
മരുന്നുകള്‍ക്ക് വില കുറച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം. പ്രമേഹം, കാന്‍സര്‍ അടക്കം മരുന്നുകള്‍ക്കാണ് തിങ്കളാഴ്ച കുവൈത്ത് മരുന്ന് വില കുറച്ചത്. ആരോഗ്യ മേഖലയെ കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി 544 മരുന്നുകള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് വില പുതുക്കി നിശ്ചയിച്ചത്.
78.5 ശതമാനം വരെയാണ് മരുന്നുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതുക്കിയ വില നിലവില്‍ വരുന്നതോടെ 144 മരുന്നുകള്‍ക്ക് രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാവും ഈടാക്കുക.
കാന്‍സര്‍ ചികിത്സ, ആന്റി ബയോട്ടിക്കുകള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ആസ്ത്മ, ആര്‍ത്രൈറ്റിസ്, ചര്‍മ രോഗങ്ങള്‍, കുടല്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറച്ചിട്ടുണ്ട്.
കുവൈത്തിലെ പൗരര്‍ക്കും താമസക്കാര്‍ക്കും പ്രവാസികള്‍ക്കുമുള്‍പ്പെടെ ആരോഗ്യമേഖലയില്‍ നിന്നും മരുന്നുകള്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമില്ലാതെ ലഭ്യമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ നടപടികളിലേക്ക് കടന്നത്. നേരത്തെയും വിലയില്‍ ചില മാറ്റങ്ങള്‍ കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഈ വര്‍ഷം ആദ്യം 1188 മരുന്നുകള്‍ക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ആരോഗ്യമന്ത്രാലയം വിലയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയത്.