ദുബായ് മറീനയിലെ 67 നില കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായതായി ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ). തീപിടിത്തത്തെ തുടർന്ന് 764 അപ്പാർട്ട്‌മെൻ്റുകളിൽ നിന്ന് 3,800 പേരെ സംഭവസ്ഥലത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ ആറ് മണിക്കൂർ അക്ഷീണം പ്രയത്നിച്ചാണ് തീ അണച്ചതെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ദുരിതബാധിതരായ താമസക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട് താൽക്കാലിക താമസസ്ഥലം ഒരുക്കുന്നതിനായി കെട്ടിടത്തിൻ്റെ ഡെവലപ്പറുമായി അധികൃതർ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിഎംഒ എക്സിൽ കുറിച്ചു. ഇതിനും മുമ്പും ഈ കെട്ടിടത്തിൽ തീപിടിത്തമുണ്ടായിരുന്നു. 2015 മെയ് മാസത്തിലാണ് കെട്ടിടത്തിൻ്റെ 47ാം നിലയിൽ തീപിടിച്ചത്.
സുരക്ഷിതമായി ഒഴിപ്പിക്കപ്പെട്ട താമസക്കാർക്ക് പൂർണ വൈദ്യശാസ്ത്രപരവും മാനസികവുമായ പിന്തുണ നൽകുന്നതിന് ആംബുലൻസ് ടീമുകളും മെഡിക്കൽ സ്റ്റാഫും സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.