2025 സെപ്റ്റംബർ മൂന്നിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസ് 278 നറുക്കെടുപ്പിൽ വിജയിയായത് ഇന്ത്യക്കാരൻ. ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ പ്രസാദാണ് ഇത്തവണത്തെ ഭാഗ്യവാൻ. ദുബായ് ഡ്രൈഡോക്സിലെ 30 വയസ്സുള്ള ടെക്നീഷ്യനായ സന്ദീപ്, മൂന്ന് വർഷമായി യുഎഇയിൽ കഴിഞ്ഞുവരികയാണ്.
15 മില്യൺ ദിർഹം (ഏകദേശം 35 കോടി രൂപ) ആണ് അബുദാബി ബിഗ് ടിക്കറ്റ് വിജയിക്ക് ലഭിക്കുക. മൂന്ന് മാസം മുമ്പായിരുന്നു സന്ദീപ് ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ തുടങ്ങിയത്. ഗൾഫ് ന്യൂസ് പോർട്ടലുകൾ പ്രകാരം, ഓഗസ്റ്റ് 19 ന് 20 പേരടങ്ങുന്ന ഗ്രൂപ്പിന്റെ ഭാഗമായാണ് സന്ദീപ് 200669 എന്ന ടിക്കറ്റ് വാങ്ങിയത്. പിന്നാലെ ഭാഗ്യം ഉത്തർപ്രദേശുകരാനെ തേടിയെത്തുകയായിരുന്നു.
സമ്മാനത്തുക ഉപയോഗിച്ച് കുടുംബത്തിൻ്റെ കാര്യങ്ങൾ നോക്കണമെന്നാണ് സന്ദീപിൻ്റെ ആഗ്രഹം. നാട്ടിലേക്ക് മടങ്ങിയെത്തി സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനും, പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും പണം ഉപയോഗിക്കുമെന്ന് സന്ദീപ് പറഞ്ഞു. "എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം സന്തോഷം തോന്നുന്നത്.നിങ്ങൾ ശ്രമിച്ചാൽ നിങ്ങളും വിജയിക്കും," സന്ദീപ് ഗൾഫ് ന്യൂസിനോട് പറഞ്ഞു.