ഒമാനിലെ തന്നെ ഏറ്റവും വലിയ വാക്‌വേ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ നഖലിലെ വിലായത്തിൽ നിർമിക്കുമെന്ന് അധികൃതർ. ഗ്രാമീണ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുമായാണ് ഈ പുതിയ സംരംഭം. ഘട്ടം ഘട്ടമായാണ് നടപ്പാത നിർമിക്കുക.
മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ നടപ്പാത, പ്രശസ്തമായ നഖൽ കോട്ടയെ ഐൻ അൽ തവാര പാർക്കുമായി ബന്ധിപ്പിക്കും. കൂടാതെ വാദി നഖലിലെ പ്രകൃതിദത്ത നീരുറവകൾ, പരമ്പരാഗത അഫ്‌ലാജ് ജലസേചന സംവിധാനങ്ങൾ, കാർഷിക ഗ്രാമങ്ങൾ എന്നിവയിലൂടെയും കടന്നുപോകും.
കോടിക്കണക്കിന് റിയാലുകൾ ചെലവഴിച്ച് നിർമിക്കുന്ന ഈ പദ്ധതി വിലായത്തിന്റെ സമ്പന്നമായ പാരിസ്ഥിതികവും സാംസ്കാരികവുമായ പൈതൃകം പ്രദർശിപ്പിക്കുന്നതിലൂടെ സന്ദർശക അനുഭവം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷെയ്ഖ് ഖലീഫ ബിൻ സാലിഹ് അൽ ബുസൈദി പറഞ്ഞു.
നഖാലിന്റെ പ്രകൃതിദത്തവും ചരിത്രപരവുമായ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർക്ക് ഇതുവഴി കഴിയും. പ്രദേശവാസികൾക്ക് പുതിയ സാമ്പത്തിക അവസരങ്ങളും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദമായാണ് പദ്ധതി നടപ്പാക്കുക. കല്ലുകൾ പാകിയതോ ഇന്റർലോക്ക് ചെയ്തതോ ആയ പാതകൾ, ലൈറ്റിങ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഈ നടപ്പാതയിൽ ഉണ്ടായിരിക്കും. പരിസ്ഥിതി സൗഹൃദ ലോഡ്ജുകൾ, കഫേകൾ, ഇലക്ട്രിക് ഷട്ടിൽ എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കും.