തെരുവില്‍ തല്ലിച്ചതച്ചാല്‍ തീരുമോ യുവതയുടെ പ്രശ്നം? അടിയന്തരനടപടി സർക്കാരിന്റെ ബാധ്യത

രാജ്യത്തെ യുവതയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വലയുകയാണ് വിദ്യഭ്യാസ മന്ത്രാലയം
തെരുവില്‍ തല്ലിച്ചതച്ചാല്‍ തീരുമോ യുവതയുടെ പ്രശ്നം? അടിയന്തരനടപടി സർക്കാരിന്റെ ബാധ്യത
Published on
Updated on

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഇന്ത്യൻ ദേശീയ പതാകയ്ക്ക് ജൂലൈ 22ന് 79 വയസ്സ് തികയുകയാണ്. ആ പതാക പുതച്ച് രാജ്യത്തെ യുവജനങ്ങൾ ഡൽഹിയിലെ തെരുവോരങ്ങളിൽ പ്രതിഷേധത്തിലിരിക്കുന്നുണ്ട്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നാളെയുടെ ഭാവിവാഗ്ദാനങ്ങളെന്ന് നിരന്തരം മൻ കി ബാത്തിൽ പറഞ്ഞ് പുകഴ്ത്തി സംവദിച്ചുകൊണ്ടിരിക്കുന്ന അവരെയാണ് താങ്കളുടെ ഭരണകൂടം തല്ലിച്ചതച്ചുകൊണ്ടിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച അടക്കം മ​ന്ത്രാലയം അംഗീകരിച്ച വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാരം തേടിയതിനാലാണ് അവർക്ക് ഈ ശിക്ഷ. താങ്കളു​ടെ​ സേനയു​ടെ തല്ലിൽ തകർന്നത് അവരുടെ തലയാണ്. പിസ്റ്റളിൽ നിന്നുതിർന്ന ​പെല്ലറ്റുകൾ പതിച്ചത് അവരുടെ ശരീരത്തിലാണ്. ആ പെൺകുട്ടികളുടെ ശരീരത്തിലാണ് അശ്ലീലച്ചുവയോടെയുള്ള ലാത്തികൾ പതിച്ചത്. അതിഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ജീവനു വേണ്ടി പിടയുന്നുണ്ട്, ഒരു വിദ്യാർഥിനി. അവർക്ക് നേരെ കണ്ണീർവാതക പ്രയോഗം ലക്കും ലഗാനുമില്ലാതെ നടത്തുകയായിരുന്നില്ലേ, താങ്കളു​ടെ പൊലീസ് സേന. രാജ്യത്തെ യുവതയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വലയുകയാണ് വിദ്യഭ്യാസ മന്ത്രാലയം. പരീക്ഷാക്രമക്കേടുകൾ സൃഷ്ടിച്ച 'ജെൻ സീ'കളുടെ നിരാശ അവഗണിച്ചുതള്ളാനാവില്ലെന്ന് മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും ബോധ്യപ്പെട്ടതോടെ കോക്രോച്ച് ജനതാപാർട്ടി തുടക്കമിട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ രാഷ്ട്രീയമാനം മാറുകയാണ്.

എത്രനാൾ തല്ലിച്ചതക്കും ഈ കുരുന്നുകളെ?

2014ൽ ബി.ജെ.പി അധികാരത്തിലെത്തിയശേഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ദുർബലമാവുകയും പരീക്ഷാസംവിധാനത്തിലും നിയമനപ്രക്രിയകളിലും തൊഴിലവസരങ്ങളിലും ഗുരുതര പ്രതിസന്ധി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഓരോ പുതിയ പരീക്ഷാവിവാദവും വിദ്യാഭ്യാസ സംവിധാനത്തോടുള്ള പൊതുജനവിശ്വാസം തകർത്തു. സമാന്തരമായി, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണയും കുറഞ്ഞു. ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ കൂടുതൽ ദുർബലമാക്കി. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് ചോദ്യപേപ്പർ തയ്യാറാക്കൽ, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം എന്നിവയ്ക്കാണ് എൻ.ടി.എ രൂപവത്കരിച്ചതെങ്കിലും, ചോദ്യപേപ്പർ ചോർച്ചകൾ, സാങ്കേതിക തകരാറുകൾ, പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിലെ ക്രമക്കേടുകൾ, ഭരണപരമായ ആശയക്കുഴപ്പങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് അവർ നിറഞ്ഞുനിൽക്കുന്നത്. രാജ്യത്തെ പ്രതിപക്ഷം പോലും നിഷ്ക്രിയമായിപ്പോയ ഈ സാഹചര്യത്തിലാണ് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ൽ പി​​​​​റ​​​​​ന്ന രോ​​​​​ഷ​​​​​പ്ര​​​​​ക​​​​​ട​​​​​നം ആ​​​​​ളി​​​​​ക്ക​​​​​ത്തിച്ച് യു​​​​​വ​​​​​ജ​​​​​ന​​​​​ കൂട്ടായ്മയാ​​​​​യ സി​​​​​ജെ​​​​​പി അഥവാ കോ​​​​​ക്രോ​​​​​ച്ച് ജ​​​​​ന​​​​​താ പാ​​​​​ർ​​​​​ട്ടി രംഗത്തെത്തുന്നത്. ജന്തർ മന്ദറിൽ വിദ്യാഭ്യാസ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് സി.ജെ.പിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ നിരാഹാരസമരവും അദ്ദേഹത്തെ ബലമായി ആശുപത്രിയിലേക്ക് മാറ്റിയ നടപടിയും പ്രതിഷേധത്തിന് ആക്കംകൂട്ടി.

തെരുവില്‍ തല്ലിച്ചതച്ചാല്‍ തീരുമോ യുവതയുടെ പ്രശ്നം? അടിയന്തരനടപടി സർക്കാരിന്റെ ബാധ്യത
ഫാർമ ടെററിസം എന്ന നവഭീകരത; വേണം അതീവ ജാഗ്രത

പ്രതിഷേധത്തീയിലുരുകി രാജ്യതലസ്ഥാനം

തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ച് പൊലീസിനെ ഉപയോഗിച്ച് സർക്കാർ ക്രൂരമായി നേരിട്ടെങ്കിലും വിദ്യാർഥി പങ്കാളിത്തം കൊണ്ട് ഡൽഹിയെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചു. പൊലിസിന്റെ ബാരിക്കേഡുകൾ മറികടന്ന് ആദ്യമായി വിദ്യാർഥികൾ പാർലമെന്റിന്റെ കവാടത്തിന് മുന്നിൽവരെയെത്തി പ്രതിഷേധിച്ചു. തലസ്ഥാനനഗരിയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യത്വരഹരിതമായ വേട്ടയാണ് പൊലീസ് നടത്തിയതെന്ന് സമരക്കാരും അവരെ പിന്തുണയ്‌ക്കുന്നവരും കുറ്റപ്പെടുത്തുന്നു. സേനകളെ കൂടാതെ ഗുണ്ടകളും ബലപ്രയോഗത്തിൽ പങ്കുചേർന്നതായി പ്രക്ഷോഭക്കാർ ആരോപിച്ചു. ജന്തർ മന്തറിലെ സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ അനുദിനം ശക്തി പ്രാപിച്ചപ്പോൾ ഇന്ത്യാ സഖ്യത്തിലെ കോൺഗ്രസ് ഒഴിച്ചുള്ള പാർട്ടികളെല്ലാം പിന്തുണയുമായെത്തിയിരുന്നു. കോൺഗ്രസ് വക്താവ് പവൻഖേര ഒരു തവണ സമരപ്പന്തലിൽ വാങ്ചുക്കിനെ കാണാനെത്തിയെന്നൊഴിച്ചാൽ മറ്റ് ദേശീയ നേതാക്കളെ അതുവഴി കണ്ടില്ല. എന്നാൽ സി.ജെ.പി.യുടെ പ്രതിഷേധമാർച്ചിലേക്കൊഴുകിയെത്തിയ വിദ്യാർഥിപ്രവാഹം കോൺഗ്രസിന്റെ കണ്ണ് തുറപ്പിച്ചു. സമരത്തെ അവഗണിക്കരുതെന്ന ഇന്ത്യാ സഖ്യത്തിലെ ഇടതുപാർട്ടികളുടെയും സമാജ് വാദിയുടെയും ആവശ്യത്തിനുമുന്നിൽ ഒടുവിൽ കോൺഗ്രസ് വഴങ്ങി. അതിന്റെ തുടർച്ചയായി പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഹുൽഗാന്ധി നയിച്ച പ്രതിഷേധ പരിപാടിയിലെ നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി അടിച്ചമർത്തുകയായിരുന്നു കേന്ദ്ര ഭരണകൂടം.

ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ പാളിയോ?

പ്രതിപക്ഷസമരങ്ങളെ നേരിടുന്ന പതിവ് രീതി അപകടകരമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം കേന്ദ്ര ആഭ്യന്തരമന്ത്രി ജെ.പി. നഡ്ഡ, സി.ജെ.പി വക്താവുമായി ചർച്ച നടത്താൻ തയ്യാറായത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ ഒന്നുകൊണ്ടും പിൻവാങ്ങാൻ സന്നദ്ധരല്ലെന്ന പ്രതികരണമാണ് സമരക്കാരുടെ പക്ഷത്തുനിന്നുണ്ടായത്. പാർലമെന്റിന്റെ വർഷകാലസമ്മേളനം പുരോഗമിക്കവേ, ചെറുപാർട്ടികളെ പിളർത്തിയും മറ്റും കരുത്ത് കൂട്ടി ആത്മവിശ്വാസമുയർത്തിയ ബി.ജെ.പി മുൻകൂട്ടി കാണാതെ പോയ ഒന്നായിരുന്നു വിദ്യാർഥിപ്രക്ഷോഭത്തിന്റെ വ്യാപ്തി. വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ശക്തി വേണ്ടപോലെ അറിയുന്നവരാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും. 1974 ജനുവരിയിൽ അഹമ്മദാബാദിലെ ലാൽഭായ് ദൽപത് ഭായ് എൻജിനീയറിങ് കോളേജിന്റെ മെസ്സിൽ ഭക്ഷണവില കൂടിയതിനെതിരെ വിദ്യാർഥികൾ തുടങ്ങിയ സമരമാണ് 'നവനിർമാൺ പ്രക്ഷോഭ'മായി വളർന്നത്. ഗുജറാത്തിലെ വിദ്യാർഥി സമരം സൃഷ്ടിച്ച തീപ്പൊരിയാണ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ബിഹാറിലൂടെ പടർന്നുപിടിച്ച് അടിയന്തരാവസ്ഥയിലേക്കും, പിന്നീട് 1977-ൽ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര സർക്കാരിന്റെ രൂപീകരണത്തിലേക്കും നയിച്ചത്. അതിനാൽ വളരെ സൂക്ഷിച്ചാണ് ബി.ജെ.പി ഓരോ ചുവടും വെയ്ക്കുന്നത്…

തെരുവില്‍ തല്ലിച്ചതച്ചാല്‍ തീരുമോ യുവതയുടെ പ്രശ്നം? അടിയന്തരനടപടി സർക്കാരിന്റെ ബാധ്യത
10 വര്‍ഷത്തിനിടെ 152 ചോദ്യ പേപ്പര്‍ ചോര്‍ച്ച, ആരും ശിക്ഷിക്കപ്പെടുന്നില്ല; പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് മാപ്പു പറയണം

കടുത്ത സമ്മർദത്തിൽ ബി.ജെ.പി

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി എല്ലാകോണുകളിൽനിന്നും മുറവിളി ഉയരുമ്പോഴും അദ്ദേഹത്തെ കൈവിടില്ലെന്ന നിലപാടിലാണ് ബി.ജെ.പി. വിദ്യാർഥിപ്രക്ഷോഭകർക്കുപിന്നാലെ കോൺഗ്രസും സമാന ആവശ്യമുന്നയിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ ബി.ജെ.പി. നേതൃത്വം കടുത്ത സമ്മർദത്തിലാണ്. എന്നിരുന്നാലും തത്‌കാലം മന്ത്രിയെ പാർട്ടിനേതൃത്വം കൈവിടില്ലെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്നതുകൊണ്ടുമാത്രമല്ല ഈ സംരക്ഷണം. മറിച്ച് രാജിവെക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വീഴ്ച അംഗീകരിക്കലാകും. നേതൃത്വത്തെ കുഴക്കുന്നതും ഇതാണ്. മന്ത്രിസഭാ പുനഃസംഘടനയുടെപേരിൽ വകുപ്പുമാറ്റത്തിലൂടെ താത്‌കാലിക പ്രതിസന്ധി പരിഹരിക്കുക എന്ന പോംവഴിയുണ്ടായിരുന്നു. എന്നാൽ, പാർലമെന്റ് സമ്മേളനം കഴിയാതെ ഇത് പ്രായോഗികമല്ല. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് സർക്കാർ കർശനനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞത്. അതേസമയം, പ്രധാൻ ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വത്തിന് എന്തെങ്കിലും വീഴ്ചസംഭവിച്ചതായി അംഗീകരിച്ചിട്ടുമില്ല. ഏതായാലും പാർലമെന്റിൽ വിഷയത്തിൽ ചർച്ചയാകാമെന്ന് ഭരണപക്ഷം പറഞ്ഞിട്ടുണ്ട്..

ജെൻ സി പ്രക്ഷോഭങ്ങളുടെ ചരിത്ര പാഠം

ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ യുവതലമുറയുടെ പ്രതിഷേധങ്ങൾ രൂപപ്പെടുമ്പോൾ, തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും ചൂണ്ടിക്കാട്ടി മറ്റ് രാജ്യങ്ങളിൽ ഉയർന്നുവന്ന 'ജെൻ സി' മുന്നേറ്റങ്ങൾ വലിയ ഓർമ്മപ്പെടുത്തലുകളാണ് നൽകുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക തകർച്ചയ്‌ക്കെതിരെ തെരുവിലിറങ്ങിയ ജനങ്ങളുടെ 'അരഗലയ' പ്രസ്ഥാനവും, വർഷങ്ങളായുള്ള സ്വേച്ഛാധിപത്യ ഭരണത്തിനും വിവാദ സംവരണ നയങ്ങൾക്കുമെതിരെ ബംഗ്ലാദേശിലെ വിദ്യാർഥികൾ നടത്തിയ വിപ്ലവകരമായ പ്രക്ഷോഭവും ഭരണകൂടങ്ങളെപ്പോലും അട്ടിമറിക്കാൻ ജെൻ സി കാലത്തെ യുവശക്തിക്ക് കഴിയുമെന്ന് തെളിയിച്ച ചരിത്രങ്ങളാണ്. അതുപോലെതന്നെ, കെനിയയിൽ നികുതി വർധനവിനെതിരെയും, നേപ്പാളിൽ അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനും എതിരെ ജെൻ സി യുവാക്കൾ നടത്തിയ ശക്തമായ ചെറുത്തുനിൽപ്പുകൾ ഭരണാധികാരികളെ നയങ്ങൾ തിരുത്താൻ നിർബന്ധിതരാക്കിയിരുന്നു. ഇന്ത്യയിലും തൊഴിലില്ലായ്മയും അവകാശ നിഷേധങ്ങളും ചർച്ചയാകുമ്പോൾ, ലോകത്തിന്റെ വിവിധ കോണുകളിൽ അടിച്ചമർത്തലുകളെ അതിജീവിച്ച് യുവാക്കൾ ഉയർത്തിയ ഇത്തരം ശബ്ദങ്ങൾ ജനാധിപത്യപരമായ മാറ്റങ്ങൾക്കായുള്ള വലിയൊരു രാഷ്ട്രീയ ചർച്ചയ്ക്ക് വഴിതുറക്കുന്നുണ്ട്.

തെരുവില്‍ തല്ലിച്ചതച്ചാല്‍ തീരുമോ യുവതയുടെ പ്രശ്നം? അടിയന്തരനടപടി സർക്കാരിന്റെ ബാധ്യത
എംപിമാര്‍ പോലും അറിഞ്ഞില്ല രാഹുലിന്റെ 'മിന്നല്‍ സ്ട്രൈക്ക്'; പ്രതിരോധം തകര്‍ന്ന് കേന്ദ്രം, അനുനയ നീക്കം പാളിയപ്പോള്‍ അറസ്റ്റ്

ലക്ഷ്യമെത്തുംവരെ തുടരണം ഈ പ്രതിഷേധം

രാഷ്ട്രീയം തങ്ങൾക്ക് ബാധകമല്ലെന്ന് വർഷങ്ങളായി കരുതിയിരുന്ന നഗര മധ്യവർഗവും യുവജനങ്ങളും ആദ്യമായി വലിയതോതിൽ പൊതുസമരത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് രാജ്യം ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ഇതിന് പുറമെയാണ് ഇപ്പോൾ കോൺഗ്രസും ഇടതുപാർട്ടികളും അടങ്ങുന്ന ഇന്ത്യ സഖ്യവും ശക്തമായി രംഗത്തുവന്നിട്ടുള്ളത്. യുവജനങ്ങളുടെ ആശങ്കകൾ ആത്മാർഥമായി കേൾക്കുകയും, പരീക്ഷാസംവിധാനത്തിൽ സുതാര്യവും വിശ്വാസ്യതയുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അടിയന്തരനടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ചോദ്യങ്ങളെ ഭയപ്പെടുകയോ പ്രതിരോധങ്ങളെ സേനയെക്കൊണ്ട് നേരിടുകയോ ചെയ്യുന്നതിന് പകരം, സുതാര്യത ഉറപ്പാക്കാനും യുവജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കാനും ഭരണാധികാരികൾ തയ്യാറാകേണ്ടതുണ്ട്.

News Malayalam 24x7
newsmalayalam.com