അബുദബി: സോഷ്യൽ മീഡിയ ഉള്ളടക്കം നിയന്ത്രിക്കാൻ യുഎഇ മീഡിയ കൗൺസിൽ. ഇതിനായി പുതിയ ലൈസൻസുകളും പെർമിറ്റുകളും അവതരിപ്പിച്ചു. മതം, സംസ്ഥാനം, ദേശീയ മൂല്യങ്ങൾ എന്നിവയോടുള്ള ആദരവ് ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന സമഗ്ര ചട്ടക്കൂടാണ് യുഎഇ മീഡിയ കൗൺസിൽ തയ്യാറാക്കിയത്.
രാജ്യത്തിൻ്റെ സാമൂഹിക ഐക്യത്തെയും ധാർമിക ഘടനയെയും സംരക്ഷിക്കുന്നതിനൊപ്പം, ഉപജീവനമാർഗം തേടുന്നവരിൽ നിന്ന് ഉത്തരവാദിത്തമുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പിഴകൾ സഹായിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കമോ പ്രചരിപ്പിക്കുന്നവർക്ക് 5,000 ദിർഹം മുതൽ മുതൽ 150,000 ദിർഹം വരെയാണ് പിഴത്തുക ഈടാക്കുക. വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയോ യുവാക്കളെ അപമാനിക്കുകയോ ചെയ്താൽ 100,000 ദിർഹമാണ് പിഴ ചുമത്തുക. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നവർക്ക് 150,000 ദിർഹം വരെ പിഴ ചുമത്തും.
ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് മതങ്ങളെയോ അനാദരിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെയും, സംസ്ഥാന ചിഹ്നങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്നവർക്ക് 500,000 ദിർഹം വരെയും,ദേശീയ ഐക്യത്തിനോ വിദേശ ബന്ധത്തിനോ തുരങ്കം വയ്ക്കുന്നവർക്ക് 250,000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നത്.
ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സ്വാധീനിക്കുന്നതും, അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു. അപകീർത്തിപ്പെടുത്തലിന് 20,000 ദിർഹം വരെ പിഴയും, അപവാദം പറഞ്ഞാൽ 20,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു.