സമ്മേളനങ്ങളിലല്ല പാർട്ടിയുടെ ജൈവ ജീവിതം

തോൽവികളിൽ നിന്ന് പാഠം പഠിച്ച് സംഘടനയെ പുനഃസംഘടിപ്പിക്കുകയും രാഷ്ട്രീയ നിലപാടുകൾ തിരുത്തി പുതുക്കുകയും ചെയ്ത ദീർഘാനുഭവം സിപിഐഎമ്മിനുമുണ്ട്.
The party's organic life does not lie in conferences
സമ്മേളനങ്ങളിലല്ല പാർട്ടിയുടെ ജൈവ ജീവിതം
Published on
Updated on

കാലത്തിൻ്റെ ചുവരെഴുത്ത്

അത് ഇടതുപക്ഷ ഭാഷയിൽ പരക്കെ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്."വിപ്ലവപാർട്ടിയെന്ന സങ്കല്പം കൈവിട്ടു; പാർലമെൻ്ററി വ്യാമോഹം പാർട്ടിയെ ദുർബലമാക്കി". സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു കേൾക്കുന്ന പ്രധാന വിമർശനം ഇതാണ്. സിപിഐഎമ്മിൻ്റെ സംഘടനാശരീരത്തെ അപഗ്രഥിച്ച് ആ പാർട്ടി, അവരുടെ തന്നെ മുന്നിൽ, അപായ ചിഹ്നത്തോടെ എഴുതിവച്ച കാലത്തിൻ്റെ ചുവരെഴുത്താണിത്. സ്വയം വിമർശനം കമ്യൂണിസ്റ്റ് സംഘടനാ രീതിയാണ്. തോൽവികളിൽ നിന്ന് പാഠം പഠിച്ച് സംഘടനയെ പുനഃസംഘടിപ്പിക്കുകയും രാഷ്ട്രീയ നിലപാടുകൾ തിരുത്തി പുതുക്കുകയും ചെയ്ത ദീർഘാനുഭവം സിപിഐഎമ്മിനുമുണ്ട്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ ചോദ്യം മറ്റൊന്നാണ്. തോൽവിയുടെ ഉത്തരവാദിത്വം കീഴ്ഘടകങ്ങളിലേക്ക് മാത്രം കെട്ടിവയ്ക്കുകയാണോ നേതൃവം? - എന്നാണ് അവരുടെ ജില്ലാ ഘടകങ്ങളുടെ വിമർശനം. സിപിഐഎം സംസ്ഥാനനേതൃത്വം സ്വയം വിമർശനത്തിന് വിധേയമായി സ്വയം പുതുക്കുമോ?

2 പാർട്ടി സെക്രട്ടറി - സതീഷ് ഗോപി

പതിവിൽ നിന്ന് വേറിട്ട് നമുക്കിന്ന് ഒരു കവിതയിൽ തുടങ്ങാം. സതീഷ് ഗോപി എന്ന കവിയുടെ ബ്രാഞ്ച് സെക്രട്ടറി എന്നൊരു കവിത. ഒറ്റയ്ക്കാണ് നടത്തമെങ്കിലും ഒരാൾക്കൂട്ടത്തിൻ്റെ തടവിലാണ്. - ബ്രാഞ്ച് സെക്രട്ടറിയുടെ കാര്യമാണ്. അവനവന് വേണ്ടിയല്ലാത്ത അലച്ചിലിന് ചെറുചിരിയുടെ കൂലി പോലും അയാൾക്ക് വേണ്ട. പങ്കിടാൻ അരുതാത്ത വേദനകളോ വീട്ടിത്തീരാത്ത കടമോ അയാളുടെ വള്ളിച്ചെരുപ്പിൻ്റെ വാറുലയ്ക്കുന്നില്ല. ചോരുന്ന കൂരകൾ അയാളുടെ വരവിൽ അടുപ്പുകത്തിക്കും.ആശുപത്രിയിലെ പട്ടിണിയുച്ച അയാളുടെ പൊതിച്ചോറിൽ തിരുവോണമാകും. എഴുന്ന ഞരമ്പിലെ ചോര മരണക്കിടക്കയിലേക്ക് ജീവനിറ്റിക്കും. പ്രഭാതഭേരിയിൽ അയാൾ മുഴങ്ങും. ചുവരെഴുത്തിൽ അയാൾ തെളിയും. പാർട്ടിയാപ്പീസിൻ്റെ പഴയ ഏണിപ്പടി ഇടറിവീഴാൻ പോകുന്ന ആ ഉടലിനെ ചെറുതൂവൽ പോലെ താങ്ങും.

The party's organic life does not lie in conferences
SPOT LIGHT | തിരുത്തുമോ അതോ തുടരു​മോ?

പ്രിയപ്പെട്ട സിപിഐഎം നേതാക്കളേ...

നിങ്ങൾ വിലയിരുത്തിയ പാർലമെൻ്ററി വ്യാമോഹം ഈ പറഞ്ഞ ബ്രാഞ്ച് സെക്രട്ടറിക്കും ഉണ്ടാകുമോ?. ഇല്ല. അയാൾക്കും അയാളെപ്പോലെയുള്ള ആയിരക്കണക്കിന് കേഡർമാർക്കും വരവിനേക്കാൾ ചെലവിട്ടുള്ള ജീവിതമുണ്ടോ ? ഇല്ല. അയാൾക്ക് ധാർഷ്ട്യവും താനാണ് പാർട്ടിയെന്ന തലക്കനവും കാണില്ല. കാരണം അയാൾക്കൊരിക്കലും പാർട്ടി ചവിട്ടുപടിയും അധികാരക്കസേരയും അല്ല. അവരേപ്പോലുള്ളവർക്ക് പാർട്ടി ജീവിതം തന്നെയാണ്. നിങ്ങളുടെ ഈ വിലയിരുത്തലിൽ അവരേതായാലും ഇല്ല.

3 ഒരു പാർട്ടി ജനങ്ങളിൽ എത്രത്തോളം ജീവിക്കുന്നു എന്നതിൻ്റെ അളവുകോൽ ഈ നടക്കുന്നത് പോലെയുള്ള വലിയ സമ്മേളനങ്ങളൊന്നുമല്ല. അത് അടിസ്ഥാന പ്രവർത്തകരുടെ ജീവിതമാണ്. അടിത്തട്ടിനെ ചെന്ന് തൊടുന്നതിൽ പാർട്ടിക്ക് പിഴച്ചു എന്നാണ് പാർട്ടി തന്നെ വിലയിരുത്തുന്നത്.

ശരിയാണ്, നേതൃത്വത്തിൻ്റെ രാഷ്ട്രീയ ശൈലി താഴെത്തട്ടിലേക്ക് ഇറങ്ങിവന്നിട്ടുണ്ട്. നേതൃത്വത്തിൻ്റെ മുൻഗണനകൾ താഴെത്തട്ടിലെ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടുണ്ട്. അധികാരത്തോടുള്ള സമീപനം താഴെത്തട്ടിലും പ്രതിഫലിച്ചിട്ടുണ്ട്. പക്ഷേ നമ്മളാദ്യം പറഞ്ഞ പാർട്ടി സെക്രട്ടറിയെപ്പോലെയുള്ള ആയിരക്കണക്കിന് പ്രവർത്തകർ ഇപ്പോഴും ആ പാർട്ടിയുടെ കീഴ്ത്തട്ടിലുണ്ട്.

അവരുടെ സന്ദേഹങ്ങൾ ചോദ്യങ്ങളായി വിപുലീകൃത കമ്മിറ്റിയിലും പ്രതിഫലിക്കുന്നുണ്ട്. സംഘടനാ ദൗർബല്യത്തിന്റെ ഉത്തരവാദിത്വം പരിശോധിക്കുമ്പോൾ മുകളിൽ നിന്ന് താഴേക്ക് മാത്രമല്ല, താഴെ നിന്ന് മുകളിലേക്കും ചോദ്യങ്ങളുയരുന്നുണ്ട്. സിപിഐഎമ്മിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഒരുപക്ഷേ ഈ ചോദ്യങ്ങളായിരിക്കും. അവരുടെ വലിയ സാധ്യതയും ഇതേ ചോദ്യങ്ങൾ തന്നെ.

4 തോൽവിയുടെ ഭാരം നേതൃത്വം ചുമക്കില്ലേ?

തെറ്റും കുറ്റവും പറയാനല്ല, തിരുത്തൽ നിർദേശങ്ങളാണ് ചർച്ചയാകേണ്ടതെന്നാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി സിപിഐഎം നേതൃത്വം നൽകിയ സന്ദേശം. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളും സംഘടനാ ദൗർബല്യങ്ങളും തുറന്നുകാട്ടുന്ന വിമർശനങ്ങളാണ് കോഴിക്കോട്ടെ വിപുലീകൃത കമ്മിറ്റിയിൽ പ്രധാനമായും ഉയരുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്വം കീഴ്ഘടകങ്ങളിലേക്ക് മാത്രം കെട്ടിവയ്ക്കാനാകില്ല, പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് സംസ്ഥാന നേതൃത്വത്തിനും വലിയ ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2021ന് ശേഷം ഒന്നൊന്നായി വന്ന തെരഞ്ഞെടുപ്പ് തിരിച്ചടികൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വമ്പൻ തിരിച്ചടി കിട്ടിയിട്ടും ഒരു തിരുത്തലും സിപിഐഎമ്മിൽ ഉണ്ടായില്ല. ഓരോ തോൽവിക്കുശേഷവും വലിയ ചർച്ചകൾ നടന്നു എന്നത് ശരി. പക്ഷേ അതിൻ്റെ അടിസ്ഥാനത്തിൽ ഗൗരവമായ ഇടപെടലുകളോ നേതൃമാറ്റങ്ങളോ ഉണ്ടായില്ല. പാർട്ടിയിൽ പാർലമെൻ്ററി വ്യാമോഹം ശക്തമായെന്ന് പാർട്ടി വിലയിരുത്തുന്നു. അതിൻ്റെ ഉത്തരവാദിത്തം ആർക്കെന്ന് ജില്ലാ പ്രതിനിധികൾ ചോദിക്കുന്നു. തുടർഭരണം ലഭിച്ചതിന് ശേഷം പാർട്ടി സർക്കാരിൻ്റെ നിഴലായി മാറി. സർക്കാരിനെ നിയന്ത്രിക്കുകയും തിരുത്തുകയും ചെയ്യേണ്ട രാഷ്ട്രീയ സംഘടന എന്ന നിലയിൽ അല്ല സിപിഐഎം പ്രവർത്തിച്ചത്. പത്തുവർഷം അധികാരത്തിൽ തുടർന്നപ്പോൾ പിന്നെ ലക്ഷ്യം അധികാരത്തിൻ്റെ തുടർച്ച മാത്രമായി. ഭരണനേട്ടങ്ങൾ നിരത്തുന്നതിനിടയിൽ പാർട്ടിയുടെ അടിസ്ഥാന രാഷ്ട്രീയവും സംഘടനാ സ്വഭാവവും ചോർന്നുപോയി. വിപ്ലവ പാർട്ടി എന്ന സങ്കല്പത്തിൽ നിന്ന് അധികാരകേന്ദ്രിതമായ രാഷ്ട്രീയത്തിലേക്കുള്ള മാറ്റം പാർട്ടിയെ വളർത്തുകയല്ല ചെയ്തത്. ഭരണത്തണലിൽ സിപിഐഎം സംഘടനാപരമായി അങ്ങേയറ്റം ദുർബലമായി.

5 സ്വയം വിമർശനമുണ്ട്; പക്ഷേ ഉത്തരവാദിത്തം ആർക്ക് ?

സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പാർട്ടി രേഖയിൽ സംഘടനാപരമായ ഇത്തരം നിരവധി ദൗർബല്യങ്ങളെക്കുറിച്ചുള്ള ഈ സ്വയം വിമർശനങ്ങളെല്ലാം പ്രതിഫലിക്കുന്നുണ്ട്. ബ്രാഞ്ച് തലത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തണം, നവമാധ്യമ രംഗത്ത് ഇടപെടൽ വർധിപ്പിക്കണം, സാങ്കേതിക വൈദഗ്ധ്യമുള്ളവരെ പാർട്ടി പ്രവർത്തനത്തിലേക്ക് കൊണ്ടുവരണം തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവന്നു. ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും വിശ്വാസികൾക്ക് സ്വതന്ത്രമായി കടന്നുവരാവുന്ന ഇടങ്ങളാകണം അതിനുള്ള ഇടപെടലുകളുണ്ടാകണം.. നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിലും കൂടുതൽ നിയന്ത്രണം കൊണ്ടുവരണം എന്നിങ്ങനെയുള്ള നിർദേശവും ശ്രദ്ധേയമാണ്. എന്നാൽ വിമർശനങ്ങളുടെയും നിർദേശങ്ങളുടേയും കേന്ദ്രത്തിൽ ഒരു ചോദ്യം നിലനിൽക്കുന്നു. തിരിച്ചടിയുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിന് എത്രത്തോളമുണ്ട് ? തളിപ്പറമ്പിലേയും പയ്യന്നൂരിലെയും ഒക്കെ സ്ഥാനാർത്ഥി നിർണയം അടക്കം ആരുടെ തീരുമാനം ആയിരുന്നു? താഴെത്തട്ടിലെ സംഘടനാ ദൗർബല്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനങ്ങളിലെ പാളിച്ചകൾക്കും അതേ ഗൗരവത്തിൽ ഉത്തരവാദിത്വം നിശ്ചയിച്ചുവോ ?

6 നേതൃമാറ്റം ആഗ്രഹിക്കുന്ന താഴെത്തട്ടിലെ മനസ്സ്

നേതൃത്വ മാറ്റം ഈ വേദിയിൽ ഉണ്ടാകില്ല. വിപുലീകൃത സംസ്ഥാന കമ്മിറ്റി എന്ന ഘടകത്തിന് നേതൃമാറ്റം നടപ്പാക്കാനുള്ള അധികാരവുമില്ല. പ്രധാനപ്പെട്ടത് ചർച്ചയിൽ പ്രതിഫലിച്ച ഒരു രാഷ്ട്രീയ സന്ദേശമാണ്. നേതൃത്വം സമ്മതിച്ചാലും ഇല്ലെങ്കിലും കീഴ്ഘടകങ്ങൾ നേതൃമാറ്റം ആഗ്രഹിക്കുന്നു എന്ന വികാരം തന്നെയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രതിഫലിക്കുന്നത്. അത് കേന്ദ്രീകൃത സ്വഭാവമുള്ള, ഔപചാരിക അഭിപ്രായ പ്രകടനമായി മാറണം എന്നില്ല... പക്ഷേ, താഴെത്തട്ടിൽ നിന്ന് ഉയരുന്ന അസംതൃപ്തിയുടെ സ്വഭാവം നേതൃത്വത്തിന് അവഗണിക്കാനാകാത്ത വിധം വ്യക്തമായി എന്നതാണ് ശ്രദ്ധേയം. പാർട്ടിയുടെ സംഘടനാ ഘടനയിൽ മാറ്റം ആവശ്യപ്പെടുന്ന വികാരം താഴെത്തട്ടിൽ ശക്തമാകുമ്പോൾ, അത് കേവലം വിമർശനമായി തള്ളിക്കളയാതെ സ്വയം തിരുത്താനുള്ള രാഷ്ട്രീയ സന്നദ്ധത നേതൃത്വം കാണിക്കുമോ എന്നതാണ് സിപിഐഎമ്മിന്റെ മുന്നിലുള്ള യഥാർത്ഥ പരീക്ഷണം.

വിമർശനം കേൾക്കുക എന്നതും അതിൽ നിന്ന് രാഷ്ട്രീയ പാഠം ഉൾക്കൊള്ളുക എന്നതും രണ്ടാണ്. പുതിയ തലമുറയിലെ ഒരു യുവാവിന് സിപിഐഎമ്മിലേക്ക് ആകർഷിക്കപ്പെടാൻ കാരണം എന്താണ് ? ആശയപരമാണോ അത്? മാറ്റമെന്ന സാമൂഹിക സ്വപ്നം ? പഴയ പ്രവർത്തകരുടെ ത്യാഗത്തെ ഓർത്തുള്ള അഭിമാനബോധം? അതോ, അധികാരബന്ധവും സൗകര്യങ്ങളും പദവിയുമൊക്കെയോ ? ആദ്യം പറഞ്ഞ ആ പാർട്ടി സെക്രട്ടറിയെപ്പോലെയുള്ള പ്രവർത്തകരെ ഇന്നും സൃഷ്ടിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം ഇന്ന് പാർട്ടിക്കുണ്ടോ? ഈ ചോദ്യങ്ങൾ സിപിഐഎം എന്ന പാർട്ടി സ്വയം ചോദിക്കേണ്ട സമയം കൂടിയാണിത്. കാരണം രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശക്തി അധികാരമല്ല. ജനങ്ങൾക്കിടയിലെ വിശ്വാസ്യതയാണ്.

The party's organic life does not lie in conferences
SPOT LIGHT | ചെങ്കടലിലെ ഹൂതി വിജയത്തിൻ്റെ ആഘാതമെന്ത് ?
News Malayalam 24x7
newsmalayalam.com