തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റർ ചേതേശ്വർ പൂജാരയ്ക്ക് അന്തസ്സോടെ കളി മതിയാക്കാനുള്ള അവസരം ഒരുക്കണമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.
രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വന്മതിലായി അറിയപ്പെട്ടിരുന്ന താരമാണ് ചേതേശ്വർ പൂജാര. ഏതാനും വർഷങ്ങളായി ഇന്ത്യൻ ദേശീയ ടീമിലേക്ക് പൂജാര പരിഗണിക്കപ്പെട്ടിരുന്നില്ല.
"ചേതേശ്വർ പൂജാരയുടെ വിരമിക്കലിൽ എനിക്കുള്ള നിരാശ മറച്ചുവെക്കാനാകുന്നില്ല. ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് പൂജാര നിരന്തരം അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ രാജി ഒഴിവാക്കാനാകാത്തതാണെന്ന് സമ്മതിക്കുന്നു. അദ്ദേഹത്തിന് ഇനി ഈ ഗെയിമിൽ തെളിയിക്കാനൊന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ താരം പുറത്തെടുത്ത മികവുറ്റ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം കുറച്ചുനാൾ കൂടി ടീമിൽ തുടരണമായിരുന്നു. ചേതേശ്വർ പൂജാരയ്ക്ക് അന്തസ്സുള്ളൊരു യാത്രയയപ്പ് നൽകാമായിരുന്നു," ശശി തരൂർ എക്സിൽ കുറിച്ചു.
"സ്ഥിരമായി ടീമിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ എല്ലാം തന്നെ പൂജാര ആഭ്യന്തര ക്രിക്കറ്റിൽ മികവുള്ള നിരവധി പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൻ്റെ സെലക്ടർമാർ അവഗണന തുടർന്നു. ക്രിക്കറ്റിനോട് ബൈ പറയാനുള്ള തീരുമാനത്തിലേക്ക് പൂജാര എത്തിയതിൽ അത്ഭുതമൊന്നുമില്ല," ശശി തരൂർ പറഞ്ഞു. പൂജാരയുടെ ഭാര്യ പൂജ എഴുതിയ 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്: എ വെരി അൺയൂഷ്വൽ മെമ്മോയർ' എന്ന പുസ്തകത്തേയും എക്സിൽ കുറിച്ച പ്രതികരണത്തിൽ ശശി തരൂർ പരാമർശിച്ചു.
"പൂജാര നേടിയതെല്ലാം നേടാൻ എത്രമാത്രം സമയമെടുക്കുമെന്ന് താൻ ചിന്തിച്ചിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ എ ടീമിൻ്റെ ഇംഗ്ലണ്ട് പര്യടനത്തിലാണ് അദ്ദേഹം എൻ്റെ ശ്രദ്ധ ആദ്യമായി പിടിച്ചുപറ്റിയത്. അദ്ദേഹത്തിൻ്റെ സ്ഥിരതയാർന്ന സ്‌കോറിങ് അടുത്ത ലെവലിനായി അദ്ദേഹം തയ്യാറാണെന്ന് സെലക്ടർമാർക്ക് സൂചന നൽകി. അരങ്ങേറ്റ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ അദ്ദേഹം 72 റൺസാണ് നേടിയത്," തരൂർ ഓർത്തെടുത്തു.
"അതിനുശേഷം ഒന്നോ രണ്ടോ തിരിച്ചടികൾ നേരിട്ടെങ്കിലും, മൂന്നാം നമ്പറിൽ പൂജാര ഇന്ത്യയുടെ 'മിസ്റ്റർ റിലയബിൾ' ആയി മാറി. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ചേതേശ്വർ പൂജാരയെ ഇന്ത്യൻ ടീമിൽ വളരെയധികം മിസ്സ് ചെയ്തു. ചേതേശ്വർ പൂജാരയ്ക്ക് എല്ലാ ആശംസകളും! ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സേവനത്തിന് നന്ദി," തരൂർ എക്സിൽ കുറിച്ചു.
മുപ്പത്തിയേഴാം വയസിലാണ് പുജാരയുടെ വിരമിക്കല്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് പാഡഴിക്കുന്നത്.
103 ടെസ്റ്റുകളില്‍ നിന്നായി 19 സെഞ്ച്വറികള്‍ താരം നേടിയിട്ടുണ്ട്. 2023ല്‍ കെന്നിംഗ്ടണ്‍ ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പൂജാര അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
ഈ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പൂജാര തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അനുഭവപരിചയം കുറവുള്ള താരങ്ങളെയാണ് ബിസിസിഐ പരിഗണിച്ചത്.
ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് പൂജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം. യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നുവെന്ന പേരില്‍ ചേതേശ്വര്‍ പൂജാരയെ ഏറെ നാളായി ബിസിസിഐ ദേശീയ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.