മുസ്ലീമുകളെ ഒഴിവാക്കാൻ ഇലക്ഷൻ കമ്മീഷൻ ചെയ്തെന്ത്?

ഡൽഹിയിലെ കരട് വോട്ടർപട്ടികയിലുള്ള 97.54 ലക്ഷം വോട്ടർമാരിൽ 33.12 ലക്ഷം പേർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരൊറ്റയടിക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്
What did the Election Commission do to exclude Muslims?
മുസ്ലീമുകളെ ഒഴിവാക്കാൻ ഇലക്ഷൻ കമ്മീഷൻ ചെയ്തെന്ത് ?
Published on: 
Updated on: 

രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന വോട്ടർപട്ടിക പുതുക്കലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അൽഗോരിതം ഉപയോഗിച്ച് ലക്ഷക്കണക്കിന് പൗരന്മാരെ സംശയത്തിൻ്റെ നിഴലിൽ നിർത്തി നോട്ടീസ് അയച്ചതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിൽ 'യുക്തിപരമായ പൊരുത്തക്കേടുകൾ' അഥവാ Logical Discrepancies എന്ന പേരിൽ പ്രത്യേക ചോദ്യങ്ങളിട്ടാണ് മുസ്‌ലിമുകളുടെ വോട്ടുകളെ ആശങ്കയിൽ നിർത്തിയത്. ഡൽഹിയിലെ ആകെ വോട്ടർമാരുടെ കണക്കുകൾ പരിശോധിച്ചാൽ മുസ്ലിം ജനസംഖ്യ വെറും 13.6 ശതമാനം മാത്രമാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കേന്ദ്രീകൃത സോഫ്റ്റ്‌വെയറായ 'ERONET' സംശയത്തിന്റെ നിഴലിൽ നിർത്തി നോട്ടീസ് അയക്കാൻ തീരുമാനിച്ചവരിൽ 20.3 ശതമാനവും മുസ്ലിങ്ങളാണ്. പൗരത്വവും വോട്ടവകാശവും തുല്യമായി വിഭാവനം ചെയ്യുന്ന ഒരു ഭരണഘടന നിലനിൽക്കുന്ന രാജ്യത്താണ് കമ്പ്യൂട്ടർ കോഡുകൾ ഉപയോഗിച്ച് ഇത്തരമൊരു അസമത്വം സൃഷ്ടിക്കപ്പെട്ടതെന്ന് ദ ഹിന്ദു പുറത്തുവിട്ട പ്രത്യേക അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.

മുസ്ലീമുകളെ ഒഴിവാക്കാൻ ഇലക്ഷൻ കമീഷൻ ചെയ്തെന്ത്?

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീൻബാഗ് സമരം തുടങ്ങി ജന്തർമന്തർ പ്രക്ഷോഭം വരെയുള്ള ജനകീയ പ്രതിരോധങ്ങൾക്ക് വേദിയായ ഡൽഹി, തിരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകളുടെയും പ്രതിഷേധങ്ങളുടെയും കേന്ദ്രസ്ഥാനമായും മാറിയിരിക്കുന്നു. എസ്ഐആർ കരട് പട്ടികയുടെ തയ്യാറാക്കലും പരിഷ്കരണവും ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ ചുമതലയിലുമാണ് നടക്കുന്നത്. എന്നാൽ യഥാർത്ഥ തീരുമാനങ്ങളിൽ പലതും കേന്ദ്രീകൃത സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണത്തിലായതോടെ, പ്രാദേശിക ഉദ്യോഗസ്ഥരുടെ പങ്ക് ചുരുങ്ങുകയും ആക്ഷേപങ്ങൾ വർധിക്കുകയും ചെയ്തു. ഇതിനിടയിൽ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാനുള്ള സാധ്യത നേരിടുന്നവരും നോട്ടീസ് ലഭിച്ചവരും സമർപ്പിക്കുന്ന അപ്പീലുകളും പ്രതിഷേധങ്ങളും ഡൽഹിയെ കലുഷിതമാക്കിക്കൊണ്ടിരിക്കുന്നു. ഭരണകൂടത്തിന് തലവേദനയാകുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളെയും തെരുവിൽ പ്രതിഷേധിച്ചവരെയും ബാലറ്റ് പെട്ടിയിൽ നിന്ന് നിശബ്ദമായി വെട്ടിമാറ്റാനുള്ള രാഷ്ട്രീയ ആയുധമായി രാജ്യതലസ്ഥാനത്തെ വോട്ടർപട്ടിക മാറ്റപ്പെടുകയാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

What did the Election Commission do to exclude Muslims?
SPOTLIGHT | ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യക്ക് സുരക്ഷാ ഭീഷണിയോ ?

കുടുംബത്തിൻ്റെ വലുപ്പവും ഘടനയുമാണ്

ഡൽഹിയിലെ കരട് വോട്ടർപട്ടികയിലുള്ള 97.54 ലക്ഷം വോട്ടർമാരിൽ 33.12 ലക്ഷം പേർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരൊറ്റയടിക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. ഇതിൽ 13.79 ലക്ഷം പേർ മുൻ വോട്ടർപട്ടികയുമായി പൊരുത്തപ്പെടാത്തവരാണെങ്കിൽ, 19.33 ലക്ഷം പേരെയാണ് കമ്പ്യൂട്ടർ വഴി സംശയമുള്ള ഗണത്തിൽപ്പെടുത്തി "ലോജിക്കൽ പൊരുത്തക്കേടുകൾ" ഉള്ളവരായി അടയാളപ്പെടുത്തിയത്. ഏറ്റവും വിചിത്രമായ വസ്തുത, ഈ വേർതിരിവ് നടത്തിയത് ബൂത്ത് തലത്തിൽ നേരിട്ടെത്തി അന്വേഷിക്കുന്ന ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരല്ല എന്നതാണ്. പകരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ERONET' എന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറാണ് സ്വയം വോട്ടർമാരെ തരംതിരിച്ചത്. ഒരു പൗരന് വോട്ടവകാശം ഉറപ്പാക്കാൻ 18 വയസ്സും ഇന്ത്യൻ പൗരത്വവും സ്ഥിരതാമസവും മാത്രം മതിയെന്നിരിക്കെ, കുടുംബത്തിന്റെ വലുപ്പവും ഘടനയുമാണ് സോഫ്റ്റ്​ വെയർ വഴി പരിശോധിക്കപ്പെട്ടത്. ഒരു കുടുംബത്തിൽ ആറിലധികം മക്കളുണ്ടെന്നത് വോട്ടവകാശം തടയാനുള്ള കാരണമാക്കി അൽഗോരിതം നിർമിക്കപ്പെട്ടു. ഇത്തരത്തിൽ ആറിലധികം മക്കളുള്ള കുടുംബങ്ങൾ എന്ന കാരണത്താൽ ഫ്ലാഗ് ചെയ്യപ്പെട്ട 1.4 ലക്ഷം പേരിൽ 58 ശതമാനവും മുസ്ലിം വോട്ടർമാരാണ്. കുടുംബ വലുപ്പവുമായി ബന്ധപ്പെട്ട എല്ലാ സൂചകങ്ങളും ഒരുമിച്ച് പരിശോധിച്ചാൽ, അതിൽ നോട്ടീസ് കിട്ടിയ 30 ശതമാനത്തോളം പേരും ഈ ഒരു വിഭാഗത്തിൽ നിന്നു മാത്രമുള്ളവരാണ്.

മുസ്ലീം വോട്ടർമാരിൽ കടുംവെട്ട്

ഇതുകൊണ്ടും തീരുന്നില്ല ഈ അൽഗോരിതത്തിന്റെ വേട്ടയാടൽ. മാതാപിതാക്കളുമായി 50 വയസ്സിൽ കൂടുതൽ വ്യത്യാസം, അല്ലെങ്കിൽ 15 വയസ്സിൽ താഴെ വ്യത്യാസം, സഹോദരങ്ങൾ തമ്മിൽ 9 മാസത്തിൽ താഴെ പ്രായവ്യത്യാസം കാണിക്കുന്നത് തുടങ്ങിയ സ്വാഭാവിക ഡാറ്റാ എൻട്രി പിഴവുകളോ കുടുംബ സാഹചര്യങ്ങളോ ഒക്കെ വോട്ടവകാശം തടയാനുള്ള പൊരുത്തക്കേടുകളായി സോഫ്റ്റ്‌വെയറിൽ അടയാളപ്പെടുത്തി. ഈ ഓരോ വിഭാഗത്തിലും ഉയർന്ന അനുപാതത്തിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരുണ്ട്. പേരിലെ അക്ഷരപ്പിശകുകൾ ചൂണ്ടിക്കാട്ടി നോട്ടീസ് ലഭിച്ചവരിൽ 15.5 ശതമാനവും മുസ്ലിങ്ങളാണ്. ജനപ്രാതിനിധ്യ നിയമത്തിലോ ഭരണഘടനയിലോ ഒരിടത്തും പറയാത്ത കുടുംബ വലുപ്പത്തെ അടിസ്ഥാനമാക്കി വോട്ടർമാരെ സംശയത്തിലാക്കുന്നത് ജനാധിപത്യപരമായ എല്ലാ നീതിബോധത്തെയും വെല്ലുവിളിക്കുന്നതാണ്.

അപകടകരമായ മറ്റൊന്നുകൂടി നടന്നു, 'മുൻ പട്ടികയിൽ അയോഗ്യരാക്കപ്പെട്ട രക്ഷിതാക്കൾ' എന്ന മാനദണ്ഡത്തിൽ. നേരത്തെ നടന്ന വോട്ടർപട്ടിക തിരുത്തലിലോ മേൽവിലാസം മാറിയപ്പോഴോ രേഖകളിലെ അപാകതകൾ കൊണ്ടോ മാതാപിതാക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവരുടെ മക്കൾക്ക് വോട്ടവകാശം നിഷേധിക്കാം എന്ന അവസ്ഥ വന്നു. ഈ കാറ്റഗറിയിൽ 183 പേരാണ് ഉണ്ടായിരുന്നത്…. അവരിൽ വലിയൊരു ഭാഗം മുസ്ലിം വോട്ടർമാരായിരുന്നു. മാതാപിതാക്കളുടെ പഴയ രേഖകളുടെ പേരുപറഞ്ഞ് അടുത്ത തലമുറയിലെ യുവാക്കളുടെ വോട്ടവകാശം തടയാൻ തുനിയുന്നത് ഭരണഘടനാ വിരുദ്ധമാണ്. വോട്ടവകാശം എന്നത് ഓരോ പൗരന്റെയും വ്യക്തിഗത അവകാശമായിരിക്കെ, അതിനെ മാതാപിതാക്കളുടെ രേഖകളുമായി ബന്ധിപ്പിച്ച് പുറന്തള്ളുന്നത് മറ്റൊരു പൗരത്വ രജിസ്റ്ററിന്റെ സ്വഭാവമുള്ള നീക്കമായി മാറുന്നു.

കുടുംബത്തിൽ എത്ര കുട്ടികളുണ്ട് ​?

2011-ലെ സെൻസസ് പ്രകാരം ഡൽഹിയിലെ വോട്ടർപട്ടികയിൽ മുസ്ലിം ജനസംഖ്യ 13.6% മാത്രമാണ്. എന്നാൽ, സോഫ്റ്റ്‌വെയർ വഴി ‘പൊരുത്തക്കേടുകളുണ്ട്’ എന്ന് കണ്ടെത്തി അടയാളപ്പെടുത്തിയവരിൽ 20.3% പേരും മുസ്ലിങ്ങളാണ്. ജനസംഖ്യാ അനുപാതത്തേക്കാൾ വളരെ കൂടുതലാണ് ഈ അനുപാതം. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടി ഈ പട്ടികയിൽ പെടുത്തിയവരിൽ 30 ശതമാനവും മുസ്‌ലിം വിഭാഗത്തിലുള്ളവരായിരുന്നു. ഈ കണക്കുകൾ ഓരോ ആയിരം പേരിലും വെച്ച് പരിശോധിക്കുമ്പോഴാണ് ഇതിലെ അസമത്വം വെളിപ്പെടുന്നത്. ഡൽഹിയിലെ മറ്റ് ഇതര വിഭാഗങ്ങളിൽ ഓരോ 1000 പേരിലും 197 പേർക്ക് മാത്രം നോട്ടീസ് ലഭിച്ചപ്പോൾ, മുസ്ലിം വിഭാഗത്തിൽ ഓരോ 1000 പേരിലും 318 പേർ സംശയപ്പട്ടികയിലായി. അതായത്, ഒരു മുസ്ലിം വോട്ടർക്ക് നോട്ടീസ് കിട്ടാനുള്ള സാധ്യത മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് 60 ശതമാനം അധികമാണ്. ഒരു പൗരന് 18 വയസ്സുണ്ടോ, ഇന്ത്യൻ പൗരനാണോ, ആ മണ്ഡലത്തിൽ താമസിക്കുന്നുണ്ടോ എന്ന് മാത്രം നോക്കി നൽകേണ്ട വോട്ടവകാശം, നിങ്ങളുടെ കുടുംബത്തിൽ എത്ര കുട്ടികളുണ്ട് എന്ന മുൻകൂട്ടി തയ്യാറാക്കിയ അൽഗോരിതം ചോദ്യം കൊണ്ട് തടഞ്ഞുവെക്കുകയാണ് ഇവിടെ ചെയ്തത്.നോട്ടീസ് ലഭിക്കുന്ന സാധാരണക്കാരായ ഭൂരിഭാഗം ആളുകൾക്കും കൃത്യസമയത്ത് രേഖകൾ ഹാജരാക്കി അപ്പീൽ നൽകാൻ കഴിയില്ലെന്ന പഴുത് ഉപയോഗിച്ച് അവരുടെ വോട്ടുകൾ വെട്ടിമാറ്റപ്പെടാൻ സാധ്യത ഏറെയാണ്.

ജനാധിപത്യപരമായ വിവേചനം അരുത്

ഇതൊരു സ്വാഭാവിക സാങ്കേതിക പിഴവല്ലെന്ന് തെളിയിക്കുന്നത് ബിഹാറിലെ മുൻ അനുഭവമാണ്. ബിഹാറിൽ ഇതേ പ്രക്രിയ നടന്നപ്പോൾ ഇത്തരം സോഫ്റ്റ്‌വെയർ ഫിൽട്ടറുകൾ ഉപയോഗിച്ചിരുന്നില്ല. തന്മൂലം, അവിടെ ഒഴിവാക്കപ്പെട്ട മുസ്ലിം വോട്ടർമാരുടെ നിരക്ക് അവരുടെ ജനസംഖ്യാ അനുപാതത്തിന് തുല്യമായ 18.4% മാത്രമായിരുന്നു. എന്നാൽ ഇതേ സോഫ്റ്റ്‌വെയർ ഡൽഹിയിലും ബംഗാളിലും പ്രയോഗിച്ചപ്പോഴാണ് ന്യൂനപക്ഷങ്ങൾ അസാധാരണമാംവിധം കൂടുതൽ ഫ്ലാഗ് ചെയ്യപ്പെട്ടത്. ബംഗാളിൽ വിഷയം സുപ്രീം കോടതിയിലെത്തുകയും, കോടതി ഇടപെട്ട് ലിസ്റ്റുകൾ പഞ്ചായത്ത്-വാർഡ് തലങ്ങളിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് യഥാർത്ഥ വിവരങ്ങളോടെ അപ്പീൽ നൽകിയവരിൽ 90 ശതമാനത്തിലധികം പേരെയും രേഖകൾ ശരിയാണെന്ന് കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും തിരിച്ചെടുക്കേണ്ടി വന്നു.

ഭരണഘടനയുടെ അനുച്ഛേദം 326 വിഭാവനം ചെയ്യുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശം ജാതി, മതം, വംശം എന്നിവയ്ക്കതീതമായി ഉറപ്പുനൽകുന്ന ഈ മൗലിക രാഷ്ട്രീയ അവകാശമാണ്. ഇതാണ് ഡൽഹിയിൽ ഒരു അൽഗോരിതത്തിന്റെ മറവിൽ അട്ടിമറിക്കപ്പെട്ടത്. വോട്ടവകാശം എന്നത് ഭരണകൂടം ഔദാര്യമായി നൽകുന്ന ഒന്നല്ല; മറിച്ച്, രാജ്യത്തെ ഓരോ പരമാധികാര പൗരന്റെയും ഭരണഘടനാപരമായ, കാതലായ അവകാശമാണ് എന്നിരിക്കെ, നിയമാനുസൃതമായ നോട്ടീസോ ഹിയറിങ്ങോ സ്വാഭാവിക നീതിയുടെ തത്വങ്ങളോ പാലിക്കാതെ, പൗരന്മാരെ സംശയനിഴലിലാക്കി പുറന്തള്ളുന്നത് ജനാധിപത്യപരമായ വിവേചനവും തുല്യതയുടെ ലംഘനവുമാണ്. പൗരത്വത്തെയും പരമാധികാരത്തെയും അട്ടിമറിക്കുന്ന ഈ പ്രവണതകൾക്കെതിരെ ശക്തമായ തിരുത്തലുകളും നിയമപരമായ പരിശോധനകളും അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.

What did the Election Commission do to exclude Muslims?
ജന്തർമന്തർ അടച്ചുപൂട്ടി പ്രതിഷേധത്തിൻ്റെ വാ മൂടാനാകുമോ?
News Malayalam 24x7
newsmalayalam.com