യൂറോപ്യൻ രാജ്യങ്ങളിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക യാത്രാ പ്രേമികളും. ഈ ആഗ്രഹ സഫലീകരണത്തിൻ്റെ ആദ്യപടിയാണ് ഒരു ഷെങ്കൻ വിസ നേടുകയെന്നത്. ഷെങ്കൻ വിസ കൈയിലായാൽ ഒന്നും രണ്ടുമല്ല 29 ഓളം യൂറോപ്യൻ രാജ്യങ്ങളാണ് ഒറ്റ വിസ കൊണ്ട് സന്ദർശിക്കാനാവുക . 90 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന താൽക്കാലിക താമസത്തിനാണ് സാധാരണയായി ഷെങ്കൻ വിസ അനുവദിക്കുക. ഈ സന്ദർശനം വിനോദത്തിനോ ,ബിസിനസിനോ, ബന്ധുക്കളെ സന്ദർശിക്കാനോ എന്തുമാകാം.
പക്ഷേ, ഈ ഷെങ്കൻ വിസ ലഭിക്കൽ അത്ര എളുപ്പമല്ല. 2024-ൽ മാത്രം 1.7 ദശലക്ഷത്തിലധികം അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. വിസയ്ക്ക് അപേക്ഷിച്ച് കാത്തിരുന്നവരുടെ സമയവും പണവും ഒപ്പം യൂറോപ്യൻ യാത്രാ സ്വപ്നങ്ങളുമാണ് ഇതോടൊപ്പം പൊലിഞ്ഞത്. വളരെ ശ്രദ്ധാപൂർവമായ തയ്യാറെടുപ്പ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയുള്ളൂ. അതിനായി ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചേ പറ്റൂ..
പാസ്‌പോർട്ട്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, തൊഴിൽ കത്ത് തുടങ്ങി ഏതൊരു വ്യാജ രേഖയും നിങ്ങളുടെ ഷെങ്കൻ വിസ സ്വപ്നങ്ങൾക്ക് വിഘാതമായേക്കും. വിസ നിരസിക്കുന്നത് മാത്രമല്ല അഞ്ച് വർഷത്തെ പ്രവേശന വിലക്കും ക്രിമിനൽ പെനൽറ്റിയും വരെ നേരിട്ടേക്കാം. അതുകൊണ്ട്, ഔദ്യോഗികവും വേരിഫൈഡായതുമായ രേഖകൾ മാത്രം സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ടൂറിസം അല്ലെങ്കിൽ ബിസിനസ് എന്നതിനപ്പുറം നിങ്ങളുടെ യാത്രയുടെ ഉദ്ദേശ്യത്തെയും വ്യവസ്ഥകളെയും കുറിച്ച് അധികാരികൾക്ക് വ്യക്തമായ വിശദാംശങ്ങൾ ആവശ്യമാണ്. അവ്യക്തമായ വിശദീകരണങ്ങൾ വിസ നിരസിക്കുന്നതിന് കാരണമായേക്കാം
അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം തന്നെ വിശദമായ യാത്രാ പദ്ധതി, ഹോട്ടൽ ബുക്കിംഗുകൾ, മറ്റ് പ്രസക്തമായ സഹായ രേഖകൾ എന്നിവ ഇതിനായി നൽകുക
നിങ്ങളുടെ സാമ്പത്തിക സ്ഥിതി നിങ്ങളുടെ യാത്രാ പദ്ധതികളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് വിസ ഉദ്യോഗസ്ഥർ വിലയിരുത്തും. ഫണ്ടുകളുടെ അഭാവമോ സ്ഥിരതയില്ലാത്ത വരുമാനമോ മൂലം നിങ്ങളുടെ വിസ നിരസിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
സ്ഥിരമായ വരുമാനം നിലനിർത്തൽ, 20-30% ബഫർ ലാഭിക്കൽ, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, തൊഴിൽ അല്ലെങ്കിൽ നികുതി രേഖകൾ എന്നിവ സമർപ്പിക്കുക വഴി ഈ പ്രതിസന്ധി ഒഴിവാക്കാനാവും.
ഷെങ്കൻ ഷോർട്ട്-സ്റ്റേ വിസകൾ 180 ദിവസത്തെ കാലയളവിനുള്ളിൽ 90 ദിവസം വരെയാണ് അനുവദിക്കുക. ഈ പരിധി കവിയുന്നത് വിസ നിരസിക്കുവാനോ ഭാവിയിൽ മറ്റു നിയന്ത്രണങ്ങൾക്കോ കാരണമായേക്കാം.
യാത്രാ സമയം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുക . ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക ഷെങ്കൻ സ്റ്റേ കാൽക്കുലേറ്ററുകൾ ഉപയോഗിക്കുക.
മുമ്പ് നാടുകടത്തപ്പെട്ടിട്ടുണ്ടെങ്കിലോ, അധികകാലം താമസിച്ചാലോ അല്ലെങ്കിൽ മറ്റ് നിയമപരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലോ നിങ്ങളുടെ പേര് ഷെങ്കൻ ഇൻഫർമേഷൻ സിസ്റ്റത്തിൽ (SIS) കാണിക്കും. ഇത് വിസ ലഭിക്കുന്നതിന് തടസമാകും. അതിനാൽ, വിസയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ SIS റെക്കോർഡ് ക്ലിയർ ആണെന്ന് ഉറപ്പാക്കുകയും മുൻകാല ഇമിഗ്രേഷൻ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
ചെറിയ ക്രിമിനൽ രേഖകളോ അല്ലെങ്കിൽ പകർച്ചവ്യാധികൾ പോലുള്ള ആരോഗ്യ- അപകടസാധ്യതകളോ വിസ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാം. പൊതുജന സുരക്ഷയെ കണക്കിലെടുത്താണിത്. അപേക്ഷ സമർപ്പിക്കുമ്പോൾ ഗുഡ് കണ്ടക്റ്റ് സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ മെഡിക്കൽ ക്ലിയറൻസ് നൽകണം.
എല്ലാ ഷെങ്കൻ യാത്രക്കാർക്കും $30,000 (ഏകദേശം 30,63,150 രൂപ) മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. ഇൻഷുറൻസിൻ്റെ അഭാവം മൂലവും വിസ നിരസിക്കപ്പെട്ടേക്കാം. അതുകൊണ്ട്, വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യാത്രാ മെഡിക്കൽ ഇൻഷുറൻസ് എടുക്കുക.
അപേക്ഷകൾ യാഥാർഥവും സ്ഥിരതയുള്ളതുമായിരിക്കണം. പൊരുത്തമില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ കണ്ടെത്തിയാൽ വിസ ലഭിച്ചേക്കില്ല.
അപേക്ഷകർ അവരുടെ മടക്ക തീയതി വ്യക്തമാക്കാതിരിക്കുമ്പോഴോ അവരുടെ മാതൃരാജ്യവുമായുള്ള ശക്തമായ ബന്ധം കാണിക്കാതിരിക്കുമ്പോഴോ പല വിസകളും നിരസിക്കപ്പെടുന്നു. വിസ നിരസിക്കുവാനുള്ള കാരണങ്ങളിൽ ഏറ്റവും കോമൺ ആയതും ഈ കാര്യമാണ്.
മടക്ക തീയതിയും , രാജ്യവുമായുള്ള നിങ്ങളുടെ ബന്ധത്തിൻ്റെ തെളിവുകൾ നൽകുകയും ചെയ്യുന്നതിലൂടെ ഇതൊഴിവാക്കാനാവും.