിക്കുന്നത്. എന്നിട്ടും സുരേഷ് ഗോപിക്കും വോട്ടു കൂടി. അതാണ് അത്ഭുതകരമായ കാര്യം. യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു കൂടി. സുരേഷ് ഗോപിക്കു കാര്യമായി വോട്ടു കൂടി. അതിനര്‍ത്ഥം പുതിയതായി ചേര്‍ക്കപ്പെട്ട വോട്ടുകളില്‍ കൂടുതലും സുരേഷ് ഗോപിയുടെ പെട്ടിയിലേക്കു പോയി എന്നാണ്.

സ്പോട്ട്ലൈറ്റ്
SPOTLIGHT | തൃശൂരില്‍ സുരേഷ് ഗോപിക്കായി വോട്ട് ഇരട്ടിച്ചോ?

ഒല്ലൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്തുകള്‍

മണ്ഡലത്തില്‍ സിപിഐയൊക്കെ ജയിക്കുമെങ്കിലും ഒല്ലൂരില്‍ കോണ്‍ഗ്രസിന് മാത്രം വോട്ട് വീഴുന്ന കുറെ ബൂത്തുകളുണ്ട്. സുരേഷ് ഗോപി ജയിക്കുമെന്ന വിധത്തിലുള്ള ട്രെന്‍ഡുണ്ടായിട്ടും ആ ബൂത്തുകള്‍ക്കൊന്നും ഒരനക്കവും തട്ടിയില്ല. ഒല്ലൂരെ 102, 103, 104 ബൂത്തുകളൊക്കെ കോണ്‍ഗ്രസിന്റെ കുത്തകയാണ്. അവിടെ പ്രതാപന് 469ഉം 527ഉം 561ഉം വോട്ടുകളാണ് 2019ല്‍ ലഭിച്ചത്. അത് കെ. മുരളീധരന്‍ മത്സരിച്ചപ്പോഴും കാര്യമായി കുറഞ്ഞില്ല. അവിടെ രാജാജി മാത്യു തോമസ് 2019ല്‍ പിടിച്ചതിലും കൂടുതല്‍ വോട്ടുകള്‍ 2024ല്‍ വി.എസ് സുനില്‍കുമാര്‍ പിടിച്ചു. എന്നിട്ടും വലിയ തോതില്‍ സുരേഷ് ഗോപിക്കും വോട്ടെണ്ണം കൂടി. ഇനി ഒല്ലൂരെ തൊണ്ണൂറാം നമ്പര്‍ ബൂത്ത് എടുക്കുക. അവിടെ 2019ല്‍ ടി.എന്‍. പ്രതാപന് കിട്ടിയത് 467 വോട്ട്. 2024 ല്‍ കെ. മുരളീധരന് കൃത്യം 100 വോട്ട് കൂടി 567 ആയി. കോണ്‍ഗ്രസിന് അത്രയ്ക്കുറച്ച ആ ബൂത്തില്‍ സുരേഷ് ഗോപിയുടെ വോട്ട് 43ല്‍ നിന്ന് 173 ആയി വര്‍ദ്ധിച്ചു. എന്നുപറഞ്ഞാല്‍ കെ. മുരളീധരന്‍ 100 വോട്ട് കൂടുതല്‍ പിടിച്ചിട്ടും സുരേഷ് ഗോപിക്ക് 140 വോട്ടാണ് കൂടുതല്‍ കിട്ടിയത്. അവിടെ രാജാജി മാത്യു തോമസ് 117 വോട്ടാണ് പിടിച്ചതെങ്കില്‍ വി.എസ് സുനില്‍കുമാര്‍ 169 വോട്ട് പിടിച്ചു. ഒരു കാര്യം അച്ചട്ടാണ്. ഓരോ ബൂത്തിലും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് അവരുടെ ഉറച്ച വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. പുതിയതായി വന്ന വോട്ടുകളിലാണ് ഈ ഷിഫ്റ്റ് ഉണ്ടായിരിക്കുന്നത്. പുതിയതായി ചേര്‍ക്കപ്പെട്ട വോട്ടുകള്‍ എല്ലാം യുവാക്കളുടേതല്ല. നാല്‍പ്പതും അന്‍പതും വയസ്സുള്ള നിരവധി പേരുണ്ട് പുതിയ വോട്ടര്‍മാരില്‍. ചെറുപ്പക്കാര്‍ സുരേഷ് ഗോപിയെ പിന്തുണച്ചു എന്ന സിദ്ധാന്തവും അവിടെ ഫലവത്താകില്ല എന്നുറപ്പ്.

വയനാട്ടിലെ ബദല്‍ പാളിപ്പോകുമ്പോള്‍

തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ ദുരൂഹ വോട്ടുകള്‍ക്ക് വയനാട് ഉയര്‍ത്തിയാണ് ബിജെപി ദേശീയ നേതൃത്വം ഡല്‍ഹിയില്‍ മറുപടി പറഞ്ഞത്. ആ ആരോപണങ്ങളെല്ലാം പൊള്ളയാണെന്ന് വളരെ വേഗം വ്യക്തമായി. വയനാട്ടില്‍ ഇരട്ടവോട്ടെന്ന് ബിജെപി ആരോപിച്ചത് മൈമുന എന്ന പേര് ആവര്‍ത്തിക്കുന്നതു കാണിച്ചാണ്. ആ മൂന്നു മൈമുനമാരും മൂന്നുപേര്‍ ആണെന്ന് ചിത്രങ്ങള്‍ സഹിതം പുറത്തുവന്നു. വള്ളിക്കെട്ടുമ്മല്‍ എന്ന വീട്ടുപേരില്‍ അനേകം വോട്ടര്‍മാര്‍ എന്നായിരുന്നു മറ്റൊരു ആരോപണം. വള്ളിക്കെട്ടുമ്മല്‍ വീട്ടുപേരല്ല, ഒരു നാടിന്റെ പേരാണെന്നും വ്യക്തമായി. ആ ബൂത്തിലെ ഓരോ വോട്ടര്‍മാരും വേവ്വേറെയുണ്ടെന്ന് ചിത്രം സഹിതം വിവരം പുറത്തുവന്നു. വയനാട്ടില്‍ മൂന്നാമത്തെ ആരോപണം ചൗണ്ടേരി എന്ന വീട്ടുപേരിനെ ചൊല്ലിയായിരുന്നു. ചൌണ്ടേരി എന്നാല്‍ ചാമുണ്ഡേശ്വരിക്കുന്ന് എന്നാണെന്നു വ്യക്തമാക്കപ്പെട്ടു. ആ കുന്നിലുള്ള വ്യത്യസ്ത കുടുംബങ്ങളെല്ലാം ചൌണ്ടേരി എന്ന പേരിലാണ് അറിയപ്പെടുന്നത്. മറിയുമ്മയും വള്ളിയുമ്മയുമൊക്കെ വ്യാജ വോട്ടര്‍മാരല്ലെന്നും പക്കാ വോട്ടര്‍മാരാണെന്നും വ്യക്തമാക്കപ്പെട്ടു. രണ്ടുപേരും ആ പ്രദേശത്തു ജീവിച്ചിരിക്കുന്നവര്‍ തന്നെയാണെന്നും തെളിഞ്ഞു. എന്നാല്‍ തൃശൂരെക്കുറിച്ചുയര്‍ന്ന ഒരാരോപണത്തിനും സത്യസന്ധമായ മറുപടി ഉണ്ടായില്ല. മറ്റുമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ മാത്രമല്ല തൃശൂര് വോട്ട് ചെയ്തത്. ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എങ്ങും വോട്ടില്ലാത്തവരും വോട്ട് ചെയ്തു. എന്നുപറഞ്ഞാല്‍ നാടും പേരും വരെ വ്യാജമായി സൃഷ്ടിച്ച വോട്ടര്‍മാര്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ആ സംശയം. അത് തെളിയിക്കപ്പെടുക തന്നെ വേണം. സംഭവം ഒട്ടൂം നിസ്സാരമല്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com