
ഹൈദരാബാദ്: 37ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റർ ഗൗഹർ സുൽത്താന. ഇടംകൈയ്യൻ സ്പിന്നറായിരുന്നു സുൽത്താന ഇന്ത്യക്കായി 50 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
2008ൽ പാകിസ്ഥാനെതിരായ ഏകദിന മത്സരത്തിലൂടെയാണ് സുൽത്താന അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് രാജ്യത്തിനായി 50 ഏകദിനങ്ങളിലും 37 ടി20 മത്സരങ്ങളിലും കളിച്ചു. ഗൗഹർ അവസാനമായി ഇന്ത്യൻ ജഴ്സിയിൽ കളിച്ചത് 2014ൽ പാകിസ്ഥാനെതിരായ വനിതാ ടി20 ലോകകപ്പിലായിരുന്നു. എന്നാൽ ഇന്ത്യയുടെ ഇടംകൈ സ്പിന്നർ ക്രിക്കറ്റിനോട് ഔദ്യോഗികമായി തന്നെ വിട പറഞ്ഞിരിക്കുകയാണ്.
37കാരിയായ സുൽത്താന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കൽ വിവരം പുറത്തുവിട്ടത്. ഇന്ത്യക്കായി കളിക്കാനായത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും താരം പോസ്റ്റിൽ കുറിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് നടത്തിയ ഓരോ പോരാട്ടങ്ങളും സഹതാരങ്ങളുമായുള്ള ഒത്തുചേരലും എന്നിലെ കളിക്കാരിയെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയെന്നും സുൽത്താന കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ ജനിച്ച താരം 2009ലും 2013ലും രണ്ട് ഏകദിന ലോകകപ്പുകളിൽ കളിക്കുകയും, 11 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. നിലവിൽ ബിസിസിഐ സഹപരിശീലകയാണ് സുൽത്താന.