SPOTLIGHT | തരൂരോ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?

തരൂരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇപ്പോള്‍ പഴംപൊരിയും ബീഫും പോലെ ഇഴുകിച്ചേര്‍ന്നു കഴിഞ്ഞു
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ്
Published on

ഡോ. ശശി തരൂര്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ? ഇ. ശ്രീധരനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ അനുഭവം നമുക്കു മുന്നിലുണ്ട്. അതുപോലെ ഇത്തവണ തരൂരിനെ മുന്‍നിര്‍ത്തി ബിജെപി കേരളത്തില്‍ പടനയിക്കുമോ? പ്രതിപക്ഷത്ത് ഏറ്റവും പിന്തുണയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന സര്‍വേ ഫലം ശശി തരൂര്‍ പങ്കുവച്ചു. വി.ഡി. സതീശനെയൊക്കെ ഏറെ പിന്നിലാക്കുന്ന ആ സര്‍വേ ഫലത്തിന്റെ നൈതികത അവിടെ നില്‍ക്കട്ടെ. സര്‍വേ നടത്തിയവര്‍ തരൂരിന്റെ സ്വന്തം ആളുകളാണെന്ന മറ്റു നേതാക്കളുടെ ആരോപണവും തല്‍ക്കാലം വിട്ടുകളയാം. ഈ സര്‍വേ പങ്കുവച്ച് തരൂര്‍ ഉദ്ദേശിച്ചത് ഇത്രയേയുള്ളൂ. തനിക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാകണം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒന്നു പ്രസംഗിക്കാന്‍ പോലും വിളിക്കാത്ത തരൂരിനെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏതായാലും അടുപ്പിക്കില്ല. പിന്നെ സാധ്യത ബിജെപിയാണ്. തരൂരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇപ്പോള്‍ പഴംപൊരിയും ബീഫും പോലെ ഇഴുകിച്ചേര്‍ന്നു കഴിഞ്ഞു. ഒരിക്കലും ചേരില്ലെന്നു കരുതിയ ആ കോമ്പിനേഷനാണ് സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്.

തരൂരോ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?

ശശി തരൂരിന് ബിജെപിയില്‍ ചേരാനുള്ള ഏറ്റവും വലിയ തടസ്സം ഇതുവരെ എഴുതിക്കൂട്ടിയ കാര്യങ്ങളാണ്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര വാദത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരേ നടത്തിയ എഴുത്തുകളും പ്രസംഗങ്ങളുമാണ് തരൂരിനെ ശ്രദ്ധേയനാക്കിയത്. ആ എഴുത്തിന്റെ ആത്മാര്‍ത്ഥതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. അത് വിപണിയില്‍ ബിജെപി വിരുദ്ധ സാഹിത്യത്തിനെ നിലനില്‍പ്പുള്ളൂ എന്നു കണ്ട് നടത്തിയ എഴുത്തല്ലാതെ മറ്റെന്ത് എന്നാണ് ചോദ്യം. ബിജെപി അധികാരത്തിന്റെ പരിസരത്തുപോലും ഇല്ലാതിരുന്ന നാളുകളിലാണ് തരൂരിന്റെ എഴുത്തു സംഭവിക്കുന്നത്. തരൂര്‍ കോണ്‍ഗ്രസില്‍ സീറ്റ് സംഘടിപ്പിച്ചതു തന്നെ അന്നുമിന്നും വലിയ ചര്‍ച്ചാ വിഷയമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ മല്‍സരത്തില്‍ തോറ്റാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്നത്. അവിടെ അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വസതിയിലാണ് ഒരു പകല്‍ മുഴുവന്‍ തരൂര്‍ സംസാരിച്ചിരുന്നത്. ആ പത്തുപന്ത്രണ്ടു മണിക്കൂര്‍കൊണ്ടാണ് എംപിയാക്കാമെങ്കില്‍ കോണ്‍ഗ്രസ് ആകാനും വിരോധമില്ലെന്ന് തരൂര്‍ പറയുന്നത്. തിരുവനന്തപുരം അന്നു കോണ്‍ഗ്രസിനെ കൈവിട്ടകാലവുമായിരുന്നു. പി.കെ വാസുദേവന്‍ നായരും പിന്നെ പന്ന്യന്‍ രവീന്ദ്രനും തുടര്‍ച്ചയായി ജയിച്ച മണ്ഡലം. പണ്ട് വി.കെ. കൃഷ്ണമേനോനെ തിരുവനന്തപുരത്ത് നിര്‍ത്തി ജയിപ്പിച്ച ഇടതു തന്ത്രം പുറത്തിറക്കാമെന്ന് രമേശ് ചെന്നിത്തല എ.കെ. ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും ബോധ്യപ്പെടുത്തി. അങ്ങനെ ഒരു ചൂതാട്ടം എന്ന നിലയിലാണ് തരൂര്‍ തിരുവനന്തപുരത്തിന്റെ സ്ഥാനാര്‍ത്ഥിയാകുന്നത്.

സ്പോട്ട്ലൈറ്റ്
Ahmedabad Plane Crash | രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം: എന്താണ് യഥാര്‍ഥത്തില്‍ അഹമ്മദാബാദില്‍ സംഭവിച്ചത്?

അധികാര ദാഹിയോ ശശി തരൂര്‍?

എംപിയായ ശശി തരൂരിന് സോണിയാ ഗാന്ധി നയിച്ച കോണ്‍ഗ്രസ് നല്‍കിയത് സഹമന്ത്രി സ്ഥാനമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മല്‍സരിച്ച തന്നെ ചെറുതാക്കി എന്ന തോന്നല്‍ തരൂരിന് അന്നേ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ തന്നെ തുറന്നടിച്ചുള്ള പറച്ചിലുകള്‍ ഓരോരോ വിവാദങ്ങളുണ്ടാക്കി. ആദ്യം തന്നെ സോണിയാഗാന്ധിയുടെ ഇഷ്ടക്കേട് ചോദിച്ചുവാങ്ങി. അക്കാലത്ത് വിമാനത്തിലെ ബിസിനസ് ക്‌ളാസില്‍ താഴെയുള്ളതൊക്കെ കാറ്റില്‍ ക്ലാസ് ആയിരുന്നു ശശി തരൂരിന്. ഗോമാതാ രാഷ്ട്രീയം തെളിഞ്ഞുവന്നു തുടങ്ങിയ അക്കാലത്ത് കന്നുകാലിപ്രയോഗം കൊണ്ട്തന്നെ കോണ്‍ഗ്രസില്‍ നിന്ന് ഒരു മുഴം അകലെയെത്തിയിരുന്നു തരൂര്‍. എന്നാലും, ഒരു മുഴം മുല്ലപ്പുമാല വലംകയ്യില്‍ ചുറ്റി അതു വാസനിക്കാനുള്ള കാല്‍പനികത മറ്റൊരു നേതാവിനും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. അക്കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഡോ. തരൂര്‍ പന്തലിച്ചു നിന്നത്. ഉടുപ്പില്‍ പനിനീര്‍പ്പൂ കുത്തിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെ തരൂരും ഒരു ആരാധനാപാത്രമായി തുടര്‍ന്നു. വാനിറ്റിയെന്നു മറ്റുള്ളവര്‍ പരിഹസിച്ചാലും വേഷങ്ങളെ അതിന്റെ മുഖവിലയ്‌ക്കെടുക്കാന്‍ പണ്ടുമുതലെ തിരുവനന്തപുരത്തിന് ഒരു വൈഭവം ഉണ്ടായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടുവരെ പേര്‍ഷ്യന്‍ വാനിറ്റി. അതിനുശേഷം ബ്രട്ടീഷ് വാനിറ്റി. ഇതുരണ്ടും ആവോളം പുണര്‍ന്നു നടന്ന തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ സ്‌നേഹിച്ച ചരിതമുള്ള നാടാണ്. ആ രാജാക്കന്മാര്‍ മലയാളി വേഷത്തിലെത്തിയത് പത്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ മാത്രമാണ്. ശശി തരൂരും അങ്ങനെ തന്നെയായിരുന്നു. അതുപോലെ ക്ഷേത്ര സന്ദര്‍ശനത്തിലൊഴികെ ഒരു സെലിബ്രിറ്റിയുടെ വേഷവിധാനങ്ങളുമായി വാനിറ്റി പ്രിയരെ സന്തോഷിപ്പിച്ചു.

സ്പോട്ട്ലൈറ്റ്
SPOTLIGHT | പാദസേവകരെ സൃഷ്ടിക്കാനോ വിദ്യാഭ്യാസം?

ശശി തരൂര്‍ ചെന്നുപതിച്ച ഇടങ്ങള്‍?

വൈ അയാം എ ഹിന്ദു എന്ന ശശി തരൂര്‍ പുസ്തകം കമ്പോട് കമ്പ് വായിച്ചാല്‍ സന്തോഷിക്കുക ബിജെപിക്കാര്‍ തന്നെയാണ്. അന്യമത വിദ്വേഷം പാടില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഹിന്ദുത്വയുടെ ബഹിര്‍സ്ഫുരണമാണ്. ജവഹര്‍ലാല്‍ നെഹ്‌റു നാസ്തികനായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു വിശ്വാസം പുലര്‍ത്തുന്നത് ശരിയല്ല എന്നു വിശ്വസിച്ചയാളാണ്. ഇതരമതസ്ഥര്‍ക്ക് അലോസരവും വിശ്വാസക്കേടും ഉണ്ടാകാതിരിക്കാന്‍ അതുവേണമെന്ന നിര്‍ബന്ധ ബുദ്ധിയും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടുവന്ന ഭൂരിപക്ഷം നേതാക്കള്‍ക്കും അതു കഴിഞ്ഞില്ല. മന്‍മോഹന്‍ സിങ് ഒഴികെ മറ്റുള്ള പ്രധാനന്ത്രിമാരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മതസ്വത്വം വെളിപ്പെടുത്തി. തലപ്പാവും പേരിലെ സിങ് എന്ന വിശേഷണവും ഉണ്ടായിട്ടുപോലും മന്‍മോഹന്‍ സിങ് തീര്‍ത്തും മതേതരമായി പ്രവര്‍ത്തിച്ചു. അത്തരം നയങ്ങളില്‍ നിന്നൊക്കെ ഭിന്നമായിരുന്നു ശശി തരൂരിന്റെ വൈ അയാം എ ഹിന്ദു. പേരുകൊണ്ടു തന്നെ അതകറ്റാന്‍ ശ്രമിച്ചത് ദലിത് വിഭാഗങ്ങളെയാണ്. ഹിന്ദുത്വയ്ക്കുള്ള മറുപടിയായല്ല, കാഞ്ച ഇലയ്യയ്ക്കുള്ള തിരുത്തായി അതുവായിക്കപ്പെട്ടു. പതിറ്റാണ്ടു മുന്‍പ് വൈ അയാം നോട്ട് എ ഹിന്ദു എന്ന പുസ്തകം എഴുതിയ ഇലയ്യയ്ക്കുള്ള മറുപടി. അത് അകറ്റി നിര്‍ത്തിയത് പിന്നാക്കക്കാരായി ജീവിക്കേണ്ടി വന്നവരെയാണ്. അതുകൊണ്ടൊക്കെയാണ് വൈ അയാം എ ഹിന്ദു എന്ന തരൂര്‍ പുസ്തകം ബിജെപി പക്ഷത്തേക്കുള്ള യാത്രയുടെ ലോഞ്ചിങ് പാഡാകുന്നത്.

തരൂരിന്റെ ബിജെപിയിലെ ഭാവി?

ശശി തരൂര്‍ കാര്യങ്ങളെ ഇപ്പോള്‍ ഒരിടത്തു കൊണ്ടുവന്ന് എത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഇനി തുടരാനാകില്ല എന്ന നിലയിലേക്കാണ് അതു പോകുന്നത്. കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ ഇനി ഒന്നും കിട്ടാനില്ല എന്ന തിരിച്ചറിവാണിത്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ചു തോറ്റപ്പോള്‍ തന്നെ ആ ചിത്രം പാതി പൂര്‍ത്തിയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും തിരവനന്തപുരം സീറ്റ് കിട്ടിയത് മറ്റൊരു സാധ്യത കോണ്‍ഗ്രസിന് ഇല്ല എന്നതുകൊണ്ടാണ്. അവിടെ തരൂര്‍ ആയിരുന്നില്ലെങ്കില്‍ രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമായിരുന്നു എന്നു കരുതുന്നവരാണ് ഏറെയും. ഇനി തിരുവനന്തപുരത്ത് മല്‍സരിക്കാനില്ലെന്ന് ഒരുവര്‍ഷം മുന്‍പു തന്നെ തരൂര്‍ പ്രഖ്യാപിച്ചതാണ്. ലോക്‌സഭയല്ല ലക്ഷ്യം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനമാണെന്നു വ്യക്തം. അതുകോണ്‍ഗ്രസില്‍ നിന്നാല്‍ ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. പിന്നെ കേരളത്തിലുള്ള സാധ്യത ഇടതുപക്ഷത്തു പോവുക എന്നതാണ്. തുടര്‍ഭരണം ഉണ്ടാകുന്നില്ലെങ്കില്‍ ആ പോക്കും വെറുതെയാകും. ഈ ഘട്ടത്തില്‍ തരൂരിന് മുന്‍പിലുള്ള ഏക സാധ്യത ബിജെപിയാവുക എന്നതുമാത്രമാണ്. കോണ്‍ഗ്രസ് പുറത്താക്കുമോ തരൂര്‍ തന്നെ ഇറങ്ങിപ്പോകുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com