എത്ര ആയുസ്സുണ്ടാകും ഈ പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിന്?

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ ഇറാന്‍ പ്രതിരോധ മന്ത്രാലയം തള്ളി
എത്ര ആയുസ്സുണ്ടാകും ഈ പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിന്?
Published on
Updated on

ലബനനിലെ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി തുറന്നുവെന്ന ഇറാന്റെ പ്രസ്താവന പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ചേക്കുമെന്ന് ശുഭസൂചനകള്‍ നല്‍കിയിരുന്നെങ്കിലും യു.എസില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള തുടര്‍പ്രസ്താവനകളിലെ ആശങ്കയിലാണ് ലോകം ഇപ്പോള്‍. ഹോര്‍മുസ് വീണ്ടും അടച്ചുവെന്ന ഇറാന്റെ പ്രസ്താവന എത്തിക്കഴിഞ്ഞു. അടുത്ത ബുധനാഴ്ചക്കു മുമ്പായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല കരാറിലെത്തിയില്ലെങ്കില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് മുനമ്പ് വീണ്ടും അടക്കുമെന്ന പ്രസ്താവന ഇറാനില്‍ നിന്നുണ്ടായത്.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ട്രംപിന്റെ വിശദീകരണം തെറ്റാണെന്ന് പറഞ്ഞ് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കറും രംഗത്തെത്തി. വാണിജ്യ കപ്പലുകള്‍ക്ക് മാത്രമായി 10 ദിവസത്തേക്ക് മാത്രമാണ് ഹോര്‍മുസ് തുറന്നതെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങള്‍ സജീവമായി തുടരുകയാണ്.

അധികം ആയുസ്സുണ്ടാകുമോ, പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിന്

ഇറാന്‍ പ്രഖ്യാപിച്ച താല്‍കാലികമായ വെടിനിര്‍ത്തല്‍, ഹിസ്ബുല്ല അംഗീകരിച്ചതോടെ ലബനനില്‍ നിന്ന് നേരത്തെ പലായനം ചെയ്ത പതിനായിരങ്ങള്‍ രാജ്യത്തേക്ക് തിരിച്ചെത്തിത്തുടങ്ങി. അതേസമയം ലിറ്റാനി നദിയുടെ തെക്കന്‍ ഭാഗത്തെ പ്രദേശങ്ങളിലേക്ക് ആളുകള്‍ പോകരുതെന്ന് മടങ്ങിവരുന്നവര്‍ക്ക് ഇസ്രായേല്‍ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു ഭാഗങ്ങളിലേക്ക് എല്ലാം ജനങ്ങളുടെ ഒഴുക്കാണ്. പലയിടത്തും കെട്ടിടങ്ങളും വീടുകളും ആറാഴ്ച നീണ്ട ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞു. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ തിരിച്ചടി ഉറപ്പാണെന്നും തങ്ങളുടെ വിരല്‍ കാഞ്ചിയില്‍ തന്നെയാണെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രാബല്യമാകുന്നതിന് തൊട്ടുമുമ്പ് സോറില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

എത്ര ആയുസ്സുണ്ടാകും ഈ പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിന്?
മരണച്ചുഴിയാകുമോ ഹോർമുസ്?

വെടിനിറുത്താന്‍ ഇസ്രായേലും ലെബനനും

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് യു.എസും ഇറാനും തമ്മില്‍ ധാരണയായിട്ടും ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നപ്പോഴാണ് കഴിഞ്ഞയാഴ്ച ഹോര്‍മുസ് ഇറാന്‍ വീണ്ടും അടച്ചത്. തുടര്‍ന്ന്, ഹോര്‍മുസില്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ഇറാന്‍ വഴങ്ങിയില്ല. എന്നാല്‍, കഴിഞ്ഞദിവസം, വാഷിങ്ടണില്‍ ലബനാന്‍-ഇസ്രായേല്‍ ചര്‍ച്ചക്ക് മുന്നോടിയായി പത്ത് ദിവസത്തെ വെടിനിര്‍ത്തല്‍ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതോടെയാണ്, ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തീരുമാനിച്ചത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ തീരുമാനത്തില്‍ നന്ദി അറിയിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പക്ഷേ, നാവിക ഉപരോധം തുടരുമെന്ന് വ്യക്തമാക്കി.

യു.എസ് പ്രസിഡന്റ് പറഞ്ഞത്

ഹോര്‍മുസ് കടലിടുക്ക് ഇനി ഒരിക്കലും അടക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചതായാണ് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ഇറാനുമായുള്ള ഇടപാടുകള്‍ നൂറ് ശതമാനം പൂര്‍ത്തിയാകുന്നത് വരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുള്ള നാവിക ഉപരോധം കര്‍ശനമായി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടൊപ്പം ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം അമേരിക്കക്ക് കൈമാറുമെന്നും ഇറാന് പണമൊന്നും കൊടുക്കാതെയാകും ഏറ്റെടുക്കലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ആണവ പദ്ധതികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ ഇറാന്‍ നീക്കം ചെയ്തു തുടങ്ങിയതായും ട്രംപ് പറഞ്ഞിരുന്നു.

എത്ര ആയുസ്സുണ്ടാകും ഈ പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിന്?
ഈ അനാസ്ഥകളുടെ പേരാണ് കെഎസ്ഇബി

ട്രംപിന്റെ വാദം തള്ളി ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ ഇറാന്‍ പ്രതിരോധ മന്ത്രാലയം തള്ളി. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് ലബനനിലെ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമായിരിക്കും. നിലവിലെ സാഹചര്യം താത്കാലികം മാത്രമാണ്. സൈനിക കപ്പലുകള്‍ക്കും ഇറാനോട് ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്കും കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദമുണ്ടാകില്ലെന്നും ഇറാന്‍ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികള്‍ മാറുകയോ ലബനനിലെ സാഹചര്യം വഷളാകുകയോ ചെയ്താല്‍ ജലപാത വീണ്ടും അടക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം, സമ്പുഷ്ടീകരിച്ച യുറേനിയം എവിടേക്കും മാറ്റില്ലെന്ന് ഇറാനിയന്‍ വിദേശകാര്യ വക്താവ് ഇസ്മായേല്‍ ബാക്വി പറഞ്ഞു. കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനെതിരെ ആഭ്യന്തരമായി വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇറാനിയന്‍ സൈന്യമായ ഐആര്‍ജിസിയുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളും വിദ്യാര്‍ഥി സംഘടനകളും ആവശ്യപ്പെട്ടു. ഒടുവില്‍ ഹോര്‍മുസ് വീണ്ടും അടച്ചിടുമെന്ന പ്രസ്താവനയും ഐ.ആര്‍.ജി.സിയില്‍ നിന്ന് വന്നുകഴിഞ്ഞു.

സമാധാന കരാര്‍ ഉണ്ടായില്ലെങ്കില്‍ യുദ്ധം: ട്രംപ്

തന്റെ അവകാശവാദം തള്ളിയ ഇറാന്റെ പ്രതികരണം എത്തിയ ശേഷമാണ് ബുധനാഴ്ചയ്ക്കകം സമാധാന കരാറില്‍ എത്താത്തപക്ഷം സൈനിക നടപടികളിലേക്ക് മടങ്ങേണ്ടിവരുമെന്ന് ട്രംപ് പ്രസ്താവന ഇറക്കിയത്. വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ച് ഉറപ്പില്ലെന്നും, ഇറാനിലെ തുറമുഖങ്ങളെ ലക്ഷ്യമിട്ട് തുടരുന്ന നാവിക ഉപരോധം നിലനില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. ''കരാര്‍ നീളുമോ എന്നത് വ്യക്തമല്ല, എന്നാല്‍ ഉപരോധം തുടരും. അതിനാല്‍ സാഹചര്യങ്ങള്‍ വഷളായാല്‍ വീണ്ടും സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരാമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ് വീണ്ടും മിഡില്‍ ഈസ്റ്റില്‍ എത്തിയതായി വാര്‍ത്തഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂയസ് കനാല്‍ കടന്നെത്തിയ കപ്പല്‍ നിലവില്‍ ചെങ്കടലില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സമാധാന ശ്രമങ്ങള്‍ സജീവം

ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി പൂര്‍ണമായും തുറന്നു നല്‍കിയതോടെ ആഗോള എണ്ണവിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. യുദ്ധഭീതിയും വിതരണ തടസ്സങ്ങളും നീങ്ങിയതാണ് വിപണിയില്‍ വില കുറയാന്‍ കാരണം. പത്ത് ദിവസത്തിനിടെ വിപണിയില്‍ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങള്‍ സജീവമായി തുടരുകയാണ്. പാകിസ്ഥന്‍, തുര്‍ക്കിയ, ഈജിപ്ത്, സൗദി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തുര്‍ക്കിയയിലെ അനറ്റോളിയയില്‍ യോഗം ചേര്‍ന്നുകഴിഞ്ഞു. ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മാറുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും നേതൃത്വത്തില്‍ പാരിസില്‍ വിവിധ രാജ്യങ്ങളുടെ ചര്‍ച്ചയും നടന്നു. സാമ്പത്തിക ഉപരോധം മൂലമുള്ള കടുത്ത പ്രതിസന്ധി ഇറാനെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. നിലവിലെ വടിനിര്‍ത്തലും സമാധാന ശ്രമവും തുടരുക തന്നെ വേണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com