
ചൈനയുടെ സര്‍വപ്രതാപിയായ അധിപതി ഷി ജിന്‍പിങ് അടുത്തമാസം സ്ഥാനമൊഴിയുമോ? അതോ ഏതെങ്കിലും ആലങ്കാരിക പദവിയിലേക്ക് മാറി അധികാരം പിന്മുറക്കാര്‍ക്ക് വിട്ടുകൊടുക്കുകമോ? ഭരണഘടന ഭേദഗതി ചെയ്ത് ആജീവനാന്തം പ്രസിഡന്‍ന്റായി തുടരാന്‍ വഴിയൊരുക്കിയ ഷിക്കു മുന്നില്‍ വാതിലുകള്‍ അടയുകയാണോ? അങ്ങനെയാണ് ചൈനയില്‍ നിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മേയ് മുതല്‍ ഒരു പൊതുവേദിയിലും ഷി ജിന്‍പിങ്ങിനെ കണ്ടിട്ടില്ല. അസുഖമാണെന്നും, പടിയിറങ്ങാനുള്ള നീക്കമാണെന്നും, പാര്‍ട്ടി പിടിച്ചുവച്ചിരിക്കുകയാണെന്നും ഭിന്ന റിപ്പോര്‍ട്ടുകളാണ് പാശ്ചാത്യമാധ്യമങ്ങള്‍ നല്‍കുന്നത്. ഏതായാലും 12 വര്‍ഷമായി സര്‍വാധികാരിയായി വാണ ഷീ ജിന്‍പിങ്ങിന്റെ ചില അധികാരങ്ങള്‍ പലര്‍ക്കായി വീതിച്ചു നല്‍കി കഴിഞ്ഞു.
ഷി പടിയിറങ്ങുന്നോ ചൈനയില്‍?
അടുത്തമാസം 27 മുതല്‍ 30 വരെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനം. ആ സമ്മേളനത്തിനു ശേഷം ചൈനയില്‍ അടിമുടി മാറ്റമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷീ ജിന്‍പിങ് ഒഴിയാനുള്ള സാധ്യതയാണ് ഏറ്റവും മുന്നില്‍. 1976ല്‍ മരിക്കുന്നതുവരെ മാവോ സേതുങ് ആയിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അധികാരത്തിന്റെ മേലാളന്‍. അതിനു ശേഷമാണ് അഞ്ചുവര്‍ഷം വീതമുള്ള രണ്ടു തവണ മാത്രം പ്രസിഡന്റിനു നല്‍കിയാല്‍ മതിയെന്ന തീരുമാനം ഉണ്ടായത്. ഷീയുടെ പ്രതാപകാലത്താണ് ഇതു തിരുത്തിയതും ആജീവനാന്തം തുടരാം എന്നു വ്യവസ്ഥ ചെയ്തതും. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി എന്ന നിലയിലേക്കുള്ള മടങ്ങിപ്പോക്കിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റിക് സെന്‍ട്രലൈസേഷന്‍ അഥവാ ജനാധിപത്യ കേന്ദ്രീകരണം ആയിരുന്നു പാര്‍ട്ടിയുടെ നയം. തെരഞ്ഞെടുപ്പിലൂടെ വരുന്ന വിവിധ ഘടകങ്ങള്‍ ഓരോ വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും എല്ലാത്തിനും മുകളില്‍ പ്രസിഡന്റും എന്നതായിരുന്നു രീതി. ഷീയുടെ തുടക്കകാലത്ത് എല്ലാ വകുപ്പുകളിലും ഷീ തന്നെ തീരുമാനം എടുക്കുന്ന നിലവന്നു. വിവിധ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ എന്ന സ്ഥിതി മാറി. സ്റ്റാന്‍ഡിങ് കമ്മിറ്റി നോക്കുകുത്തിയായി. ഷീയുടെ ആ അപ്രമാദിത്തം അവസാനിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തന്നെ ഇപ്പോള്‍ അതതു വകുപ്പുകള്‍ കൈകാര്യം ചെയ്തു തുടങ്ങി. അധികാര വികേന്ദ്രീകരണം ചൈനയില്‍ അസാധ്യമാണെങ്കിലും വിവിധ വകുപ്പുകളുടെ അധികാരങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു ലഭിക്കുന്ന തരത്തിലേക്ക് സ്ഥിതി മാറുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സെന്‍ട്രല്‍ മിലിറ്ററി കമ്മിഷന്‍ ചെയര്‍മാന്‍, പ്രസിഡന്റ് തുടങ്ങിയ പദവികള്‍ക്കെല്ലാം വെവ്വേറെ ഭരണകേന്ദ്രങ്ങളും അധികാരവും നല്‍കുമോ എന്ന വലിയ ചോദ്യവും ചൈനയില്‍ മുഴങ്ങുന്നു. ഷി ജിന്‍പിങ് ഏറെക്കുറെ ഒറ്റയ്ക്കു തീരുമാനിച്ചിരുന്ന വകുപ്പുകളാണ് വിവിധ കേന്ദ്രങ്ങളിലേക്കു വീതംവച്ചു നല്‍കുന്നത്.
ചൈനയുടെ ജനാധിപത്യം
ചൈനയിലുള്ളത് ജനാധിപത്യമാണെന്ന് ആര്‍ക്കും പറയാന്‍കഴിയില്ല. അവിടെ സര്‍വാധിപത്യവും സമഗ്രാധിപത്യവുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കുന്നു നടപ്പാക്കുന്നു. ഇതാണ് അവിടെ ഭരണം. കമ്യൂണിസ്റ്റ് സമഗ്രാധിപത്യം എന്നു വിളിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ മാവോയുടെ കാലത്തും ഇപ്പോള്‍ ഷിയുടെ കാലത്തും പാര്‍ട്ടിയുടെ സമഗ്രാധിപത്യമല്ല കണ്ടത്. ഏകാധിപതികളുടെ സമഗ്രാധിപത്യമാണ്. മാവോ ഒറ്റയ്ക്കു പാര്‍ട്ടിയെ കൊണ്ടുനടന്നതുപോലെ ഷിയും കൊണ്ടു നടന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒട്ടും ആശാസ്യമല്ല ആ ഭരണരീതി. അമേരിക്കയില്‍ ട്രംപിനെപോലുള്ളവര്‍ ഭരിക്കുമ്പോള്‍ പോലും ഏകാധിപത്യത്തിന് പരിധിയുണ്ട്. ബില്ലുകള്‍ പാസാക്കാന്‍ കോണ്‍ഗ്രസിനെ സമീപിക്കണം. അവിടെ റിപ്പബ്‌ളിക്കന്മാര്‍ക്കും ഡെമോക്രറ്റുകള്‍ക്കും ഏറെക്കുറെ തുല്യ അംഗബലമാണ്. കോണ്‍ഗ്രസിനെ മറികടന്ന് പ്രസിഡന്റിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. ചൈനയില്‍ അങ്ങനെയൊരു പ്രശ്‌നമില്ല. പാര്‍ട്ടി തീരുമാനിച്ചാല്‍ പിന്നെ അച്ചട്ടാണ്. വേറൊരു പ്രതിപക്ഷമില്ല. ഉള്ളില്‍ മുറുമുറുക്കാം എന്നല്ലാതെ പരസ്യമായി പ്രകടിപ്പിക്കാന്‍ കഴിയില്ല. ഷിയുടെ കാലത്ത് പാര്‍ട്ടി തീരുമാനിച്ചിരുന്നത് ഷിയുടെ മനസ്സിലുള്ള കാര്യങ്ങളായിരുന്നു. അതുകൊണ്ടാണ് അഞ്ചുവര്‍ഷത്തെ രണ്ടു ടേം കഴിഞ്ഞാലും ഷിക്ക് അധികാരത്തില്‍ തുടരാം എന്ന വ്യവസ്ഥ പാസാക്കിയത്. ഷിക്കു മുന്‍പ് പ്രസിഡന്റ് ആയിരുന്ന ഹു ജിന്റാവോയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വിമത ശബ്ദം ഉയര്‍ന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ചൈനയുടെ ചരിത്രത്തില്‍ ആദ്യമാണ് അങ്ങനെയൊരു നീക്കം.
ഷിക്കു നഷ്ടമാകുന്ന അധികാരങ്ങള്‍
ഷി ജിന്‍പിങ്ങിനെ ചുറ്റിപ്പറ്റി ചൈനയും പുടിനെ ചുറ്റിപ്പറ്റി റഷ്യയും ചേര്‍ന്നുണ്ടാക്കിയ അച്ചുതണ്ടായിരുന്നു ഇതുവരെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഷിയുടെ കാര്യത്തില്‍ വിമതര്‍ കരുത്താര്‍ജിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയില്‍ അങ്ങനെയൊരു വിമതശബ്ദം ഉയരുന്നതുപോലും അസാധ്യമാണെന്നു കരുതുന്നവരാണ് ഏറെയും. ഷി രോഗഗ്രസ്ഥനാണെന്നും അതിനാല്‍ പകരം സംവിധാനം അനിവാര്യമായതാണെന്നും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. മുഖ്യധാരയിലേക്ക് രണ്ടുമാസമായി വരാതിരിക്കുന്നതിന് മറ്റൊരു കാരണവുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷി മാറിനില്‍ക്കുന്നതാണെങ്കിലും മാറ്റിനിര്‍ത്തിയതാണെങ്കിലും ഓഗസ്റ്റില്‍ ഒരു മാറ്റം ഉണ്ടാകും എന്നാണ് ഇപ്പോഴത്തെ സൂചനകള്‍. പാര്‍ട്ടി പ്ലീനറി സമ്മേളനം കഴിയുമ്പോള്‍ ചൈനയുടെ അധികാരകേന്ദ്രം അപ്പാടെ മാറാം. പോളിറ്റ് ബ്യൂറോയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ വീണ്ടും കരുത്തരാകാം. ഒപ്പം ഷീക്ക് ആലങ്കാരികമായ ഒരു പദവിയും നല്‍കാം. മാവോ ചെയര്‍മാനായി മരിക്കും വരെ തുടര്‍ന്നെങ്കിലും അധികാരം അവസാനകാലത്ത് പകുത്തു നല്‍കിയിരുന്നു. അതുപോലൊരു നീക്കമാണ് ഷിയുടെ കാര്യത്തിലും ചൈനയില്‍ പ്രതീക്ഷിക്കുന്നത്. ഷി മാറിയാല്‍ ആരാകും പുതിയ പ്രസിഡന്റ്?
ഷിക്കു പകരം ചൈനയില്‍ ആര്?
പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഡിങ് സ്യൂസിയാങ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടുത്ത ജനറല്‍ സെക്രട്ടറിയാകാന്‍ ഏറ്റവും സാധ്യതയുള്ള പേരായി പരിഗണിക്കുന്നത് ഇതാണ്. അങ്ങനെ വന്നാല്‍ പ്രധാനമന്ത്രിയാവുക ഷാങ്ഹായി പാര്‍ട്ടി സെക്രട്ടറി ചെന്‍ ജിനിങ്ങും ആയിരിക്കുമെന്നാണ് പ്രചരിക്കുന്ന ഒരു കഥ. പ്രധാനമന്ത്രി ലി ഖ്വിയാങ്ങാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. ഷിയുടെ ദീര്‍ഘകാലമായുള്ള വിശ്വസ്തന്‍ എന്ന നിലയിലാണ് ഡിങ് സ്യൂസിയാങ്ങിന്റെ പേര് പ്രചരിക്കുന്നത്. ഷിയുടെ നിഴലില്‍ നില്‍ക്കുന്നു എന്നതിനപ്പുറം സ്വന്തമായൊരു പരിവേഷം ഇതുവരെ ഡിങ്ങിന് ലഭിച്ചിട്ടില്ല. ഷാങ് ഹായ് ക്ലിക്ക് എന്നറിയപ്പെടുന്ന പാര്‍ട്ടി ഗ്രൂപ്പിന് അനഭിമതനാണ് ഡിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാക്കിയത് ഷാങ്ഹായി ക്‌ളിക്കാണ്. റഷ്യയിലും ഷാങ് ഹായിയിലും ഓരോ ചടങ്ങുകളിലാണ് ഷി അവസാനമായി പങ്കെടുത്തത്. ഇരു വിഡിയോകളിലും തല അനിയന്ത്രിതമായി വിറയ്ക്കുന്ന ഷിയുടെ ദൃശ്യമാണ് പുറംലോകം കണ്ടത്. ഇതാണ് രോഗബാധിതനാണ് എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനം. ഷിയോട് അധികാരം ഒഴിയാന്‍ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്നുവരെ റിപ്പോര്‍ട്ടുകളുണ്ട്. ഷി ഇതുവരെ പുലര്‍ത്തിയ അപ്രമാദിത്തം വച്ചുനോക്കുമ്പോള്‍ തീര്‍ത്തും അസാധ്യമാണ് അത്തരമൊരു നീക്കം. ഒരുകാര്യം അച്ചട്ടാണ്. ഷി ജിന്‍പിങ് തുടര്‍ന്നാലും ഇല്ലെങ്കിലും പഴയ അധികാരം ഇനിയുണ്ടാകില്ല. ഇപ്പോള്‍ തന്നെ പകുതി അധികാരം സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി കഴിഞ്ഞു. ഷി മാറിയാല്‍ ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റം വരുമോ എന്നത് ആദ്യത്തെ ചോദ്യം. അതോടൊപ്പം തന്നെ പ്രധാനമാണ് അമേരിക്കയോടുള്ള ശത്രുത ഇതേ അളവില്‍ തുടരുമോ എന്ന ചോദ്യവും.