
ജൂൺ മാസത്തിൽ വിവിധതരം ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് കുവൈത്തിൻ്റെ ആകാശം സാക്ഷിയായേക്കും. കുവൈത്ത് സാക്ഷിയാകുക വിചിത്രമായ പ്രതിഭാസങ്ങൾക്കാകുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം കുവൈത്തിൻ്റെ ആകാശത്ത് സ്ട്രോബെറി മൂൺ കാണാനാകും. ഈ മാസം 11നാകും ഈ പൂർണചന്ദ്രനെ കാണാനാകുക. വടക്കൻ അർദ്ധഗോളത്തിൽ ജൂൺ മാസത്തിൽ സ്ട്രോബെറി വിളവെടുപ്പ് നടക്കുന്നതിനാലാണ് ഇതിന് സ്ട്രോബെറി മൂൺ എന്ന പേര് ലഭിച്ചത്. കുവൈത്തിൽ സൂര്യാസ്തമയത്തിന് തൊട്ടു പിന്നാലെയായാകും ഈ പ്രതിഭാസം കാണാനാകുകയെന്ന് അധികൃതർ അറിയിച്ചു. ഓരോ 18.6 വർഷം കൂടുമ്പോഴും ആകും സ്ട്രോബെറി മൂൺ കാണാനാകുക.
ഈ മാസം ഏഴാം തീയതി മറ്റൊരു പ്രതിഭാസത്തിനും കുവൈത്ത് സാക്ഷ്യം വഹിക്കും. ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിൽ എത്തുന്നത് കുവൈത്ത് ആകാശത്ത് ദൃശ്യമാകും. മൂൺ അറ്റ് അപ്പോജി എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ഈ മാസം 19ന് ചന്ദ്രൻ ശനി ഗ്രഹവുമായി അടുത്ത സംയോജനത്തിനും കുവൈത്തിലെ ആകാശം സാക്ഷ്യം വഹിക്കും. അവ 2.3 ഡിഗ്രി അകലത്തിൽ കടന്നുപോകുമെന്നും സെന്‍റര്‍ അറിയിച്ചു. ടെലിസ്കോപിൻ്റെ സഹായത്തോടെ ഇവ കൃത്യമായി നിരീക്ഷിക്കാനാകും.